This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്‍വേയര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കണ്‍വേയര്‍
Conveyor
സാധനസാമഗ്രികളെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കൊണ്ടുപോകാനുള്ള ഉപകരണം. കല്‍ക്കരി, മണല്‍, അയിര് തുടങ്ങിയ ശ്ലഥപദാര്‍ഥ(loose materials)ങ്ങളെയും പാക്കറ്റുകള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയ വസ്‌തുക്കളെയും ഒരു സ്ഥലത്തുനിന്ന് അകലെയല്ലാത്ത മറ്റൊരു സ്ഥലത്തേക്കു മാറ്റാന്‍ കണ്‍വേയര്‍ ഉപയോഗിച്ചു വരുന്നു. വിവിധ കണ്‍വേയറുകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായോ ഒന്നിനുപുറകേ മറ്റൊന്നായോ, ക്ഷിതിജ ലംബസമ്മിശ്രതലങ്ങളിലായോ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുന്നു. ബെല്‍റ്റ്, തൊട്ടി, സ്‌പ്രാക്കറ്റ് തുടങ്ങിയ ചലിക്കുന്ന ഭാഗങ്ങള്‍ കണ്‍വേയറില്‍ ഉണ്ടെങ്കിലും ഒരിടത്ത് സ്ഥിരമായി ഉറപ്പിച്ചിട്ടുള്ള യന്ത്രസംവിധാനമാണ് ഇത്.
ബെല്‍റ്റ് കണ്‍വേയര്‍, ഉത്ഥാപക(elevating)കണ്‍വേയര്‍, ചങ്ങലക്കണ്‍വേയര്‍, റോളര്‍കണ്‍വേയര്‍, സ്‌ക്രൂകണ്‍വേയര്‍, വായുചാലിത (pneumatic) കണ്‍വേയര്‍ എന്നിങ്ങനെ പല തരം കണ്‍വേയറുകളുണ്ട്.
വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ബെല്‍റ്റ് കണ്‍വേയര്‍. സരളമായ ഈ കണ്‍വേയറിന്റെ രണ്ട് അഗ്രങ്ങളിലുമുള്ള കപ്പികളില്‍ ഒന്നാണ് ബെല്‍റ്റ് ചലിപ്പിക്കുന്നത്. തുകല്‍, റബ്ബര്‍, ലോഹം, പ്ലാസ്റ്റിക്, തുണി തുടങ്ങിയവകൊണ്ടുള്ള ബെല്‍റ്റുകള്‍ ഉപയോഗത്തിലുണ്ട്. കൂമ്പാരം കൂട്ടിയ ശ്ലഥപദാര്‍ഥങ്ങളും പൊതികളാക്കിയ സാധനങ്ങളും ഒരുപോലെ, ആയാസരഹിതമായി കൊണ്ടുപോകുന്ന ബെല്‍റ്റ് കണ്‍വേയറിന്റെ ക്ഷമത ബെല്‍റ്റിന്റെ വീതി, വേഗം, സാന്ദ്രത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പൊതുവേയുള്ള ഉപയോഗത്തിന് പരന്ന ബെല്‍റ്റ് മതിയാകുമെങ്കിലും ശ്ലഥപദാര്‍ഥങ്ങള്‍ കൂടുതല്‍ കൊണ്ടുപോകാന്‍ തോണിയുടെ രൂപത്തിലാക്കിയിട്ടുള്ള ബെല്‍റ്റുകളാണ് ഉത്തമം. റോളറുകള്‍ ഉപയോഗിച്ചാണ് പരന്ന ബെല്‍റ്റുകള്‍ ഈ രൂപത്തിലാക്കി എടുക്കുന്നത്.
ഉത്ഥാപകകണ്‍വേയറുകള്‍ക്ക് സാധനങ്ങള്‍ നേരെ മുകളിലേക്ക് കൊണ്ടുപോകാനുള്ള കഴിവുണ്ട്. ചരിവുതലങ്ങളിലൂടെ ചലിക്കുന്ന കണ്‍വേയറുകളും ഉപയോഗത്തിലുണ്ട്. ബെല്‍റ്റ് കണ്‍വേയറില്‍ വാഹകമാധ്യമം ബെല്‍റ്റ് തന്നെയാണെങ്കിലും ഉത്ഥാപകകണ്‍വേയറില്‍ മോട്ടോര്‍ കൊണ്ട് ചലിപ്പിക്കാവുന്ന ബെല്‍റ്റിനോടോ ചങ്ങലയോടോ ഘടിപ്പിച്ച പ്രത്യേകമായ തൊട്ടി, തട്ടം മുതലായവ ഉപയോഗിച്ചാണ് സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഏറ്റവും അധികം പ്രചാരത്തിലുള്ളത് തൊട്ടികള്‍ ഉപയോഗിക്കുന്ന ഉത്ഥാപകങ്ങളാണ്.
ക്ഷിതിജ തലത്തില്‍ സാധനസാമഗ്രികള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന കണ്‍വേയറുകളില്‍ പ്രധാനപ്പെട്ട വിഭാഗമാണ് ചങ്ങലകൊണ്ടു ഭാരവഹനം നടത്തുന്ന ചങ്ങലക്കണ്‍വേയര്‍. ഇതിലെ പ്രധാന ഉപവിഭാഗങ്ങളാണ് ഏപ്രണ്‍, സ്ലാറ്റ്, പാലറ്റ്, ട്രാളി എന്നിവ. കാര്‍നിര്‍മാണശാലകള്‍, കാനിങ് വ്യവസായശാലകള്‍, വാര്‍പ്പുശാലകള്‍ എന്നിങ്ങനെ പലയിടങ്ങളിലും വളരെയധികം ഉപയോഗത്തിലുള്ള കണ്‍വേയര്‍ സംവിധാനങ്ങള്‍ ഇവയാണ്.
അധികം അറിയപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും റോളര്‍കണ്‍വേയറാണ്. എല്ലാത്തരം വ്യവസായനിര്‍മാണശാലകളിലും ഇത്തരം കണ്‍വേയര്‍ ഉപയോഗിച്ചുവരുന്നു. പലതരത്തിലുള്ള സാധനസാമഗ്രികള്‍ കൈകാര്യം ചെയ്യാന്‍ വിവിധ പരിച്ഛേദകങ്ങളും സംരേഖണവും (alignment) ഉള്ള കണ്‍വേയറുകള്‍ ലഭ്യമാണ്. എല്ലാത്തരം റോളര്‍ കണ്‍വേയറുകളിലും റോളറുകള്‍ ചട്ടക്കൂട്ടിനുള്ളിലാണ് താങ്ങി നിര്‍ത്തുന്നത്. ഗുരുത്വം കൊണ്ട് പ്രവര്‍ത്തിക്കുന്നവ, വൈദ്യുതശക്തി ഉപയോഗിച്ച് ചലിപ്പിക്കാവുന്നവ എന്നിങ്ങനെ ഇവയെ പൊതുവില്‍ രണ്ടായി തരം തിരിക്കാം.
സ്‌ക്രൂ കണ്‍വേയറില്‍ അര്‍ധവൃത്താകൃതിയിലുള്ള തൊട്ടിയുടെയോ കുഴലിന്റെയോ ഉള്ളില്‍ തിരിയുന്ന ഒരു വലിയ പിരിയാണിയോ സര്‍പ്പിളമോ ഉപയോഗിച്ചാണ് പദാര്‍ഥങ്ങള്‍ ചലിപ്പിക്കുന്നത്. എന്നാല്‍ മറ്റു ചില സംവിധാനങ്ങളില്‍ പദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുഴലാണ് തിരിക്കുന്നത്. ക്ഷിതിജതലത്തിലോ 30ം വരെയുള്ള ചരിവുതലങ്ങളിലോ ആണ് സ്‌ക്രൂകണ്‍വേയര്‍ സാധാരണയായി ഉപയോഗിക്കുന്നത്. ചലനപഥത്തില്‍ ഏതു ഭാഗത്തു വേണമെങ്കിലും പ്രത്യേക സരണികളിലൂടെ പദാര്‍ഥങ്ങള്‍ കയറ്റുകയോ ഇറക്കുകയോ ചെയ്യാമെന്നത് ഈ കണ്‍വേയര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു.
തരിതരിയായോ, ധൂളിരൂപത്തിലോ ഉള്ള ഉണങ്ങിയ പദാര്‍ഥങ്ങള്‍ വായുചാലിത കണ്‍വേയര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. രാസവ്യവസായശാലകളില്‍ പ്രചാരമുള്ള ഈ കണ്‍വേയറിന് വായുധാര ഉപയോഗിച്ച് മണിക്കൂറില്‍ 1,000ല്‍ അധികം ടണ്‍ പദാര്‍ഥങ്ങള്‍ ചലിപ്പിക്കാന്‍ കഴിവുണ്ട്. നോ: ഉത്ഥാപകയന്ത്രങ്ങള്‍
(ഡോ. ഡി. ബാലകൃഷ്‌ണന്‍)