This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടപ്പാശിലാക്രമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടപ്പാശിലാക്രമം

ആന്ധ്രപ്രദേശിലെ കടപ്പാജില്ലയില്‍ കാണപ്പെടുന്ന ബൃഹത്തായ അവസാദശിലാസഞ്ചയം. ഇത്‌ 60 കോടി വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ രൂപം കൊണ്ടതെന്നു കരുതപ്പെടുന്നു. സമകാലീന ഇന്ത്യന്‍ ശിലാക്രമങ്ങളെ മൊത്തത്തില്‍ കടപ്പാശിലാക്രമം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. കാംബ്രിയന്‍ കല്‌പാരംഭത്തിനു‌മുമ്പ്‌ ഇന്ത്യാ ഉപദ്വീപില്‍ സഞ്ചിതമായ അവസാദശിലാക്രമങ്ങളില്‍ വിവര്‍ത്തനികപ്രക്രിയകള്‍ക്ക്‌ ഏറ്റവും കുറഞ്ഞ അളവില്‍ വിധേയമായിട്ടുള്ള ശിലാശേഖരമാണിത്‌. കാംബ്രിയനു‌ മുമ്പു രൂപം കൊണ്ടവയില്‍ താരതമ്യേന പ്രായം കുറഞ്ഞതും ഇന്ത്യയില്‍ "പുരാണിക്‌' എന്നു വേര്‍തിരിക്കപ്പെട്ടിട്ടുള്ള കാലഘട്ടത്തില്‍പ്പെട്ടതുമായ കടപ്പാശിലാക്രമം വിന്ധ്യാശിലാക്രമത്തിനു‌ മുമ്പും ആര്‍ക്കിയനു‌ശേഷവുമാണ്‌ രൂപം കൊണ്ടത്‌. സമകാലത്തില്‍ സഞ്ചിതമായ മറ്റൊരു പ്രധാനശിലാശേഖരത്തെ പ്രാദേശികാടിസ്ഥാനത്തില്‍ ഡല്‍ഹി ശിലാക്രമം എന്നു പറയാറുണ്ട്‌. സാര്‍വലൗകികവ്യവഹാരമായി അംഗീകരിച്ചിട്ടുള്ള, അല്‍ഗോങ്കിയന്‍ (Algonkian) എന്നു വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ രൂപംകൊണ്ട കടപ്പാശിലാക്രമം പൂര്‍ണമായും ജീവാശ്‌മരഹിതമാണ്‌. അധോഘട്ടം, ഉപരിഘട്ടം എന്നിവയില്‍ ഈരണ്ടു വീതം നാലു ക്രമങ്ങളിലായി വിഭക്തമായിട്ടുള്ള 10,000 മീ.ല്‍ അധികം കനത്തില്‍ ഉള്ള ഈ ശിലാശേഖരം പ്രാക്കാലസമുദ്രനിക്ഷേപങ്ങള്‍ക്ക്‌ ഉത്തമനിദര്‍ശനമാണ്‌.

ആന്ധ്രപ്രദേശിലെ കടപ്പാജില്ലയിലാണ്‌ ഏറ്റവും വിസ്‌തൃതമായ മേഖലയില്‍ (35,000 ച.കി.മീ) മാതൃകാസ്‌തരങ്ങളുള്ളത്‌. ആദ്യമായി പഠനവിധേയമായ സ്ഥാനമെന്നതിനാലും കൂടിയാണ്‌ ഈ കാലഘട്ടത്തില്‍ രൂപംകൊണ്ട ഇന്ത്യന്‍ ശിലകള്‍ മൊത്തത്തില്‍ കടപ്പാശിലാക്രമം എന്ന നിലയില്‍ വ്യവഹരിക്കപ്പെടുന്നത്‌. കടപ്പയില്‍ അര്‍ധചന്ദ്രാകൃതിയില്‍ അനാച്ഛാദിതമായിട്ടുള്ള ശിലാക്രമം പശ്ചിമഭാഗങ്ങളില്‍ ഉപരിസ്ഥിതമായ നീസു(gneiss)കൈളില്‍ മുട്ടിനില്‌ക്കുന്നു. മറ്റൊരു മുഖ്യശിലാസഞ്ചയം ഛത്തീസ്‌ഗഢ്‌ മേഖലയിലുണ്ട്‌. വിശാഖപട്ടണം, ബസ്‌തര്‍, സിങ്‌ഭൂം, കിയോന്‍ഝഡ്‌ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട നിലയില്‍ ലഘുവായി അനാച്ഛാദിതമായ അവസാദശിലകളുണ്ട്‌.

ഘടകശിലകള്‍. പൊതുവില്‍ കടപ്പാശിലാക്രമത്തിലെ ആദ്യപകുതി പൂര്‍വശിലാക്രമ(ധാര്‍വാര്‍)ത്തോടും മുകളിലുള്ള പകുതിയോളം സ്‌തരങ്ങള്‍ പില്‌ക്കാല വിന്ധ്യന്‍ ക്രമത്തോടും സാജാത്യം പുലര്‍ത്തുന്നു. കടപ്പാശിലാക്രമത്തിന്റെ രൂപവത്‌കരണത്തിനു‌ മുമ്പുതന്നെ ഭൂമുഖത്തു പലയിടങ്ങളിലും ജീവാങ്കുരണത്തെത്തുടര്‍ന്നുള്ള ആദ്യകാലപരിണാമങ്ങള്‍ നടന്നതിനു‌ സ്‌പഷ്‌ടമായ തെളിവുകളുണ്ട്‌. എന്നാല്‍ കടപ്പാശിലാക്രമത്തിലെ ഇത്രമാത്രം കനത്തിലുള്ള അവസാദശിലാശേഖരം തികച്ചും ജീവാശ്‌മരഹിതമായതിനു‌ വ്യക്തമായ വിശദീകരണം ഇനിയും ലഭിച്ചിട്ടില്ല. ജീവാശ്‌മപരിരക്ഷണത്തിനു‌ നന്നേ യോജിച്ച അവസാദം തുടര്‍ന്ന്‌ ഒട്ടും തന്നെ വികലമാക്കപ്പെടാതെ പരിരക്ഷിക്കപ്പെട്ടിട്ടും ജീവാശ്‌മം ഉള്‍ക്കൊള്ളാതിരിക്കുന്നത്‌ അവസാദരൂപീകരണകാലത്തു സമീപസ്ഥമേഖലയാകെ തികച്ചും ജീവജാലരഹിതമായിരുന്നതിനാലാകാം.

കാഠിന്യമേറിയ ഷെയ്‌ല്‍, സ്ലേറ്റ്‌, ക്വാര്‍ട്ട്‌സൈറ്റ്‌, ചുണ്ണാമ്പുകല്ല്‌ എന്നീയിനം അവസാദശിലകളാണ്‌ പ്രധാനമായും കടപ്പാശിലാക്രമത്തിലുള്ളത്‌. ഷെയ്‌ല്‍ നാമമാത്രമായ തോതില്‍ സ്ലേറ്റിന്റേതിനു‌ സമമായ വിദലനം നേടിയിട്ടുണ്ടെന്നതൊഴിച്ചാല്‍ കായാന്തരണം ഈ ശിലാക്രമത്തെ ഒഴിവാക്കിയ അവസ്ഥയാണുള്ളത്‌. ധാര്‍വാര്‍ ശിലാക്രമത്തില്‍ ചുണ്ണാമ്പുകല്ല്‌ മാര്‍ബിളായി പരിണമിച്ചിട്ടുണ്ടെങ്കിലും ഈ ശിലാക്രമത്തില്‍ ഈദൃശകായാന്തരണത്തിനു‌ തുടക്കം കുറിച്ചതിനു‌പോലും സൂചനകളില്ല ക്വാര്‍ട്ട്‌സൈറ്റ്‌, മണല്‍ക്കല്ലിന്റെ കായാന്തരിതരൂപമാണെങ്കില്‍ക്കൂടിയും ദ്വിതീയസിലിക്കയുടെ സഹായത്തോടെ ഉരുണ്ട മണല്‍ത്തരികള്‍ പരസ്‌പരം യോജിച്ചിരിക്കുന്നു എന്നതിലേറെ രൂപപരിണാമം സംജാതമായിട്ടില്ല. അവസാദനകാലത്തിന്റെ പൂര്‍വാര്‍ധത്തില്‍ സജീവമായിരുന്ന ആഗ്‌നേയപ്രക്രിയകള്‍ സൃഷ്ടിച്ച ലാവാസിരകളും മറ്റും അധസ്‌തരങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. വിവര്‍ത്തനിക പ്രക്രിയകള്‍ക്കു സാരമായ തോതില്‍ വിധേയമായിട്ടില്ലാത്തതിനാല്‍ അവസാദ ശിലാസ്‌തരങ്ങള്‍ക്കു സഹജപ്രകൃതി നഷ്ടപ്പെട്ടിട്ടില്ല.

ആന്ധ്രപ്രദേശിലെ കടപ്പ, കര്‍ണൂല്‍ എന്നീ ജില്ലകളിലും സമീപപ്രദേശങ്ങളിലുമായി 35,000 ച.കി.മീ. വിസ്‌തൃതിയില്‍ അനാച്ഛാദിതമായിട്ടുള്ള ഈ ബൃഹത്‌ശിലാസഞ്ചയത്തെപ്പറ്റി ആദ്യമായി പഠനം നടത്തിയത്‌ 1872ല്‍ ഡബ്ലിയു. കിങ്‌ ആണ്‌. വടക്ക്‌ സിംഗരേണി കല്‍ക്കരി തടങ്ങള്‍ മുതല്‍ തെക്കു നാഗരി മലകള്‍ വരെ 336 കി.മീ. നീളത്തില്‍ കാണപ്പെടുന്ന ഈ ശിലാശേഖരത്തിനു‌ 145 കി.മീ.ല്‍ അധികം വീതിയില്ല. ഈ മേഖലയിലെ വടക്കും വ. പടിഞ്ഞാറും ഭാഗങ്ങളിലുള്ള ശിലകള്‍ കര്‍ണൂല്‍ ശിലാക്രമത്തിലേതാണ്‌. കിഴക്കുഭാഗത്തുള്ള ശിലകള്‍ പൂര്‍വഘട്ടത്തിലെ പര്‍വതനത്തിന്റെ ഫലമായി നാമമാത്രമായ തോതില്‍ കായാന്തരിതവും ഒട്ടൊക്കെ വലിതവുമാണ്‌. പടിഞ്ഞാറുദിശയില്‍ കായാന്തരണവികലീകരണത്തിന്റെ നിരക്ക്‌ ക്രമത്തില്‍ കുറഞ്ഞും കാണപ്പെടുന്നു.

കടപ്പയിലെ ശിലാക്രമത്തിലെ ഏറ്റവും അധഃസ്ഥായിസ്‌തരങ്ങള്‍ മണല്‍ക്കല്ല്‌, ഷെയ്‌ല്‍, സ്ലേറ്റ്‌ എന്നിവയാണ്‌. പാപാഗ്‌നി (പെന്നാറിന്റെ പോഷകനദി)ക്രമം എന്നാണ്‌ ഈ സ്‌തരങ്ങളെ സാമാന്യമായി വിശേഷിപ്പിക്കുന്നത്‌. അന്തര്‍വേധനം സൃഷ്ടിച്ച ആഗ്‌നേയ ശിലാസിരകളും അവയുടെ സാമീപ്യം മൂലമുളവായ കായാന്തരണം സൃഷ്ടിച്ച ആസ്‌ബെസ്‌റ്റോസ്‌, ബാരൈറ്റ്‌സ്‌, ടാല്‍ക്‌, സെര്‍പെന്റൈന്‍ തുടങ്ങിയ ധാതുക്കളും കൂടാതെ സ്ലേറ്റ്‌, ചുണ്ണാമ്പുകല്ല്‌ എന്നിവയും പാപാഗ്‌നി ക്രമത്തിലെ പ്രകൃതിസമ്പത്തുകളില്‍പ്പെടുന്നു.പാപാഗ്‌നിക്രമത്തിനു‌ മുകളിലുള്ള ചെയ്യാര്‍ശ്രണി ഷെയ്‌ല്‍, ക്വാര്‍ട്ട്‌സൈറ്റ്‌ എന്നിവ ഉള്‍ക്കൊള്ളുന്നു. ചെയ്യരു, പെന്നാര്‍ എന്നീ നദികളുടെ തടങ്ങളില്‍ ഈ ക്രമത്തിലേതായ ശിലകള്‍ അനാച്ഛാദിതമായിരിക്കുന്നു. നല്ലമലൈ നിരകളില്‍ മേല്‌പറഞ്ഞ രണ്ടു ശിലാശ്രണികള്‍ക്കു മുകളിലായി വ്യവച്ഛിന്നമായ ആയിരത്തിലധികം മീ. കനത്തിലുള്ള ശിലാക്രമങ്ങളില്‍ ക്വാര്‍ട്ട്‌സൈറ്റ്‌, ഷെയ്‌ല്‍, സ്ലേറ്റ്‌ എന്നീയിനം ശിലകളുണ്ട്‌. ഷെയ്‌ലിനു‌ള്ളിലെ ചുണ്ണാമ്പുകല്‍പ്പടലങ്ങളില്‍ കാരീയത്തിന്റെ ഒരു സുപ്രധാന അയിരായ ഗലീന എന്ന ധാതുവും കാണപ്പെടുന്നു.

വടക്കേ അറ്റത്ത്‌, കൃഷ്‌ണാനദിക്കരയിലെ ശിലാക്രമമാണ്‌ ഏറ്റവും പ്രായം കുറഞ്ഞത്‌. കര്‍ണൂല്‍ ശിലാക്രമത്തിന്‌ അധഃസ്ഥായിയായ കൃഷ്‌ണാക്രമത്തില്‍ സ്ലേറ്റ്‌, ക്വാര്‍ട്ട്‌സൈറ്റ്‌ എന്നീയിനം ശിലകളാണുള്ളത്‌. കടപ്പാശിലാക്രമങ്ങളില്‍ നിന്നു ചെമ്പ്‌, ഇരുമ്പ്‌, മാങ്‌ഗനീസ്‌, കൊബാള്‍ട്ട്‌, നിക്കല്‍ എന്നീ ലോഹങ്ങളുടെ അയിരുകളും ബാരൈറ്റ്‌സ്‌, ആസ്‌ബെസ്‌റ്റോസ്‌, സ്റ്റീയറ്റൈറ്റ്‌, ജാസ്‌പര്‍, ചെര്‍ട്ട്‌ എന്നീ ധാതുക്കളും ഖനനം ചെയ്യപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍