This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടപയാദി സമ്പ്രദായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടപയാദി സമ്പ്രദായം

സംസ്‌കൃതഭാഷയിലെ ഒരു അക്ഷരസംഖ്യാ സമ്പ്രദായം. ഞ, ന എന്നിവയൊഴികെയുള്ള വ്യഞ്‌ജനങ്ങളെ ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങളായും സ്വരങ്ങളെയും ഞ, ന എന്നിവയെയും പൂജ്യമായും ഇതില്‍ പ്രതിനിധാനം ചെയ്യുന്നു. ഭാരതീയരായ പണ്ഡിതന്മാര്‍ പലതരത്തിലുള്ള അക്ഷരസംഖ്യാരീതികള്‍ പ്രയോഗിച്ചിരുന്നു. ആര്യഭടന്‍ ക, ഭാസ്‌കരാചാര്യന്‍ ക എന്നിവര്‍ ആര്യഭടീയം, ലഘുഭാസ്‌കരീയം എന്നീ ജ്യോതിശ്ശാസ്‌ത്രഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള അക്ഷരസംഖ്യാരീതികള്‍ക്ക്‌ ചെറിയ വ്യത്യാസം കാണാവുന്നതാണ്‌. ഇന്നത്തെ കടപയാദി സമ്പ്രദായം കേരളീയനായ( വരരുചിയുടെ കാലംമുതലാണ്‌ പ്രചാരത്തില്‍ വന്നതെന്നുപറയാം.

"കടപയവര്‍ഗഭവൈ
രിഹ പിണ്ഡാന്തൈരക്ഷരൈരങ്കാഃ
നേഞേ ശൂന്യം ജ്ഞേയം
തഥാ സ്വരേ കേവലേ കഥിതേ'		     
(വരരുചി)
  <nowiki>
ഈ സമ്പ്രദായമനു‌സരിച്ചു ക, ട, പ, യ എന്നീ അക്ഷരങ്ങള്‍ ഓരോന്നും ഒന്ന്‌ എന്ന അക്കത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ്‌ ഇതിന്‌ കടപയാദി എന്നു പേരുണ്ടായത്‌. (ഖ, ഠ, ഫ,ര); (ഗ, ഡ, ബ, ല); (ഘ, ഢ, ഭ, വ); (ങ, ണ, മ, ശ); (ച, ത, ഷ; ഛ, ഥ, സ); (ജ, ദ, ഹ); (ഝ, ധ, ള); (ഞ, ന) എന്നിവ യഥാക്രമം രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌, ഏഴ്‌, എട്ട്‌, (ഒന്‍പത്‌, പൂജ്യം എന്നിവയെ കുറിക്കുന്നു. കൂട്ടക്ഷരങ്ങള്‍ക്ക്‌ അവസാനത്തെ അക്ഷരത്തിന്റെ വിലയാണ്‌ (ഉദാ. ന്‌ദ്ര  2; ക്‌ത = 6).

അക്ഷരങ്ങള്‍ക്കുള്ള അക്കങ്ങള്‍ ക്രമത്തില്‍ എഴുതി മറിച്ചുവായിച്ചാണ്‌ മൊത്തം സംഖ്യ അറിയുന്നത്‌. ഇതനു‌സരിച്ച്‌ "നാദധാടി' 1980 ആയിരിക്കും. ജ്യോതിഷത്തിലും മറ്റും സൗകര്യത്തിനു‌വേണ്ടി കടപയാദി സമ്പ്രദായത്തിലാണ്‌ പ്രായേണ സംഖ്യകള്‍ നിര്‍ദേശിക്കപ്പെടാറുള്ളത്‌.കടപയാദി ഉപയോഗിച്ചുണ്ടാക്കുന്ന അക്ഷരക്കൂട്ടത്തിന്‌ പരല്‍പ്പേര്‌ എന്നു പറഞ്ഞുവരുന്നു. പരല്‍പ്പേരുകള്‍ ഉണ്ടാക്കുമ്പോള്‍ അതിന്‌ എന്തെങ്കിലും ഒരര്‍ഥമുണ്ടാകണമെന്നും സാധിക്കുമെങ്കില്‍ അത്‌ അന്വര്‍ഥം തന്നെയാകണമെന്നും ചില ആചാര്യന്മാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു.

തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ, ചേന്നാസ്‌ നമ്പൂതിരിയുടെ കാലം ആ കൃതിയിലെ "കല്യബ്‌ദേഷ്വതിയത്‌സു നന്ദനയനേഷ്വംഭോധിസംഖ്യേഷു' എന്ന പദ്യത്തില്‍ നിന്ന്‌ അറിയാന്‍ സാധ്യമാണ്‌ (കലിവര്‍ഷം 4529, അതായത്‌ കൊല്ലവര്‍ഷം 603 മേടമാസത്തോടടുപ്പിച്ച്‌). ഇതില്‍നിന്ന്‌ ചേന്നാസിന്റെ സമകാലികനായ പുനം കവിയുടെ കാല(അന്യഥാ അലഭ്യം)വും മനസ്സിലാക്കാം. മേല്‌പുത്തൂര്‍ നാരായണ ഭട്ടതിരിയുടെ നാരായണീയം അവസാനിക്കുന്നത്‌ "ദ്വേധാ നാരായണീയം ശ്രുതിഷു ചജനു‌ഷാ സ്‌തുത്യതാ വര്‍ണനേന സ്‌ഫീതം ലീലാവതാരൈരിദമിഹ കുരുതാമായുരാരോഗ്യസൗഖ്യം' എന്നിങ്ങനെയാണ്‌. ഇതിലെ "ആയുരാരോഗ്യസൗഖ്യം' എന്നത്‌ നാരായണീയം എഴുതിത്തീര്‍ത്ത ദിവസത്തെ കലിസംഖ്യയെ സൂചിപ്പിച്ചിരിക്കുന്നു. അതനു‌സരിച്ച്‌ കൊല്ലവര്‍ഷം 762 വൃശ്ചികം 28നാണ്‌ ഗ്രന്ഥം സമാപിച്ചതെന്നു മനസ്സിലാകുന്നു. കൃഷ്‌ണനാട്ടം എന്ന പേരില്‍ പ്രസിദ്ധമായ കൃഷ്‌ണഗീതിയുടെ അവസാനപദ്യത്തിലെ "ശ്ലാഘ്യാസ്‌തുതിര്‍ഗാഥകൈഃ' എന്ന പരല്‍പ്പേരില്‍നിന്ന്‌ ആ ഗ്രന്ഥത്തിന്റെ രചന സമാപിച്ചത്‌ കൊല്ലവര്‍ഷം 829 (എ.ഡി. 17-ാം ശതകം)ലാണെന്ന്‌ വ്യക്തമാകുന്നു. ഇപ്രകാരം സാഹിത്യചരിത്രഗവേഷകര്‍ക്ക്‌ ഗ്രന്ഥകാരന്മാരുടെയും കൃതികളുടെയും കാലനിര്‍ണയത്തിനു‌ കടപയാദി വളരെ സഹായകമാണെന്നു കാണാം.

സംസ്‌കൃതത്തിലെ കടപയാദി സമ്പ്രദായത്തെ മലയാളഭാഷയിലേക്ക്‌ പകര്‍ത്തി മലയാളാക്ഷരങ്ങളുപയോഗിച്ചും പരല്‍പ്പേരുകളുണ്ടാക്കാവുന്നതാണ്‌. അങ്ങനെ വരുമ്പോള്‍ സംസ്‌കൃത ഭാഷയിലില്ലാത്ത ഴ, റ എന്നീ അക്ഷരങ്ങള്‍ക്കും ഏതെങ്കിലും ഒരു സംഖ്യ കല്‌പിക്കേണ്ടിയിരിക്കുന്നു. ആചാര്യന്മാര്‍ ഈ അക്ഷരങ്ങള്‍ക്കു പൂജ്യം എന്ന സംഖ്യയാണ്‌ കൊടുത്തിട്ടുള്ളത്‌. മാത്രമല്ല ചില മലയാള ഭാഷാപദങ്ങള്‍ (പാല്‍, കേള്‍, ഞാണ്‍, തേന്‍ മുതലായവ) ല്‍, ള്‍, ന്‍, ണ്‍ എന്നിങ്ങനെയുള്ള ചില്ലുകളില്‍ അവസാനിക്കുന്നവയാകയാല്‍ ഈ ചില്ലുകള്‍ക്കു ക്രമത്തില്‍ ല, ള, ന, ണ എന്നീ പൂര്‍ണാക്ഷരങ്ങള്‍ക്കു സിദ്ധിച്ചിട്ടുള്ള സംഖ്യ നല്‍കപ്പെട്ടിരിക്കുന്നു. ഇതനു‌സരിച്ച്‌ "കുറുക്കുവഴിയില്‍' എന്നത്‌ 3104101 എന്ന സംഖ്യയായിരിക്കും. നോ: അക്കങ്ങള്‍; അക്ഷരസംഖ്യ
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍