This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കങ്ഗാരു എലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കങ്ഗാരു എലി
kangaroo Rat
തെക്കുപടിഞ്ഞാറന്‍ യു.എസ്സില്‍ കാണപ്പെടുന്ന കരണ്ടുതീനി. ശാ.നാ.: ഡൈപോഡമിസ് ഡെസെര്റ്റി (odomys Deserti); ഹെറ്ററോമൈയിഡേ; ജന്തുകുടുംബത്തില്‍പ്പെടുന്നു അമേരിക്കയിലെ തെക്കുപടിഞ്ഞാറന്‍ മരുഭൂമികളിലും അര്‍ധ മരുഭൂമികളിലും ഉള്ള ചൂടു കൂടിയതും വരണ്ടതുമായ പ്രദേശങ്ങളാണ് ഇവയ്ക്കിഷ്ടം. ഇവ ആഴത്തില്‍ കുഴിച്ച മാളങ്ങള്‍ക്കുള്ളില്‍ പകല്‍സമയം കഴിച്ചുകൂട്ടുന്നു. രാത്രിയാകുന്നതോടെ ആഹാരസമ്പാദനാര്‍ഥം പുറത്തിറങ്ങുന്നു. മരുഭൂമിയിലെ അത്യുഷ്ണത്തില്‍ നിന്നു രക്ഷനേടുന്നതിനുള്ള മാര്ഗമായിരിക്കാമിത്.
കങ്ഗാരു എലിയുടെ ഉടലിനു 1020 സെ.മീ. നീളമുണ്ട്. ശരീരത്തിന്റെ മേല്ഭാഗത്തിന്റെ നിറം കടുത്ത തവിട്ടു മുതല്‍ ഇളം മഞ്ഞ വരെയാകാറുണ്ട്. അതിദീര്‍ഘമായ പിന്കാലുകള് ഉള്ള ഈ ജീവി നീളം കൂടിയ വാല് ഒരു സന്തുലനോപാധി (ബാലന്‍സര്‍) ആയി ഉപയോഗിച്ചു കങ്ഗാരുവിനെപ്പോലെ ചാടിച്ചാടി സഞ്ചരിക്കുന്നു. ഓരോ ചാട്ടത്തിലും ഏറെ ദൂരം പിന്നിടാന്‍ ഇവയ്ക്കു കഴിയും. കങ്ഗാരുഎലി എന്ന പേരിനു കാരണവും ഇതുതന്നെയാകാം. ഭയപ്പെട്ടാലുടന് അതിവേഗം തന്റെ മാളത്തിലെത്തുക ഇതിന്റെ പ്രത്യേകതയാണ്. വാലിന്റെ അറ്റത്ത് കറുത്തതും വെളുത്തതുമായ നീണ്ട രോമങ്ങള്‍ സമൃദ്ധമായികാണുന്നു. പിന്‍കാലുകളില്‍ നിവര്‍ന്നു നില്ക്കുമ്പോള് ഈ വാല് മൂന്നാമതൊരു കാല്‍പോലെ ജീവിയെ സഹായിക്കുന്നു. മരുഭൂമിയില്‍ നാമമാത്രമായി കാണപ്പെടുന്ന സസ്യശകലങ്ങളും വിത്തുകളുമാണ് കങ്ഗാരു എലിയുടെ ആഹാരം. ഇതിന്റെ കവിള്സഞ്ചികള് ആഹാരം ശേഖരിച്ച് മാളത്തിലേക്കു കൊണ്ടുപോകാന്‍ പറ്റിയതരത്തില്‍ വലുപ്പമേറിയതാണ്. വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത ഈ ജീവി, ദാഹശമനാര്ഥം കിഴങ്ങുകള്‍ കഴിക്കുകയാണ് പതിവ്; അവയിലെ ജലാംശം ഇതിനു ധാരാളം മതിയാകും. ഇവയുടെ അത്യന്തം പ്രവര്‍ത്തനക്ഷമമായ വൃക്കകള്‍ക്ക് നൈട്രജന്‍ വിസര്ജ്യങ്ങളെ നീക്കം ചെയ്യുന്നതിനു വളരെ കുറച്ചു ജലം മതിയാകും.
ഒറ്റയ്ക്കു കഴിയാന്‍ ഇഷ്ടപ്പെടുന്ന ജീവിയാണ് കങ്ഗാരു എലി. ഇണചേരുന്ന കാലങ്ങളില്‍ മാത്രമേ ഇവ മറ്റൊരംഗത്തിന്റെ സാമീപ്യം സഹിക്കുകയുള്ളൂ. മറ്റ് ഏതു സമയത്തായാലും രണ്ടെലികള്‍ ഒരുമിച്ച് ഒരിടത്തു പെട്ടുപോകുന്ന പക്ഷം, ഒന്നിന്റെ മരണംവരെ അവ പോരാടുന്നു.