This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കക്ഷപുടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കക്ഷപുടം

സിദ്ധനാഗാര്‍ജുന വിരചിതമായ ഒരു മന്ത്രപ്രയോഗ ശാസ്‌ത്രഗ്രന്ഥം. "കൗതുകചിന്താമണി', "അദ്‌ഭുതചിന്താമണി' എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നുണ്ട്‌. വശീകരണാദിവിദ്യയെ പ്രതിപാദിക്കുന്ന പൂര്‍വഭാഗമാണ്‌ അദ്‌ഭുതചിന്താമണിയെന്നും നിധിദര്‍ശനം, അഞ്‌ജനവിദ്യ, ഇന്ദ്രജാലം, പാദുകാസിദ്ധി മുതലായ കൗതുകവിദ്യകളെ പ്രതിപാദിക്കുന്ന ഉത്തരഭാഗമാണ്‌ കൗതുകചിന്താമണിയെന്നും രണ്ടു ചിന്താമണികളും ചേര്‍ന്ന സമ്പൂര്‍ണഗ്രന്ഥത്തിന്റെ സാമാന്യനാമമാണ്‌ കക്ഷപുടമെന്നും അഭിപ്രായമുണ്ട്‌. രഹസ്യശാസ്‌ത്രം എന്നാണ്‌ കക്ഷപുടം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്‌. ഗ്രന്ഥകര്‍ത്താവായ സിദ്ധനാഗാര്‍ജുനന്‍ 12-ാം ശ.ത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.

ഭാരതത്തിലുണ്ടായിരുന്ന പുരാതന തന്ത്രസിദ്ധാന്തങ്ങളെ മുഴുവന്‍ പരിശോധിച്ച്‌, സംക്ഷിപ്‌തമെങ്കിലും സമഗ്രമായി രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം 20 പടലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മന്ത്രസാധനം ഒന്നും സര്‍വജനവശീകരണം, രാജവശ്യം, സ്‌ത്രീവശ്യദ്രാവണങ്ങള്‍, പതിവശ്യം, ആകര്‍ഷണം, സ്‌തംഭനഅഗ്‌നിസ്‌തംഭനജലസ്‌തംഭനങ്ങള്‍, സേനാസ്‌തംഭനം, മോഹനഉച്ചാടനങ്ങള്‍, മാരണം, വിദ്വേഷണവ്യാധിജനനങ്ങള്‍, ഉന്മത്തീകരണഷണ്ഡീകരണഭഗബന്ധനഗൃഹക്ലേശനിവാരണങ്ങള്‍, ഇന്ദ്രജാലവിധാനആശ്ചര്യഗുളികകള്‍, യക്ഷിണീ മന്ത്രസാധനം, അഞ്‌ജനസിദ്ധികുമാരാഞ്‌ജന പാദാഞ്‌ജനലേപാഞ്‌ജനമന്ത്രാഞ്‌ജനങ്ങള്‍,

അജ്ഞാതനിധിദര്‍ശനനിധിഗ്രഹണങ്ങള്‍, അദൃശ്യകരണം, പാദുകാസാധനഗുടികകള്‍, മൃതസഞ്‌ജീവനികാലജ്ഞാനകാലവഞ്ചനങ്ങള്‍, അത്യാഹാരഅനാഹാരകക്ഷപുടികൗതുക വിദ്യകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ്‌ യഥാക്രമം 20 പടലങ്ങളിലായി പ്രസ്‌താവിച്ചിരിക്കുന്നത്‌. "സിദ്ധ നാഗാര്‍ജുനവിരചിത കക്ഷപുടാഭിധാനോയം പ്രയോഗ ഗ്രന്ഥഃ പ്രാരഭ്യതേ' എന്ന മുഖവുരയോടുകൂടി ആരംഭിക്കുന്ന ഈ ശാസ്‌ത്രഗ്രന്ഥത്തിലെ ഓരോ പടലത്തിന്റെ അവസാനത്തിലും പ്രസ്‌തുത കൃതി സിദ്ധനാഗാര്‍ജുന വിരചിതമെന്ന്‌ പ്രത്യേകം പ്രസ്‌താവിച്ചിട്ടുണ്ട്‌. പരമശിവനെയും വാഗ്‌ദേവിയെയും സ്‌തുതിക്കുന്ന ആദ്യപദ്യങ്ങള്‍ രണ്ടും ശാര്‍ദൂലവിക്രീഡിതത്തിലും മറ്റു പദ്യങ്ങളെല്ലാം അനു‌ഷ്ടുഭ നിബദ്ധങ്ങളുമാണ്‌. ഒരു കേരളീയ ഗ്രന്ഥമാണ്‌ കക്ഷപുടമെന്ന്‌ ചിലരഭിപ്രായപ്പെടുന്നുണ്ടെങ്കിലും മഹാകവി ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്‍ ഇത്‌ നിരസിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍