This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്‍ജങ്‌ടിവൈറ്റിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്‍ജങ്‌ടിവൈറ്റിസ്‌

Conjunctivitis

കണ്‍ജങ്‌ടിവൈറ്റിസ്‌ ബാധിച്ച കണ്ണ്‌

ഒരു നേത്രരോഗം. കണ്‍പോളയുടെ അകവശവും നേത്രഗോളത്തിന്റെ വെള്ളയും (സ്‌ക്ലീറ) മൂടുന്ന അതിസുതാര്യമായ കണ്‍ജങ്‌ടൈവ എന്ന ഭാഗത്തുണ്ടാകുന്ന ശോഥമാണ്‌ കണ്‍ജങ്‌ടിവൈറ്റിസ്‌ അഥവാ ചെങ്കണ്ണ്‌. സാധാരണ അവസരങ്ങളില്‍ കണ്ണുനീരില്‍ അടങ്ങിയിട്ടുള്ള ലൈസോസൈം (lysozyme) എന്ന പ്രാട്ടീന്‍ വസ്‌തു ഉപദ്രവകാരികളായ വസ്‌തുകളില്‍നിന്നു കണ്‍ജങ്‌ടൈവയെ പരിരക്ഷിച്ചുപോരുന്നു. കണ്ണില്‍ കടന്നുപറ്റുന്ന അണുജീവികളെയും മറ്റും നശിപ്പിക്കാന്‍ കഴിയാതെവരുമ്പോള്‍ കണ്‍ജങ്‌ടിവൈറ്റിസ്‌ ഉണ്ടാകുന്നു. കണ്‍ജങ്‌ടിവൈറ്റിസ്‌ മൂന്നിനം ഉണ്ട്‌:

i.സാംക്രമിക കണ്‍ജങ്‌ടിവൈറ്റിസ്‌ (ശിinfectious conjunctivitis) ബാക്‌റ്റീരിയ, വൈറസ്‌, പൂപ്പല്‍ തുടങ്ങിയ രോഗാണുക്കള്‍ മൂലമുണ്ടാകുന്നു.

ii.അലര്‍ജിക്‌ കണ്‍ജങ്‌ടിവൈറ്റിസ്‌ അലര്‍ജിരോഗം മൂലമുണ്ടാകുന്ന കണ്‍ജങ്‌ടിവൈറ്റിസ്‌ ഉദാ: ഹേ ഫീവറിനനുബന്ധമായി ഉണ്ടാകുന്ന കണ്‍ജങ്‌ടിവൈറ്റിസ്‌.

iii.ട്രാമാറ്റിക്‌ കണ്‍ജങ്‌ടിവൈറ്റിസ്‌ അള്‍ട്രാവയലറ്റ്‌ വികിരണം മുതലായ ഭൗതിക ഹേതുക്കള്‍ കൊണ്ടോ ഉത്തേജകങ്ങളായ രാസവസ്‌തുക്കള്‍കൊണ്ടോ കണ്ണിനുണ്ടാകുന്ന ക്ഷതം ആണിതിനു കാരണം.

കണ്ണിനു ചുവപ്പ്‌, നീര്‍വീഴ്‌ച, വേദന എന്നിവയാണ്‌ രോഗത്തിന്‍െറ ബാഹ്യലക്ഷണങ്ങള്‍. ജലദോഷത്തോടൊപ്പം രോഗാണുമൂലകമായ കണ്‍ജങ്‌ടിവൈറ്റിസ്‌ പ്രത്യക്ഷപ്പെടാറുണ്ട്‌. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കണ്ണ്‌ രക്തനിറമാകുന്നു. കടക്കണ്ണുകളില്‍ ചുവപ്പു കൂടും. കണ്ണില്‍നിന്ന്‌ വെള്ളം ഒലിച്ചുകൊണ്ടിരിക്കും. ഡിപ്‌ളോകോക്കസ്‌ ന്യുമോണിയേ, സ്റ്റാഫിലോകോക്കസ്‌ ഓറിയസ്‌ എന്നീ ബാക്‌റ്റീരിയങ്ങളാണ്‌ പകരുന്ന തരം കണ്‍ജങ്‌ടിവൈറ്റിസ്‌ ഉണ്ടാക്കുന്നത്‌. കണ്ണില്‍ കരുകരുപ്പുള്ളതായി രോഗിക്കുതോന്നും. വെളിച്ചത്തിലേക്കു നോക്കാന്‍ അധികം പ്രയാസമാണ്‌; തത്‌സമയം കൂടുതല്‍ വെള്ളം കണ്ണില്‍നിന്നു പ്രവഹിക്കും. കണ്‍പോളകള്‍ വീര്‍ത്തുപൊങ്ങും. രോഗിയുടെ വിരലുകള്‍, രോഗി ഉപയോഗിച്ച ടവ്വല്‍, വസ്‌ത്രങ്ങള്‍, കിടക്കവിരികള്‍ എന്നിവയിലൂടെ രോഗം പകരും. അഡിനോവൈറസ്‌ ടൈപ്‌3 എന്നയിനം അണുജീവിയുണ്ടാക്കുന്ന ശോഥം രോഗി കുളിച്ച ജലാശയത്തില്‍ കുളിക്കുന്ന മറ്റുള്ളവര്‍ക്കും പകരുന്നതാണ്‌.

മധ്യപൂര്‍വദേശങ്ങളിലും യു.എസ്സിലും കാണാറുള്ള ഒരു നേത്രരോഗമാണ്‌ ട്രക്കോമ. ഈ രോഗം ശരിയായി ചികിത്സിക്കാത്ത പക്ഷം കണ്‍ജങ്‌ടൈവയ്‌ക്കും കോര്‍ണിയയ്‌ക്കും കേടുപറ്റാം. വൈറസുകള്‍ തന്നെയാണ്‌ ഇതിഌം കാരണം. ലെപ്‌ടോത്രിക്‌സ്‌ എന്നയിനം കണ്‍ജങ്‌ടിവൈറ്റിസ്‌ പൂച്ചയുമായി ഉരുമ്മി പെരുമാറുന്നതുമൂലമുണ്ടാകാം.

നവജാതശിശുവിന്റെ കണ്‍ജങ്‌ടൈവയെ ബാധിക്കുന്ന അസുഖത്തെ "ഒഫ്‌താല്‍മിയ നിയോനാറ്റോറം' എന്നാണു പറയുക. സ്റ്റാഫിലോകോക്കസ്‌, ന്യുമോകോക്കസ്‌, ഗോണോകോക്കസ്‌ എന്നീ ബാക്‌റ്റീരിയങ്ങളാണ്‌ ഇതിനു കാരണം. സല്‍പോണാമൈഡ്‌ അഥവാ ഏതെങ്കിലും ആന്റിബയോട്ടിക്‌, ഔഷധമായി ഉപയോഗിക്കാം. നവജാതശിശുവിന്‌ ഈ അസുഖം വരാതെ സൂക്ഷിക്കാനായി 1 ശ.മാ. സില്‍വര്‍ നൈട്രറ്റ്‌ അടങ്ങിയ മരുന്നു കണ്ണില്‍ ഇറ്റിക്കാവുന്നതാണ്‌. ചിലപ്പോള്‍ ഈ മരുന്ന്‌ ഒഴിച്ചാല്‍ കെമിക്കല്‍ കണ്‍ജങ്‌ടിവൈറ്റിസ്‌ ഉണ്ടാകാം. പക്ഷേ അത്‌ തനിയെ മാറിക്കൊള്ളും.

അലര്‍ജിമൂലമുണ്ടാകുന്ന കണ്‍ജങ്‌ടിവൈറ്റിസില്‍ കണ്ണുചൊറിച്ചില്‍ സാധാരണമാണ്‌. പഴക്കം ചെന്ന തരമാണെങ്കില്‍ ഈ ചൊറിച്ചില്‍ വളരെ വര്‍ഷങ്ങള്‍ തന്നെ നിലനിന്നു എന്നുവരും; ചികിത്സിക്കാഌം പ്രയാസമാണ്‌. കോര്‍ട്ടിക്കോസ്റ്റിറോയിഡുകള്‍ കണ്ണില്‍ വീഴ്‌ത്തുന്നത്‌ ചിലപ്പോള്‍ ഫലപ്രദമാകാറുണ്ട്‌. ഞരമ്പുകളെ സങ്കോചിപ്പിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നത്‌ ചുവപ്പുനിറം മാറുവാന്‍ സഹായകമാണ്‌.

ഏതെങ്കിലും വസ്‌തുക്കള്‍ കണ്ണില്‍ ഉരയുക, അള്‍ട്രാവയലറ്റ്‌ റേഡിയേഷന്‍ ഏല്‌ക്കുക, അമ്ലങ്ങളോ ക്ഷാരങ്ങളോ കണ്ണില്‍ പതിക്കുക മുതലായവ മൂലം ട്രാമാറ്റിക്‌ കണ്‍ജങ്‌ടിവൈറ്റിസ്‌ ഉണ്ടാകാം. ധാരാളം വെള്ളം ഉപയോഗിച്ച്‌ കണ്ണുകഴുകുകയും പെട്ടെന്നു തന്നെ പ്രത്യൗഷധം ഉപയോഗിക്കുകയും വേണം. നോ: നേത്രരോഗങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍