This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കങ്‌ഗാരു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കങ്‌ഗാരു

Kangaroo

ആസ്‌റ്റ്രലിയയിലും സമീപസ്ഥദ്വീപുകളിലും കാണപ്പെടുന്ന സഞ്ചിമൃഗ(മാര്‍സൂപിയല്‍)ങ്ങളുടെ പൊതുവായ പേര്‌. മാക്രാപോഡിഡേ കുടുംബത്തിലാണ്‌ ഉള്‍പ്പെടുന്നത്‌. ഒരു കങ്‌ഗാരുവിന്‌ ആടിന്റേതുപോലെയുള്ള തലയും വലുപ്പമേറിയ അനക്കാവുന്ന ചെവികളും ഉണ്ടായിരിക്കും. വക്ഷോഭാഗം പൊതുവേ മെലിഞ്ഞതാണ്‌; പിന്‍ഭാഗം താരതമ്യേന ഭാരം കൂടിയതും. മുന്‍കാലുകള്‍ വളരെ ചെറുതാണ്‌; ഇതില്‍ വിവിധ വലുപ്പമുള്ള അഞ്ച്‌ വിരലുകള്‍ ഉണ്ട്‌. നീണ്ടു ശക്തമായ പിന്‍കാലുകള്‍ ഉപയോഗിച്ചാണ്‌ ഇവ തങ്ങളുടെ മാത്രം പ്രത്യേകതയായ "കങ്‌ഗാരുച്ചാട്ടം' നടത്തുന്നത്‌. സാമാന്യം വലുപ്പമേറിയ ഒരു കങ്‌ഗാരുവിന്‌ ഒറ്റച്ചാട്ടത്തില്‍ 9 മീ. വരെ ദൂരം നിഷ്‌പ്രയാസം പിന്നിടാന്‍ കഴിയും. പിന്‍കാലില്‍ നാലു വിരലുകളേയുള്ളൂ; പുറവശത്തായി കാണുന്ന വിരലിനോടു തൊട്ടുള്ള വിരലില്‍ നീണ്ടു മൂര്‍ച്ചയുള്ള നഖമുണ്ടായിരിക്കും. ഇതു പ്രതിരോധാവയവമായി ഉപയോഗിക്കപ്പെടുന്നു. വാലിനു നീളവും നല്ല ബലവുമുണ്ട്‌. കങ്‌ഗാരുവിനു നേരേ നിവര്‍ന്നിരിക്കുന്നതിനും ശരിയായ ദിശയില്‍ ചാടുന്നതിനും വാലിന്റെ സഹായം കൂടിയേ കഴിയൂ. തുകല്‍ വളരെ കട്ടികൂടിയതാണെങ്കിലും കങ്കാരുരോമം സാധാരണനിലയില്‍ മൃദുവും കമ്പിളിപോലെയുള്ളതുമാണ്‌.

കങ്‌ഗാരുവും ഉദരസഞ്ചിയില്‍നിന്നും പുറത്തേക്ക്‌ തലനീട്ടുന്ന കുട്ടിയും

ആസ്‌റ്റ്രലിയന്‍ ജന്തുജാലത്തിലെ ഏറ്റവും ശ്രദ്ധേയ അംഗമായ കങ്‌ഗാരുവാണ്‌ ആസ്‌റ്റ്രലിയയുടെ ദേശീയ മൃഗം. കരയില്‍ മാത്രം കഴിയുന്നതും സസ്യഭുക്കും ആയ ഒരു സസ്‌തനിയാണ്‌ കങ്‌ഗാരു. പെണ്‍കങ്‌ഗാരുവില്‍ ഉദരസഞ്ചി സുവികസിതമായിരിക്കും. പ്രസവത്തിനു മുമ്പായി മാതാവ്‌ തന്റെ ഉദരഭാഗം നക്കി നനച്ചു വയ്‌ക്കുന്നു. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ ഈ നനഞ്ഞ രോമത്തെ പിന്തുടര്‍ന്നു സഞ്ചിക്കുള്ളില്‍ എത്തിച്ചേരും. ഓരോ കങ്‌ഗാരുവിലും സഞ്ചിക്കുള്ളിലേക്കു തുറക്കുന്ന നാലു സ്‌തനഗ്രന്ഥികള്‍ ഉണ്ട്‌. ഇതില്‍ രണ്ടെണ്ണം മാത്രമേ ഒരു സമയം കര്‍മനിരതമായിരിക്കൂ. ആക്രമണോദ്ദേശ്യത്തോടെ പെണ്‍കങ്‌ഗാരുവിനെ പിന്തുടര്‍ന്നാല്‍, അത്‌ ചാടിപ്പോകുന്നതിനിടയില്‍ കുഞ്ഞുങ്ങളെ സഞ്ചിക്കു വെളിയിലെടുത്തു സൗകര്യത്തിന്‌ കിട്ടുന്ന പൊന്തക്കാടുകളില്‍ സൂക്ഷിക്കുക പതിവാണ്‌.

തുകലിനും മാംസത്തിനുമായി കങ്‌ഗാരു വളരെയധികം വേട്ടയാടപ്പെട്ടുവരുന്നു. "കങ്‌ഗാരുവേട്ട' ആസ്‌റ്റ്രലിയയില്‍ വളരെ ജനപ്രീതി നേടിയ ഒരു വിനോദമായിത്തീര്‍ന്നിരിക്കയാണ്‌. ഇതിലേക്കായി "ഗ്ര ഹൗണ്ട്‌' എന്നയിനം നായാട്ടുനായയെ പരിശീലിപ്പിച്ചെടുക്കുന്നു. സാധാരണനിലയില്‍ കങ്‌ഗാരു ശാന്തപ്രകൃതിയായ ഒരു മൃഗമാണെങ്കിലും, വേട്ടയാടപ്പെടുന്നതോടെ ഇത്‌ വളരെ അപകടകാരിയായി മാറുന്നു. മുന്‍കാലുകള്‍ (കൈ) ഉപയോഗിച്ച്‌ അക്രമിയെ ശക്തമായി അടിക്കുന്നതോടൊപ്പം പിന്‍കാലുകള്‍ ബലത്തില്‍ വീശി അതിലെ നഖംകൊണ്ടു മുറിപ്പെടുത്തുകയും ചെയ്യുന്നു. കങ്‌ഗാരുവിനെ ഇണക്കി പരിശീലനവിധേയമാക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. പരിശീലിപ്പിക്കപ്പെട്ട കങ്‌ഗാരുവും മനുഷ്യനും തമ്മിലുള്ള ബോക്‌സിങ്‌ മത്സരങ്ങള്‍ ആസ്‌റ്റ്രലിയയില്‍ ഒരു സാധാരണ കാഴ്‌ചയാണ്‌.

വര്‍ഗീകരണം. മാക്രാപോഡിഡേ ജന്തുകുടുംബത്തില്‍ മൂന്ന്‌ ഉപകുടുംബങ്ങളുണ്ട്‌. i മാക്രാപോഡിനേ (Macropodinae), II ഹിപ്‌സിപ്രിനോഡോണ്‍ടിനേ (Hypsiprymnodontenae), III പോടോറോയിനേ (Potoroinae).

ഏറ്റവും വലിയ ഉപകുടുംബമായ മാക്രാപോഡിനേയില്‍

1. കങ്‌ഗാരു, 2. വോലബി (Wallaby), 3. വൃക്ഷകങ്‌ഗാരു (tree kangaroo) എന്നിവയുള്‍പ്പെടുന്നു.

1. ചുവന്ന ഭീമന്‍ കങ്‌ഗാരു (great red kangaroo) എന്നറിയപ്പെടുന്ന മാക്രാപസ്‌ റൂഫസ്‌ (Macropus rufus) ആണ്‌ ഏറ്റവും വലുപ്പം കൂടിയ ഇനം. ആസ്‌റ്റ്രലിയയിലെ ഉള്‍നാടന്‍സമതലങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ഇവയുടെ ഉടലിനു സു. 1.5 മീ.ഉം വാലിനു സു. 1.മീ.ഉം നീളമുണ്ട്‌. ഈയിനത്തില്‍പ്പെടുന്ന ആണ്‍കങ്‌ഗാരുവിന്റെ ശരീരത്തിന്റെ മേല്‍ഭാഗത്തിനു തിളങ്ങുന്ന ചുവപ്പുനിറവും അടിഭാഗത്തിനു ഇളംചാരനിറവുമാണ്‌. പെണ്‍കങ്‌ഗാരുവിനു കടുത്ത ചാരനിറമോ നീലനിറമോ ആയിരിക്കും.

ചുവന്ന ഭീമന്‍ കങ്‌ഗാരുവിനോളം തന്നെ വലുപ്പമുള്ള ഒരു ഇനമാണ്‌ ഗ്രറ്റ്‌ ഗ്ര കങ്‌ഗാരു (M.gigantus). അമേരിക്കയിലെയും യൂറോപ്പിലെയും മൃഗശാലകളില്‍ കണ്ടുവരുന്നതും പരക്കെ അറിയപ്പെടുന്നതും ഈ ഇനത്തിലുള്ള കങ്‌ഗാരുവാണ്‌. തെ. ആസ്‌റ്റ്രലിയയിലെ കങ്‌ഗാരു ദ്വീപില്‍ മാത്രം കണ്ടുവരുന്ന മാ.ജൈ. ഫുള്‍ജിനോസസ്‌, തെ.പ. ആസ്‌റ്റ്രലിയയിലുള്ള താരതമ്യേന വലുപ്പം കുറഞ്ഞ മാ.ജൈ. ഓസിഡ്രാമസ്‌, ടാസ്‌മേനിയയില്‍ കണ്ടുവരുന്ന ടാസ്‌മേനിയന്‍ ഗ്രറ്റ്‌ ഗ്ര കങ്‌ഗാരു (മാ.ജൈ. ടാസ്‌മേനിയന്‍സിസ്‌) എന്നിവ ഈയിനത്തില്‍പ്പെടുന്ന ഉപവിഭാഗങ്ങളാണ്‌.

വരണ്ട പാറകളിലും കുന്നുകളിലും മറ്റും കണ്ടുവരുന്ന വാലറൂകള്‍ (Wallaroos) അഥവാ റോക്‌ കങ്‌ഗാരുക്കള്‍ക്ക്‌ (മാ. റോബസ്‌റ്റസ്‌) ഉറച്ച ശരീരമാണുള്ളത്‌. ആസ്‌റ്റ്രലിയയുടെ കിഴക്കന്‍ തീരങ്ങളില്‍ മാത്രം കണ്ടുവരുന്ന മാ.റോ. റോബസ്‌റ്റസ്‌ ആണ്‌ സാധാരണയായി വാലറൂ എന്നറിയപ്പെടുന്നത്‌. തെ.ക്കേ ആസ്‌റ്റ്രലിയയിലും മധ്യേ ആസ്‌റ്റ്രലിയയിലുമുള്ള യൂറോ (Euro) അഥവാ റോവന്‍ (roan)വാലറൂകള്‍ (മാ. റോ. എറുബെസന്‍സ്‌), വ., വ.പടിഞ്ഞാറന്‍ ആസ്‌റ്റ്രലിയയിലെ ആന്റിലോപൈന്‍ (Antilopine) അഥവാ ചുവപ്പു വാലറൂ (മാ.റോ. ആന്റിലോപിനസ്‌) വടക്കന്‍ ആസ്‌റ്റ്രലിയയിലെ ഇരുണ്ട രോമമുള്ള ചെറിയയിനമായ ബര്‍ണാര്‍ഡ്‌സ്‌ വാലറു (മാ.റോ. ബെര്‍നാര്‍ഡസ്‌) എന്നിവ ഉപവിഭാഗങ്ങളാണ്‌.

2. താരതമ്യേന വലുപ്പം കുറഞ്ഞ കങ്‌ഗാരുക്കള്‍ വോലബി എന്ന പേരില്‍ അറിയപ്പെടുന്നു. ആസ്‌റ്റ്രലിയ, ന്യുഗിനിയ തുടങ്ങിയ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇവയ്‌ക്ക്‌ രോമാവൃതമായ വാലും വലുപ്പമേറിയ കാല്‍പ്പാദവുമുണ്ട്‌. കുറ്റിക്കാടുകളിലും തുറന്ന പ്രദേശങ്ങളിലുമാണ്‌ ഇവ വസിക്കുന്നത്‌. വലുപ്പം കൂടിയ ഇനങ്ങളിലൊന്നായ ചുവന്ന കഴുത്തുള്ള വോലബി (red necked Wallabie)യുടെ ഉടലിനു സു.100 സെ.മീ.ഉം വാലിനു സു. 75 സെ.മീ. ഉം നീളമുണ്ടായിരിക്കും. പാറകള്‍ക്കിടയിലുള്ള വിള്ളലുകളില്‍ ജീവിക്കുന്ന പെട്രാഗേല്‍ ജീനസില്‍പ്പെടുന്ന വോലബികള്‍ (wallabies)ക്ക് വൃക്ഷങ്ങളില്‍ കയറുവാനും കഴിയും. മുയല്‍കങ്‌ഗാരു എന്നറിയപ്പെടുന്ന ലാഗര്‍ ചെസ്റ്റസ്‌ ജീനസിലെ അംഗങ്ങള്‍ വലുപ്പം, വേഗത, സ്വഭാവം എന്നിവയിലെല്ലാം മുയലിനോടു സാദൃശ്യം പുലര്‍ത്തുന്നവയാണ്‌.

3. വൃക്ഷവാസികളായ കങ്‌ഗാരു ഇനങ്ങള്‍ (Tree kangaroos) ന്യുഗിനിയയിലും വ.കി. ആസ്‌റ്റ്രലിയയിലും കണ്ടുവരുന്നു. ഇവ ഡെന്‍ഡ്രാലാഗസ്‌ (drolagus) ജെനസിലാണ്‌ ഉള്‍പ്പെടുന്നത്‌. മറ്റെല്ലാ കങ്‌ഗാരു ഇനങ്ങളെയപേക്ഷിച്ചു വലുപ്പം കുറഞ്ഞ ചെവി ഇവയുടെ പ്രത്യേകതയാണ്‌. ഇവയ്‌ക്ക്‌ നീളം കൂടി വണ്ണം കുറഞ്ഞ വാലും മുന്‍കാലുകളോളം തന്നെ നീളമുള്ള പിന്‍കാലുകളും കൂര്‍ത്തു വളഞ്ഞ നഖങ്ങളോടുകൂടിയ പാദങ്ങളും ആണുള്ളത്‌. കൊഴുത്തു പരന്ന ഉള്ളങ്കാല്‍ വൃക്ഷങ്ങളില്‍ കയറുവാന്‍ അനുയോജ്യമായ രീതിയില്‍ രൂപപ്പെട്ടിരിക്കുന്നു.

II ഭൂമുഖത്തെ ആദിമകങ്‌ഗാരു ഇനങ്ങള്‍ ഹിപ്‌സിപ്രിം നോഡോണ്‍ഡിനേ ഉപകുടുംബത്തില്‍പ്പെട്ടവയാണ്‌. ഈ ഇനത്തില്‍പ്പെടുന്ന മസ്‌കിറാറ്റ്‌ കങ്‌ഗാരു (ഹിപ്‌സിപ്രിംനോഡോണ്‍ മസ്‌കാറ്റസ്‌) വാണ്‌ ഏറ്റവും ചെറിയ കങ്‌ഗാരു. പിന്‍കാലിലെ തള്ളവിരല്‍ നിലനിര്‍ത്തുന്നതും ഉദരസഞ്ചിയില്ലാത്തതുമായ ഏക കങ്‌ഗാരു എന്ന നിലയ്‌ക്ക്‌ മസ്‌കി റാറ്റ്‌ കങ്‌ഗാരു പ്രാധാന്യം അര്‍ഹിക്കുന്നു. കങ്‌ഗാരു കുടുംബത്തിലെ ഏകമാംസഭുക്കായ ഇവയുടെ മുഖ്യ ആഹാരം പ്രാണികളാണ്‌.

III. ഹിപ്‌സിപ്രിംനോഡോണ്‍ വിഭാഗവുമായി സാദൃശ്യമുള്ള ചെറിയ കങ്‌ഗാരു ഇനങ്ങള്‍ എലി കങ്‌ഗാരു (rat kangaroo) എന്ന പൊതുനാമത്തിലാണ്‌ അറിയപ്പെടുന്നത്‌. പോട്ടോറൂ (Potoroo) ആണ്‌ ഇതിലെ ഏറ്റവും ആദിമവിഭാഗം. കുറ്റിക്കാടുകളിലും തുറന്ന പ്രദേശങ്ങളിലും വസിക്കുന്ന ഇവ പ്രധാനമായും വേരുകളും പൂപ്പലും മറ്റുമാണ്‌ ആഹരിക്കുന്നത്‌. നോ: കങ്കാരുഎലി; മാര്‍സൂപ്പിയലുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍