This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണക്‌റ്റിക്കട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണക്‌റ്റിക്കട്ട്‌

Connecticut

യു.എസ്സിലെ ഒരു ഘടകസംസ്ഥാനം. ന്യൂ ഇംഗ്ലണ്ട്‌ മേഖലയിലുള്ള കണക്‌റ്റിക്കട്ട്‌ യു.എസ്സിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാണ്‌. വന്‍കരയുടെ പൂര്‍വോത്തരഭാഗത്ത്‌ അത്‌ലാന്തിക്‌ സമുദ്രതീരത്ത്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിനു വിസ്‌തൃതി വളരെ കുറവാണ്‌; 12, 548 ച.കി.മീ. അതിരുകള്‍: കി. യു.എസ്സിലെ ഏറ്റവും ചെറിയ സംസ്ഥാനമായ റോഡ്‌ ഐലന്‍ഡ്‌, വ. മസാച്ചൂസെറ്റ്‌സ്‌, പ. ന്യൂയോര്‍ക്ക്‌, തെ. അത്‌ലാന്തിക്‌ സമുദ്രം. ഡെലവേര്‍ കൂടി കഴിഞ്ഞാല്‍ യു.എസിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ്‌ ഇത്‌. ചെറുതാണെങ്കിലും വ്യ-ാവസായിക പ്രാമുഖ്യമുള്ള ഈ സംസ്ഥാനത്ത്‌ പ്രകൃതിരമണീയങ്ങളായ ധാരാളം ഒഴിവുകാലസങ്കേതങ്ങളുണ്ട്‌. തലസ്ഥാനം ഹാര്‍ട്ട്‌ഫോര്‍ഡ്‌. അനവധി ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ആസ്ഥാനമായ ഹാര്‍ട്ട്‌ഫോര്‍ഡ്‌ ആഗോള ഇന്‍ഷുറന്‍സ്‌ തലസ്ഥാനമെന്ന വിശേഷണമര്‍ഹിക്കുന്നു. രാജ്യത്തെ ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നാണിത്‌. ജനസംഖ്യ: 34,25,074 (2001)

സംസ്ഥാനത്തെ ഒരു പ്രധാന നദിയ്‌ക്കും കണക്‌റ്റിക്കട്ട്‌ എന്നാണ്‌ പേര്‌. "വേഗത്തില്‍ വേലിയേറ്റത്തിനു വിധേയമാകുന്ന നീളമുള്ള നദിയില്‍' എന്നര്‍ഥം വരുന്ന ഒരു ഇന്ത്യന്‍ പദത്തില്‍ നിന്നാണ്‌ നദിയുടെയും സംസ്ഥാനത്തിന്റെയും പേര്‌ നിഷ്‌പന്നമായിരിക്കുന്നത്‌.

ഭൂവിവരണം. ഭൂപ്രകൃതിയനുസരിച്ച്‌ സംസ്ഥാനത്തെ അഞ്ചു മേഖലകളായി വിഭജിക്കാവുന്നതാണ്‌. ടാകോണിക്‌ നിരകളുടെ പൂര്‍വാര്‍ധം സംസ്ഥാനത്തിനുള്ളിലാണ്‌. ബര്‍ക്‌ഷയര്‍ മലമ്പ്രദേശമെന്ന്‌ ഈ ഭാഗത്തെ വിശേഷിപ്പിച്ചുവരുന്നു. സംസ്ഥാന മധ്യത്ത്‌ തെക്കുവടക്കായി നീണ്ടുകിടക്കുന്ന കണക്‌റ്റിക്കട്ട്‌ നദീതടപ്രദേശം തെക്കന്‍ കടലോരപ്രദേശത്തെത്തുടര്‍ന്നുള്ള ന്യൂ ഇംഗ്ലണ്ട്‌ ഉന്നത മേഖലയെ പൂര്‍വപശ്ചിമാര്‍ധങ്ങളായി വിഭജിക്കുന്ന ഒരു നിമ്‌നതടമാണ്‌; ഈ ഭാഗത്ത്‌ അവസാദശിലകളും ആഗ്‌നേയശിലകളും കൂടിച്ചേര്‍ന്നു കാണപ്പെടുന്നു. വടക്കതിരില്‍ 32 കി.മീ. വീതിയുള്ള ഈ തടപ്രദേശം തെക്കു കടലോരത്ത്‌ വളരെ ഇടുങ്ങിയതാണ്‌. സംസ്ഥാനത്തെ ഉയര്‍ന്ന പര്‍വതങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്‌ ടാകോണിക്‌ നിരകളിലാണ്‌. 725 മീ. ഉയരമുള്ള ഫ്രിസ്‌നല്‍ കൊടുമുടിയാണ്‌ ഏറ്റവും ഉന്നതമായ ഭാഗം. സമീപത്തുള്ള ബിയര്‍, ഗ്രിന്‍ഡ്‌ലി, റീഗ, ബ്രാഡ്‌ഫോഡ്‌ എന്നിവയാണ്‌ മറ്റു പര്‍വതങ്ങള്‍. പശ്ചിമോത്തരഭാഗമാണ്‌ ഏറ്റവും ഉയര്‍ന്നതെങ്കിലും വടക്കു നിന്നു തെക്കോട്ട്‌ ചാഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ്‌ പൊതുവില്‍.

കണക്‌റ്റിക്കട്ട്‌ നദി

ന്യൂഹാംപ്‌ഷയറിലുദ്‌ഭവിച്ച്‌ 655 കി.മീ. തെക്കോട്ടൊഴുകി ലോങ്‌ ഐലന്‍ഡ്‌ സൗണ്ടില്‍ പതിക്കുന്ന കണക്‌റ്റിക്കട്ട്‌ നദിയുടെ ഇരുകരകളിലും ധാരാളം വ്യാവസായിക നഗരങ്ങള്‍ വളര്‍ന്നു വികസിച്ചിട്ടുണ്ട്‌. നദീതടനഗരങ്ങളിലെ മുഖ്യവ്യവസായം തുണിനെയ്‌ത്തും പേപ്പര്‍ നിര്‍മാണവുമാണ്‌. അഴിമുഖം മുതല്‍ക്ക്‌ 120 കി.മീ. ദൂരം നദി ഈ സംസ്ഥാനത്തിനുള്ളിലാണ്‌; നദീമുഖത്തിന്‌ 80 കി.മീ. വടക്കുള്ള ഹാര്‍ട്ട്‌ഫോര്‍ഡ്‌ വരെ കണക്‌റ്റിക്കട്ട്‌ നദി സമുദ്രയാനങ്ങള്‍ക്കു സഞ്ചാരയോഗ്യമാകുന്നു. സംസ്ഥാനത്തെ വലിയ നഗരങ്ങളെല്ലാം തന്നെ നദിക്കു പടിഞ്ഞാറാണ്‌. ഹൂസടോണിക്‌ നദീവ്യൂഹം സംസ്ഥാനത്തിന്‍െറ പശ്ചിമാര്‍ധത്തിലും തെംസ്‌ നദീവ്യൂഹം പൂര്‍വാര്‍ധത്തിലും അപവാഹം നിര്‍വഹിക്കുന്നു. പശ്ചിമോന്നത മേഖലയിലെ 61 മീ. ഉയരമുള്ള കെന്‍റ്‌ വെള്ളച്ചാട്ടമാണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ ജലപാതം. ആന്തരാപവാഹം മൂലം സംജാതമായതും മനുഷ്യനിര്‍മിതവുമായ ആയിരത്തിലധികം തടാകങ്ങള്‍ ഇവിടെയുണ്ട്‌; ഇവയ്‌ക്കെല്ലാംകൂടി 380 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. ഏറ്റവും വലിയ തടാകമായ കാന്‍ഡില്‍വുഡ്‌ കൃത്രിമമാണ്‌. 1026 കി.മീ. വീതിയുള്ള കടലോരപ്രദേശം കി. പടിഞ്ഞാറായി 995 കി.മീ. നീണ്ടുകിടക്കുന്നു. കടലിടുക്കില്‍ സംസ്ഥാനാതിര്‍ത്തിക്കുള്ളില്‍പ്പെടുന്ന ധാരാളം ചെറു ദ്വീപുകളുള്ളതില്‍ 3.9 ച.കി.മീ. വിസ്‌തൃതിയുള്ള മാസന്‍സ്‌ ഐലന്‍ഡ്‌ ആണ്‌ ഏറ്റവും വലുത്‌.

ഹാർട്ട്‌ ഫോർഡ്‌ - നഗരകേന്ദ്രമായ കോണ്‍സ്റ്റിറ്റ്യൂഷന്‍ പ്ലാസ

കാലാവസ്ഥ. സമശീതോഷ്‌ണ കാലാവസ്ഥയാണു സംസ്ഥാനത്തുള്ളത്‌. സമുദ്രസാമീപ്യവും നദികളും തടാകങ്ങളും കാരണം തീക്ഷ്ണമായ കാലാവസ്ഥാവ്യതിയാനങ്ങളനുഭവപ്പെടുന്നില്ല. ശ.ശ. വാര്‍ഷിക വര്‍ഷപാതം 117 സെ.മീ.; ഹിമപാതം തെ. കിഴക്കുഭാഗത്ത്‌ 64 സെ.മീറ്ററും മധ്യപശ്ചിമഭാഗങ്ങളില്‍ 89 സെ.മീറ്ററും ആണ്‌. സമ്പദ്‌വ്യവസ്ഥ. പൂര്‍വ യു.എസ്സിലെ സമ്മിശ്രപത്രപാതിവനങ്ങളും സൂചികാഗ്രവനങ്ങളും ചേര്‍ന്ന്‌ സംസ്ഥാന വിസ്‌തൃതിയുടെ 70 ശ.മാ. അപഹരിച്ചിരിക്കുന്നു; ഇവയില്‍ സംസ്ഥാനത്തിന്റെ തെക്കുഭാഗത്തുള്ള ഓക്‌വനമാണ്‌ പ്രധാനം. വനവൃക്ഷങ്ങളായ ആഷ്‌, ബര്‍ച്ച്‌, ബീച്ച്‌, മേപ്പിള്‍, ഹെംലക്‌, എം തുടങ്ങിയവയെല്ലാംതന്നെ ചെറിയ മരങ്ങളാകയാല്‍ വ്യാവസായികോപയോഗങ്ങള്‍ക്കു പറ്റിയവയല്ല. സംസ്ഥാനം തടി വ്യവസായത്തിനായി വനവൃക്ഷങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതിനാല്‍ വനസമ്പത്ത്‌ സുരക്ഷിതമായി നിലനിന്നു പോരുന്നു. "വെളളഓക്‌' ആണ്‌ ദേശീയ വൃക്ഷം. തദ്ദേശീയമായി ഐവി എന്നു വിശേഷിക്കപ്പെടുന്ന മൗണ്ടന്‍ ലാറലിന്റെ നരച്ച പാടലവര്‍ണത്തിലുള്ള പൂവാണ്‌ ദേശീയപുഷ്‌പം.

മാന്‍, കുറുനരി, മുയല്‍, നീര്‍നായ്‌ തുടങ്ങിയ ജന്തുക്കളും, വാന്‍കോഴി, തിത്തിരി, കാട്ടുകോഴി തുടങ്ങിയ പക്ഷികളും വനങ്ങളില്‍ സമൃദ്ധമായുണ്ട്‌. ശോണിതവക്ഷസ്സുള്ള ചെറുകിളിയായ റോബിന്‍ ആണ്‌ ദേശീയ പക്ഷി. ദേശീയോത്‌പാദനം പ്രധാനമായും വ്യവസായ മേഖലയിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. കൃഷി, ഖനനം, മത്സ്യബന്ധനം എന്നിവയ്‌ക്കാണ്‌ തൊട്ടടുത്ത സ്ഥാനം. കാര്‍ഷികമേഖലയിലെ പകുതി വരുമാനവും കാലിസമ്പത്തിനെയും കോഴിവളര്‍ത്തലിനെയും ആശ്രയിച്ചിരിക്കുന്നു.

യേൽ സർവകലാശാല

ഗതാഗതോപകരണങ്ങള്‍, യന്ത്രഭാഗങ്ങള്‍, കംപ്യൂട്ടര്‍, ഇലക്‌ട്രാണിക്‌ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍, ലോഹോത്‌പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ സംസ്ഥാനം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌. ലോകത്തിലെ ആദ്യത്തെ ആണവ (Nuclear submarine) അന്തര്‍വാഹിനി നോട്ടലസ്‌ തെംസ്‌ നദീതീരത്തുള്ള ഗ്രാട്ടന്‍ തുറമുഖത്ത്‌ 1954ല്‍ പൂര്‍ത്തിയാക്കുകയുണ്ടായി. ബഹിരാകാശ പഠനങ്ങള്‍ക്കനിവാര്യമായ പല ഉപകരണങ്ങളും ഇവിടെ നിര്‍മിക്കപ്പെടുന്നു. സ്വാതന്ത്യ്രസമരകാലത്ത്‌ പ്രാവിഷന്‍സ്‌ സ്റ്റേറ്റ്‌ എന്ന്‌ ജോര്‍ജ്‌ വാഷിങ്‌ടണ്‍ വിശേഷിപ്പിച്ച കണക്‌റ്റിക്കട്ട്‌ ഇന്ന്‌ (2000) യു.എസ്സിലെ ഏറ്റവും കൂടിയ പ്രതിശീര്‍ഷവരുമാനമുള്ള സംസ്ഥാനമാണ്‌. സംസ്ഥാനത്തെ ഗതാഗത മേഖല നന്നേ വികസിതമാണ്‌. റോഡ്‌റെയില്‍വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ക്കൊപ്പം ജലഗതാഗതത്തിഌം സുപ്രധാനമായൊരു സ്ഥാനമുണ്ട്‌. പൊതുസ്വകാര്യ ഉടമയിലുള്ള 60ല്‍പ്പരം വിമാനത്താവളങ്ങള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബോസ്റ്റണ്‍ കഴിഞ്ഞാല്‍ ന്യൂ ഇംഗ്ലണ്ട്‌ മേഖലയിലെ ഏറ്റവും പ്രമുഖ തുറമുഖമാണ്‌ സംസ്ഥാനത്തുള്ള ന്യൂഹാവന്‍; ബ്രിഢപോര്‍ട്ട്‌, ന്യൂലണ്ടന്‍ എന്നിവ മറ്റു രണ്ടു തുറമുഖങ്ങളാകുന്നു. കേരളത്തിന്റെ മൂന്നിലൊന്നുമാത്രം വിസ്‌തൃതിയുള്ള കണക്‌റ്റിക്കട്ട്‌ സംസ്ഥാനത്ത്‌ നിരവധി റേഡിയോ പ്രക്ഷേപണകേന്ദ്രങ്ങളും ടെലിവിഷന്‍ നിലയങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. നൂറിലധികം ദിനപത്രങ്ങള്‍ക്കു പുറമേ അനവധി വാര്‍ത്താപത്രങ്ങളും സംസ്ഥാനത്ത്‌ പ്രസിദ്‌ധീകരിക്കപ്പെടുന്നുണ്ട്‌. 1701ല്‍ ന്യൂഹാവനില്‍ സ്ഥാപിതമായ യേല്‍ (Yale) യൂണിവേഴ്‌സിറ്റി പഴമയില്‍ യു.എസ്‌. സര്‍വകലാശാലകളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു. 1788 ജനു. 9ന്‌ സ്വതന്ത്രയായ കണക്‌റ്റിക്കട്ട്‌ അഞ്ചാമത്തെ ഘടക സംസ്ഥാനമായി യൂണിയനോടു ചേര്‍ന്നു. സംസ്ഥാനത്തെ എട്ട്‌ കൗണ്ടികളായാണ്‌ വിഭജിച്ചിരിക്കുന്നത്‌. മലിനീകരണത്തിനെതിരെ തീവ്രയത്‌നം നടത്തുന്ന ജനസാന്ദ്രമായ നഗരപ്രദേശങ്ങളെയും നൈസര്‍ഗിക പരിശുദ്ധി തികച്ചും നിലനിര്‍ത്തിപ്പോരുന്ന ഗ്രാമങ്ങളെയും സമന്വയിപ്പിച്ചിട്ടുള്ള ഒരു സംസ്ഥാനമാണ്‌ കണക്‌റ്റിക്കട്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍