This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍മണ്ഡലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടല്‍മണ്ഡലി

Viperina sea snake

ഒരിനം കടല്‍പ്പാമ്പ്‌. കടലാരലിനെക്കാള്‍ അല്‌പംകൂടി വലുപ്പമുണ്ട്‌. ശാ.നാ.: പ്രിസ്‌ക്യൂട്ടേറ്റ വൈപെറീന (Prescutata viperina). പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ തൊട്ട്‌ മലേഷ്യയുടെയും തെക്കന്‍ ചൈനയുടെയും തീരംവരെ സാധാരണയായി കാണപ്പെടുന്ന ഈ ഇനം ജാവ, ബോര്‍ണിയോ എന്നീ ദ്വീപുകളുടെ തീരങ്ങളിലും അപൂര്‍വമല്ല. എന്നാല്‍ കേരളത്തിന്റെ തീരങ്ങളില്‍ അപൂര്‍വമായി മാത്രമേ ഇവയെ കാണാറുള്ളൂ. തിരുകൊച്ചി പ്രദേശങ്ങളില്‍ നിന്ന്‌ ഒരെണ്ണത്തെപ്പോലും കിട്ടിയതായി രേഖകളില്ല.

പ്രായപൂര്‍ത്തിയെത്തുമ്പോഴേക്കും ഒരു മീറ്ററോളം നീളം വയ്‌ക്കുന്ന കടല്‍മണ്ഡലിയുടെ ശരീരത്തിന്റെ മുന്‍ഭാഗം ഉരുണ്ടതാണ്‌. എന്നാല്‍ പിന്‍വശത്തു പകുതി വരെയും പതിഞ്ഞിരിക്കുന്നു. പുറത്തിഌ ചാരനിറമോ പച്ച കലര്‍ന്ന ചാരനിറമോ ആയിരിക്കും. പുറത്ത്‌ 25 മുതല്‍ 38 വരെ, "ഡൈമണ്‍ഡ്‌' പോലെയുള്ള കറുത്ത പാടുകള്‍ കാണാം. ഈ "മണ്ഡല'ങ്ങളാണ്‌ കടല്‍മണ്ഡലി എന്ന പേരിഌ കാരണം. ഇവ പലപ്പോഴും വശങ്ങളിലൂടെ അടിയിലേക്കിറങ്ങി വളകളുടെ രൂപത്തിലാകാറുണ്ട്‌. ഉദരത്തിന്റെ അടിഭാഗം വെള്ളയോ മഞ്ഞയോ ആണ്‌.

മറ്റു കടല്‍പ്പാമ്പുകളില്‍ നിന്നു വ്യത്യസ്‌തമായി കടല്‍മണ്ഡലിയുടെ ഉദരഷീല്‍ഡുകള്‍ അസാമാന്യവലുപ്പമുള്ളവയാണ്‌. മുന്‍ഭാഗത്തെ ഷീല്‍ഡുകള്‍ക്കു പുറംചിതമ്പലുകളുടെ നാലിരട്ടിയോളം വലുപ്പം വരും. ഇതിനെ തിരിച്ചറിയാഌതകുന്ന ഒരു പ്രത്യേകതയാണിത്‌. ഏതെങ്കിലും തരത്തില്‍ ഈ പാമ്പ്‌ കരയില്‍പ്പെട്ടുപോയാല്‍പ്പോലും മറ്റു കടല്‍പ്പാമ്പുകളെക്കാള്‍ നന്നായി ഇഴഞ്ഞുപോകാന്‍ വലുപ്പം കൂടിയ ഈ ഷീല്‍ഡുകള്‍ സഹായകമാകുന്നു. കടല്‍മണ്ഡലിയുടെ കീഴണയില്‍ ആകെ പതിനാറോ പതിനേഴോ പല്ലുകളാണുണ്ടാവുക. വിഷപ്പല്ലുകള്‍ക്കു പിന്നിലായി, ഓരോ വശത്തും നാലോ അഞ്ചോ പല്ലുകള്‍ ഉണ്ടായിരിക്കും. ഇതിന്റെ ഭക്ഷണ സമ്പ്രദായങ്ങളെപ്പറ്റിയോ, ഇണചേരലിനെക്കുറിച്ചോ, വിഷത്തെ സംബന്ധിച്ചോ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍