This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്ണുനീര്‍ത്തുള്ളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കണ്ണുനീര്‍ത്തുള്ളി
മലയാളത്തിലെ പ്രസിദ്ധമായ ഒരു വിധുരവിലാപകാവ്യം. നാലപ്പാട്ടു നാരായണമേനോന്‍ തന്‍െറ പ്രിയതമയായ മാധവിയമ്മയുടെ അകാലദേഹവിയോഗത്തില്‍ അനുശോചിച്ചുകൊണ്ടെഴുതിയതാണിത്. പന്ത്രണ്ടു ഖണ്ഡങ്ങളുള്ള കണ്ണുനീര്‍ത്തുള്ളിയിലെ ഒന്നാംഖണ്ഡം ഒരു സാമാന്യാവലോകനമാണ്. തുടര്‍ന്നുള്ള അഞ്ചു ഖണ്ഡങ്ങളില്‍ മരണദിവസത്തിന്റെയും അടുത്ത ദിവസങ്ങളുടെയുംദുഃഖത്തിന് ഒരടക്കം വരുന്നതുവരെയുള്ള കാലം സ്‌മരണകളാണ്. പിന്നീടുള്ള ആറുഭാഗങ്ങളില്‍ കുട്ടിക്കാലത്ത് ഒന്നിച്ചുകളിച്ചു (കവിയുടെ മുറപ്പെണ്ണായിരുന്നു മാധവിയമ്മ)വളര്‍ന്നതു മുതല്‍ നായികയുടെ വിവാഹം കഴിഞ്ഞു ഗര്‍ഭം പൂര്‍ണമായ കാലം വരെയുള്ള ജീവിതഘട്ടങ്ങളുടെ വിവരങ്ങളാണ് നല്‌കിയിരിക്കുന്നത്. ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിവൃത്തത്തിലുള്ള 112 ശ്ലോകങ്ങളാണ് ആകെ ഇതിലുള്ളത്.
"അനന്തമജ്‌ഞാതമവര്‍ണനീയ മീലോകഗോളം തിരിയുന്ന മാര്‍ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു'.
ഈ രീതിയില്‍ തത്ത്വചിന്തയുടെ കനത്ത മതില്‍ക്കെട്ടിനുള്ളിലാണ് കവി സ്ഥാനമുറപ്പിച്ചിരിക്കുന്നത്. തനിക്കു നേരിട്ട ദുഃഖത്തെ സാമാന്യവത്‌കരിച്ച് ലോകത്തിന്റെ ദുഃഖാത്‌മകതയെച്ചൊല്ലിയാണു നാരായണമേനോന്‍ വിലപിക്കുന്നത്. ദുഃഖത്തെ ഗൗരവപ്പെടുത്തിയുള്ള സമീപനം സത്യാന്വേഷണരൂപമായ ഗൗരവം കണ്ണുനീര്‍ത്തുള്ളിയിലുടനീളം കാണാം. "കവി കണ്ണുനീര്‍ പൊഴിക്കുകയല്ല, കണ്ണുനീര്‍ അദ്ദേഹത്തിന്റെ ആത്‌മാവിലേക്ക് കിനിഞ്ഞിറങ്ങുകയാണ് ചെയ്യുന്നത്' എന്ന കുട്ടിക്കൃഷ്‌ണമാരാരുടെ അഭിപ്രായം (അവതാരിക) ശ്രദ്ധേയമാണ്. ജ്ഞാനദുഃഖങ്ങള്‍ കൂടിക്കലര്‍ന്നുള്ള ഒരു കഷായിതാവസ്ഥ ഇതിലെ ഓരോ പദ്യത്തിലും നിഴലിക്കുന്നു.
"ഹാ, സ്വാഗതം തത്ത്വവിചാരമേ! നിന്‍ ചുക്കിച്ചുളിഞ്ഞുള്ള കരങ്ങള്‍ വീണ്ടും തുടയ്‌ക്കുകെന്‍ കണ്ണുകള്‍ജീവരക്തം ചാടട്ടെ; ചിത്‌സൗഖ്യദനല്ലയോ നീ!'
ഇതാണ് നാലപ്പാടന്റെ രചനാരീതി. പ്രമത്തിന്റെ സാത്വികമായ വശത്തിനാണ് കണ്ണുനീര്‍ത്തുള്ളിയില്‍ പ്രാധാന്യം കല്‌പിച്ചിരിക്കുന്നതെങ്കിലും, അതിനെ കേവലം ഒരു സൂക്ഷ്‌മശരീരമായി ശോഷിപ്പിച്ചു കളഞ്ഞിട്ടില്ല എന്നതു പ്രത്യേകം പ്രസ്‌താവ്യമാണ്. ഭാഷയിലെ "താജ്' എന്ന് എം.ആര്‍. നായര്‍ (സഞ്‌ജയന്‍) വിശേഷിപ്പിച്ചിട്ടുള്ള കണ്ണുനീര്‍ത്തുള്ളിയില്‍ ടെന്നിസന്റെ ഇന്‍ മെമ്മോറിയവുമായി ആധമര്‍ണ്യം കാണുന്നുണ്ടെങ്കിലും കാവ്യാത്‌മകത, അര്‍ഥപൂര്‍ണിമ, ദാര്‍ശനികഭാവം എന്നിവകൊണ്ട് ഉത്തമകോടിയില്‍പ്പെട്ട ഒരു കാവ്യമായിത്തന്നെ ഇത് പരിലസിക്കുന്നു. നോ: നാരായണമേനോന്‍, നാലപ്പാട്ട്; വിലാപകാവ്യങ്ങള്‍