This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടുശര്‍ക്കരയോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടുശര്‍ക്കരയോഗം

ക്ഷേത്രങ്ങളില്‍ പ്രതിഷ്‌ഠാവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന്‌ പ്രയോജനപ്പെടുത്തുന്ന ഒരു തരം യോഗം. വിഗ്രഹം പ്രതിഷ്‌ഠിച്ചുറപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന അഷ്‌ടബന്‌ധക്കൂട്ടുപോലുള്ള മറ്റൊരുതരം കൂട്ടാണിത്‌.

"ഭൂമ്യേകമാനം ത്രിഫലാ ത്രിമാനം
പാഷാണജാലം ദശമാനമേവ
ചെഞ്ചല്യ ചൂര്‍ണേന സമം സപക്ഷം
തൈലേന യുക്തം കടുശര്‍ക്കരാഖ്യം'
 

എന്ന പ്രമാണമനുസരിച്ച്‌ കാവിമണ്ണ്‌ ഒരളവ്‌, ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക)മൂന്നളവ്‌, കോഴിപ്പരല്‍ പത്തളവ്‌, ചെഞ്ചല്യം പതിന്നാലളവ്‌ എന്നീ അനുപാതത്തിലെടുത്ത്‌ പ്രത്യേകം പൊടിച്ച്‌ ശീലപ്പൊടിയാക്കി എണ്ണചേര്‍ത്തു കൂട്ടിക്കുഴച്ചാണ്‌ ഈ കൂട്ടുണ്ടാക്കുന്നത്‌. ചീനച്ചട്ടി അടുപ്പത്തുവച്ച്‌ നല്ലെണ്ണ (ഒരുപലം പൊടിക്ക്‌ ഉഴക്കെണ്ണ എന്ന കണക്കിന്‌) ഒഴിച്ച്‌, മൂത്തു കഴിയുമ്പോള്‍ മിശ്രണം ചെയ്‌ത പൊടിയില്‍ പകുതിയെടുത്ത്‌ അല്‌പാല്‌പമായിചേര്‍ത്ത്‌ ഇളക്കി പൊടി പകുതിയാകുമ്പോള്‍ അത്രയും എണ്ണകൂടി ഒഴിച്ച്‌ മുഴുവന്‍ പൊടിയുമിട്ട്‌ നല്ലവണ്ണം ഇളക്കി യോജിപ്പിക്കുന്നു. തേന്‍ പാകമാകുമ്പോള്‍ തീ കുറയ്‌ക്കുന്നു. ചീനച്ചട്ടി അടുപ്പില്‍നിന്നു മാറ്റാതെ അതില്‍ നിന്നു കുറച്ചു കുറച്ചായി ചട്ടുകം കൊണ്ട്‌ ഒരു പലകയിലിട്ട്‌ എണ്ണ പുരട്ടിയ കൈകൊണ്ടെടുത്ത്‌ ബിംബം നിര്‍മിക്കുന്നു. ഉരുക്കിയ ചെഞ്ചല്യത്തില്‍ മറ്റുപൊടികള്‍ ചേര്‍ത്ത്‌, എണ്ണ കലര്‍ത്തിയും കടുശര്‍ക്കരക്കൂട്ട്‌ നിര്‍മിക്കാറുണ്ട്‌; പക്ഷേ ഇതിനു ബലം കുറവായിരിക്കും.

മനുഷ്യശരീരത്തിലെ അസ്ഥിസിരാദികളെ പ്രതിനിധീകരിക്കുവാന്‍ സ്വര്‍ണം, വെള്ളി മുതലായ ലോഹക്കമ്പികള്‍ കൊണ്ടു കെട്ടിയുണ്ടാക്കി, ഹൃദയം മുതലായവയുടെ സ്ഥാനത്തു സാളഗ്രാമശിലകള്‍ വച്ച്‌ കടുശര്‍ക്കരയോഗം പുറമേ പൂശിയാണ്‌ ശരീരതുല്യമാക്കിത്തീര്‍ക്കുന്നത്‌. ഇപ്രകാരം നിര്‍മിച്ചിട്ടുള്ള പ്രസിദ്ധമായ വിഗ്രഹമാണ്‌ തിരുവനന്തപുരത്തുള്ള അനന്തശായിയായ ശ്രീപദ്‌മനാഭന്റേത്‌. അപൂര്‍വമായിട്ടേ ഇത്തരം കടുശര്‍ക്കരയോഗ വിഗ്രഹങ്ങള്‍ ഉള്ളൂ; പൈങ്കണ്ണൂര്‍, ആംബന്നൂര്‍ എന്നിങ്ങനെ ചില ക്ഷേത്രങ്ങളിലും ഇത്തരം വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ വിധം നിര്‍മിച്ചെടുക്കുന്ന വിഗ്രഹങ്ങളില്‍ നേരിട്ട്‌ അഭിഷേകം നടത്താറില്ല. കടുശര്‍ക്കരയോഗ വിഗ്രഹങ്ങള്‍ സര്‍വോത്‌കൃഷ്‌ടങ്ങളായി പരിഗണിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍