This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണകി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്ണകി

ചെന്നൈ മെറീന ബീച്ചിലെ കണ്ണകി പ്രതിമ

സംഘകാല മഹാകാവ്യങ്ങളില്‍ പ്രമുഖവും ഇളങ്കോഅടികളാല്‍ വിരചിതവുമായ ചിലപ്പതികാരത്തിലെ നായികാ കഥാപാത്രം. തന്റെ നിരപരാധിയായ ഭര്‍ത്താവിനെ വധിച്ച പാണ്ഡ്യരാജാവിന്‍െറ മധുരാപുരി, പാതിവൃത്യശക്തികൊണ്ട്‌ ചുട്ടെരിച്ച കണ്ണകി ചേരനാട്ടിലെത്തി ദേവീഭാവം കൈക്കൊണ്ടു എന്നാണ്‌ ഐതിഹ്യം. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചില ദേവീക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠ കണ്ണകിയുടേതാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.

പതിവ്രതകളെ അമ്മ ദൈവങ്ങളായി സങ്കല്‌പിച്ചാരാധിക്കുന്ന സമ്പ്രദായമനുസരിച്ച്‌, അമ്മ ദൈവത്തിന്‍െറ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട കണ്ണകി കേരളത്തിലെ മാതൃപൂജാ പാരമ്പര്യത്തിന്‌ അവഗണിക്കാനാവാത്ത ഒരുന്നത സങ്കല്‌പമായി മാറി. മുത്തശ്ശിക്കഥകളിലും നാടോടിപ്പാട്ടുകളിലും വിവിധ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ണകി, ശ്രീകുരുംബയായും ഭദ്രകാളിയായും മണിമങ്കയായും നല്ലമ്മയായും മാരിയമ്മയായും രൂപാ (ഭാവാ)ന്തരം പ്രാപിച്ചു കൊണ്ട്‌ കേരളക്കരയിലെ ഭഗവതിമാരുമായി താദാത്‌മ്യം പ്രാപിക്കുന്നതു കാണാം. ശ്രീകുരുംബയുടെയും ഭദ്രകാളിയുടെയും തോറ്റം പാട്ടുകളില്‍ (ഉദാ. കണ്ണകിത്തോറ്റം) ചിലപ്പതികാര പ്രസിദ്‌ധമായ കണ്ണകിയുടെ വൃത്താന്തം ഈഷദ്‌ഭേദങ്ങളോടെ പ്രപഞ്ചനം ചെയ്യപ്പെട്ടിരിക്കുന്നു.

ചിലപ്പതികാരത്തില്‍ വര്‍ണിച്ചിരിക്കുന്ന കണ്ണകിയുടെ കഥ ഇപ്രകാരമാണ്‌. ചോളരാജധാനിയായ കാവേരിപൂം പട്ടണത്തെ വര്‍ത്തക പ്രമുഖനായ മനായ്‌ക്കന്റെ പുത്രിയായിരുന്ന കണ്ണകി മറ്റൊരു വര്‍ത്തക പ്രമാണിയായ മച്ചാട്ടുവന്‍െറ പുത്രനായ കോവലനെ വിവാഹം ചെയ്‌തു. കാലാന്തരത്തില്‍ മാധവിയെന്ന നര്‍ത്തകിയില്‍ അനുരക്തനായ കോവലന്‍ കണ്ണകിയെ വിസ്‌മരിക്കുകയും മാധവിയോടൊത്ത്‌ ജീവിതം നയിക്കുകയും ചെയ്‌തു. ഇക്കാലമത്രയും ഭര്‍ത്താവിനെ മാത്രം പൂജിച്ചു കഴിയുകയായിരുന്നു കണ്ണകി. ക്രമേണ മാധവിയില്‍ നിന്നകന്ന കോവലന്‍ കണ്ണകിയുടെ അടുത്ത്‌ തിരികെ എത്തി. ധനമെല്ലാം ധൂര്‍ത്തടിച്ച്‌ ദരിദ്രനായെത്തിയ കോവലനോട്‌ തന്‍െറ സ്വര്‍ണച്ചിലമ്പുകള്‍ വിറ്റ്‌ വ്യാപാരം തുടങ്ങാമെന്ന്‌ കണ്ണകി സസന്തോഷം അറിയിക്കുകയും ഇരുവരും മധുരയിലേക്ക്‌ യാത്ര തിരിക്കുകയും ചെയ്‌തു. എന്നാല്‍ മധുരയിലെ കമ്പോളത്തില്‍ ചിലമ്പ്‌ വില്‌ക്കാനെത്തിയ കോവലനെ രാജ്‌ഞിയുടെ ചിലമ്പ്‌ മോഷ്‌ടിച്ചുവെന്നാരോപിച്ച്‌ രാജകിങ്കരന്മാര്‍ പിടികൂടി വധിച്ചു. ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ്‌ മറ്റേ ചിലമ്പും കൈയിലെടുത്ത്‌ കരഞ്ഞുകൊണ്ട്‌ പാണ്ഡ്യരാജാവിന്റെ മുന്നിലെത്തിയ കണ്ണകി ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിക്കുവാനായി രത്‌നങ്ങളുള്ള തന്റെ മറ്റെ ചിലമ്പ്‌ എറിഞ്ഞുടച്ചു. ഇതു കണ്ട രാജാവ്‌ സ്വന്തം തെറ്റ്‌ മനസ്സിലാക്കി പശ്‌ചാത്തപിച്ചു. അടങ്ങാത്ത ക്രാധത്തോടെ കണ്ണകി തന്റെ ഇടത്തേമുലക്കണ്ണ്‌ പറിച്ചെറിഞ്ഞു. കൊടുംക്രൂരത സമ്മാനിച്ച വിരഹം കണ്ണകിയെ പ്രതികാര ദുര്‍ഗയാക്കി മാറ്റി. അവരുടെ ക്രാധാഗ്‌നിയില്‍ മധുരാനഗരം വെന്തെരിഞ്ഞു. മധുരാനഗരിയില്‍ നിന്ന്‌ ലക്ഷ്യമില്ലാതെ പുറത്തേക്ക്‌ നടന്ന കണ്ണകി ഒടുവില്‍ ചേരരാജ്യത്തെത്തി തളര്‍ന്ന്‌ വീണു മരിച്ചു. ഇന്ദ്രദൂതന്മാര്‍ ദിവ്യരഥത്തിലേറ്റി കണ്ണകിയെ കൊണ്ടുപോകുന്നതുകണ്ട മലവേടന്മാരില്‍ നിന്ന്‌ കണ്ണകിയുടെ വികാരതീവ്രമായ കഥയറിഞ്ഞ ചേരരാജാവായ ചെങ്കുട്ടവന്‍ സ്‌ത്രീത്വത്തിന്‍െറ ഉജ്ജ്വലപ്രതീകമായ കണ്ണകിയെ പത്തികടവുളി (പതിവ്രതാദേവത) സ്ഥാനത്തേക്കുയര്‍ത്തി തന്‍െറ തലസ്ഥാനമായ തിരുവഞ്ചിക്കുള(ഇന്നത്തെ കൊടുങ്ങലൂര്‍)ത്ത്‌ പ്രതിഷ്‌ഠിച്ചു. ചിലപ്പതികാരത്തിന്റെ കര്‍ത്താവായ ഇളങ്കോഅടി (ചെങ്കുട്ടവന്‍െറ ഇളയ സഹോദരന്‍)കളും പ്രതിഷ്‌ഠാ സമയത്ത്‌ സന്നിഹിതനായിരുന്നു. പ്രതിഷ്‌ഠയ്‌ക്കെത്തിയ എല്ലാ നാടുവാഴികളും രാജാക്കന്മാരും ചക്രവര്‍ത്തിമാരും തങ്ങളുടെ നാടുകളില്‍ മടങ്ങിച്ചെന്നു പാതിവ്രത്യത്തിന്റെ ഈ ദേവിക്ക്‌ ആരാധനാലയങ്ങള്‍ തീര്‍ത്തു എന്നും ഇതനുസരിച്ച്‌ ചോളരാജധാനിയായ ഉറയൂരിലും സിംഹളദ്വീപിലും ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ളതായും ചിലപ്പതികാരത്തില്‍ പറയുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%95%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍