This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍ക്കാറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടല്‍ക്കാറ്റ്‌

Sea breeze

ഭൂമധ്യരേഖയോടടുത്ത പ്രദേശങ്ങളില്‍ കടലോരത്തു തീരരേഖയ്‌ക്കു കുറുകേ വീശുന്ന സ്ഥാനിക സ്വഭാവമുള്ള ദൈനിക വാതങ്ങള്‍ (diurnal winds). കരഭാഗം പകല്‍ സമയത്ത്‌ പെട്ടെന്നു ചൂടാകുകയും രാത്രിയില്‍ പെട്ടെന്നു തണുക്കുകയും ചെയ്യുന്നതുമൂലം ഉഷ്‌ണമേറിയ ദിനങ്ങളില്‍ അന്തരീക്ഷത്തില്‍ സംജാതമാകുന്ന സ്ഥാനീയ പരിസഞ്ചരണത്തിന്റെ അനന്തരഫലമാണ്‌ കടല്‍ക്കാറ്റ്‌. പകല്‍ സമയം കടലില്‍ നിന്നു കരയിലേക്കു വീശുന്ന കാറ്റിനെ കടല്‍ക്കാറ്റ്‌ (sea breeze) എന്നും രാത്രിയില്‍ കരയില്‍ നിന്നു കടലിലേക്കടിക്കുന്ന കാറ്റിനെ കരക്കാറ്റ്‌ (land breeze) എന്നും വിശേഷിപ്പിക്കുന്നു.

ദിനാരംഭത്തില്‍ കടലിലെയും കരയിലെയും താപനിലകള്‍ക്കിടയില്‍ സാരമായ അന്തരം ഉണ്ടായിരിക്കയില്ല. അന്തരീക്ഷത്തിലെ സമമര്‍ദവിതാനങ്ങള്‍ തിരശ്ചീന നിലയിലായിരിക്കുകയും ചെയ്യും. സൂര്യന്‍ ഉദിച്ചുയരുന്നതോടെ കരഭാഗം കടലിനെക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു. തത്‌ഫലമായി സമമര്‍ദവിതാനങ്ങളില്‍ കടലില്‍ നിന്നു കരയിലേക്കു ചായ്‌വ്‌ ഉണ്ടാകുന്നു. ഇതുമൂലം ഉപര്യന്തരീക്ഷത്തിലെ വായു, കരയില്‍ നിന്നു കടലിന്റെ നേര്‍ക്കു നീങ്ങുന്നു. ക്രമേണ തീരരേഖയോടടുത്തുള്ള കടല്‍ഭാഗം കൂടുതല്‍ വായു ഉള്‍ക്കൊള്ളുന്നതിനാല്‍ ഒരു ഗുരുമര്‍ദപ്രദേശമായി മാറുന്നു. ഈ മാറ്റം താത്‌കാലികമാണെങ്കില്‍പ്പോലും കടലില്‍ നിന്നു കരയിലേക്കു കാറ്റു വീശുന്നതിനു‌ ഹേതുകമാകുന്നു. തുടക്കത്തില്‍ തീരരേഖയ്‌ക്കു കുറുകെയാകും കാറ്റുവീശുക. കര കൂടുതലായി ചൂടാകുന്നതിനോടൊപ്പം ശക്തിയായി വീശുന്ന കടല്‍ക്കാറ്റിനു‌ വേഗം ഏറ്റവും കൂടുതലുള്ളത്‌ മധ്യാഹ്‌നത്തിനും സായാഹ്‌നത്തിനും ഇടയ്‌ക്കാണ്‌. കടല്‍ത്തീരത്തിന്‌ 80 കി.മീ.ല്‍ ഏറെ ഉള്ളില്‍ എത്താത്ത കടല്‍ക്കാറ്റിനു‌ കൂടിയ വേഗത മണിക്കൂറില്‍ 46 കി.മീറ്ററോളമായിരിക്കും. തുടക്കത്തില്‍ തീരരേഖയ്‌ക്കു കുറുകെ വീശുന്ന കടല്‍ക്കാറ്റിന്റെ ഗതി ക്രമേണ ഭൂഭ്രമണത്തിന്റെ പ്രഭാവ(Coriolis effect)ത്തിനു‌ വഴിപ്പെട്ട്‌ സന്ധ്യയോടെ ചരിഞ്ഞതാകുന്നു. ഉത്തരാര്‍ധഗോളത്തില്‍ തികവെത്തിയ കടല്‍ക്കാറ്റിന്റെ ഗതിപഥത്തിന്‌ ഇടതുവശത്തായിരിക്കും കര; ദക്ഷിണാര്‍ധഗോളത്തില്‍ വലതുവശത്തും.

കടല്‍ക്കാറ്റിന്റെയും കരക്കാറ്റിന്റെയും ഉദ്‌ഭവം കാണിക്കുന്ന ചിത്രം

സൂര്യാസ്‌തമയത്തോടെ കര പെട്ടെന്നു തണുക്കുന്നു; കടല്‍ താരതമ്യേന ഉയര്‍ന്ന ഊഷ്‌മാവില്‍ വര്‍ത്തിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ മേല്‌പറഞ്ഞ പ്രക്രമങ്ങള്‍ വിപരീത ദിശയിലാകുന്നതിനാല്‍ അര്‍ധരാത്രിയാകുമ്പോഴേക്കും കരയില്‍ നിന്നു കടലിലേക്കു കാറ്റുവീശാന്‍ തുടങ്ങുന്നു. വരണ്ട പ്രദേശങ്ങളില്‍ കരക്കാറ്റ്‌ പൊടിപടലങ്ങള്‍ വഹിച്ച്‌ കടലോരങ്ങളില്‍ അസഹനീയമായ ഒരവസ്ഥ സൃഷ്ടിക്കുന്നു.

തുരുത്തുകള്‍, അടോളുകള്‍ (atoll) എന്നിവ സമുദ്രവിതാനത്തിനു‌മേലെ എഴുന്നു കാണപ്പെടുന്നില്ലെങ്കില്‍ കൂടിയും ഉഷ്‌ണ, ഉപോഷ്‌ണ മേഖലകളില്‍ മന്ദമായ കടല്‍ക്കാറ്റുകള്‍ രൂപം കൊള്ളുന്നതിന്‌ ഇവ സൗകര്യം പ്രദാനം ചെയ്യുന്നു. നാലുപാടു നിന്നും ദ്വീപിലേക്കു വീശി മുകളിലേക്കുയര്‍ന്ന്‌ ഇവ സൃഷ്ടിക്കുന്ന ക്യുമുലസ്‌ (Cumulus) മേഘങ്ങളെ അടോള്‍മേഘങ്ങള്‍ (Atoll clouds) എന്നു വിശേഷിപ്പിക്കുന്നു. വിസ്‌താരമേറിയ ഹവായ്‌, ഫീജി, തഹീതി തുടങ്ങിയ ദ്വീപുകളില്‍ ചാറ്റല്‍മഴയും ഇവ മൂലമുണ്ടാകുന്നു.

കടല്‍ക്കാറ്റും കരക്കാറ്റും ഉണ്ടാകണമെങ്കില്‍ കടല്‍ത്തീരങ്ങള്‍ മറ്റു പ്രമുഖ വാതങ്ങളുടെ പ്രഭാവത്തില്‍ നിന്നു വിമുക്തമായിരിക്കണം. കേരളത്തെപ്പോലെ, സമുദ്രതീരത്തിന്‌ അധികം അകലെയല്ലാതെ മലനിരകളുള്ള പ്രദേശങ്ങളില്‍ താഴ്‌വരക്കാറ്റ്‌ (valley wind), മലങ്കാറ്റ്‌ (mountain wind) എന്നിവയാല്‍ യഥാക്രമം പോഷിപ്പിക്കപ്പെട്ടു പ്രബലങ്ങളായിത്തീരുന്ന കടല്‍ക്കാറ്റും കരക്കാറ്റും കാലാവസ്ഥയില്‍ ഗണ്യമായ സ്വാധീനം ചെലുത്താറുണ്ട്‌.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍