This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കത്തിമണങ്ങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കത്തിമണങ്ങ്‌

Goldspotted grenadier anchory

"മത്തി' മത്സ്യകുടുംബമായ ക്ലൂപ്പീയിഡേ(clupeidae)യില്‍പ്പെടുന്ന ഒരിനം ഭക്ഷ്യമത്സ്യം. "വാലന്‍ മണങ്ങ്‌' എന്നും ചിലയിടങ്ങളില്‍ ഇതിനു പേരുണ്ട്‌.

കാഴ്‌ചയില്‍ മത്തിയോടു സാദൃശ്യമുള്ള ഇതിന്റെ ശരീരം നീണ്ടതും പരന്നതും ആയിരിക്കും. ഏതാണ്ടു കൂര്‍ത്തതെന്നുതന്നെ പറയാവുന്ന വാല്‍ ഉണ്ട്‌. ദന്തുരമായ (serrated) ഉദരഭാഗം മൂര്‍ച്ചയുള്ളതാണ്‌. മുഖഭാഗം (snout) പൊതുവേ കൂര്‍ത്തതായിരിക്കും; വായുടെ മുന്നിലേക്ക്‌ ഇതു തള്ളി നില്‌ക്കുന്നു. വായ്‌ക്കുള്ളില്‍ ചെറുപല്ലുകള്‍ കാണാം. "ചെകിള'യോളമെത്തുന്ന മാക്‌സില എന്ന അസ്ഥി ഇതിന്റെ പ്രത്യേകതയാകുന്നു. പൃഷ്‌ഠപത്രത്തിന്റെ ഏതാണ്ട്‌ മധ്യത്ത്‌, താഴെയായി കാണപ്പെടുന്ന അധരപത്രം താരതമ്യേന വളരെ ചെറുതാണ്‌. ഭുജപത്രങ്ങളില്‍ സ്വതന്ത്രങ്ങളായ ആറ്‌ കതിരുകള്‍ (rays) കാണാം. ഈ കതിരുകള്‍ ശരീരത്തിന്റെ ഏതാണ്ട്‌ പകുതി വരെ എത്തുന്നു. ഗുദപത്രം അധരപത്രത്തിനു വളരെയടുത്ത്‌, പിന്നില്‍ നിന്നാരംഭിച്ച്‌ വാലിനോടു ചേരുന്നതായി കാണാം. അധരപത്രത്തിനു മുന്നിലായി അഞ്ചോ ആറോ ശല്‍ക്കങ്ങളും, പിന്നിലായി എട്ടോളം ശല്‍ക്കങ്ങളും മുള്ളുകളായിത്തീര്‍ന്നിരിക്കുന്നു. സ്വര്‍ണനിറമുള്ള ഈ മത്സ്യത്തിന്റെ ശരീരത്തില്‍, താഴത്തെ പകുതിയില്‍, വശങ്ങളിലായി തിളങ്ങുന്ന രണ്ടോ മൂന്നോ വരി സ്വര്‍ണപ്പൊട്ടുകളും കാണാം.

മുംബൈതീരത്താണ്‌ ഇവ ഏറ്റവും അധികം ലഭിക്കുന്നതെങ്കിലും മലബാര്‍ തീരങ്ങളിലും ചില മാസങ്ങളില്‍ മധ്യകേരളതീരത്തും കാണാറുണ്ട്‌. ഇന്ത്യയുടെ മറ്റു തീരങ്ങളിലും ഇവയെ കണ്ടെത്താന്‍ കഴിയും. ഭക്ഷിക്കാന്‍ സ്വാദേറിയതാണെങ്കിലും ഈ മത്സ്യത്തില്‍ കാണപ്പെടുന്ന നിരവധി മുള്ളുകള്‍ കാരണം പലരും ഇതു വാങ്ങാന്‍ മടിക്കുന്നു. കുറഞ്ഞത്‌ 18 സെ.മീ. നീളം വയ്‌ക്കുന്ന കോലിയ ഡിസൂമീറി (Coilia dussumieri) കത്തിമണങ്ങുകളില്‍ മുഖ്യസ്ഥാനമര്‍ഹിക്കുന്ന ഒന്നാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍