This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കത്തോലിക്കാസഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കത്തോലിക്കാസഭ

ഒരു ക്രസ്‌തവ സമൂഹം. മാര്‍പ്പാപ്പയാണ്‌ പരമോന്നത ആത്മീയ നേതാവ്‌. ലോകത്തിലെ ഏറ്റവും വലിയ ക്രസ്‌തവ സമൂഹം ആണിത്‌. എ.ഡി. 2005ലെ കണക്കനുസരിച്ച്‌ ലോകത്തില്‍ ആകെ 110.05 കോടി കത്തോലിക്കരുണ്ട്‌. ഇത്‌ ലോകജനസംഖ്യയുടെ 17 ശ.മാ.ത്തോളവും ക്രസ്‌തവജനതയുടെ 52.4 ശ.മാ.വും വരും. ആദ്യകാലങ്ങളില്‍ കത്തോലിക്കാസഭ "ക്രസ്‌തവസഭ' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. റോമാസാമ്രാജ്യത്തിലാകെ ക്രസ്‌തവസഭ വ്യാപിച്ചിരുന്നു. എ.ഡി. അഞ്ചാം ശ.ത്തിന്റെ ആരംഭത്തില്‍ റോമാസാമ്രാജ്യം പശ്ചിമ റോമാസാമ്രാജ്യമെന്നും പൂര്‍വ റോമാസാമ്രാജ്യമെന്നും രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ കത്തോലിക്കാസഭയുടെ പേര്‌ പശ്ചിമ ക്രസ്‌തവസഭ എന്നായി മാറി.

വിശുദ്ധ പത്രാസിന്റെ പ്രതിമ (വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്ക)

15ഉം 16ഉം ശ.ങ്ങളില്‍ യൂറോപ്യന്‍ നാവികര്‍ ലോകത്തിലെ മറ്റു ഭൂഖണ്‌ഡങ്ങളിലേക്കുള്ള സമുദ്രപാതകള്‍ കണ്ടുപിടിച്ചു. അതിനെത്തുടര്‍ന്ന്‌ പശ്ചിമറോമാ ക്രസ്‌തവ മിഷനറിമാര്‍ സഭയെ അമേരിക്ക, ഏഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു. അതിനുശേഷമാണ്‌ പശ്ചിമ ക്രസ്‌തവസഭ കത്തോലിക്കാസഭ എന്ന പേര്‌ സ്വീകരിച്ചത്‌.

ചരിത്രം. മരണത്തിനുശേഷം ഉത്ഥാനം ചെയ്‌ത ക്രിസ്‌തു വീണ്ടും നാല്‌പതു ദിവസംകൂടി ശിഷ്യരോടൊത്തു താമസിച്ച്‌ അവരെ പഠിപ്പിച്ചു എന്നാണ്‌ വിശ്വാസം. അവസാനം ക്രിസ്‌തു തന്റെ ശിഷ്യന്മാര്‍ക്ക്‌ നല്‌കിയ ഉപദേശം ഇതാണ്‌ "സ്വര്‍ഗത്തിലും ഭൂമിയിലും സര്‍വവിധ അധികാരങ്ങളും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ നിങ്ങള്‍ പോയി സര്‍വജനപദങ്ങളെയും ശിഷ്യപ്പെടുത്തി പിതാവിന്റെയും പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ ജ്ഞാനസ്‌നാനപ്പെടുത്തുവിന്‍ ഞാന്‍ നിങ്ങളോട്‌ കല്‌പിച്ചിട്ടുള്ളവയെല്ലാം അവരെ പഠിപ്പിക്കുവിന്‍' (മത്തായി, 28:1120). ക്രിസ്‌തു ഈ ആജ്ഞ ശിഷ്യര്‍ക്ക്‌ കൊടുത്ത സമയം മുതല്‍ ആണ്‌ ക്രസ്‌തവസഭ ജന്മംകൊണ്ടതെന്നു വിശ്വസിക്കപ്പെടുന്നു. എങ്കിലും ക്രിസ്‌തുവിന്റെ ആജ്ഞ അനുസരിച്ചു പ്രവര്‍ത്തിക്കുവാനുള്ള ധൈര്യം ക്രിസ്‌തുശിഷ്യര്‍ക്ക്‌ കൈവന്നത്‌ വീണ്ടും പത്തു ദിവസം കഴിഞ്ഞ്‌ "പെന്തക്കുസ്‌താ' ദിനത്തിലായിരുന്നു. ശത്രുക്കളെ ഭയന്ന്‌ സെഹിയോന്‍ മാളികയില്‍ അജ്ഞാതവാസം നയിച്ചിരുന്ന ശിഷ്യന്മാര്‍ പെന്തക്കുസ്‌താ ദിവസം ധൈര്യപൂര്‍വം പുറത്തിറങ്ങി പുതിയ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അനേകം വംശക്കാര്‍ ക്രിസ്‌തുമതം സ്വീകരിച്ചു. ആദ്യകാലത്ത്‌ ക്രസ്‌തവ സമൂഹത്തെ ഒരു പ്രത്യേക മതമായി ആരും പരിഗണിച്ചിരുന്നില്ല.

കോണ്‍സ്റ്റന്റയിന്‍ ചക്രവർത്തി

യഹൂദര്‍ക്കിടയിലെ ഒരു പ്രത്യേക വിഭാഗമായിട്ടാണ്‌ അവരെ കരുതിയിരുന്നത്‌. കാലക്രമത്തില്‍ ക്രിസ്‌തീയ വിശ്വാസം പലസ്‌തീനരുടെ അതിര്‍ത്തി കടന്ന്‌ അക്കാലത്തു ഗ്രീക്കുഭാഷയും ഗ്രീക്കു സംസ്‌കാരവും വികസിച്ചിരുന്ന എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. "അന്ത്യോഖ്യ' എന്ന സ്ഥലത്ത്‌ വച്ചാണ്‌ ഈ വിഭാഗത്തെ "ക്രിസ്‌ത്യാനികള്‍' എന്ന്‌ ആദ്യം വിളിച്ചത്‌. ഇതിനിടയില്‍ ക്രിസ്‌തുമതത്തിന്റെ ബദ്ധശത്രുവായിരുന്ന ശൗല്‍ അദ്‌ഭുതകരമാംവിധം ക്രിസ്‌തുമതം സ്വീകരിച്ചുകൊണ്ട്‌, പൗലോസ്‌ എന്ന പേര്‍ സ്വീകരിച്ചു. എ.ഡി. 65-ാമാണ്ടായപ്പോഴേക്കും ക്രസ്‌തവാദര്‍ശങ്ങള്‍ ഏഷ്യാമൈനര്‍, സിറിയാ, ഗ്രീസ്‌, റോം എന്നീ സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ക്രിസ്‌തുമതത്തിന്റെ വളര്‍ച്ചയില്‍ അരിശംപൂണ്ട റോമാചക്രവര്‍ത്തിമാര്‍ ക്രിസ്‌ത്യാനികളെ കഠിനമായി പീഡിപ്പിച്ചു. അപ്പോസ്‌തലന്മാര്‍ അയച്ചിരുന്ന സന്ദേശങ്ങള്‍ ക്രിസ്‌തുമതത്തിന്റെ വളര്‍ച്ചയെ ഏറെ സഹായിച്ചു.

എ.ഡി. രണ്ടാം ശതകമായപ്പോഴേക്കും ക്രസ്‌തവസഭ അനേകായിരം വിശ്വാസികളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. റോമിലെ ബിഷപ്പാണ്‌ ക്രസ്‌തവ സമൂഹത്തിന്റെ മേധാവി ആയിരിക്കേണ്ടത്‌ എന്ന വ്യവസ്ഥയും നിലവില്‍വന്നു. റോമാനഗരം റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നതുകൊണ്ട്‌ റോമിലെ ബിഷപ്പിന്‌ മാര്‍പ്പാപ്പ എന്ന പദവി ലഭിച്ചത്‌. ക്രിസ്‌തുവിന്റെ പ്രമുഖ ശിഷ്യനായിരുന്ന പത്രാസിനെയാണ്‌ ആദ്യത്തെ മാര്‍പ്പാപ്പയായി പരിഗണിക്കുന്നത്‌. എ.ഡി. 67ല്‍ പത്രാസിന്റെ പിന്‍ഗാമിയായി റോമിലെ ബിഷപ്പായ ആള്‍ മാര്‍പ്പാപ്പ ആയി. മാര്‍പ്പാപ്പമാര്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരുന്നു.

ക്രസ്‌തവസഭയുടെ ആരംഭം മുതല്‍ തന്നെ ക്രിസ്‌ത്യാനികള്‍ റോമാചക്രവര്‍ത്തിമാരാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. ക്രിസ്‌ത്യാനികള്‍ റോമാനഗരത്തെ തീവച്ചു നശിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാരോപിച്ചുകൊണ്ട്‌ "നീറോ' ചക്രവര്‍ത്തി ക്രസ്‌തവരുടെമേല്‍ അതിഭീകരമായ മര്‍ദനം അഴിച്ചുവിട്ടു. റോമാക്കാരുടെ പൗരാണികമായ മതാനുഷ്‌ഠാനങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതും റോമാചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കുവാന്‍ ക്രസ്‌തവര്‍ വിസമ്മതിച്ചതും മതമര്‍ദനത്തിനുകാരണമായിത്തീര്‍ന്നു. ക്രിസ്‌ത്യാനികളെ പീഡിപ്പിക്കുവാന്‍ യഹൂദപ്രമാണിമാരും ഏറെ സഹായിച്ചു. മര്‍ദനത്തിനിടയിലും സഭ വളര്‍ന്നുകൊണ്ടേയിരുന്നു. ഡീഷിയസ്‌, ഗാലസ്‌, ഡയോക്ലീഷ്യന്‍ തുടങ്ങിയ ചക്രവര്‍ത്തിമാര്‍ മതപീഡനം തുടര്‍ന്നു. എ.ഡി.312ല്‍ റോമാചക്രവര്‍ത്തിയായിരുന്ന "കോണ്‍സ്റ്റന്റയിന്‍' ക്രിസ്‌തുമതം സ്വീകരിച്ചു. അദ്ദേഹമാണ്‌ ആദ്യത്തെ ക്രസ്‌തവ ഭരണാധികാരി. അതോടുകൂടി ക്രസ്‌തവ പീഡനം അവസാനിച്ചുവെന്നുപറയാം. അതിനുശേഷം അതിവേഗം ക്രിസ്‌തുമതം റോമാസാമ്രാജ്യത്തിനുള്ളില്‍ വളര്‍ന്നു. റോമാസാമാജ്യ്രം മുഴുവഌം ഞായറാഴ്‌ച ഒഴിവുദിനമായി കോണ്‍സ്റ്റന്റയിന്‍ പ്രഖ്യാപിച്ചു. എ.ഡി. 325ല്‍ "നിഖ്യാ' സൂനഹദോസ്‌ വിളിച്ചുകൂട്ടിയത്‌ കോണ്‍സ്റ്റയിന്റെ കാലത്തെ പ്രധാന സംഭവമായിരുന്നു.

ക്രസ്‌തവസഭയുടെ വളര്‍ച്ചയെ സഹായിച്ച മറ്റൊരു ഭരണാധികാരിയായിരുന്നു "തിയൊഡോഷ്യസ്‌' ചക്രവര്‍ത്തി (എ.ഡി. 379-395). ക്രിസ്‌തുമതത്തെ റോമാസാമ്രാജ്യത്തിലെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചത്‌ അദ്ദേഹമായിരുന്നു. തിയൊഡോഷ്യസ്‌ ചക്രവര്‍ത്തി റോമാ സാമ്രാജ്യത്തെ പടിഞ്ഞാറന്‍ റോമാ സാമ്രാജ്യമെന്നും, പൗരസ്‌ത്യ റോമാ സാമ്രാജ്യമെന്നും രണ്ടായി വിഭജിച്ചു. അതോടെ ക്രസ്‌തവസഭയും രണ്ടായി പടിഞ്ഞാറന്‍ ക്രസ്‌തവസഭയും പൗരസ്‌ത്യ ക്രസ്‌തവസഭയും. ഇതില്‍ പടിഞ്ഞാറന്‍ ക്രസ്‌തവസഭയാണ്‌ പില്‌ക്കാലത്ത്‌ കത്തോലിക്കാസഭയായി മാറിയത്‌: റോമിലെ ബിഷപ്പായ മാര്‍പ്പാപ്പ ആയിരുന്നു പശ്ചിമ ക്രസ്‌തവസഭയുടെ മേധാവി. (പൗരസ്‌ത്യ ക്രസ്‌തവസഭയില്‍ ഒരു പൊതു മേധാവി ഉണ്ടായിരുന്നില്ല. പകരം, അന്ത്യോഖ്യ, അലക്‌സാന്‍ഡ്രിയാ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സ്ഥലങ്ങളില്‍ പാത്രിയാക്കീസുമാര്‍ ഉണ്ടായിരുന്നു). എ.ഡി. 476ല്‍ പശ്ചിമ റോമാസാമ്രാജ്യം തകര്‍ന്നുവെങ്കിലും, പശ്ചിമക്രസ്‌തവ സമൂഹം പൂര്‍വാധികം ശക്തിപ്രാപിച്ചു. റോമാ സാമ്രാജ്യത്തെ ആക്രമിച്ച വിസിഗോത്തുകള്‍, വാന്‍ഡലുകള്‍, ഹൂണന്മാര്‍ തുടങ്ങിയവരെയും ആകര്‍ഷിക്കുവാന്‍ പശ്ചിമ ക്രസ്‌തവസഭയ്‌ക്കു കഴിഞ്ഞു. പശ്ചിമ റോമാ സാമ്രാജ്യത്തിന്റെ അധഃപതനത്തെത്തുടര്‍ന്ന്‌ യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥിതി നിലവില്‍വന്നപ്പോഴും പശ്ചിമ ക്രസ്‌തവസഭ വലിയ വളര്‍ച്ച കൈവരിച്ചു.

മധ്യകാലഘട്ടത്തില്‍ (എ.ഡി. 4761453) റോമിലെ മാര്‍പ്പാപ്പമാരും, പൗരസ്‌ത്യ റോമാ ചക്രവര്‍ത്തിമാരും തമ്മില്‍ അനേകം പ്രാവശ്യം യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എ.ഡി. എട്ടാം ശ.ത്തില്‍ യൂറോപ്പിലെ ഭരണാധികാരികള്‍ ആരൊക്കെയാണെന്നു നിശ്ചയിച്ചിരുന്നത്‌ മാര്‍പ്പാപ്പമാരായിരുന്നു. അധികാരത്തിലിരിക്കുന്ന രാജാവിനെ പുറത്താക്കാനുള്ള അവകാശവും മാര്‍പ്പാപ്പയ്‌ക്കു ലഭിച്ചു. എ.ഡി. 800ല്‍ ഫ്രാങ്കിഷ്‌ രാജ്യത്തിലെ "ഷാര്‍ലമേന്‍' എന്ന രാജാവിനെ ചക്രവര്‍ത്തിയായി ഉയര്‍ത്തുന്നതിഌം, ഷാര്‍ലമേന്റെ രാജ്യത്തെ "പരിശുദ്ധ റോമാ സാമ്രാജ്യം (Holy Roman Empire) എന്നു പേരിടുന്നതിഌം മാര്‍പ്പാപ്പയ്‌ക്കു കഴിഞ്ഞു. മാര്‍പ്പാപ്പയുടെ അധികാരങ്ങള്‍ ആധ്യാത്മികരംഗത്തുമാത്രമല്ല, രാഷ്‌ട്രീയരംഗത്തും ശക്തമായിത്തീര്‍ന്നു.

മധ്യകാലഘട്ടത്തില്‍ പശ്ചിമ ക്രസ്‌തവസഭ സംഘടിതമായ വേദപ്രചാരവേല ആരംഭിച്ചു. ക്രിസ്‌തുവിന്റെ സുവിശേഷത്തെ ലോകത്തില്‍ അറിയപ്പെട്ടിരുന്ന എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുന്നതിന്‌ തീക്ഷ്‌ണമതികളായ മിഷനറിമാര്‍ മുന്നോട്ടുവന്നു. കാന്റര്‍ബറിയിലെ അഗസ്റ്റിന്‍ ഇംഗ്ലണ്ടിലെ ആംഗ്ലോസാക്‌സണ്‍ വംശജരുടെയിടയില്‍ ക്രിസ്‌തുസിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചു. ലിന്‍ഡിസ്‌ഫേണിലെ ഐഡാസ്‌, കാന്റര്‍ബറിയിലെ രെയഡോര്‍, ലിന്‍ഡിസ്‌ബേണിലെ കുത്ത്‌ബെര്‍ട്ട്‌, അയര്‍ലണ്ടുകാരനായ കൊളമ്പന്‍, ആംഗ്ലോസാക്‌സണ്‍ വംശജനായ വില്ലിബ്രാഡ്‌, കോണ്‍സ്റ്റന്റയിന്‍, മെത്തോഡിയസ്‌ തുടങ്ങിയ മിഷനറിമാര്‍ യൂറോപ്പിലെ എല്ലാ ഭാഷക്കാരുടെയും എല്ലാ വംശക്കാരുടെയും ഇടയില്‍ ക്രിസ്‌തുമതം പ്രചരിപ്പിച്ചു. ഇക്കാലത്തുതന്നെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഫ്രാന്‍സിസ്‌കന്‍സഭ, കര്‍മലീത്താസഭ, ബനഡിക്‌റ്റന്‍സഭ, കര്‍ത്തൂഷ്യന്‍സഭ, സിസ്റ്റേഴ്‌സ്യന്‍സഭ തുടങ്ങിയ മിഷനറി പ്രസ്ഥാനങ്ങളും നിലവില്‍വന്നു. മേല്‍ വിവരിച്ച മിഷനറി പ്രവര്‍ത്തകരുടെയും മിഷനറി പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനഫലമായി യൂറോപ്പിലെ എല്ലാ ഭാഷക്കാരും, എല്ലാ വംശക്കാരും ക്രസ്‌തവവിശ്വാസം സ്വീകരിച്ചു. അതിനെത്തുടര്‍ന്ന്‌ പശ്ചിമ ക്രസ്‌തവസഭയെ പലരും കത്തോലിക്കാസഭ എന്നു വിളിച്ചുതുടങ്ങി.

ഇതിനിടയില്‍ മധ്യപൂര്‍വ ദേശത്ത്‌ ശക്തരായിത്തീര്‍ന്ന മുസ്‌ലീങ്ങള്‍ ജെറുസലേം പിടിച്ചെടുത്തു. ക്രിസ്‌തുവിന്റെ ജന്മസ്ഥലമായ ജെറുസലേമിനെ തിരിച്ചുപിടിക്കുവാന്‍ പശ്ചിമക്രസ്‌തവസഭ ശ്രമിച്ചു. ഇതിനായി മാര്‍പ്പാപ്പമാര്‍ നടത്തിയ യുദ്ധങ്ങളെ "കുരിശുയുദ്ധങ്ങള്‍' എന്നു വിളിച്ചിരുന്നു. യൂറോപ്പിലെ അനേകം രാജാക്കന്മാരും, ഫ്യൂഡല്‍ പ്രഭുക്കളും മുസ്‌ലീങ്ങള്‍ക്കെതിരെ നിരവധി കുരിശുയുദ്ധങ്ങള്‍ നടത്തിയെങ്കിലും ജെറുസലേം മുസ്‌ലീങ്ങളുടെ കൈകളില്‍ത്തന്നെ തുടര്‍ന്നു: എ.ഡി. 1453ല്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ പൂര്‍വ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തു. യൂറോപ്യന്‍ കച്ചവടക്കാര്‍ക്ക്‌ ഏഷ്യയിലേക്കുള്ള പ്രധാന പാതയിലെ കേന്ദ്രമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. ഈ നഗരം തുര്‍ക്കികളുടെ കൈയിലായപ്പോള്‍ ഏഷ്യയിലേക്കു വരാനുള്ള സമുദ്രപാതകള്‍ കണ്ടുപിടിക്കുവാന്‍ യൂറോപ്യന്‍ നാവികര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. ഇതിന്റെ ഫലമായി 15ഉം 16ഉം ശ.ങ്ങളില്‍ യൂറോപ്യന്മാര്‍, ഏഷ്യയിലും, തെക്കേ അമേരിക്കയിലും, അമേരിക്കന്‍ ഭൂഖണ്‌ഡങ്ങളിലും ചെന്നെത്തുന്നതിനുള്ള അനേകം സമുദ്രപാതകള്‍ കണ്ടെത്തി. അതുവരെ അജ്ഞാതമായിരുന്ന അനേകം ഭൂപ്രദേശങ്ങള്‍ യൂറോപ്യന്മാര്‍ കണ്ടുപിടിച്ചു. പുതിയ പ്രദേശങ്ങളുമായി അവര്‍ വാണിജ്യബന്ധങ്ങള്‍ പുലര്‍ത്തി. യൂറോപ്യന്‍ വ്യാപാരികളോടൊപ്പം ക്രസ്‌തവ മിഷനറിമാര്‍ വിദൂര മേഖലകളില്‍ പ്രവേശിച്ചു. അതോടുകൂടി ലോകത്തിന്റെ മിക്കവാറും എല്ലാ രാജ്യങ്ങളിലും തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, ഇന്ത്യ, ചൈന, സിലോണ്‍, ഫിലിപ്പയിന്‍സ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ക്രസ്‌തവ വിശ്വാസം പ്രചരിച്ചു. ഈ സംഭവത്തിനുശേഷം പശ്ചിമ ക്രസ്‌തവസമൂഹം "കത്തോലിക്കാസഭ' എന്ന പേര്‌ സ്വീകരിച്ചു. ഇക്കാലത്ത്‌ കത്തോലിക്കാസഭയുടെ മേധാവി ആയിരുന്ന മാര്‍പ്പാപ്പ യൂറോപ്പിലെ ഏറ്റവും ശക്തനായ വ്യക്തിയായി മാറി. മാര്‍പ്പാപ്പയുടെ മതപരവും, രാഷ്‌ട്രീയവും ആയ അധികാരങ്ങളെ ചോദ്യം ചെയ്യുവാന്‍ യൂറോപ്പില്‍ ആരും ധൈര്യം കാണിച്ചിരുന്നില്ല. മാര്‍പ്പാപ്പ യൂറോപ്പിലെ ചക്രവര്‍ത്തിക്കു സമാനമായ പദവി കൈവരിച്ചു.

തിയോഡോഷ്യസ്‌ ചക്രവര്‍ത്തി

യൂറോപ്പില്‍ മാത്രമല്ല, ലോകരംഗത്തും മാര്‍പ്പാപ്പയുടെ അധികാരം അംഗീകരിക്കപ്പെട്ടു. 15ഉം 16ഉം ശ.ങ്ങളില്‍ ഉണ്ടായ ഭൂമിശാസ്‌ത്രപരമായ കണ്ടുപിടിത്തങ്ങളുടെ ഫലമായി വിദൂര ദേശങ്ങളില്‍ കോളനികള്‍ സ്ഥാപിക്കുവാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിച്ചു. ഈ ഉദ്യമത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്‌ സ്‌പെയിഌം പോര്‍ച്ചുഗലും ആയിരുന്നു. 15-ാം ശ.ത്തില്‍ അധിനിവേശവാഴ്‌ചയിലൂടെ ലോകത്തിന്റെ ആധിപത്യം പിടിച്ചെടുക്കാന്‍ ശ്രമിച്ച രണ്ടു വന്‍ ശക്തികളായി അവര്‍ മാറി. ഈ രണ്ടു രാഷ്‌ട്രങ്ങളുടെയും അധിനിവേശ മത്സരം മൂര്‍ച്ഛിച്ച്‌ ഒരുവലിയ സംഘട്ടനത്തിലേക്ക്‌ നീങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ കത്തോലിക്കാസഭ ഇടപെട്ടു. മാര്‍പ്പാപ്പയുടെ മധ്യസ്ഥതയില്‍ പൗരസ്‌ത്യദേശത്തെ അധിനിവേശക്കുത്തക (colonial monopoly) പോര്‍ച്ചുഗലിഌം, പാശ്ചാത്യദേശങ്ങളില്‍ അധിനിവേശക്കുത്തക സ്‌പെയിനിഌം നല്‌കപ്പെട്ടു. അതോടുകൂടി ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചു. ഇതുപോലെ വന്‍ശക്തികള്‍ തമ്മില്‍ ഉണ്ടാകാമായിരുന്ന അനേകം യുദ്ധങ്ങള്‍ മാര്‍പ്പാപ്പയുടെ ഇടപെടലിലൂടെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്‌. 20-ാം ശ.ത്തില്‍ ലീഗ്‌ ഒഫ്‌ നേഷന്‍സ്‌, ഐക്യരാഷ്‌ട്രസംഘടന എന്നീ പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ചിരുന്ന ദൗത്യമാണ്‌ 15-ാം ശ.ത്തില്‍ കത്തോലിക്കാസഭയും മാര്‍പ്പാപ്പമാരും നിര്‍വഹിച്ചിരുന്നത്‌.

അന്താരാഷ്‌ട്രതലത്തില്‍ പ്രബലമായിത്തീര്‍ന്ന കത്തോലിക്കാസഭയ്‌ക്കു നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു 16-ാം ശ.ത്തിലുണ്ടായ പ്രാട്ടസ്റ്റന്റ്‌ മത നവീകരണപ്രസ്ഥാനം. ഇതിന്റെ ഫലമായി മാര്‍പ്പാപ്പയ്‌ക്കു ക്രസ്‌തവ ലോകത്തിന്റെ മേലുണ്ടായിരുന്ന പരമാധികാരം ചോദ്യം ചെയ്യപ്പെട്ടു. കത്തോലിക്കാസഭയിലെ നല്ലൊരുവിഭാഗം ആളുകളും അനേകം ചെറു യൂറോപ്യന്‍ രാജാക്കന്മാരും റോമില്‍നിന്നുമുള്ള നിയന്ത്രണത്തില്‍നിന്നു സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. കത്തോലിക്കാസഭയില്‍ അന്നോളം നിലനിന്ന അനേകം സിദ്ധാന്തങ്ങളും വിശ്വാസങ്ങളും നിഷേധിക്കപ്പെട്ടു. മാര്‍പ്പാപ്പയുടെ അധികാരങ്ങള്‍ ആധ്യാത്മിക രംഗത്തുമാത്രം ഒതുക്കിനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളും ഇക്കാലത്തുനടന്നു. കത്തോലിക്കാസഭ വിവിധ രൂപത്തിലുള്ള അനേകം ചെറുസഭകളായി വേര്‍പിരിഞ്ഞു. ഈ സംഭവത്തിന്റെ ഫലമായി കത്തോലിക്കാസമൂഹത്തിന്റെ ഏകത്വം തകര്‍ന്നതിനു പുറമേ, വിഘടിച്ചുനിന്ന ക്രസ്‌തവ സമൂഹങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും സര്‍വസാധാരണമായിത്തീരുകയും ചെയ്‌തു. എ.ഡി. 1520ല്‍ മാര്‍ട്ടിന്‍ ലൂഥറിന്റെ നേതൃത്വത്തില്‍ ജര്‍മനിയിലും, 1530ല്‍ ഹെന്‍ട്രി എട്ടാമന്‍ രാജാവിന്റെ കാലത്ത്‌ ഇംഗ്ലണ്ടിലും, സ്വിംഗ്ലിയുടെയും കാല്‍വിന്റെയും നേതൃത്വത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിലും അയര്‍ലണ്ടിലും പ്രാട്ടസ്റ്റന്റ്‌ സഭകളുണ്ടായി. പ്രാട്ടസ്റ്റന്റ്‌ മതപരിഷ്‌കരണത്തിനുശേഷം കത്തോലിക്കാസഭയുടെയും മാര്‍പ്പാപ്പയുടെയും അധികാരം ഇടിഞ്ഞുതാണു. പ്രാട്ടസ്റ്റന്റ്‌ മത നവീകരണത്തിനുശേഷം "പ്രതി നവീകരണം' (Counter reformation) എന്ന പ്രക്രിയയിലൂടെ കത്തോലിക്കാസഭയുടെ പ്രാമാണ്യം ഉയര്‍ത്താന്‍ സഭാധികാരികള്‍ക്കു കഴിഞ്ഞു. ഉദാഹരണമായി

1540ല്‍ "ഈശോസഭ' വൈദികര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിഷനറി പ്രവര്‍ത്തനങ്ങളിലൂടെ അനേകലക്ഷം അക്രസ്‌തവരെ കത്തോലിക്കാസഭയിലേക്കു കൊണ്ടുവന്നു.

പ്രാട്ടസ്റ്റന്റ്‌ മത നവീകരണത്തിന്റെ ഫലമായി ലോകരാഷ്‌ട്രീയരംഗത്തും വലിയ മാറ്റങ്ങളുണ്ടായി. സ്‌പെയിനിഌം പോര്‍ച്ചുഗലിഌം അനുവദിച്ചിരുന്ന അധിനിവേശക്കുത്തകയെ ഇംഗ്ലണ്ട്‌, നെതര്‍ലന്‍ഡ്‌, ഫ്രാന്‍സ്‌, ജര്‍മനി തുടങ്ങിയ രാഷ്‌ട്രങ്ങള്‍ വെല്ലുവിളിച്ചു. അവര്‍ പോര്‍ച്ചുഗലിഌം സ്‌പെയിനിഌം എതിരേ പൊരുതി പല കോളനികളും കൈവശപ്പെടുത്തിയതിനു പുറമേ, പുതിയ കോളനികള്‍ സ്ഥാപിക്കുകയും ചെയ്‌തു. പ്രാട്ടസ്റ്റന്റ്‌ മതനവീകരണത്തിനുശേഷം മാര്‍പ്പാപ്പ നേരിട്ട മറ്റൊരു വെല്ലുവിളിയായിരുന്നു നെപ്പോളിയന്‍ ചക്രവര്‍ത്തിയുമായുള്ള ഏറ്റുമുട്ടല്‍. നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ രണ്ടാം വിവാഹത്തിന്‌ മാര്‍പ്പാപ്പ സമ്മതം നല്‌കാത്തതില്‍ പ്രതിഷേധിച്ച്‌ നെപ്പോളിയന്റെ സൈന്യം റോമില്‍ കടന്ന്‌ മാര്‍പ്പാപ്പയെ അറസ്റ്റു ചെയ്‌തു തടങ്കലിലാക്കി. മാര്‍പ്പാപ്പയുടെ നിയന്ത്രണത്തിലായിരുന്ന "പേപ്പല്‍ രാഷ്‌ട്രങ്ങള്‍' (Papal states) ഫ്രഞ്ചുസൈന്യം കൈവശപ്പെടുത്തി. നെപ്പോളിയന്‍ "വാട്ടര്‍ലൂ' യുദ്ധത്തില്‍ പരാജയപ്പെട്ടതിനുശേഷം മാര്‍പ്പാപ്പയുടെ അധികാരങ്ങള്‍ തിരിച്ചുകിട്ടിയെങ്കിലും, പിന്നീട്‌ അദ്ദേഹത്തിന്റെ അധികാരങ്ങള്‍ ആധ്യാത്മികരംഗത്തുമാത്രം ഒതുങ്ങിനിന്നു. ഒടുവില്‍ "മുസ്സോളിനി' ഇറ്റലിയിലെ സര്‍വാധികാരിയായപ്പോള്‍ 1929ല്‍ അദ്ദേഹം മാര്‍പ്പാപ്പയുമായി "ലാറ്ററല്‍ ഉടമ്പടി' ഉണ്ടാക്കി. 1929ല്‍ റോമാനഗരത്തിന്റെ ഒരു ഭാഗത്ത്‌ "വത്തിക്കാന്‍' എന്ന കൊച്ചുരാഷ്‌ട്രം രൂപീകരിച്ചു. നൂറ്റിയെട്ട്‌ ഏക്കര്‍ മാത്രം വിസ്‌തീര്‍ണമുള്ള ഈ കൊച്ചുരാഷ്‌ട്രത്തിന്റെ മേധാവിയായി മാര്‍പ്പാപ്പയെ മുസ്സോളിനി അംഗീകരിച്ചു. 1929നുശേഷം കത്തോലിക്കാസഭയുടെയും മാര്‍പ്പാപ്പയുടെയും അധികാരങ്ങള്‍ മുഖ്യമായും ആധ്യാത്മിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹ്യസേവന, ദീനാനുകമ്പ മേഖലകളില്‍ ഒതുങ്ങിനില്‌ക്കുന്നു.

വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്ക

മാര്‍പ്പാപ്പമാര്‍. കത്തോലിക്കാസഭയുടെ മേധാവി മാര്‍പ്പാപ്പയാണ്‌. ക്രിസ്‌തുവിന്റെ മുഖ്യശിഷ്യനായിരുന്ന പത്രാസ്‌ ആയിരുന്നു ആദ്യത്തെ മാര്‍പ്പാപ്പ. അദ്ദേഹത്തിന്റെ കാലശേഷം, അദ്ദേഹത്തിന്റെ പിന്‍ഗാമികളായി അധികാരത്തില്‍ വരുന്നവര്‍ക്ക്‌, ക്രിസ്‌തുവില്‍നിന്നും പത്രാസിനു ലഭിച്ച അധികാരം പിന്‍തുടര്‍ച്ചാക്രമത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. റോമിലെ ബിഷപ്പിനു മാര്‍പ്പാപ്പ സ്ഥാനം ലഭിക്കുന്നത്‌ അദ്ദേഹം റോമില്‍ താമസിക്കുന്നതുകൊണ്ടല്ല, പ്രത്യുത അദ്ദേഹം പത്രാസിന്റെ പിന്‍ഗാമി ആയതുകൊണ്ടാണ്‌ എന്നായിരുന്നു ന്യായീകരണം. റോമാനഗരം റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നതുകൊണ്ടാണ്‌ പത്രാസിന്റെ സിംഹാസനം റോമിലായത്‌. പത്രാസ്‌ ഉള്‍പ്പെടെ 265 പേര്‍ ഇതിനകം (2008) മാര്‍പ്പാപ്പാസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്‌. അവരെല്ലാം തെരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരുന്നു. ആദ്യകാലങ്ങളില്‍ അത്ര ക്രമീകൃതമായ രീതിയില്‍ ആയിരുന്നില്ല മാര്‍പ്പാപ്പ തെരഞ്ഞെടുപ്പു നടന്നിരുന്നത്‌. റോമാ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ബിഷപ്പുമാരും സാധാരണ ജനങ്ങളും ഈ തെരഞ്ഞെടുപ്പില്‍ സംബന്ധിച്ചിരുന്നു. സമ്മേളനസ്ഥലത്തു തടിച്ചുകൂടിയിരുന്ന ജനാവലിയുടെ ശബ്‌ദഘോഷം (Popular acclamation) മാനദണ്‌ഡമാക്കിയായിരുന്നു തെരഞ്ഞെടുപ്പു ഫലം നിശ്ചയിച്ചിരുന്നത്‌. ആദ്യ നൂറ്റാണ്ടുകളില്‍ മാര്‍പ്പാപ്പമാരുടെ തെരഞ്ഞെടുപ്പില്‍ പല അഴിമതികളും നടന്നിരുന്നു. കര്‍ദിനാള്‍ പദവി ലഭിച്ച ബിഷപ്പുമാര്‍ മാത്രം ചേര്‍ന്ന്‌ രഹസ്യബാലറ്റ്‌ സമ്പ്രദായത്തിലൂടെ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം എ.ഡി. 1059 മുതലാരംഭിച്ചു. എ.ഡി. 1179ല്‍ നിര്‍മിച്ച നിയമം അനുസരിച്ച്‌ കര്‍ദിനാള്‍ സംഘത്തിന്റെ മൂന്നില്‍രണ്ടു ഭാഗമെങ്കിലും ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പു പൂര്‍ത്തിയാവുകയുള്ളൂ. എ.ഡി. ഒന്നാം ശ.ത്തിലെ മാര്‍പ്പാപ്പമാര്‍ പത്രാസ്‌ (167), ലീനസ്‌ക്‌(6779), ക്ലീറ്റസ്‌ (7990), ക്ലെമന്റ്‌ ഒന്നാമന്‍ (9099), എവറിസ്റ്റസ്‌ (99107) എന്നിവരായിരുന്നു. 21-ാം ശ.ത്തിലെ മാര്‍പ്പാപ്പമാര്‍ ജോണ്‍പോള്‍ രണ്ടാമന്‍, ബെനഡിക്‌റ്റ്‌ പതിനാറാമന്‍ എന്നിവരാണ്‌. ബെനഡിക്‌റ്റ്‌ പതിനാറാമനെ മാര്‍പ്പാപ്പയായി 2005 ഏപ്രില്‍ 20ന്‌ തെരഞ്ഞെടുത്തു. ഈ 65 മാര്‍പ്പാപ്പമാര്‍ ഭരിച്ചകാലത്ത്‌ ചില ഘട്ടങ്ങളില്‍ എതിര്‍ മാര്‍പ്പാപ്പമാരും (Anti Popes) അധികാരത്തില്‍ ഇരുന്നിട്ടുണ്ട്‌. അധികാരത്തിലിരിക്കുന്ന മാര്‍പ്പാപ്പയ്‌ക്ക്‌ സ്വയം സ്ഥാനത്യാഗം ചെയ്യാഌം സാധിക്കും. മാര്‍പ്പാപ്പയുടെ ആസ്ഥാനം റോമാണെങ്കിലും ചിലഘട്ടങ്ങളില്‍ "അവിഞ്ഞോണ്‍' തുടങ്ങിയ സ്ഥലങ്ങളിലും അവര്‍ താമസിച്ചിട്ടുണ്ട്‌.

കത്തോലിക്കാസഭയുടെ ഘടന. മാര്‍പ്പാപ്പ, കര്‍ദിനാള്‍മാരുടെ സംഘം, ബിഷപ്പുമാര്‍ എന്നിവരാണ്‌ ലോകത്തിലെ കത്തോലിക്കാസഭയെ നിയന്ത്രിക്കുന്നത്‌. കര്‍ദിനാള്‍മാര്‍ രണ്ടുവിഭാഗത്തില്‍പ്പെടും. ബഹുഭൂരിപക്ഷം കര്‍ദിനാള്‍മാരും ഏതെങ്കിലും രൂപതയുടെ അധിപന്മാരാണ്‌. (ഒരു ബിഷപ്പിന്റെ അധീനതയിലുള്ള പ്രദേശമാണ്‌ രൂപത. റോമില്‍ മാര്‍പ്പാപ്പയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍മാരും ഉണ്ട്‌. കര്‍ദിനാള്‍മാര്‍ക്കു താഴെയാണ്‌ ബിഷപ്പുമാര്‍. മൂന്നുതരം ബിഷപ്പുമാരുണ്ട്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌, ആര്‍ച്ച്‌ ബിഷപ്പ്‌, സാധാരണ ബിഷപ്പ്‌. (അവരുടെ രൂപതകളെ മേജര്‍ അതിരൂപത, അതിരൂപത, രൂപത എന്നു വിളിക്കുന്നു). ഒരു രൂപതയിലെ ബിഷപ്പിന്‌ മറ്റു രൂപതകളുടെ മേല്‍ അധികാരം നല്‌കാറില്ല. ഇന്ന്‌ കത്തോലിക്കാസഭയില്‍ 2800റോളം രൂപതകളുണ്ട്‌.അവരില്‍ ബിഷപ്പുമാരും സഹായ ബിഷപ്പുമാരും ആയി 3500 പേര്‍ പ്രവര്‍ത്തിക്കുന്നു. ബിഷപ്പുമാരെ സഹായിക്കാന്‍ അനേകം പുരോഹിതന്മാര്‍ അഥവാ വൈദികര്‍ പ്രവര്‍ത്തിക്കുന്നു. ഒരു പുരോഹിതന്റെ നിയന്ത്രണത്തിലുള്ള മേഖലയെ ഇടവക (Parish) എന്നു വിളിക്കുന്നു.

റീത്തുകള്‍ (Rites). അടുത്തകാലം (1969) വരെ കത്തോലിക്കാസഭയിലെ ദിവ്യപൂജയും മറ്റു പ്രധാന പ്രാര്‍ഥനകളും ലത്തീന്‍ഭാഷയിലാണ്‌ ചൊല്ലിയിരുന്നത്‌. ലത്തീന്‍ഭാഷയില്‍ പൂജ ചൊല്ലിയിരുന്ന വിഭാഗത്തെ "ലത്തീന്‍റീത്ത്‌' (Latin Rite) എന്നു വിളിച്ചിരുന്നു. എന്നാല്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ ജനങ്ങള്‍ക്കു സ്വന്തമായി വേറെ ഭാഷയില്‍ പൂജ ചൊല്ലുവാന്‍ അനുവാദമുണ്ടായിരുന്നു. ഉദാഹരണമായി കേരളത്തിലെ സുറിയാനി വിഭാഗക്കാരെ സുറിയാനി ഭാഷയില്‍ പൂജ ചൊല്ലുവാന്‍ അനുവദിച്ചിരുന്നു. ഇങ്ങനെ ലത്തീനല്ലാത്ത മറ്റു ഭാഷകളില്‍ പൂജ ചൊല്ലുവാന്‍ ഇരുപത്തിയൊന്നു റീത്തുകളെ അനുവദിച്ചിരുന്നു. ഇപ്പോള്‍ ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലും പൂജയും മറ്റു പ്രധാന പ്രാര്‍ഥനകളും ചൊല്ലുവാന്‍ അധികാരമുണ്ട്‌. എങ്കിലും ലത്തീന്‍ റീത്ത്‌ ഉള്‍പ്പടെ ഇരുപത്തിരണ്ട്‌ റീത്തുകളാണ്‌ കത്തോലിക്കാസഭയില്‍ പ്രവര്‍ത്തിക്കുന്നത്‌. അവയില്‍ മൂന്നു റീത്തുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു ലത്തീന്‍റീത്ത്‌, സീറോ മലബാര്‍ റീത്ത്‌, സീറോ മലങ്കര റീത്ത്‌ എന്നിവ.

(പ്രാഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍