This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ടര്‍മേനോന്‍ പാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്ടര്‍മേനോന്‍ പാട്ട്‌

പ്രാചീന കേരളത്തിലെ ഒരു ചാവേറ്റു പാട്ട്‌. 1683ലെ മാമാങ്കത്തില്‍, തിരുനാവായയില്‍ വച്ച്‌ സാമൂതിരിയുടെ ഭടന്മാരോടു പൊരുതി മരണം പ്രാപിച്ച വട്ടൊണ്ണ വീട്ടിലെ കണ്ടര്‍മേനോന്‍െറയും മകന്‍ ഇത്താപ്പുവിന്‍െറയും വീരചരിതം പ്രതിപാദിക്കുന്ന, കിളിപ്പാട്ടു രീതിയിലുള്ള ഒരു പാട്ടാണിത്‌. രണ്ടു ഖണ്ഡങ്ങളുള്ള ഈ കൃതിയുടെ ആദ്യഖണ്ഡം,

"വാളിന്മേല്‍ ചുവപ്പുമായ്‌ തിരിച്ചു ഭഗവതി
ആര്‍ങ്ങോട്ടു സ്വരൂപത്തില്‍ വട്ടൊണ്ണെ വീടുവാഴും
പടിഞ്ഞാറ്റയിലും കിഴക്കും കണ്ടര്‍മേനോന്‍ തന്‍
കട്ടിന്‍െറ തലയ്‌ക്കലും ചെന്നതാ ഇരിക്കുന്നു
മാമാങ്കം കാണാന്‍ പോണമെന്നതു ദര്‍ശനം
ഞെട്ടിയങ്ങുണരുന്നു വട്ടൊണ്ണെ കണ്ടര്‍മേനോന്‍'.
 

എന്നിങ്ങനെ ആരംഭിക്കുന്നു. തുടര്‍ന്ന്‌ തിരുമാന്ധാം കുന്നിലമ്മ കണ്ടര്‍മേനോന്‌ മാമാങ്കത്തിനു പോകണമെന്നു സ്വപ്‌നത്തില്‍ നല്‌കിയ നിര്‍ദേശവും, യാത്രയൊരുക്കങ്ങളും മാതാവിന്റെ തടസ്സവാദങ്ങളും വിവരിക്കുന്നു. അവസാനം അമ്മയുടെ "പിണ്ഡം വച്ചിട്ട്‌' മാമാങ്കത്തിനു പോകാനുള്ള അനുമതി കണ്ടര്‍മേനോന്‍ മാതാവില്‍ നിന്നു നേടുന്നു. ഇതിനിടയ്‌ക്ക്‌ വിവരങ്ങളറിഞ്ഞ ബാലനായ ഇത്താപ്പു, പലരും വിലക്കിയിട്ടും, പിതാവിനെ അനുഗമിക്കാന്‍ തയ്യാറാവുന്നു. ഒടുവില്‍ അച്ഛഌം മകഌം കൂടി തിരുനെല്ലിയില്‍ ചെന്ന്‌ അവരവരുടെ മാതാക്കളുടെ പിണ്ഡം വച്ചശേഷം തിരുനാവായയിലേക്കു പോകുന്നു. തിരുനാവായയില്‍ വച്ച്‌ സാമൂതിരിയുടെ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിനെയാണ്‌ കവി ദ്വിതീയഖണ്ഡത്തില്‍ വിവരിക്കുന്നത്‌. സാമൂതിരിയുടെ സൈന്യത്തിന്‍െറ ആക്രമണത്തില്‍പ്പെട്ട്‌ ഇത്താപ്പുവും കണ്ടര്‍മേനോഌം വീരചരമം പ്രാപിക്കുന്നതോടെ പാട്ട്‌ അവസാനിക്കുന്നു.

ദേശചരിത്രവും സാഹിത്യവും ഇടകലര്‍ന്ന്‌, മണ്ണിന്‍െറ മണവും കാലത്തിന്റെ നെടുവീര്‍പ്പും ഉള്‍ക്കൊള്ളുന്ന ഈ പാട്ട്‌ കേരളത്തിലെ ആയോധനചരിത്രത്തിന്റെ ഒരു സുവര്‍ണകാലഘട്ടത്തെ അനുസ്‌മരിപ്പിക്കുന്നു. മരണത്തെ വെല്ലുവിളിച്ചുകൊണ്ട്‌ ഏത്‌ അഗ്നിപരീക്ഷയും നേരിടാന്‍ തയ്യാറാകുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്‌ കണ്ടര്‍മേനോന്‍. കേരളത്തിന്റെ സാംസ്‌കാരികപൈതൃകത്തെ തൊട്ടുണര്‍ത്തുന്ന ഈ പാട്ട്‌ കാവ്യഗുണത്തിന്റെ കാര്യത്തില്‍ മറ്റു കഥാഗാനങ്ങളെ അപേക്ഷിച്ച്‌ പിന്നിലാണ്‌. വീരകരുണാദിരസങ്ങള്‍ വര്‍ണിക്കുന്നതിലാണ്‌ കവി കൂടുതല്‍ താത്‌പര്യം കാണിച്ചിട്ടുള്ളത്‌. വള്ളുവനാട്ടുകാരനായ ഒരു നായരായിരിക്കാം ഇതിന്റെ കര്‍ത്താവ്‌ എന്നാണ്‌ മഹാകവി ഉള്ളൂരിന്റെ നിഗമനം.

ചാവേര്‍പ്പട (suicide squad) എന്ന സങ്കല്‌പത്തെക്കുറിച്ച്‌ വ്യക്തമായ ഒരു ചിത്രം, പ്രത്യേകിച്ച്‌ അവരുടെ അനുഷ്‌ഠാനവിശേഷങ്ങള്‍, ആയോധന ക്രമങ്ങള്‍ മുതലായവയെക്കുറിച്ചു സൂക്ഷ്‌മജ്ഞാനം നല്‌കുന്നതിന്‌ ഈ പാട്ട്‌ ഉപകരിക്കും. നോ: ചാവേറ്റുപട

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍