This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടുംകൃഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടുംകൃഷി

ഒരു ആധുനിക കൃഷിരീതി. ഒരു നിശ്ചിതസ്ഥലത്തു നിന്ന്‌ ഉത്‌പാദനം പരമാവധിയാക്കി ഉയര്‍ത്താന്‍ സഹായകമായ വിധത്തില്‍ ആധുനികകൃഷിതന്ത്രങ്ങള്‍ അനുവര്‍ത്തിച്ചാണ്‌ കടുംകൃഷി ചെയ്യുന്നത്‌. മുന്‍കാലങ്ങളില്‍ കൃഷിക്ക്‌ സ്ഥലപരിമിതി ഒരു പ്രശ്‌നമായിരുന്നില്ല. ആവശ്യമായത്ര ഭക്ഷ്യധാന്യങ്ങളും മറ്റ്‌ അവശ്യ കാര്‍ഷികോത്‌പന്നങ്ങളും ഉത്‌പാദിപ്പിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ജനസംഖ്യ വര്‍ധിച്ചതോടെ ആളോഹരി സ്ഥലവിസ്‌താരം വളരെ കുറയുകയും ഉള്ള സ്ഥലത്തു നിന്നു കൂടുതല്‍ ഉത്‌പാദിപ്പിച്ചാലേ മനുഷ്യര്‍ക്കാവശ്യമായ ഭക്ഷണവും മറ്റും ഉണ്ടാകൂ എന്ന സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്‌തു.

20-ാം ശ.ത്തിന്റെ ആരംഭത്തില്‍ ജീവിവര്‍ഗങ്ങളുടെ പാരമ്പര്യത്തിനടിസ്ഥാനമായ ശാസ്‌ത്രതത്ത്വങ്ങള്‍ വെളിവായതോടെ പുതിയ വിത്തിനങ്ങള്‍ ആവിര്‍ഭവിച്ചു. ഇതു സംബന്ധിച്ച ആദ്യകാലഗവേഷണങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും ആണ്‌ ഊര്‍ജിതമായി നടന്നത്‌. ഇതിന്റെ ഫലമായി ആ രാജ്യങ്ങളില്‍ കാര്‍ഷികവിളകളുടെ ഉത്‌പാദനം രണ്ടും മൂന്നും ഇരട്ടിയായി വര്‍ധിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഈ രംഗത്തു വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ദൃശ്യമായത്‌ ഏഷ്യയിലും ആഫ്രിക്കയിലുമായിരുന്നു. നെല്ല്‌, ഗോതമ്പ്‌, ചോളം, ബജ്‌റ തുടങ്ങിയ മുഖ്യഭക്ഷ്യവിളകളുടെ ഉത്‌പാദനം ഈ രാജ്യങ്ങളില്‍ ഇക്കാലത്തു പല മടങ്ങായി ഉയര്‍ന്നു. "ഹരിതവിപ്ലവം' എന്ന പദം കൊണ്ട്‌ വിശേഷിപ്പിക്കപ്പെട്ട ഇത്തരം ഉത്‌പാദന വര്‍ധനവിനു മുഖ്യകാരണമായി വര്‍ത്തിച്ചത്‌ മേല്‍ത്തരം വിത്തിനങ്ങളായിരുന്നു. ഇന്നും കടുംകൃഷിസമ്പ്രദായങ്ങളില്‍ മുഖ്യമായ അംശം ഇത്തരം വിത്തുകളുടെ ഉപയോഗമാണ്‌. ഇന്ത്യയിലെ കടുംകൃഷിയുടെ ചരിത്രം. ബീഹാറിലെ "പൂസ' യില്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ കൃഷിഗവേഷണകേന്ദ്രത്തില്‍ നടത്തിയ ഗവേഷണങ്ങളാണ്‌ ഇന്ത്യയില്‍ കടുംകൃഷി സമ്പ്രദായങ്ങള്‍ക്കാധാരമായത്‌. ഗവേഷണഫലങ്ങള്‍ കര്‍ഷകരില്‍ എത്തിക്കാനുള്ള വിജ്ഞാനവ്യാപന ഏജന്‍സികളും വിവിധ സംസ്ഥാനങ്ങളില്‍ ഇതോടൊപ്പം സ്ഥാപിതമായിത്തുടങ്ങി. ആരംഭദശകളില്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലാണു നീങ്ങിയത്‌. 1943ലെ ബംഗാള്‍ ക്ഷാമം ഈ വഴിക്കു കൂടുതല്‍ ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ പ്രരിപ്പിച്ചു. ഇന്ത്യയിലെ ഭക്ഷ്യോത്‌പാദാനം വര്‍ധിപ്പിക്കേണ്ടത്‌ ഒരടിയന്തിരാവശ്യമായി അംഗീകരിക്കപ്പെടുകയും അതിനായി "കൂടുതല്‍ ഭക്ഷ്യം വിളയിക്കുക' (Grow more food) എന്ന പേരില്‍ രാജ്യവ്യാപകമായ ഒരു പരിപാടി ആരംഭിക്കുകയും ചെയ്‌തു. 1947ല്‍ ഇന്ത്യയ്‌ക്കു സ്വാതന്ത്യ്രം കൈവന്നതോടെ ഈ പദ്ധതി പൂര്‍വാധികം ഊര്‍ജിതപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന്‌ 1952ല്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ആ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടു സമഗ്രമായ ഒരു സാമൂഹ്യവികസനപദ്ധതി നടപ്പിലാക്കുകയും ചെയ്‌തു. ഇതനുസരിച്ചു ഗ്രാമതലത്തിലും ബ്ലോക്കുതലത്തിലും കൃഷിവികസനോദ്യോഗസ്ഥന്മാരെ നിയമിച്ചു കടുംകൃഷിസമ്പ്രദായങ്ങള്‍ പ്രചരിപ്പിക്കാനുള്ള വിപുലമായ ഒരു സംവിധാനം ഉണ്ടാക്കി. രണ്ടാം പഞ്ചവത്‌സരപദ്ധതിയുടെ അവസാനത്തോടെ ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളെയും ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നു കഴിഞ്ഞിരുന്നു. 1960ല്‍ അമേരിക്കയിലെ ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി "ജില്ലാതലകടുംകൃഷിപദ്ധതി' എന്ന പേരില്‍ കടുംകൃഷിവികസനത്തിനുവേണ്ടി പുതിയൊരു പദ്ധതി ആവിഷ്‌കരിക്കുകയുണ്ടായി. ജലസേചനസൗകര്യം നിലവിലുള്ള തിരഞ്ഞെടുത്ത ജില്ലകളിലാണ്‌ ഈ പദ്ധതി നടപ്പിലാക്കിയത്‌. കേരളത്തില്‍ പാലക്കാടും ആലപ്പുഴയും ഇതിനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദ്ധതിയനുസരിച്ചു തിരഞ്ഞെടുത്ത ജില്ലയിലെ ഓരോ കൃഷിക്കാരന്റെ കൃഷിയിടവും സന്ദര്‍ശിച്ചു സമഗ്രമായ ഒരു കൃഷിവികസന പ്ലാന്‍ തയ്യാറാക്കുകയും അതനുസരിച്ചുള്ള എല്ലാ നിവേശങ്ങളും അയാള്‍ക്കു സഹകരണസംഘങ്ങളിലൂടെ നല്‌കുകയും ചെയ്‌തിരുന്നു. പണത്തിന്റെ അഭാവം കൊണ്ടു കടുംകൃഷിസമ്പ്രദായം നിരുത്സാഹപ്പെടാന്‍ ഇടയാകരുത്‌ എന്ന തത്ത്വത്തില്‍ അധിഷ്‌ഠിതമായ ഒരു പദ്ധതിയായിരുന്നു ഇത്‌. പക്ഷേ ഗ്രാമങ്ങളിലെ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനനിലവാരം വേണ്ടത്ര ഉയര്‍ന്നതായിരുന്നില്ല എന്നതുകൊണ്ട്‌ ഈ പദ്ധതി വിചാരിച്ചത്ര വിജയിച്ചില്ല. ഇതിനെത്തുടര്‍ന്നു കേരളത്തില്‍ മാത്രമായി പരീക്ഷിക്കപ്പെട്ട ഒരു കടുംകൃഷിവികസനപദ്ധതിയാണ്‌ ഏലാപദ്ധതി. ഒറ്റ ബ്ലോക്കായി സ്ഥിതിചെയ്യുന്ന നെല്‍വയലുകള്‍ അടങ്ങിയ ഒരു "ഏലാ' കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു യൂണിറ്റിന്റെ സര്‍വതോമുഖമായ വികസനം ലക്ഷ്യമാക്കുന്ന ഒരു സംവിധാനമായിരുന്നു ഇത്‌. ഇന്ന്‌ പഞ്ചായത്തടിസ്ഥാനത്തില്‍ ആധുനിക കൃഷിരീതികള്‍ക്ക്‌ നേതൃത്വം നല്‌കിവരുന്നത്‌ കൃഷിവകുപ്പാണ്‌. കേരളത്തില്‍ 500ല്‍പ്പരം ഏലായൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. നെല്ലിനു പുറമേ തെങ്ങ്‌, കുരുമുളക്‌, കൊക്കോ തുടങ്ങിയ നാണ്യവിളകളുടെ വികസനത്തിഌം കടുംകൃഷി സമ്പ്രദായങ്ങള്‍ നിലവിലുണ്ട്‌.

കടുംകൃഷിയുടെ സവിശേഷതകള്‍. കാര്‍ഷികോത്‌പാദന വര്‍ധനവിനെ സഹായിക്കുന്ന വിവിധ ഘടകങ്ങളെ മൊത്തത്തില്‍ പാരമ്പര്യാധിഷ്‌ഠിതം, പരിതഃസ്ഥിതീയം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. കൃഷിക്കുപയോഗിക്കുന്ന നടീല്‍വസ്‌തുക്കളുടെ ജന്മസിദ്ധമായ ഗുണംകൊണ്ടുണ്ടാകുന്ന വിളവുവര്‍ധനയെയാണ്‌ പാരമ്പര്യാധിഷ്‌ഠിതം എന്നു വിവക്ഷിക്കുന്നത്‌. അത്യുത്‌പാദനശേഷിയുള്ള വിളവിനങ്ങളുടെ വിത്ത്‌, കമ്പ്‌, തൈകള്‍ തുടങ്ങിയ നടീല്‍വസ്‌തുക്കളാണ്‌ ഈ ഘടകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും തെക്കെ അമേരിക്കയിലെയും വികസ്വരരാഷ്‌ട്രങ്ങളില്‍ നടന്ന ഹരിതവിപ്ലവത്തിന്റെ അടിസ്ഥാനം ഈ ഘടകം ആയിരുന്നു. വിവിധങ്ങളായ പ്രജനന രീതികളിലൂടെയാണ്‌ ഇത്തരം വിളവിനങ്ങളെ ഉരുത്തിരിച്ചെടുക്കുന്നത്‌. സാമ്പത്തികശേഷി കുറഞ്ഞ ചെറുകിട കര്‍ഷകരുടെയിടയില്‍ കടുംകൃഷിസമ്പ്രദായങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഈ ഘടകത്തിനു സുപ്രധാനമായ പങ്കുണ്ട്‌. ഈ ഘടകം ഉത്‌പാദനച്ചെലവില്‍ കാര്യമായ വര്‍ധനവ്‌ ഉളവാക്കുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്‌. അത്യുത്‌പാദനത്തിനുള്ള ജന്മസിദ്ധമായ കഴിവ്‌ വിത്തില്‍ ഉള്‍ച്ചേര്‍ത്തെടുക്കാമെന്നുണ്ടെങ്കില്‍ കാര്യമായ മറ്റ്‌ അധികച്ചെലവുകള്‍ കൂടാതെ തന്നെ വര്‍ധിച്ച വിളവ്‌ കൊയ്യാമെന്നു വരുന്നു. ഈ കാരണം കൊണ്ടാണ്‌ ദരിദ്രരാഷ്‌ട്രങ്ങളിലെ കാര്‍ഷിക ഗവേഷണയത്‌നങ്ങളില്‍ പുതിയതരം വിത്തുത്‌പാദനം ലക്ഷ്യമാക്കിയുള്ള പ്രജനന പരിപാടികള്‍ക്കു വമ്പിച്ച പ്രാധാന്യം നല്‌കിയിരിക്കുന്നത്‌. രണ്ടാമത്തെ ഘടകമായ പരിതഃസ്ഥിതീയത്തില്‍ വിത്തൊഴിച്ചുള്ള മറ്റെല്ലാ ഉത്‌പാദനനിവേശങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. ഇവയില്‍ മുഖ്യം വെള്ളം, വളം, സസ്യസംരക്ഷണമരുന്നുകള്‍ എന്നിവയാണ്‌. ഈ ഘടകങ്ങള്‍ ചെടി, വളരാനാവശ്യമായ ഏറ്റവും നല്ല പരിതഃസ്ഥിതി ഒരുക്കിക്കൊടുക്കുന്നു. ഇത്തരം അനുകൂല പരിതഃസ്ഥിതിയിലാണ്‌ വിത്തിന്റെ ജന്മസിദ്ധമായ കഴിവ്‌ പ്രകാശിതമാകുന്നത്‌. ഇതില്‍ ആദ്യത്തെയിനമായ ജലസേചനം കൃഷിയുടെ ആണിക്കല്ലായി വര്‍ത്തിക്കുന്നു. വന്‍കിടചെറുകിട ജലസേചനപദ്ധതികള്‍ വഴിയും കായികാധ്വാനം കൊണ്ട്‌ നേരിട്ടു വെള്ളം ഉയര്‍ത്തിയുമാണ്‌ കൃഷിക്കു വേണ്ട ജലം എത്തിക്കുന്നത്‌. കാലാവസ്ഥയിലെ അനിശ്ചിതാവസ്ഥ ഒരു പരിധിവരെ ഒഴിവാക്കുന്നതിനു ജലസേചനം സഹായിക്കുന്നു.

വെള്ളം കഴിഞ്ഞാല്‍ കാര്‍ഷികോത്‌പാദനത്തെ ഗണ്യമായി സ്വാധീനിക്കുന്ന മറ്റൊരു ഘടകം വളമാണ്‌. ഇതില്‍ ജൈവവളങ്ങളും രാസവളങ്ങളും ഉള്‍പ്പെടുന്നു. സൂര്യതാപം മൂലം മണ്ണിലെ ജൈവാംശം എപ്പോഴും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഉഷ്‌ണമേഖലാ രാജ്യമായ ഇന്ത്യയില്‍ ഒരുപക്ഷേ രാസവളത്തെക്കാള്‍ പ്രസക്തി ജൈവവളത്തിനുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ ഭാരതീയ കൃഷിവ്യവസ്ഥയില്‍ കന്നുകാലികള്‍ക്ക്‌ വമ്പിച്ച പ്രാധാന്യം കൈവരുന്നത്‌. മണ്ണിനെ പരുവപ്പെടുത്തുകയും ഫലപുഷ്ടമാക്കുകയും ചെയ്യുന്നതില്‍ കാലിവളത്തിനു ഗണ്യമായ പ്രാധാന്യമാണുള്ളത്‌. കാലിവളത്തോടൊപ്പം കമ്പോസ്റ്റ്‌, പച്ചിലവളം, പിണ്ണാക്കുകള്‍ തുടങ്ങിയ മറ്റു ജൈവവളങ്ങളുടെ ശാസ്‌ത്രീയമായ സംഭരണവും ഉപയോഗവും കടുംകൃഷിയിലെ മുഖ്യപരിപാടികളാണ്‌.

ഇന്ത്യയിലെ രാസവളോത്‌പാദനവും ഉപഭോഗവും ഗണ്യമായ തോതില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും അമേരിക്ക, ജപ്പാന്‍, റഷ്യ തുടങ്ങിയ വികസിത രാഷ്‌ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹെക്‌റ്റര്‍ അടിസ്ഥാനത്തില്‍ നാം പ്രയോഗിക്കുന്ന രാസവളത്തിന്റെ തോതു വളരെ തുച്ഛമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. മേല്‌ത്തരം വിത്തുപയോഗിച്ച്‌, വെള്ളം ധാരാളമൊഴിച്ച്‌, കൃഷി നടത്തുമ്പോള്‍ വിളവ്‌ പരമാവധിയാക്കി വര്‍ധിപ്പിക്കാന്‍ ഉയര്‍ന്നനിരക്കില്‍ രാസവളങ്ങള്‍ ചേര്‍ക്കേണ്ടത്‌ ഒരാവശ്യമായി മാറുന്നു. കാരണം ഓരോ വിള കൊയ്യുമ്പോഴും നാം മണ്ണില്‍ നിന്നും ഒരു നിശ്ചിത അളവ്‌ സസ്യപോഷകമൂലകങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്‌. ഇങ്ങനെ നീക്കം ചെയ്യുന്ന പദാര്‍ഥങ്ങള്‍ ഏതെങ്കിലും രീതിയില്‍ തിരികെ മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്നില്ല എങ്കില്‍ വിളവ്‌ ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞുവരുമെന്നതു സ്വാഭാവികമാണ്‌. അതുകൊണ്ട്‌ കടുംകൃഷിസമ്പ്രദായത്തില്‍ രാസജൈവ വളങ്ങളുടെ പ്രയോഗത്തിനു വമ്പിച്ച പ്രാധാന്യമുണ്ട്‌.

മേല്‍വിവരിച്ച രീതിയില്‍ മെച്ചപ്പെട്ട വിത്തുകള്‍, ജലസേചനം, വളം എന്നിവ ഉപയോഗപ്പെടുത്തി ചെടികളെ വളര്‍ത്തുമ്പോള്‍ അവ പലവിധ രോഗകീടങ്ങള്‍ക്കും അടിപ്പെടാനിടയാകുന്നു. ഇതിനെ നേരിടുന്നതിനായിട്ടാണ്‌ സസ്യസംരക്ഷണനടപടികള്‍ സ്വീകരിക്കുന്നത്‌. രോഗകീടങ്ങളെ ചെറുക്കാനുള്ള ജന്‌മസിദ്ധമായ കഴിവ്‌ വന്യയിനങ്ങളില്‍ നിന്നും കാര്‍ഷികയിനങ്ങളിലേക്ക്‌ പ്രജനനം വഴി മാറ്റി സ്ഥാപിക്കുന്ന രീതിക്കു പുറമേ ഏതെങ്കിലും തരത്തിലുള്ള രാസവസ്‌തുക്കള്‍ ഉപയോഗിച്ചു രോഗകീടങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത്തരം വിഷവസ്‌തുക്കള്‍ മനുഷ്യനു ഹാനികരമായിത്തീരാതെ സൂക്ഷിക്കേണ്ടത്‌ എത്രയും ആവശ്യമാണ്‌. ആധുനിക കടുംകൃഷിസമ്പ്രദായത്തിന്റെ ഒരു വലിയ ദൂഷ്യമായി സസ്യങ്ങളിലെ ഇത്തരം അവശിഷ്ടവിഷങ്ങളുടെ സാന്നിധ്യം അറിയപ്പെടുന്നു. ഇതൊഴിവാക്കാന്‍ വേണ്ടി കീടനാശിനികളും മറ്റും ആവശ്യത്തില്‍ കവിഞ്ഞ അളവിലും ആവൃത്തിയിലും ഉപയോഗിക്കാതിരിക്കാന്‍ കൃഷിക്കാര്‍ക്കു പരിശീലനം നല്‌കി വരുന്നുണ്ട്‌.

18-ാം ശ.ത്തില്‍ ജീവിച്ചിരുന്ന മാല്‍ത്തൂസ്‌ എന്ന സാമ്പത്തിക വിദഗ്‌ധന്റെ കണക്കുക്കൂട്ടലുകളെ തെറ്റിച്ചുകൊണ്ട്‌, ജ്യാമിതീയാനുപാതത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലോകമാനവസമൂഹത്തെ തീറ്റിപ്പോറ്റാന്‍ വേണ്ട ഭക്ഷ്യവസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കുന്നതില്‍ മനുഷ്യന്‍ വിജയിച്ചതിന്റെ മുഖ്യകാരണം കടുംകൃഷിസമ്പ്രദായത്തിന്റെ ആവിഷ്‌കാരമായിരുന്നു.

(ആര്‍. ഗോപീമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍