This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കതിര്‍മണ്ഡപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കതിര്‍മണ്ഡപം

പുഷ്‌പാലംകൃത കതിര്‍മണ്ഡപം

ഹിന്ദുമതാചാരപ്രകാരമുള്ള വിവാഹം നടത്തുന്നതിന്‌ വധൂവരന്മാരെ ഉപവിഷ്ടരാക്കുവാനായി പ്രത്യേകം അലങ്കരിച്ച്‌ ഒരുക്കുന്ന വേദി. സാധാരണയായി 180 സെ.മീ. സമചതുരത്തിലും 30 സെ.മീ. പൊക്കത്തിലും തയ്യാറാക്കപ്പെടുന്ന ഒരു പീഠത്തിനുമുകളില്‍, 180 സെ.മീ. പൊക്കത്തിലുള്ള നാല്‌ തൂണുകള്‍ നാട്ടി (ഓരോ മൂലയ്‌ക്കും മൂന്ന്‌ തൂണുവീതവും ആകാം) അതിനു മുകളില്‍ ഗോപുരങ്ങളോ താഴികക്കുടങ്ങളോ നിര്‍മിച്ച്‌ കതിര്‍മണ്ഡപം തയ്യാറാക്കുന്നു. തൂണുകള്‍ ഇല്ലാതെ മുകളില്‍ കുടപോലെ പുഷ്‌പാലംകൃതവിതാനം തൂക്കിയിട്ട രീതിയിലുള്ള കതിര്‍മണ്ഡപങ്ങളും ഇപ്പോള്‍ പ്രചാരത്തിലുണ്ട്‌. മരം കൊണ്ടും ഇഷ്ടികകൊണ്ടും കതിര്‍മണ്ഡപങ്ങള്‍ നിര്‍മിക്കാറുണ്ട്‌. ഇതിന്റെ നാലുവശവും തുറന്നതായിരിക്കും.

മണ്ഡപത്തിന്റെ തൂണുകളും താഴികക്കുടങ്ങളും കടലാസ്‌ ചുരുളുകള്‍, പൂക്കള്‍, ഇലക്‌ട്രിക്‌ ലൈറ്റുകള്‍ തുടങ്ങിയവകൊണ്ട്‌ അലങ്കരിക്കാറുണ്ട്‌. തെങ്ങിന്‍ പൂക്കുല കുത്തിവച്ച നിറപറയും കത്തിച്ചുവച്ച നിലവിളക്കും മണ്ഡപത്തില്‍ മുന്‍ഭാഗത്തായി വയ്‌ക്കുന്നു. അവിടെത്തന്നെ ഗണപതിക്ക്‌ പ്രത്യേക വിളക്കും കിണ്ടിയും വച്ച്‌, വാഴയിലയിട്ട്‌ അതില്‍ ഒരു പാക്ക്‌, മൂന്ന്‌ വെറ്റില, ഒരു തുണ്ടു ശര്‍ക്കര, കല്‍ക്കണ്ടം, കരിമ്പ്‌, കദളിപ്പഴം, അഷ്ടകളഭം, കരിക്ക്‌, ചന്ദനം, ഭസ്‌മം, ചന്ദനത്തിരി, അവല്‍, മലര്‍ എന്നിവയും ഒരുക്കി വയ്‌ക്കുന്നു. വധൂവരന്മാര്‍ക്ക്‌ ഇരിക്കാന്‍ മണ്ഡപത്തിന്റെ മധ്യഭാഗത്തായി ഒരു പലകയിട്ട്‌ അതില്‍ നേരിയത്‌ വിരിച്ചിരിക്കും.

ബ്രാഹ്മണരുടെ വിവാഹത്തില്‍ ഹോമം ഏറ്റവും പ്രധാനമായ ചടങ്ങാണ്‌; അതുകൊണ്ട്‌ മേല്‍ വിവരിച്ച രീതിയിലുള്ള കതിര്‍മണ്ഡപങ്ങള്‍ അത്തരം വിവാഹങ്ങള്‍ക്ക്‌ ഒരുക്കാറില്ല.

(കൊല്ലങ്കോട്ടു ബാബുരാജ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍