This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍ക്കൊള്ള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടല്‍ക്കൊള്ള

Sea piracy

ഏതെങ്കിലും രാഷ്‌ട്രത്തിന്റെ അതിര്‍ത്തിക്കു പുറത്ത്‌ സമുദ്രത്തിലോ സമുദ്രത്തിനു‌ മുകളിലുള്ള ആകാശത്തോ വച്ച്‌ അധികാരികളുടെ അനു‌മതി കൂടാതെ നടത്തുന്ന കവര്‍ച്ച. പൈറാറ്റ (Pirata) എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ്‌ കടല്‍ക്കൊള്ളക്കാരന്‍ എന്ന അര്‍ഥം വരുന്ന പൈറേറ്റ്‌ (Pirate) എന്ന ഇംഗ്ലീഷ്‌ പദം നിഷ്‌പന്നമായിട്ടുള്ളത്‌. കടല്‍ക്കൊള്ളക്കാര്‍ മനു‌ഷ്യരാശിയുടെ ശത്രുക്കളായിട്ടാണ്‌ (hostis humani generis) കണക്കാക്കപ്പെടുന്നത്‌. എല്ലാ രാജ്യങ്ങളിലും ഇവര്‍ക്കെതിരായി നടപടികളെടുക്കുന്നതിനും ശിക്ഷിക്കുന്നതിനും നിയമങ്ങളുണ്ട്‌; സാധാരണയായി വധശിക്ഷയോ ജീവപര്യന്തം തടവോ നല്‌കപ്പെട്ടിരുന്നു. ഓള്‍ഡ്‌ ബെയ്‌ലിയിലെ ലണ്ടന്‍ അഡ്‌മിറാല്‍റ്റി, കടല്‍ക്കൊള്ളയ്‌ക്കു മരണശിക്ഷ വിധിച്ചവരെ കടലില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള തൂക്കുമരത്തില്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനു‌മിടയ്‌ക്കുള്ള കാലയളവില്‍ തൂക്കിക്കൊന്നിരുന്നു. ശവശരീരം ചങ്ങലകൊണ്ടു ബന്ധിച്ചു വെള്ളത്തില്‍ ആഴ്‌ത്തിയിടുകയായിരുന്നു പതിവ്‌. കൊള്ളക്കാരാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചു നാവികരെ ബോധവാന്മാരാക്കുകയാണ്‌ ഈ നടപടിയുടെ ലക്ഷ്യം.

കടല്‍ക്കൊള്ളയ്‌ക്കു ചരിത്രത്തോളം തന്നെ പഴക്കമുണ്ട്‌. മുന്‍കാലങ്ങളില്‍ ഒരു കപ്പിത്താന്‍ കരയിലടുത്താലുടന്‍ അയാളോടു "നിങ്ങള്‍ ഒരു കച്ചവടക്കാരനോ കടല്‍ക്കൊള്ളക്കാരനോ' എന്നു ചോദിക്കുമായിരുന്നു. ഫിനീഷ്യരുടെ ഇടയില്‍ കടല്‍ക്കൊള്ളക്കാരുണ്ടായിരുന്നു; ഒഡീസിയിലും ഹെറഡോട്ടസ്സിന്റെ ഗ്രന്ഥങ്ങളിലും ഇവരെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്‌. ഹോമറിന്റെ കാലത്ത്‌ ഇവര്‍ക്കു ബഹുമാന്യസ്ഥാനമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. ബി.സി. 78ല്‍ ഈജിയന്‍ കടലില്‍ വച്ച്‌ ഒരു കൂട്ടം കടല്‍ക്കൊള്ളക്കാര്‍ ജൂലിയസ്‌ സീസറെ പിടിച്ചുവെന്നും മോചനദ്രവ്യമായി ഒരു വന്‍തുക ആവശ്യപ്പെട്ടുവെന്നും രക്ഷപ്പെട്ട സീസര്‍ പിന്നീടു സൈന്യവുമായി ചെന്ന്‌ അവരെ കീഴടക്കി കുരിശിലേറ്റിയെന്നും രേഖയുണ്ട്‌.

ബി.സി. 67 വരെ കടല്‍ക്കൊള്ളക്കാരുടെ ആസ്ഥാനം സൈലീഷ്യ ആയിരുന്നു. റോമന്‍ രാജ്യതന്ത്രജ്ഞനായ പോമ്പി അവരെ അമര്‍ച്ച ചെയ്‌തു. അഗസ്റ്റസ്‌ ചക്രവര്‍ത്തിയുടെ കാലത്തും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തോടെ കടല്‍ക്കൊള്ളക്കാര്‍ വീണ്ടും തലപൊക്കി. യൂറോപ്പ്‌. ഏകദേശം രണ്ടു മൂന്നു ശതകത്തോളം യൂറോപ്പിന്റെ വ.പ. തീരങ്ങള്‍ സ്‌കാന്‍ഡിനേവിയന്‍ കടല്‍ക്കൊള്ള സംഘമായ വൈക്കിങ്ങുകളുടെ ആക്രമണങ്ങള്‍ക്കു വിധേയമായിരുന്നു. 13-ാം ശ.ത്തില്‍ ഹന്‍സിയാറ്റിക്‌ ലീഗ്‌ (ജര്‍മന്‍, ഡച്ച്‌, ഫ്‌ളമിഷ്‌ നഗരങ്ങളുടെ വാണിജ്യസഖ്യം) ഇതിനെതിരായി ശക്തമായ നടപടികള്‍ സ്വീകരിച്ചു. 17-ാം ശ.ത്തില്‍ ഇംഗ്ലീഷ്‌ചാനല്‍ കടല്‍ക്കൊള്ളക്കാരുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കു വിധേയമായിരുന്നു. മെഡിറ്ററേനിയനിലെ ക്രസ്‌തവ ജനതയ്‌ക്കു മുസ്‌ലിം കടല്‍ക്കൊള്ളക്കാര്‍ ഒരു പേടിസ്വപ്‌നമായിരുന്നു.

ട്യൂഡര്‍ കാലഘട്ടത്തോടെ ഇംഗ്ലീഷ്‌വെല്‍ഷ്‌ തീരങ്ങളില്‍ കടല്‍ക്കൊള്ള വ്യാപകമായി. എലിസബത്ത്‌ രാജ്ഞി ഇവരോട്‌ ഉദാരമായ നയമാണു സ്വീകരിച്ചത്‌. സ്‌പെയിനു‌മായുള്ള വൈരം ശക്തമായതോടെ ഇവര്‍ക്കെതിരെ നടപടികളെടുത്തില്ല എന്നു മാത്രമല്ല, പാപ്പരായ ഇംഗ്ലീഷ്‌ ഖജനാവു നിറയ്‌ക്കുവാനും സ്‌പാനിഷ്‌ ആര്‍മേഡയെ തോല്‌പിക്കാന്‍ (1588) ശക്തമായ ഒരു നാവികപ്പട സജ്ജമാക്കാനും തക്കവണ്ണം കടല്‍ക്കൊള്ള പ്രാത്‌സാഹിപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ കടല്‍ക്കൊള്ളയുടെ രംഗം പ. വെസ്റ്റ്‌ ഇന്‍ഡീസ്‌ വരെയും കി. മഡഗാസ്‌കര്‍ വരെയും വ്യാപിച്ചു. കൊള്ളമുതല്‍ വില്‌ക്കുന്നതിനു‌ള്ള ഒരു വിപണിയായി മഡഗാസ്‌കര്‍ രൂപാന്തരപ്പെടുകയും ചെയ്‌തു.

അമേരിക്ക. 17-ാം ശ. ത്തോടെ കടല്‍ക്കൊള്ള ന്യൂ ഇംഗ്ലണ്ട്‌ തീരം വരെ എത്തി. കൊള്ളമുതലുകളുടെ കച്ചവടത്തിലുള്ള ലാഭം പരിഗണിച്ചു കോളനിക്കാര്‍ അവരെ സ്വാഗതം ചെയ്‌തു. 1700ല്‍ ഇതിനെതിരായി നിയമങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഇതു നിര്‍ത്തലാക്കത്തക്കവണ്ണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല. കടല്‍ക്കൊള്ളയ്‌ക്ക്‌ അറുതി വരുത്താന്‍ വേണ്ടി 1718ല്‍ ക്യാപ്‌റ്റന്‍ വൂഡെസ്‌ റോജേഴ്‌സിനെ ബഹാമാ ഗവര്‍ണറാക്കിയതോടെ വടക്കേ അമേരിക്കന്‍ തീരങ്ങളിലെ 2,000ത്തോളം വരുന്ന കടല്‍ക്കൊള്ളക്കാരെ പിടിക്കാനും കടല്‍ക്കൊള്ള നിയന്ത്രണാധീനമാക്കാനും കഴിഞ്ഞു. സാംസ്‌കാരികമായി ഉയര്‍ച്ചനേടിയ രാജ്യങ്ങളില്‍ കടല്‍ക്കൊള്ള നിയന്ത്രണാധീനമാക്കിയശേഷവും മറ്റു രാജ്യങ്ങളില്‍ കടല്‍ക്കൊള്ള തുടര്‍ന്നുവന്നു. 1815ല്‍ ബ്രിട്ടനും യു.എസും തമ്മില്‍ സമാധാനം സ്ഥാപിച്ചതോടെ പിരിച്ചുവിടപ്പെട്ട നാവികര്‍ പശ്ചിമ അത്‌ലാന്തിക്കിലെത്തി എല്ലാ രാഷ്‌ട്രങ്ങളുടെയും കപ്പലുകളും സ്‌പാനിഷ്‌ കോളനികളും കൊള്ളയടിക്കാനാരംഭിച്ചു. ബ്രിട്ടീഷ്‌അമേരിക്കന്‍ നാവികപ്പടയുടെ സംയുക്തശ്രമത്തിന്റെ ഫലമായാണ്‌ ഇത്‌ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞത്‌.

അടിമകളെ ഇറക്കുമതി ചെയ്യുന്നത്‌ കടല്‍ക്കൊള്ളയാണെന്ന്‌ 1820 മേയ്‌ 15നു‌ യു.എസ്‌. കോണ്‍ഗ്രസ്‌ ഒരു നിയമം പാസാക്കി. 1824ല്‍ ബ്രിട്ടനും ഇതുപോലെ നിയമം ഉണ്ടാക്കി.1850 വരെ ഗ്രീസിന്റെ തീരങ്ങളില്‍ കടല്‍ക്കൊള്ള തുടര്‍ന്നു വന്നു. ഒന്നാം ലോകയുദ്ധകാലത്തു ജര്‍മന്‍ അന്തര്‍വാഹിനികളുടെ പ്രവര്‍ത്തനം കടല്‍ക്കൊള്ളയായിട്ടാണ്‌ സഖ്യകക്ഷികള്‍ വീക്ഷിച്ചത്‌. 1922ലെ വാഷിങ്‌ടണ്‍ കണ്‍വെന്‍ഷന്‍ വാണിജ്യയുദ്ധങ്ങളില്‍ അന്തര്‍വാഹിനികളുടെ വിനിയോഗം നിരോധിക്കുകയും വാണിജ്യക്കപ്പലുകളെ നശിപ്പിക്കുന്ന അന്തര്‍വാഹിനികളെ കടല്‍ക്കൊള്ളക്കുറ്റക്കാരാക്കുമെന്നു പ്രസ്‌താവിക്കുകയും ചെയ്‌തു. സ്‌പാനിഷ്‌ ആഭ്യന്തരയുദ്ധകാലത്ത്‌ 1937ല്‍ നടന്ന ന്യോണ്‍ സമ്മേളനത്തിലും ഇപ്രകാരം പ്രഖ്യാപനങ്ങളുണ്ടായി. 1856ലെ പാരിസ്‌ പ്രഖ്യാപനം ഏതുവിധത്തിലുള്ള കടല്‍ക്കൊള്ളയും നിയമവിരുദ്ധമായിരിക്കുമെന്നു വ്യവസ്ഥ ചെയ്‌തു.

ചൈനയുടെ തീരങ്ങളില്‍ രണ്ടാംലോകയുദ്ധം വരെ കടല്‍ക്കൊള്ള നിലവിലിരുന്നു. വിചിത്രമായ മാര്‍ഗങ്ങളാണ്‌ അവര്‍ സ്വീകരിച്ചിരുന്നത്‌. യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറി, നേരത്തെ നിശ്ചയിച്ചതനു‌സരിച്ചുള്ള സൂചന ലഭിക്കുമ്പോള്‍ കപ്പലിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അതിന്റെ നിയന്ത്രണം ഏറ്റെടുത്തു ഹോങ്‌കോങ്ങിനു‌ വടക്കുകിഴക്കുള്ള തായ ഉള്‍ക്കടലില്‍ (Taya or Bias Bay) കടല്‍ക്കൊള്ളക്കാരുടെ ആസ്ഥാനത്തെത്തിക്കുകയും മോചനദ്രവ്യത്തിനു‌വേണ്ടി യാത്രക്കാരെ തടഞ്ഞു വയ്‌ക്കുകയുമായിരുന്നു അവരുടെ പതിവ്‌. പ്രാചീനകാലങ്ങളില്‍ നാവികരുടെ സ്ഥിതി വളരെ ശോചനീയമായിരുന്നു. തുച്ഛമായ വേതനവും കഷ്ടത നിറഞ്ഞ ജീവിതവും പല നാവികരെയും കടല്‍ക്കൊള്ളക്കാരാകാന്‍ പ്രരിപ്പിച്ചു. ഓരോ യൂറോപ്യന്‍ യുദ്ധത്തിനു‌ ശേഷവും നാവികരെ പിരിച്ചു വിടുകയായിരുന്നു പതിവ്‌. തൊഴിലില്ലായ്‌മയും പട്ടിണിയും ഒഴിവാക്കാന്‍ അവര്‍ കടല്‍ക്കൊള്ളക്കാരായി. കടല്‍ക്കൊള്ളക്കാര്‍ക്ക്‌ നിശ്ചിത വേതനം എന്നൊന്നില്ല; കൊള്ളയടിച്ചു കിട്ടുന്നതില്‍ ഒരോഹരി എന്നാണു കണക്ക്‌; "ക്രയമില്ലെങ്കില്‍ വേതനമില്ല' ഇതായിരുന്നു മുദ്രാവാക്യം. ഒരു വാണിജ്യക്കപ്പല്‍ കൊള്ളയടിച്ചാലുടന്‍ ആ സംഭവം ആ കപ്പലിലെ നാവികരെ കൊള്ളക്കാരാകാന്‍ പ്രരിപ്പിച്ചിരുന്നു. ജീവരക്ഷാര്‍ഥമാണ്‌ ഈ തൊഴിലില്‍ ഏര്‍പ്പെട്ടതെന്നു മിക്ക കൊള്ളക്കാരും വിചാരണവേളയില്‍ പറഞ്ഞിട്ടുണ്ട്‌.

വിവിധ രീതികളിലാണ്‌ ഒരു കടല്‍ക്കൊള്ളക്കപ്പല്‍ രൂപം കൊള്ളുന്നത്‌. കപ്പലിലെ നാവികരില്‍ ഒന്നോ രണ്ടോ ആളുകള്‍ അതൃപ്‌തരാകുന്നു. വൈരം മൂത്ത്‌ മറ്റുള്ള നാവികരെ ലഹളയ്‌ക്കു പ്രരിപ്പിക്കാന്‍ തലവന്മാര്‍ക്കു കഴിഞ്ഞാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം കപ്പലിന്റെ നിയന്ത്രണം അവര്‍ക്ക്‌ ഏറ്റെടുക്കാന്‍ സാധിക്കും; എതിര്‍ക്കുന്നവരെ കൊല്ലുകയോ കടലിലെറിയുകയോ ചെയ്യും. പിന്നീട്‌ നാവികര്‍ അവര്‍ക്കിഷ്ടമുള്ള ഒരാളെ കപ്പിത്താനായി തിരഞ്ഞെടുക്കും.

ഒരു വള്ളം മോഷ്ടിച്ചു രാത്രികാലങ്ങളില്‍ അതില്‍ സഞ്ചരിച്ച്‌, നങ്കൂരമിട്ടിരിക്കുന്ന ഒരു ചെറിയ കപ്പല്‍ മോഷ്ടിക്കുകയും പിന്നീട്‌ ഈ കപ്പല്‍ ഉപയോഗിച്ച്‌ കടല്‍ക്കൊള്ളയ്‌ക്കു പറ്റിയ ഒരു വലിയ കപ്പല്‍ കൈവശപ്പെടുത്തുകയും ചെയ്യുന്നതാണു മറ്റൊരു രീതി.കടല്‍ക്കൊള്ള വിജയകരമായി നടത്തുന്നതിന്‌ കപ്പല്‍ ഒളിപ്പിക്കാന്‍ പറ്റിയ കടല്‍ത്തീരവും കൊള്ളയടിച്ച സാധനങ്ങള്‍ വിറ്റഴിക്കാന്‍ പറ്റിയ വിപണിയും അത്യന്താപേക്ഷിതമാണ്‌. മഡഗാസ്‌കര്‍ ദ്വീപില്‍ കൊള്ള മുതല്‍ വിപണനം നടത്തുന്നതിന്‌ ഒരു കടല്‍ക്കൊള്ള രാഷ്‌ട്രം തന്നെയുണ്ടായിരുന്നു (ലിബര്‍ടേഷ്യ). കടല്‍ക്കൊള്ളയ്‌ക്കു സജ്ജമാക്കിയ ഒരു കപ്പലിലെ നാവികര്‍ ആദ്യമായി ചെയ്യുന്നത്‌ ഒരു നിയമാവലി തയ്യാറാക്കുകയാണ്‌. നാവികര്‍ ബൈബിള്‍ സാക്ഷിയാക്കി (ബൈബിളില്ലെങ്കില്‍ മഴു സാക്ഷിയാക്കി) സത്യപ്രതിജ്ഞ ചെയ്യുന്നു (ഈ നിയമാവലി ലംഘിച്ചാല്‍ അനു‌ഭവിക്കേണ്ടിവരുന്ന ശിക്ഷ വളരെ കഠിനമാണ്‌). പിന്നീട്‌ ഒരു കറുത്ത കൊടി തയ്യാറാക്കുന്നു. തലയോടും താഴെ കുറുകേ വച്ചിട്ടുള്ള രണ്ട്‌ എല്ലും ആണ്‌ കൊടി അടയാളം. ചിലപ്പോള്‍ വെറും കറുത്ത കൊടിയോ ചുവന്ന കൊടിയോ മാത്രം ഉപയോഗിക്കാറുണ്ട്‌.

കടല്‍ക്കൊള്ളക്കാരെ ചുറ്റിപ്പറ്റിയുള്ള പല കഥകളും ഇന്നു പ്രചാരത്തിലുണ്ട്‌. കടല്‍ക്കൊള്ളക്കാരെ നശിപ്പിക്കാന്‍ വേണ്ടി ശ്രമിക്കുന്ന ഫാന്റത്തിന്റെ കഥകള്‍ ലോകപ്രശസ്‌തങ്ങളാണ്‌. കടല്‍ക്കൊള്ളക്കാരില്‍ സ്‌ത്രീകളും ഉണ്ടായിരുന്നു. ക്യാപ്‌റ്റന്‍ തോമസ്‌ ആന്‍സ്റ്റിസ്‌ (വെസ്റ്റ്‌ ഇന്‍ഡീസ്‌), ക്യാപ്‌റ്റന്‍ ജോണ്‍ ആവറി (ഇംഗ്ലണ്ട്‌), ബാര്‍ബറേസ സഹോദരന്മാര്‍ (ബാര്‍ബറി), ക്യാപ്‌റ്റന്‍ ചാള്‍സ്‌ ബെല്ലാമി (വെയില്‍സ്‌), മേജര്‍ സ്റ്റേഡേ ബോണെ (ബാര്‍ബഡോസ്‌), ആനിബോണി (സ്‌ത്രീഅയര്‍ലന്‍ഡ്‌), ക്യാപ്‌റ്റന്‍ ജോണ്‍ ബോവെന്‍ (വെയില്‍സ്‌), ക്യാപ്‌റ്റന്‍ ഹിരാം ബ്രീക്‌സ്‌ (ഡച്ച്‌), ക്യാപ്‌റ്റന്‍ സാമുവല്‍ സൗത്‌ബര്‍ഗെസ്‌ (ന്യൂയോര്‍ക്ക്‌), ക്യാപ്‌റ്റന്‍ കോങ്‌ഡന്‍ (ഇംഗ്ലണ്ട്‌), ക്യാപ്‌റ്റന്‍ ഹോവെല്‍ ഡേവിസ്‌ (വെയില്‍സ്‌), ക്യാപ്‌റ്റന്‍ ജോണ്‍ ഹാല്‍സി (ബോസ്റ്റണ്‍), ക്യാപ്‌റ്റന്‍ എഡ്വേഡ്‌ലോ (ഇംഗ്ലണ്ട്‌), ക്യാപ്‌റ്റന്‍ നഥാനീല്‍ നോര്‍ത്‌ (ബര്‍മുഡ), ക്യാപ്‌റ്റന്‍ ജോണ്‍ ക്വെല്‍ച്‌ (മസാച്ചുസൈറ്റ്‌സ്‌), ജോണ്‍ റാക്ക്‌ഹാം (ജമേക്ക), മേരി റീഡ്‌ (സ്‌ത്രീലണ്ടന്‍), ക്യാപ്‌റ്റന്‍ ബര്‍ത്തലോമ്യൂ റോബെര്‍ട്ട്‌സ്‌ (വെയില്‍സ്‌), ക്യാപ്‌റ്റന്‍ എഡ്വേഡ്‌ റ്റീച്ച്‌ (ബ്രിസ്റ്റള്‍) എന്നിവര്‍ വിദഗ്‌ധരായ കടല്‍ക്കൊള്ളക്കാരില്‍ ചിലര്‍ മാത്രമാണ്‌.

ഇന്ത്യയുടെ സമുദ്രതീരങ്ങള്‍ കടല്‍ക്കൊള്ളക്കാരുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങളായിരുന്നു. യൂറോപ്യന്‍ ശക്തികളുടെ ആഗമനം തൊട്ടേ കടല്‍ക്കൊള്ളയും തുടങ്ങിയെന്നു പറയാം. വിദേശശക്തികളുടെ നാവികപ്പടയാണ്‌ ഇന്ത്യന്‍ തീരങ്ങളിലെ കടല്‍ക്കൊള്ള അവസാനിപ്പിച്ചത്‌. കേരളത്തിന്റെ സമുദ്രതീരങ്ങളില്‍, പ്രത്യേകിച്ച്‌ കൊടുങ്ങല്ലൂര്‍, പുറക്കാട്‌ എന്നിവിടങ്ങളില്‍ കടല്‍ക്കൊള്ളക്കാരുടെ ഉപദ്രവം അസഹനീയമായിരുന്നു. കടല്‍ക്കൊള്ള അമര്‍ച്ച ചെയ്യുന്നതില്‍ കൊച്ചിയിലെ ശക്തന്‍ തമ്പുരാന്‍, വേലുത്തമ്പിദളവ എന്നിവര്‍ ഗണ്യമായ പങ്കു വഹിച്ചിരുന്നു. വാണിജ്യക്കപ്പലുകളുടെ വലുപ്പവും മെച്ചപ്പെട്ട രീതിയിലുള്ള നാവിക റോന്തും സമുദ്രനിയമങ്ങളുടെ കര്‍ശനമായ നടത്തിപ്പും മൂലം കടല്‍ക്കൊള്ള നിശ്ശേഷം ഇല്ലാതായിട്ടുണ്ട്‌. ഇന്ന്‌ ഇതിന്റെ സ്ഥാനം ഹൈജാക്കിങ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. കടല്‍ക്കൊള്ള അന്താരാഷ്‌ട്രനിയമത്തിനെതിരായ ഒരു കുറ്റമായി കണക്കാക്കിയിട്ടുള്ളതുകൊണ്ട്‌ ഏതു രാഷ്‌ട്രത്തിന്റെ കപ്പലിനും കടല്‍ക്കൊള്ളയില്‍ ഏര്‍പ്പെടുന്ന കപ്പലിനെ ആക്രമിക്കുന്നതിനും ആ കപ്പല്‍ തുറമുഖത്തു കൊണ്ടുവരുന്നതിനും ദേശീയത പരിഗണിക്കാതെ നാവികരെ വിസ്‌തരിക്കുന്നതിനും കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കുന്നതിനും കപ്പല്‍ കണ്ടുകെട്ടുന്നതിനും സ്വാതന്ത്യ്രമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍