This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കച്ചത്തീവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കച്ചത്തീവ്‌

Kachchativu

ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയ്‌ക്കുള്ള പാക്‌ കടലിടുക്കിലെ ഒരു ചെറുദ്വീപ്‌. രാമേശ്വരത്തുനിന്ന്‌ 16 കി.മീ. വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. "കച്ച'(അഴുക്കു നിറഞ്ഞ പ്രദേശം)യില്‍ നിന്നാണ്‌ കച്ചത്തീവ്‌ (കച്ചദ്‌ദ്വീപ്‌) എന്ന പേര്‌ ലഭിച്ചത്‌. രാമനാഥപുരം രാജാവിന്റെ "ജാഗിര്‍ദാരി'യില്‍പ്പെട്ടതായിരുന്നു കച്ചത്തീവ്‌. അക്കാലത്ത്‌ ഈ ദ്വീപില്‍ നിന്നു ചിപ്പികളും ഔഷധച്ചെടികളും ശേഖരിക്കാനുള്ള പാട്ടാവകാശം തത്‌പരരായ ആളുകള്‍ക്ക്‌ നല്‌കിയിരുന്നു.

വി. അന്തോണി (St. Antony)യുടെ നാമധേയത്തില്‍ ഒരു ചെറിയ റോമന്‍ കത്തോലിക്കാദേവാലയം കച്ചത്തീവിലുണ്ട്‌. ഈ ദേവാലയത്തിലെ വര്‍ഷംതോറുമുള്ള പെരുന്നാളാഘോഷം പ്രശസ്‌തമാണ്‌. മാര്‍ച്ച്‌ മാസത്തില്‍ നടക്കുന്ന പെരുന്നാളില്‍ സംബന്ധിക്കുവാന്‍ അനേകായിരം ക്രിസ്‌തുമത വിശ്വാസികള്‍ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഇവിടെ എത്തുന്നു. തങ്കച്ചിമഠ (Tangachchimatam)ത്തിലെ പുരോഹിതനാണ്‌ മതകര്‍മാനുഷ്‌ഠാനങ്ങള്‍ നടത്തുന്നത്‌. ഭൂരിഭാഗവും പാറയും കുറ്റിക്കാടുകളും പൂഴിയുംകൊണ്ട്‌ നിറഞ്ഞ ഈ പ്രദേശത്ത്‌ എത്തുന്ന വിശ്വാസികള്‍ പ്രാര്‍ഥനയ്‌ക്കു ശേഷം വ്യാപാരത്തിലേക്കു തിരിയുന്നു. മാറ്റക്കച്ചവടമാണ്‌ പ്രധാനം. ചുട്ടുപഴുത്ത പാറയില്‍ നിന്നും സൂര്യാതപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നത്‌ താത്‌കാലികമായി നിര്‍മിക്കുന്ന കൂടാരങ്ങളും പന്തലുകളുമാണ്‌. പെരുന്നാള്‍ കഴിയുന്നതോടെ വിശ്വാസികള്‍ മടങ്ങുന്നു; ദ്വീപ്‌ വിജനമാകുകയും ചെയ്യുന്നു.

1956ല്‍ കച്ചത്തീവിന്റെ മേല്‍ അന്നത്തെ സിലോണ്‍ അവകാശമുന്നയിച്ചു. പ്രാചീന സിലോണ്‍ ഭൂപടങ്ങളില്‍പ്പോലും കച്ചത്തീവ്‌ ആ രാജ്യത്തിന്റെ വകയായി അടയാളപ്പെടുത്തിയിട്ടുള്ളതായി അവര്‍ വാദിച്ചു. പരമാധികാരത്തെപ്പറ്റി രണ്ടു രാജ്യങ്ങളും അവകാശവാദമുന്നയിച്ചിരുന്നെങ്കിലും പെരുന്നാള്‍ കാലത്ത്‌ അവര്‍ കച്ചത്തീവിലേക്ക്‌ തങ്ങളുടെ പൊലീസിനെയോ മറ്റുദ്യോഗസ്ഥന്മാരെയോ നിയോഗിച്ചിരുന്നില്ല. എന്നാല്‍ 1968ല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി 20 കി.മീ. ആക്കി വര്‍ധിപ്പിച്ചതോടെ കച്ചത്തീവ്‌പ്രശ്‌നം സജീവമായി. 1970ല്‍ സിലോണും അതിന്റെ സമുദ്രാതിര്‍ത്തി 19.2 കി.മീ. ആക്കിയപ്പോള്‍ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമായി.

പ്രശ്‌നപരിഹാരാര്‍ഥം കൊളംബോയിലും ന്യൂഡല്‍ഹിയിലുമായി, രണ്ടു രാജ്യങ്ങളിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ നിരവധി ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി 1974 ജൂലാ. 28ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും ഒരു കരാറില്‍ ഒപ്പുവച്ചു. ഇതനുസരിച്ച്‌, കച്ചത്തീവ്‌ ശ്രീലങ്കയുടേതായിത്തീര്‍ന്നു. കച്ചത്തീവിന്റെ പടിഞ്ഞാറെ തീരത്തിന്‌ 1.6 കി.മീ. അകലെയായി, ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിര്‍ത്തി അംഗീകരിക്കപ്പെട്ടു. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും തീര്‍ഥാടകര്‍ക്കും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതികളൊന്നും കൂടാതെ തന്നെ സ്വതന്ത്രമായി കച്ചത്തീവില്‍ പ്രവേശിക്കുവാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്‌. എണ്ണ, പ്രകൃതിവാതകങ്ങള്‍ തുടങ്ങിയവ നിര്‍ദിഷ്ട സമുദ്രാതിര്‍ത്തി കടന്നും വ്യാപിച്ചിരിക്കുന്നതായി പില്‌ക്കാലത്ത്‌ കാണുന്ന പക്ഷം ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന്‌ അവയുടെ ചൂഷണം ഫലപ്രദമായി നിര്‍വഹിക്കുവാനും അതിന്റെ നേട്ടങ്ങള്‍ പങ്കിട്ടനുഭവിക്കുവാനും കരാര്‍ അനുശാസിക്കുന്നു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍