This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍പ്പാമ്പുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടല്‍പ്പാമ്പുകള്‍

Sea snakes

മൂര്‍ഖന്‍ പാമ്പുകളുടെ കുടുംബമായ എലാപ്പിഡേയോടു ബന്ധമുള്ളതും അവയുടെ അടിസ്ഥാനസ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ ഹൈഡ്രാഫിയിഡേ (Hydrophiidae) കുടുംബത്തില്‍പ്പെടുന്ന പാമ്പുകള്‍. റെപ്‌റ്റിലിയ വര്‍ഗത്തിലെ സ്‌ക്വാമേറ്റയാണ്‌ ഇവയുടെ ഗോത്രം. ഉപ്പുവെള്ളത്തില്‍ മാത്രമേ കടല്‍പ്പാമ്പുകളെ കാണാന്‍ പറ്റൂ. സമുദ്രജീവിതത്തിനനു‌യോജ്യമായ സവിശേഷതകള്‍ ഇവയ്‌ക്കുണ്ട്‌. ഉടലിന്റെ അവസാനഭാഗവും വാലും പരന്ന്‌ (laterally compressed) തുഴ പോലെയായിരിക്കുന്നു; ശരീരാവരണമായ ശല്‌ക്കങ്ങള്‍ ശരീരത്തിന്റെ എല്ലാഭാഗത്തും ഒരുപോലെയാണ്‌; കരയില്‍ക്കാണുന്ന പാമ്പുകളിലെപ്പോലെ വ്യക്തമായ ഉദരഷീല്‍ഡുകള്‍ ഇവയില്‍ കാണാറില്ല. തലയുടെ മുന്‍ഭാഗത്ത്‌ മുകളിലായാണ്‌ ബാഹ്യനാസാരന്ധ്രങ്ങള്‍. ഈ ദ്വാരം അടയ്‌ക്കാഌം തുറക്കാഌം ഉതകുന്ന ഒരു വാല്‍വും കടല്‍പ്പാമ്പുകളുടെ പ്രത്യേകതയാണ്‌. ശരീരത്തില്‍ അധികമാകുന്ന ലവണാംശം പുറത്തുകളയാന്‍ സഹായിക്കുന്ന ലവണഗ്രന്ഥികളാണ്‌ കടല്‍പ്പാമ്പുകളുടെ മറ്റൊരു സവിശേഷത. തലയിലാണ്‌ ഇവ കാണപ്പെടുന്നത്‌. വെള്ളത്തില്‍ ജീവിക്കുന്നതിന്റെ ഫലമായി പേശീവ്യൂഹം പൊതുവേ ദുര്‍ബലമായിത്തീര്‍ന്നിരിക്കുന്നു. ഇക്കാരണത്താല്‍, കരയിലെ പാമ്പുകളെപ്പോലെ തറയിലൂടെ ഇഴഞ്ഞു സഞ്ചരിക്കാന്‍ ഇവയ്‌ക്ക്‌ കഴിവില്ലാത്തതിനാല്‍ കരയില്‍പ്പെട്ടുപോയാല്‍ ഇവയ്‌ക്കു രക്ഷപ്പെടുക എളുപ്പമല്ല. ലാറ്റികോഡിനേ, ഹൈഡ്രാഫിയിനേ എന്നീ രണ്ട്‌ ഉപകുടുംബങ്ങളിലായി 16 ജീനസുകളും അന്‍പതോളം സ്‌പീഷിസും ഉണ്ട്‌.

കരയിലെ പാമ്പുകളില്‍ നിന്നും വ്യത്യസ്‌തമായി കടല്‍പ്പാമ്പുകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണു ചെയ്യുന്നത്‌. ഇതും ജലജീവിതത്തിനു‌ള്ള ഒരു അനു‌കൂലനമായി കരുതപ്പെടുന്നു. രണ്ടു മുതല്‍ ആറു വരെ കുഞ്ഞുങ്ങളാണ്‌ ഒരു പ്രസവത്തില്‍ സാധാരണയായി ഉണ്ടാകാറുള്ളത്‌. ജനനസമയത്ത്‌ കുഞ്ഞുങ്ങള്‍ക്കു തള്ളയുടെ പകുതിയോളം നീളം കാണും. പൊതുവേ ഇടത്തരം വലുപ്പമുള്ള പാമ്പുകളാണിവ. വളരെയധികം വിഷമുള്ള ഇവയുടെ മേല്‍ത്താടിയുടെ മുന്നറ്റത്തിനടുത്തായി വിഷപ്പല്ലുകള്‍ കാണപ്പെടുന്നു. ഇവയുടെ വിഷം നാഡീവ്യൂഹത്തെയാണ്‌ ബാധിക്കുന്നത്‌. ഉഷ്‌ണമേഖലാസമുദ്രങ്ങളായ ഇന്ത്യാസമുദ്രം, പടിഞ്ഞാറന്‍ പസിഫിക്‌ എന്നിവിടങ്ങളില്‍ മാത്രമായി കടല്‍പ്പാമ്പുകള്‍ ഒതുങ്ങി നില്‌ക്കുന്നു. കിഴക്കന്‍ പസിഫിക്കില്‍ കാണപ്പെടുന്ന പിലാമൈഡ്രസ്‌ പ്‌ളാറ്റ്യൂറസ്‌ മാത്രമാണ്‌ ഇതിനൊരപവാദം.

കടല്‍പ്പാമ്പുകളുടെ ശരീരഘടന, സ്വഭാവസവിശേഷതകള്‍, പരിണാമം, ആധിക്യം എന്നിവയെക്കുറിച്ചെല്ലാം ലഭിച്ചിട്ടുള്ള വിവരങ്ങള്‍ ഇന്നും വളരെ പരിമിതമാണ്‌. ഇക്കാരണത്താല്‍, എല്ലാ കടല്‍പ്പാമ്പുകളുടെയും ഉദ്‌ഭവം ഒരു "പൊതുവംശപരമ്പര' യില്‍ നിന്നാണോ എന്ന കാര്യത്തില്‍ ജന്തുശാസ്‌ത്രജ്ഞര്‍ ഭിന്നാഭിപ്രായക്കാരാണ്‌. 13 ജീനസുകളുള്ള ഹൈഡ്രാഫിയിനേ ഉപകുടുംബമാണ്‌ കടല്‍പ്പാമ്പുകളുടെ പൂര്‍വികരായ എലാപ്പിഡുകളോടു വളരെ അടുത്തു നില്‌ക്കുന്നതെന്നും അതിനാല്‍ ഇതിനെയും എലാപ്പിഡേ കുടുംബത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും ഒരു പക്ഷമുണ്ട്‌. ഹൈഡ്രാഫിയിനേ ഒഴിച്ചുള്ള കടല്‍പ്പാമ്പുകളെയെല്ലാം ഒരുമിച്ച്‌ ഒരു പ്രത്യേക കുടുംബമാക്കാവുന്നതാണെന്നതാണ്‌ മറ്റൊരു അഭിപ്രായം. 1926ല്‍ പ്രസിദ്ധീകൃതമായ മാല്‍കം സ്‌മിത്തിന്റെ മോണഗ്രാഫ്‌ മാത്രമാണ്‌ കടല്‍പ്പാമ്പുകളെക്കുറിച്ച്‌ ഏതെങ്കിലും തരത്തിലുള്ള ഗവേഷണം നടത്തുന്നതിന്‌ ഇന്നുമുള്ള ആധികാരികരേഖ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍