This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കദംബകോരകന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കദംബകോരകന്യായം

ലൗകികന്യായങ്ങളില്‍ ഒന്ന്‌. കദംബമുകുള, കദംബഗോള(I) എന്നീ ശബ്‌ദങ്ങളോട്‌ ന്യായം ചേര്‍ത്തും ഈ ന്യായത്തെ പരാമര്‍ശിക്കാറുണ്ട്‌. പൂക്കുന്ന അവസരത്തില്‍ കദംബം (കടമ്പുവൃക്ഷം) ആപാദചൂഡം ഒന്നിച്ചു കോരകിതമാകുന്ന (മൊട്ടിടുന്ന)തിനോട്‌ ("കദംബഗോളകസ്യ സര്‍വാവയവേഷുയുഗപദേവ പുഷ്‌പാണാമുത്‌പത്തിഃ') ആസകലാംഗവ്യാപിയായ സംഭവങ്ങളെ സാദൃശ്യപ്പെടുത്തുന്ന ഒരു ശൈലീവിശേഷമാണ്‌ ഇത്‌. സ്വപിതാവിനാല്‍ സ്‌പര്‍ശിക്കപ്പെട്ട രാജാവിന്റെ ശരീരം ഒന്നാകെ കോരിത്തരിച്ചു എന്ന ആശയം, ഈ ശൈലിയില്‍ കൂടി,

"പിത്രാ സ്വപാണിപദ്‌മേന
സ്‌പൃശ്യമാനോ ള വനീപതിഃ
ഉദ്‌കോരക കദംബാഭോ,
ബഭൂവ പുളകാങ്കുരൈഃ'
 

എന്നിങ്ങനെ ചേതസ്സമാകര്‍ഷകമാക്കപ്പെട്ടിരിക്കുന്നു.

ആത്യന്തികമായ വിശകലനത്തില്‍ യൗഗപദ്യം തന്നെയാണ്‌ ആസ്‌പദമെന്നു വ്യക്തമാകുമെങ്കിലും കദംബഗോള(I)ന്യായത്തിന്‌ കദംബപ്പൂക്കളുടെ ആകൃതി, അവ ജനിപ്പിക്കുന്ന ഏകത്വപ്രതീതി എന്നിവയെ അടിസ്ഥാനമാക്കി വ്യാഖ്യാനഭേദങ്ങളുണ്ട്‌. കടമ്പിന്‍പൂക്കള്‍ക്ക്‌ ഗോളാകൃതിയാണുള്ളത്‌. പൂക്കുലയിലെ എല്ലാ പൂക്കളും ഒരുമിച്ച്‌ വളര്‍ച്ച മുറ്റുകയും, മൊട്ടിടുന്നതുമുതല്‍ കൊഴിഞ്ഞുവീഴുന്നതുവരെ ഗോളാകാരമായിത്തന്നെ നിലകൊള്ളുകയും ചെയ്യുന്നു. ഒരു സംഗതി, അതായത്‌ വസ്‌തു കാലാതിക്രമം മൂലം മാറ്റം വരാതിരിക്കുന്ന സ്ഥിതിയില്‍ എല്ലായ്‌പ്പോഴും വര്‍ത്തിക്കുന്നു എന്നു വിവക്ഷിക്കുവാന്‍ ഈ ന്യായം ചിലര്‍ പ്രയോഗിക്കാറുണ്ട്‌. നിരവധി പൂക്കള്‍ അടങ്ങുന്നതാണ്‌ കദംബപ്പൂക്കുല. ഈ ചെറു സൂനങ്ങളുടെ ഒരു സമൂഹം ഒറ്റപ്പൂവെന്ന പ്രതീതിയാണ്‌ ജനിപ്പിക്കുന്നത്‌. പ്രസ്‌തുത പ്രതീതിയുള്ളിടത്തും ഈ ന്യായം പ്രവര്‍ത്തിക്കുന്നു. "കദംബഗോള(I)ന്യായേനയുള്ള ശബ്‌ദോത്‌പത്തി' എന്നു ശബ്‌ദശാസ്‌ത്രജ്ഞര്‍ പറയുമ്പോള്‍, കണ്‌ഠം തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നും ഉച്ചാരിതങ്ങളാകുന്ന ശബ്‌ദങ്ങള്‍ (അക്ഷരങ്ങള്‍) ഒരുമിച്ചുചേര്‍ന്ന്‌ വാക്കായി പ്രത്യക്ഷപ്പെടുന്നു എന്നാണ്‌ വിവക്ഷ.

ഈ ന്യായപ്രയോഗത്തിനു പറ്റിയ ഉദാഹരണങ്ങളാണ്‌ "കദംബഗോളന്യായത്തെ ആശ്രയിച്ചിട്ട്‌ ഒരുത്തന്റെ മതത്തിങ്കല്‍ ഉത്‌പത്തി ഭവിക്കുന്നു' (തര്‍ക്കശാസ്‌ത്രം: വ്യാഖ്യാനംകൈക്കുളങ്ങര രാമവാരിയര്‍), "ഈ ഭാഷകളെല്ലാം......... കദംബഗോളകന്യായപ്രകാരം അവിടവിടെ ഉണ്ടായി പ്രചരിച്ചിട്ടുള്ളതോ ഏതാണെന്നുള്ളത്‌ ഇവിടെ ചിന്തനീയമായിരിക്കുന്നു' (ചട്ടമ്പിസ്വാമിതിരുവടികള്‍ പറവൂര്‍ ഗോപാലപിള്ള) എന്നീ വാചകങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍