This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണേരിഗുഹകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണേരിഗുഹകള്‍

മുംബൈയില്‍ നിന്ന്‌ 25 കി.മീ. വടക്കു സ്ഥിതിചെയ്യുന്ന സാള്‍സെറ്റ്‌ ദ്വീപിലെ ബൗദ്ധഗുഹാപരമ്പര. കൃഷ്‌ണഗിരിയാണ്‌ കണേരി ആയി ലോപിച്ചതെന്ന്‌ കരുതപ്പെടുന്നു. ആന്ധ്ര രാജവംശത്തിലെ യജ്ഞശ്രീ ഗൗതമി പുത്ര ശിരിയാന ശാതകര്‍ണി (എ.ഡി. 173-202) എന്ന രാജാവിന്റെ കാലത്താണ്‌ കണേരിഗുഹകളുടെ നിര്‍മാണം ആരംഭിച്ചത്‌. 9-ാം ശ.ത്തോടെ ഇതിന്റെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരിക്കാം എന്നു കരുതപ്പെടുന്നു.

കണേരിയിലെ മലയിടുക്കിന്റെ ഇരു പാര്‍ശ്വങ്ങളിലുമായി പരസ്‌പരാഭിമുഖമായാണു ഗുഹകള്‍ കാണപ്പെടുന്നത്‌. പല കാലഘട്ടങ്ങളിലായാണ്‌ ഈ ഗുഹാസമുച്ചയങ്ങള്‍ ഉത്‌ഖനനം ചെയ്യപ്പെട്ടത്‌. ആകെ 109 ഗുഹകള്‍ കണേരിയിലുണ്ട്‌. നിരനിരയായിട്ടുള്ള അറകളും കിണറുകളും ഭോജനശാലകളും പ്രഭാഷണമന്ദിരങ്ങളും ക്ഷേത്രങ്ങളും ശ്‌മശാനങ്ങളും അവയെ പരസ്‌പരം ബന്ധിപ്പിക്കുന്ന കല്‌പടവുകളും ഉള്‍ക്കൊള്ളുന്ന ഈ പ്രദേശത്തു ശക്തവും വിപുലവുമായ ഒരു സഹോദര പ്രസ്ഥാനം നിലനിന്നിരുന്നു എന്ന്‌ മനസ്സിലാക്കാം. ആദ്യകാലഘട്ടങ്ങളില്‍ ഹീനയാനബുദ്ധമതക്കാരും പിന്നീട്‌ മഹായാനപ്രസ്ഥാനക്കാരും കണേരിയില്‍ വസിച്ചിരുന്നു എന്നു കരുതപ്പെടുന്നു.

കണേരിഗുഹകള്‍

ഓരോ ഗുഹാവിഹാരത്തിന്റെയും വെളിയില്‍ കോണിലായി ചതുരാകൃതിയിലാണ്‌ കിണറുകള്‍ നിര്‍മിച്ചിരുന്നത്‌. ഗുഹാസമുച്ചയങ്ങളില്‍ അധികവും പ്രത്യേകതകള്‍ ഒന്നുമില്ലാത്ത മുറികളാണ്‌; പലതും അപൂര്‍ണങ്ങളും. മിക്ക മുറികളിലും ബുദ്ധകഥാസൂചകങ്ങളായ പ്രതിമകള്‍ കാണാം. എല്ലാ മുറികളിലും കല്ലില്‍ത്തീര്‍ത്ത കട്ടിലുകളുമുണ്ട്‌.

കണേരിഗുഹകളിലെ ദമ്പതീശില്‌പങ്ങള്‍

ഏറ്റവും പഴക്കം ചെന്ന ഗുഹകളാണ്‌ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്‌. ഇവയില്‍ മൂന്നാം നമ്പര്‍ ചൈത്യഗുഹ ഏറ്റവും ശ്രദ്ധേയമാണ്‌; മഹാചൈത്യം എന്ന പേരും ഇതിനുണ്ട്‌. ക്രിസ്‌ത്വബ്‌ദത്തിന്റെ ആദ്യ ദശകങ്ങളില്‍ കര്‍ളിയില്‍ (മുംബൈ) പണി ചെയ്‌ത ചൈത്യഗുഹയുടെ മാതൃകയാണ്‌ ഇതിന്‌ അവലംബം.

2.10 മീ. നീളവും 1 മീ. വീതിയും 93 സെ.മീ. പൊക്കവും ഉള്ള ഒരു ഗുഹാഭവനമാണ്‌ ഈ മഹാചൈത്യം. ശാതകര്‍ണിയുടെ കാലത്തുതന്നെയാണ്‌ ഇത്‌ നിര്‍മിക്കപ്പെട്ടതെന്നു കരുതുവാന്‍ പോരുന്ന രേഖകള്‍ ലഭ്യമായിട്ടുണ്ട്‌; അദ്ദേഹത്തിന്റെ പല ലിഖിതങ്ങളും ഇതില്‍ കാണുന്നുണ്ട്‌. ചൈത്യത്തിന്റെ നിര്‍മാണത്തിനു ധനസഹായം ചെയ്‌തതെന്ന്‌ കരുതപ്പെടുന്ന രണ്ടു വ്യാപാരികള്‍ പത്‌നീസമേതരായി നില്‌ക്കുന്നതിന്റെ ശില്‌പങ്ങള്‍ പ്രവേശന കവാടത്തിനിരുപുറവുമുള്ള ചുവരില്‍ കാണാം. കൈകളില്‍ പൂക്കളുമായി പുഷ്‌പാഞ്‌ജലിക്കായിട്ടെന്നവണ്ണം നില്‌ക്കുന്ന ദമ്പതീ ശില്‌പം ജീവചൈതന്യം തുളുമ്പുന്നതാണ്‌. ഇതിലെ ശില്‌പശൈലി പാരമ്പര്യരീതികളില്‍ നിന്നു തികച്ചും വിഭിന്നമാണ്‌. തീരെ ഇടുങ്ങിയ അരക്കെട്ടും വിസ്‌താരമേറിയ ജഘനങ്ങളും ഉയര്‍ന്ന മാറിടവും മറ്റും നല്‌കി അതിഭാവുകത്വത്തോടെയാണ്‌ അക്കാലം വരെ സ്‌ത്രീരൂപശില്‌പങ്ങള്‍ നിര്‍മിച്ചിരുന്നത്‌. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി കണേരിയിലെ ശില്‌പങ്ങള്‍ യഥാതഥങ്ങളാണ്‌. ഭാരതീയ ശില്‌പശൈലിയിലെ ഒരു പ്രധാന വഴിത്തിരിവായി ഈ ശില്‌പങ്ങളെ കണക്കാക്കാം. ഈ ചിത്രവേദിയുടെ മുകളിലായി ചെറിയ ബുദ്ധവിഗ്രഹങ്ങളുടെ ഒരു പരമ്പര കാണാം.

ഒരു അങ്കണവും വരാന്തയും പിന്നിട്ടാണ്‌ പ്രവേശനകവാടത്തിലേക്കു കടക്കേണ്ടത്‌. ഇവ രണ്ടും 4-ാം ശ.ത്തില്‍ പണിതു ചേര്‍ത്തതായിരിക്കണം. നാലു കനത്ത തൂണുകള്‍ വരാന്തയില്‍ ഉണ്ട്‌. ഇവയില്‍ മധ്യഭാഗത്തുള്ള രണ്ടെണ്ണത്തില്‍ ദ്വാരപാലക ശില്‌പങ്ങളുണ്ട്‌. ദ്വാരപാലക ശില്‌പങ്ങള്‍ക്കു മഥുരയില്‍ കാണപ്പെടുന്ന കുശാന ശില്‌പശൈലിയോടാണ്‌ കൂടുതല്‍ സാദൃശ്യം. ചൈത്യത്തിനുള്ളില്‍ ഇരുവശത്തുമായി അനേകം തൂണുകള്‍ നിരനിരയായി നിര്‍മിച്ചിട്ടുണ്ട്‌. തൂണുകളുടെ കുംഭാകൃതിയുള്ള മുകളറ്റത്തു പലതരം മൃഗങ്ങളുടെ ശില്‌പങ്ങള്‍ ഉണ്ട്‌. ശ്രീബുദ്ധന്റെയും ബുദ്ധശിഷ്യന്മാരുടെയും പല തരത്തിലുള്ള പ്രതിമകള്‍ ഈ ചൈത്യത്തിനുള്ളില്‍ കാണാം.

മഹാചൈത്യത്തില്‍ നിന്നു വളരെ അകലെ അല്ലാതെ ദര്‍ബാര്‍ ഗുഹ സ്ഥിതി ചെയ്യുന്നു. ഇതൊരു വിഹാരമല്ല; മറിച്ച്‌ എല്ലാവര്‍ക്കും ഒത്തു ചേരാനുള്ള ഒരു ധര്‍മശാലയാണ്‌. ഇതില്‍ കല്ലില്‍ത്തീര്‍ത്ത വലിയ രണ്ട്‌ ബഞ്ചുകളും ചുവരില്‍ അറകളും കാണാം. ധര്‍മോപദേശം ചെയ്യുന്ന ബുദ്ധന്റെ വലിയ ശില്‌പം ഇതിലുണ്ട്‌.

14, 41, 66 എന്നീ ഗുഹകളും ശ്രദ്ധാര്‍ഹങ്ങളാണ്‌. ബുദ്ധഗയയിലും ഭാര്‍ഹട്ടി (Bharhut)ലുമുള്ള ദാരുശില്‌പങ്ങളോട്‌ തികച്ചും സമാനത പുലര്‍ത്തുന്നവയാണ്‌ കണേരിഗുഹയുടെ മുഖപ്പിലെ ശില്‌പങ്ങള്‍. ശില്‌പവിദ്യകൊണ്ടു സമൃദ്ധമായ ഇവിടത്തെ അഴികള്‍ അമരാവതീശൈലിയിലാണ്‌ പണിതിട്ടുള്ളത്‌.

ശാതവാഹനരാജാക്കന്മാരുള്‍പ്പെടെ അനവധി ആളുകളുടെ സംഭാവനകള്‍ കൊണ്ടാണ്‌ കണേരിഗുഹകള്‍ നിര്‍മിക്കപ്പെട്ടത്‌. ബുദ്ധമതാനുയായികളല്ലാത്തവരും ഇതിനുവേണ്ടി സംഭാവനകള്‍ നല്‌കിയിരുന്നു. ശാതവാഹനന്മാര്‍ ബ്രാഹ്മണരായിരുന്നു എന്നത്‌ ഇവിടെ പ്രസക്തമാണ്‌. ഇത്തരം സംഭാവനകളെ ദേയധര്‍മം എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. സൊപാര, ചൗള്‍, ധേനുകാകത, കല്യാണ്‍ എന്നീ പ്രദേശങ്ങളിലെ നിവാസികള്‍ കണേരിഗുഹകളുടെ നിര്‍മിതിക്ക്‌ സംഭാവന നല്‌കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു കൊല്ലപ്പണിക്കാരന്റെ സംഭാവനയെപ്പറ്റി പ്രത്യേകം സൂചന കാണുന്നു.

അതിപുരാതനമായ ഒരു സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്ന കണേരിഗുഹകള്‍ വളരെ അധികം സന്ദര്‍ശകരെയും പുരാവസ്‌തുശാസ്‌ത്രജ്ഞരെയും ആകര്‍ഷിച്ചുവരുന്നു. നോ: കര്‍ളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍