This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കച്ചകെട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കച്ചകെട്ട്‌

കഥകളി അഭ്യസനത്തിന്റെ ആരംഭം കുറിക്കുന്ന ഒരു ചടങ്ങ്‌. ശരീരത്തിനു ലാഘവം വരുത്തുവാനും കൈകാലുകള്‍ അനായാസമായി ചലിപ്പിക്കുവാനും ഇടുപ്പിനും ശരീരത്തിനാകമാനവും കര്‍മസ്വാധീനത വരുത്തുവാനുമാണ്‌ കച്ചകെട്ടുന്നത്‌. കളരിപ്പയറ്റ്‌, ആയുധാഭ്യാസം, വേലകളി തുടങ്ങി കായികായാസപ്രധാനങ്ങളായ എല്ലാ അഭ്യാസമുറകള്‍ക്കും കച്ച കെട്ടാറുണ്ട്‌. കച്ച കെട്ടുക എന്നതിന്‌ അരയില്‍ പട്ട മുറുക്കിക്കെട്ടുക എന്നാണര്‍ഥം.

കഥകളിയിലെ ഒരു പ്രധാന ചടങ്ങായ കച്ചകെട്ടിന്‌ ഏഴും പതിനഞ്ചും വയസ്സിനിടയ്‌ക്കു പ്രായമുള്ള ആണ്‍കുട്ടികളെയാണു തിരഞ്ഞെടുക്കാറുള്ളത്‌. അംഗസൗഷ്‌ഠവം, സംഗീതജ്ഞാനം, ജ്ഞാനതൃഷ്‌ണ എന്നീ ഗുണങ്ങള്‍ കച്ചകെട്ടിന്‌ ഒരുങ്ങുന്ന ബാലന്മാര്‍ക്ക്‌ അവശ്യം വേണ്ട ഗുണങ്ങളാണ്‌. കളരികളില്‍ വച്ചു നടത്തപ്പെടാറുള്ള കച്ചകെട്ട്‌ ശുഭദിവസങ്ങളില്‍ ശുഭമുഹൂര്‍ത്തത്തിലാണ്‌ നടത്തുന്നത്‌. കച്ചകെട്ട്‌ നടത്തുന്ന ദിവസം കളരിയുടെ കന്നിക്കോണില്‍ നിലവിളക്കു കത്തിച്ചുവച്ചു ഗണപതിയെ ധ്യാനിച്ചുകൊണ്ടു വിദ്യാര്‍ഥി ഗുരുവിനു യഥാവിധി ദക്ഷിണ നല്‍കണം. അതുകഴിഞ്ഞാല്‍ ഗുരു ശിഷ്യനെ അനുഗ്രഹിക്കുകയും 274 സെ.മീ.

നീളവും 15 സെ.മീ. വീതിയും (മൂന്നു ഗജം നീളവും ആറിഞ്ചു വീതിയും) ഉള്ള ഒരു കച്ചയും കുറച്ചു എണ്ണ(പച്ച എണ്ണ)യും നല്‍കുകയും ചെയ്യുന്നു. കളരി ആശാന്റെ നിര്‍ദേശപ്രകാരം ശിഷ്യന്‍ കച്ച അരയില്‍ ചുറ്റുന്നു. പിന്നീട്‌ ആശാന്‍ ശിഷ്യന്റെ ദേഹമാസകലം എണ്ണ പുരട്ടുന്നു; തുടര്‍ന്നു ശിഷ്യന്‍ ഗണപതിയെയും ഗുരുവിനെയും നമസ്‌കരിച്ചുകൊണ്ട്‌ അഭ്യസനം ആരംഭിക്കുന്നു. താഴ്‌ന്നുനില്‍ക്കുവാനുള്ള നിര്‍ദേശം നല്‍കിക്കൊണ്ടാണ്‌ ആശാന്‍ പരിശീലനം തുടങ്ങുന്നത്‌. താഴ്‌ന്നു നില്‍ക്കുന്നതിനും "തട്ടിത്തൊഴുന്ന'തിനുമുള്ള ചുവടുകളാണ്‌ പ്രഥമ പാഠങ്ങള്‍.

കലാശാഭ്യസനം, ശരീരത്തിനും അരയ്‌ക്കും ആയാസം വരുത്തുന്നതിനുള്ള ചുവടുകള്‍ എന്നിവയാണ്‌ തുടര്‍ന്നുവരുന്നത്‌. മുദ്രകള്‍, ഭാവാഭിനയങ്ങള്‍, രസാഭിനയങ്ങള്‍, കണ്‍മിഴി, പുരികം, കവിള്‍ത്തടം, അധരോഷ്‌ഠങ്ങള്‍ എന്നീ ഉപാംഗങ്ങളുടെ പ്രയോഗം, അഭ്യാസം എന്നിവയാണ്‌ അടുത്തത്‌.

കച്ചകെട്ടിലെ രണ്ടാം ഘട്ടമാണ്‌ ചൊല്ലിയാട്ടം. ഇതില്‍ വേഷങ്ങളൊന്നുമില്ലാതെ താളമേളങ്ങളുടെ പശ്ചാത്തലത്തില്‍ ശിഷ്യന്‍ പാട്ടിന്റെ അര്‍ഥം പദം ചൊല്ലിയാടുന്നു. കളരിയില്‍വച്ചു നടത്തപ്പെടുന്ന ചൊല്ലിയാട്ടത്തോടുകൂടി കച്ചകെട്ട്‌ എന്ന ചടങ്ങ്‌ അവസാനിക്കുന്നു.

ഇപ്രകാരമുള്ള കച്ചകെട്ട്‌ നാലുമാസക്കാലം ഉണ്ടായിരിക്കും. സാധാരണ വര്‍ഷക്കാലത്താണ്‌ കച്ചകെട്ട്‌ തുടങ്ങുന്നത്‌. ഉഴിച്ചില്‍, തിരുമ്മല്‍ എന്നീ ചടങ്ങുകള്‍ കച്ചകെട്ട്‌ കഴിഞ്ഞാണ്‌ നടത്തപ്പെടുന്നത്‌. കച്ചകെട്ടു കഴിഞ്ഞു കുറഞ്ഞത്‌ അഞ്ചു കൊല്ലത്തോളമുള്ള കഠിനാഭ്യാസത്തിനു ശേഷമേ നടന്മാര്‍ രംഗപ്രവേശം ചെയ്യുകയുള്ളൂ.കച്ചകെട്ട്‌ ആരംഭിച്ചുകഴിഞ്ഞാല്‍ ശിഷ്യന്‍ ഗുരുവിനോടൊപ്പമാണു താമസിക്കുന്നത്‌. മറ്റു നൃത്തകലകളിലും കച്ചകെട്ടിനു തുല്യമായുള്ള ചടങ്ങുകള്‍ നിലവിലുണ്ട്‌. ഗുരുദക്ഷിണ നല്‍കലും ഗുരുവന്ദനവും തട്ടിത്തൊഴുന്ന ചടങ്ങും അവയില്‍ ചിലതാണ്‌.

നോ: കഥകളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍