This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കംസന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കംസന്‍

1. ഭാഗവതത്തിലെ ഒരു കഥാപാത്രം. മഥുരയിലെ രാജാവായിരുന്ന ഉഗ്രസേനന്റെ പുത്രന്‍. യാദവവംശ്യനായിരുന്നെങ്കിലും ബ്രഹ്മശാപഫലമായി കാലനേമി എന്ന അസുരന്‍ പുനര്‍ജന്മം പൂണ്ട ആളായതുകൊണ്ട്‌ കംസന്‍ ക്രൗര്യം, ജനപീഡനം തുടങ്ങിയവയുടെ പര്യായമായാണ്‌ ഭാഗവതം തുടങ്ങിയ പുരാണങ്ങളിലും മറ്റു സാഹിത്യകൃതികളിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌. സഹോദരിയായ ദേവകിയെ വസുദേവര്‍ക്കു വിവാഹം ചെയ്‌തുകൊടുത്ത്‌ അവരുടെ ഗൃഹപ്രവേശനത്തിനു താന്‍ തന്നെ തേരു തെളിച്ചു പോകുന്ന വഴിക്ക്‌ ഈ ദമ്പതികളുടെ എട്ടാമത്തെ മകന്‍ തന്നെ വധിക്കുമെന്നുള്ള അശരീരി കേട്ട്‌ അപ്പോള്‍തന്നെ അവരെ നിഗ്രഹിക്കാന്‍ കംസന്‍ തയ്യാറായി. അവരുടെ ദീനവാക്കുകള്‍ കേട്ട്‌ അല്‌പം മനസ്സുമാറിയ കംസന്‍ അവരെ തടവില്‍ പാര്‍പ്പിക്കുകയും സഹോദരിക്കുണ്ടാകുന്ന ഓരോ കുട്ടിയെയും ജനനമാത്രയില്‍ത്തന്നെ നശിപ്പിക്കുകയും ചെയ്‌തു വന്നു. ദേവകീ വസുദേവന്മാരുടെ എട്ടാമത്തെ പുത്രനായി മഹാവിഷ്‌ണുവിന്റെ അവതാരമായ കൃഷ്‌ണന്‍ ജനിച്ചപ്പോള്‍ ദൈവികമായ സംഭവഗതികള്‍ കൊണ്ട്‌ കുട്ടിയെ വധിക്കാന്‍ കംസന്‌ സാധിച്ചില്ല. പരിഭ്രാന്തനായ കംസന്‍ അപ്പോള്‍ മഥുരയിലുണ്ടായിരുന്ന എല്ലാ പിഞ്ചുകുഞ്ഞുങ്ങളെയും വധിക്കാന്‍ തന്റെ അനുചരവൃന്ദങ്ങളോടാജ്ഞാപിച്ചു. കംസകിങ്കരരായ പൂതന, പ്രലംബന്‍, ചാണൂരന്‍, മുഷ്ടികന്‍, തൃണാവര്‍ത്തന്‍, അരിഷ്ടന്‍, കേശി, ധേനുകന്‍, അഘന്‍, ശകടന്‍, വിവിദന്‍ തുടങ്ങിയവര്‍ പല മായാരൂപങ്ങളിലും പോയി, ശിശുവായ കൃഷ്‌ണനാല്‍ വധിക്കപ്പെട്ടു. കംസന്റെ ക്രൗര്യം ഇതോടുകൂടി വര്‍ധിക്കുകയും എങ്ങനെയെങ്കിലും കൃഷ്‌ണനെ വധിക്കാനുള്ള ഗൂഢോപായാലോചനകളില്‍ അയാള്‍ മുഴുകുകയും ചെയ്‌തു. ഇതിനിടയ്‌ക്ക്‌ സ്വപിതാവായ ഉഗ്രസേനനെത്തന്നെ കംസന്‍ തടവിലാക്കി കഴിഞ്ഞിരുന്നു. ഒടുവില്‍ തന്റെ രാജധാനിയില്‍ നടക്കുന്ന ധനുര്‍യാഗത്തില്‍ പങ്കെടുക്കാന്‍, കംസന്‍ അക്രൂരനെ അയച്ച്‌ കൃഷ്‌ണനെയും സഹോദരനായ ബലരാമനെയും ക്ഷണിച്ചു വരുത്തി. ഈയവസരത്തില്‍ കംസനെ വധിച്ചശേഷം കൃഷ്‌ണന്‍ തന്റെ മാതാമഹനുള്‍പ്പെടെ ബന്ധനത്തില്‍ കിടന്ന അനവധി ആളുകളെ മോചിപ്പിച്ചതായി പുരാണങ്ങള്‍ പറയുന്നു. കംസന്‍ ഉഗ്രസേനന്റെ മകനല്ലെന്നും, ഉഗ്രസേനന്‍െറ പത്‌നി രജസ്വലയായിരിക്കുമ്പോള്‍ കാമാതുരനായ ദ്രമിളന്‍ എന്ന ഒരു ഗന്ധര്‍വന്‍ അവളെ ബലാല്‍സംഗം ചെയ്‌തതിന്റെ ഫലമായുണ്ടായ പുത്രനാണെന്നും ഒരഭിപ്രായമുണ്ട്‌ (ഭാഗവതം ദശമസ്‌കന്ധം).

ഭാഗവതവും ഭാഗവതോപജീവികളായ മറ്റു പല കാവ്യങ്ങളും കംസകഥ വിവരിക്കുന്നതിനു പുറമേ മലയാളത്തില്‍ കംസനെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട്‌ വേറെയും ഏതാനും കൃതികള്‍ ഉണ്ടായിട്ടുണ്ട്‌. കംസനാടകം (കറുത്തപാറ ദാമോദരന്‍ നമ്പൂതിരി, 1893), കംസന്‍ (കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, 1911) എന്നിവ ആധുനിക സാഹിത്യസൃഷ്ടികളാണ്‌. രാമപാണിവാദന്‍ കംസവധം എന്ന പേരില്‍ ഒരു പ്രാകൃതകാവ്യവും, കുഞ്ചന്‍നമ്പ്യാര്‍ അതേ പേരിലുള്ള പ്രസിദ്ധമായ തുള്ളല്‍ക്കഥയ്‌ക്കു പുറമേ പ്രസ്‌തുത നാമത്തില്‍ത്തന്നെ ഒരാട്ടക്കഥയും രചിച്ചിട്ടുള്ളതായി ഉള്ളൂര്‍ പരമേശ്വരയ്യര്‍ കേരളസാഹിത്യചരിത്രത്തില്‍ പറയുന്നു.

ചാക്യാര്‍കൂത്തിന്‌ ഉപയോഗിച്ചുവരുന്ന കംസവധം പാഠകഗദ്യം മുദ്രിതമായിട്ടില്ല. കേരളവര്‍മവലിയകോയിത്തമ്പുരാന്‍ സംസ്‌കൃതത്തില്‍ രചിച്ച കംസവധം ചമ്പു ചുനക്കര ഉണ്ണിക്കൃഷ്‌ണവാരിയര്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഇന്ന്‌ രംഗവേദികളിലും വായനമുറികളിലും ഏറ്റവും പ്രചാരമുള്ള കംസാഖ്യാനം കിളിമാനൂര്‍ രവിവര്‍മത്തമ്പുരാന്റെ (1735-99)കംസവധം ആട്ടക്കഥയാണ്‌.

2. ശ്രീകൃഷ്‌ണനാല്‍ത്തന്നെ വധിക്കപ്പെടുന്ന മറ്റൊരു കംസനെക്കുറിച്ച്‌ മഹാഭാരത (സഭാപര്‍വം)ത്തില്‍ പരാമര്‍ശമുണ്ട്‌. നോ: കൃഷ്‌ണന്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%82%E0%B4%B8%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍