This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കത്തികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കത്തികള്‍

Knives

പദാര്‍ഥങ്ങള്‍ മുറിക്കുന്നതിനുള്ള പണിയായുധങ്ങള്‍. പ്രയോഗിക്കുന്ന ബലം വളരെ ചെറിയ വിസ്‌തീര്‍ണത്തില്‍ കേന്ദ്രീകരിക്കുകയാണെങ്കില്‍ മര്‍ദം വളരെ അധികം ഉയര്‍ത്താമെന്നുള്ള തത്ത്വത്തിന്‌ ഉദാഹരണമാണ്‌ കത്തികള്‍. സ്വരക്ഷയ്‌ക്കോ ആക്രമണത്തിനോ ഉള്ള ആയുധമായും വീട്ടുപകരണമായും കാര്‍ഷികോപകരണമായുംവ്യാവസായികകരുവായും ശസ്‌ത്രക്രിയോപകരണമായും കത്തി ഉപയോഗിച്ചുവരുന്നു. യന്ത്രസഹായത്തോടെ പ്രയോഗിക്കാവുന്ന പ്രത്യേകതരം കത്തിക്കൂട്ടങ്ങളും വ്യാവസായികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നുണ്ട്‌.

പ്രാകൃതമനുഷ്യന്‍ ഉചിതമായ രൂപമുള്ള കല്ലുകള്‍ കത്തികളായി ഉപയോഗിച്ചിരുന്നു. ക്രമേണ, കല്ലുകളുടെ വായ്‌ത്തല ഉരച്ചു മൂര്‍ച്ചവരുത്തി വള്ളി, തുകല്‍, വാറുകള്‍ എന്നിവ പിടികളില്‍ വച്ചുകെട്ടി കത്തികളുടെ പ്രയോഗക്ഷമത വര്‍ധിപ്പിച്ചു. പിടികള്‍ ആരംഭത്തില്‍ കമ്പുകളും എല്ലുകളും മറ്റുമായിരുന്നിരിക്കണം. ഫ്‌ളിന്റ്‌ (flint),ഒബ്‌സിഡിയന്‍ (obsidian) മുതലായ പരല്‍ക്കല്ലുകളുടെ പൊട്ടിയ വക്കുകള്‍ സ്വതേ മൂര്‍ച്ചയുള്ളതിനാല്‍ അവ കത്തികളാക്കി ഉപയോഗിച്ചിരുന്നു. കാഠിന്യമുള്ള ശിലകളുടെ പരന്ന തലങ്ങളില്‍ വായ്‌ത്തല തേച്ച്‌ കത്തിയുടെ മൂര്‍ച്ച കൂട്ടുന്ന വിദ്യയും ആദിമമനുഷ്യന്‍ വശമാക്കി. കണ്ടുകിട്ടിയിട്ടുള്ളതില്‍വച്ച്‌ ഏറ്റവും പഴക്കമുള്ളതും ശിലാനിര്‍മിതവും ആയ ഛേദനോപകരണം താന്‍സാനിയയില്‍ ഓള്‍ഡുവെയ്‌ ഗോര്‍ജ്‌ (Olduvai Gorge) എന്ന സ്ഥലത്തു നടന്ന പുരാവസ്‌തു ഗവേഷണത്തില്‍ നിന്ന്‌ ലഭിച്ചിട്ടുള്ളതാണെന്ന്‌ ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

വെങ്കലയുഗത്തിന്റെ ഉദയത്തോടെ (സു. 3000 ബി.സി.) ചെമ്പും മറ്റു കൂട്ടുലോഹങ്ങളും കൊണ്ട്‌ കത്തികള്‍ നിര്‍മിച്ചുതുടങ്ങി. സു.ബി.സി. 1500ല്‍ ബ്രിട്ടന്‍, ചൈന തുടങ്ങിയ പല രാജ്യങ്ങളിലും വെങ്കലക്കത്തികള്‍ സാധാരണമായിത്തീര്‍ന്നു. ഉപയോഗമനുസരിച്ചും ഉടമസ്ഥന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ചും ഉത്‌പാദകന്റെ കലാചാതുര്യവും പ്രചോദനവുമനുസരിച്ചും ഇവയ്‌ക്ക്‌ രൂപവും ഭംഗിയും നല്‌കിയിരുന്നു. എല്ലുകൊണ്ടും തടികൊണ്ടും കൊമ്പുകള്‍ കൊണ്ടും മറ്റും ഇവയ്‌ക്ക്‌ പിടികളും ഉണ്ടാക്കിയിരുന്നു. സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്നവരുടെ കത്തികളും മതാനുഷ്‌ഠാനങ്ങള്‍ക്കുള്ള കത്തികളും പലപ്പോഴും അലകിലും പിടിയിലും കൊത്തുപണികള്‍ കൊണ്ട്‌ അലങ്കരിച്ചവയായിരുന്നു. യുദ്ധത്തിഌം നായാട്ടിഌം ഉള്ള ആയുധമായിട്ട്‌ കത്തികള്‍ വ്യാപകമായിത്തന്നെ ഉപയോഗിപ്പെടുത്തിവന്നു. കത്രിക, പാക്കുവെട്ടി എന്നിവ പോലെ കുറ്റിയില്‍ തിരിഞ്ഞ്‌ യാന്ത്രികലാഭം (mechanical advantage) നേടുന്ന ഉപകരണങ്ങളും രണ്ട്‌ അലകുകള്‍ ഇ രൂപത്തിലുള്ള സ്‌പ്രിങ്‌ കൊണ്ട്‌ ചേര്‍ത്ത കത്രികകളും പുരാതന റോമാസാമാജ്യം, ചൈന, കൊറിയ, ജപ്പാന്‍ മുതലായ പ്രദേശങ്ങളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ബി.സി. 1000ത്തോടടുത്ത്‌ യൂറോപ്പില്‍ ഇരുമ്പിന്റെ ഉപയോഗം സര്‍വസാധാരണമായിത്തീര്‍ന്നു.

ക്രിസ്‌തുവര്‍ഷാരംഭത്തിനു തൊട്ടു മുമ്പും പിമ്പും ഉള്ള കാലഘട്ടത്തില്‍ മേന്മയേറിയ ഉരുക്കലകുകള്‍ (steel blades) ഉണ്ടാക്കുന്ന സാങ്കേതികവിദ്യ മെഡിറ്ററേനിയന്‍ സമുദ്രത്തിനു ചുറ്റുമുള്ള ജനകേന്ദ്രങ്ങള്‍ റോമാക്കാരില്‍ നിന്നും വശമാക്കിയതായി കാണുന്നു. ഇന്ത്യന്‍ ഉരുക്കു കൊണ്ട്‌ നിര്‍മിച്ചു എന്നു വിചാരിക്കപ്പെടുന്ന ദമാസ്‌കസ്‌ അലകുകള്‍ പ്രസിദ്ധിയാര്‍ജിച്ചു. ഇരുമ്പയിരും കരിയും കാച്ചി കാഠിന്യം വരുത്തുന്ന ഇരുമ്പുരുക്കു കുടില്‍വ്യവസായങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇന്നത്തെപ്പോലെതന്നെ അന്നു യുദ്ധകുതുകികളായിരുന്നു ഈ വ്യവസായത്തിന്റെ പ്രധാന ഉപഭോക്താക്കള്‍.

നല്ല കത്തികള്‍ ലഭ്യമായതോടെ അവയുടെ ഉപയോഗം വിവിധ മണ്ഡലങ്ങളിലേക്കു വ്യാപിച്ചു. ഗൃഹോപകരണമെന്ന നിലയില്‍ രൂപത്തിലും മോടിയിലും കാര്യക്ഷമതയിലും കത്തി പല മാറ്റങ്ങള്‍ക്കും വിധേയമായി. കത്തി നിര്‍മാണം ഒരു പ്രത്യേക വ്യവസായശാഖയായിത്തന്നെ വളര്‍ന്നു. എ.ഡി. 1200നോടടുപ്പിച്ച്‌ ബ്രിട്ടനില്‍ ലണ്ടന്‍, ഷെഫീല്‍ഡ്‌; ഫ്രാന്‍സില്‍ തീയര്‍ (Thiers), പാരിസ്‌; ജര്‍മനിയില്‍ സോളിന്‍ഗന്‍ (Solingen) മുതലായ കേന്ദ്രങ്ങള്‍ കത്തിനിര്‍മാണത്തില്‍ പ്രസിദ്ധിനേടി. മോടിയായി നിര്‍മിച്ച പ്രത്യേക മേശക്കത്തികള്‍ അക്കാലത്ത്‌ ഒരു സാധാരണ വിവാഹസമ്മാനമായിരുന്നു. 18-ാം ശതകം ആയപ്പോഴേക്കും ഷെഫീല്‍ഡ്‌ കത്തിനിര്‍മാണത്തിന്റെ അന്തര്‍ദേശീയകേന്ദ്രമായി മാറി.

1761ല്‍ വാര്‍പ്പുരുക്ക്‌ (cast steel) കത്തിനിര്‍മാണത്തിനുപയോഗിച്ചു തുടങ്ങി. ക്ഷൗരക്കത്തികളുടെ വായ്‌ത്തലയുടെ പിന്‍ഭാഗം അവതലരൂപത്തില്‍ (concave) ആക്കി മൂര്‍ച്ച വരുത്തിയാല്‍ ക്ഷമത കൂടുമെന്നു 18-ാം ശ.ത്തില്‍ത്തന്നെ കണ്ടുപിടിക്കപ്പെട്ടു. സേഫ്‌റ്റിറേസറിന്റെ ആദ്യരൂപം 1828ല്‍ നിര്‍മിക്കപ്പെട്ടു. 20-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ കിങ്‌ സി. ഗില്ലറ്റ്‌ (King C. Gillette) ആധുനിക സേഫ്‌റ്റിറേസര്‍ പ്രചരിപ്പിച്ചു. 1913ല്‍ സ്‌റ്റെയിന്‍ലസ്‌ സ്റ്റീല്‍കൊണ്ടു നിര്‍മിച്ച റേസര്‍ കണ്ടുപിടിക്കപ്പെട്ടു.

19-ാം ശതകത്തിലെ ഒരു കത്തി ( മൊറോക്കോ)

കത്തിനിര്‍മാണത്തിന്‌ ഉരുക്കാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. സാധാരണ മൃദുഉരുക്കുകള്‍ മുതല്‍ വിശിഷ്ടമായ സ്‌റ്റെയിന്‍ലെസ്‌ സ്റ്റീല്‍ വരെയുള്ള ഉരുക്കിനങ്ങള്‍ കത്തികള്‍ക്ക്‌ ഉപയോഗിക്കുന്നു. പ്രത്യേക ആവശ്യങ്ങള്‍ക്കും കലാപരമായ ആവിഷ്‌കരണത്തിഌം തടി, കണ്ണാടി, പ്ലാസ്റ്റിക്‌, ലോഹങ്ങള്‍, കൂട്ടുലോഹങ്ങള്‍, എല്ലുകള്‍, ദന്തം, സിറാമിക്‌ എന്നീ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചും കത്തികള്‍ നിര്‍മിക്കാറുണ്ട്‌. വെണ്ണക്കത്തി, പേപ്പര്‍നൈഫ്‌, ഫ്രൂട്ട്‌നൈഫ്‌ എന്നിവയ്‌ക്ക്‌ വായ്‌ത്തലയുടെ മൂര്‍ച്ച പ്രധാന ഘടകമല്ല.

വീട്ടുകത്തികളും അടുക്കളക്കത്തികളും കൃഷിയായുധങ്ങളും പലപ്പോഴും തദ്ദേശത്തെ കൊല്ലന്മാര്‍ തന്നെ ഉണ്ടാക്കുന്നു. നിശ്ചിത ഗുണമാനകങ്ങളുപയോഗിച്ച്‌ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന പണിയായുധങ്ങള്‍ പ്രാദേശികോത്‌പന്നങ്ങളെ നിഷ്‌കാസനം ചെയ്‌തു തുടങ്ങിയിട്ടുണ്ട്‌.

വിവിധതരം കത്തികള്‍

മേശക്കത്തികള്‍, കീശക്കത്തികള്‍ (pocket knives), ശസ്‌ത്രക്രിയോപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന്‌ സ്‌റ്റെയിന്‍ലെസ്‌ ഉരുക്കാണുപയോഗിക്കുന്നത്‌. രാസപ്രവര്‍ത്തനം മൂലം സാധാരണ ഉരുക്ക്‌ ഉപയോഗയോഗ്യമല്ലാതായിത്തീരുന്ന അവസരങ്ങളിലും സ്‌റ്റെയിന്‍ലെസ്‌ സ്റ്റീല്‍ ഉപയോഗിക്കാം. ഉരസലില്‍ ഇരുമ്പും ഉരുക്കും തീപ്പൊരികള്‍ പുറപ്പെടുവിക്കുന്നതിനാല്‍ വാതകമുള്ള ഖനികളിലും, വെടിക്കോപ്പുകളും തിരകളും മറ്റും മുറിക്കുന്നതിലും, നിര്‍മാണ പ്രക്രിയകളിലും ഓട്ടുകത്തികളാണ്‌ ഉപയോഗിക്കുന്നത്‌. ചില പരീക്ഷണാവശ്യങ്ങള്‍ക്കും മാഗ്‌നറ്റിക്‌ ടേപ്പ്‌ മുറിക്കുന്നതിഌം കാന്തശക്തിക്കു വിധേയമാകുന്ന ഉരുക്കുപകരണങ്ങള്‍ ഉപയോഗയോഗ്യമല്ല. കത്തിപ്പിടികള്‍ വിവിധ പദാര്‍ഥങ്ങള്‍ കൊണ്ട്‌ ആകര്‍ഷണീയമായി നിര്‍മിച്ചു വരുന്നു. ചിലപ്പോള്‍ അലകിന്റെ പദാര്‍ഥം പിടിക്കും ഉപയോഗിച്ചു രണ്ടും കൂടി ഒന്നായിത്തന്നെ ഉണ്ടാക്കുന്ന പതിവുമുണ്ട്‌. ആണി കൊണ്ടോ പശകൊണ്ടോ അരക്കുകൊണ്ടോ പിടി അലകോടുചേര്‍ത്ത്‌ ഉറപ്പിക്കാം; പ്ലാസ്റ്റിക്കുകൊണ്ടും പിടികള്‍ ഉണ്ടാക്കാം. കത്തികളുടെ രൂപവും വലുപ്പവും അവയുടെ പ്രധാനോപയോഗത്തെ അനുസരിച്ചാണ്‌. പല തലമുറകളായി ലഭിച്ച പ്രായോഗിക വിജ്ഞാനമാണ്‌ കത്തികളുടെ രൂപനിര്‍ണയത്തിന്റെ പ്രധാന ഘടകം. കത്തിയുടെ പേരുപറയുമ്പോള്‍ത്തന്നെ അതിന്റെ രൂപം ഓര്‍മവരും. വെട്ടുകത്തി (വാക്കത്തി), ഇറച്ചിക്കത്തി എന്നിവയ്‌ക്ക്‌ കട്ടിയും വീതിയും ഉള്ള അലകുകളും നല്ലഭാരവും ആവശ്യമാണ്‌. വെട്ടുകത്തിക്കു നിര്‍ബന്ധമായും കൊത്തുമുന വേണം. ഒരു പിടി ചെടികള്‍ ചേര്‍ത്തു മുറിക്കുന്നതിനായുള്ള വളഞ്ഞ അലകോടുകൂടിയ കത്തിയാണ്‌ അരിവാള്‍. നായാട്ടുകത്തിക്ക്‌ പരുപരുത്ത പിടിയും, അലകിന്‌ 1520 സെ.മീ. നീളവും, 24 സെ.മീ. വീതിയും ഉണ്ടായിരിക്കണം. അടുക്കളക്കത്തി (പിച്ചാത്തി) എല്ലാവര്‍ക്കും പരിചിതമാണ്‌. കാര്‍വിങ്‌ നൈഫ്‌ (carving knife), ടാപ്പിങ്‌ നൈഫ്‌, ഫ്‌ളേയിങ്‌ നൈഫ്‌ (flaying knife), ക്ഷൗരക്കത്തി മുതലായ പല ഉപയോഗത്തിഌം ഉചിതമായ പദാര്‍ഥം കൊണ്ട്‌ നിര്‍മിച്ചതും, വിവിധരൂപത്തിലുള്ളതുമായ കത്തികള്‍ പ്രചാരത്തിലുണ്ട്‌. ഇരുമ്പുതകിടുകള്‍ മുറിക്കുന്നതിനുള്ള കത്തികളും കത്രികകളും കാണാം. സ്‌ക്രൂഡ്രവര്‍, ബോട്ടില്‍ ഓപ്പണര്‍ (bottle opener) മുതലായ ഉപകരണങ്ങള്‍ ചേര്‍ത്തും കത്തികള്‍ നിര്‍മിക്കാറുണ്ട്‌. വ്യവസായ പ്രക്രിയകള്‍ക്കു യന്ത്രവത്‌കരിക്കപ്പെട്ട പ്രത്യേകയിനം കത്തിക്കൂട്ടങ്ങള്‍ നിര്‍മിക്കുന്നു. പഞ്ചസാരമില്ലുകളില്‍ കരിമ്പു മുറിക്കുന്ന യന്ത്രങ്ങള്‍ ഇത്തരത്തില്‍പ്പെട്ടതാണ്‌. രോമം മുതല്‍ കാഠിന്യക്കൂടുതലുള്ള ഇരുമ്പുതകിടുകള്‍ വരെ മുറിക്കത്തക്കവിധത്തില്‍ വിവിധ തരത്തിലുള്ള കത്തികള്‍ ഇന്ന്‌ പ്രചാരത്തിലുണ്ട്‌. നോ: ആയുധങ്ങള്‍

(കെ.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍