This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കംബോഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കംബോഡിയ

കംബോഡിയ

Cambodia

ദക്ഷിണപൂര്‍വേഷ്യയില്‍ ഇന്തോചൈന ഉപദ്വീപിലുള്ള ഒരു ചെറു രാഷ്‌ട്രം. ഔദ്യോഗികനാമം കിങ്‌ഡം ഒഫ്‌ കംബോഡിയ. അതിര്‍ത്തികള്‍: വ. ലാവോസും, തായ്‌ലന്‍ഡും; പ. തായ്‌ലന്‍ഡ്‌, കി. വിയറ്റ്‌നാം, തെ. തായ്‌ലന്‍ഡ്‌ ഉള്‍ക്കടല്‍. തെ. പടിഞ്ഞാറ്‌ സയാം ഉള്‍ക്കടലിന്റെ ഓരത്ത്‌ 300 കി.മീ. ദൂരം കടല്‍ത്തീരം സ്വന്തമായുള്ള കംബോഡിയുടെ വിസ്‌തൃതി 1,81,035 ച.കി.മീ. ആണ്‌. സു. 575 കി.മീ. ദൈര്‍ഘ്യം തീരപ്രദേശത്തിനുണ്ട്‌. രാജ്യത്തിന്റെ ഏറിയ പങ്കും സമുദ്രനിരപ്പില്‍ നിന്ന്‌ 200 മീ. ല്‍ അധികം ഉയരമില്ലാത്ത വിശാലമായ കംബോഡിയന്‍ സമതലത്തില്‍ ഉള്‍പ്പെടുന്നു. മെക്കോങ്ങും പോഷകനദികളും ചേര്‍ന്ന്‌ ജലസിക്‌തമാക്കുന്ന ഭൂപ്രദേശത്തിന്റെ പകുതിയോളം കൃഷിയിടങ്ങളാണ്‌. ജനസംഖ്യാപരമായി പിന്നോക്കം നില്‌ക്കുന്ന കംബോഡിയ സാമ്പത്തികമായി ഇന്നും അവികസിതാവസ്ഥയിലാണ്‌. ജനങ്ങളില്‍ സു. 90 ശ.മാഉം ഖ്‌മര്‍ഭാഷ സംസാരിക്കുന്ന ഖ്‌മര്‍ ജനവര്‍ഗമാകുന്നു. ഗ്രാമങ്ങളുടെ നാടെന്നു വിശേഷിപ്പിക്കപ്പെടുന്ന കംബോഡിയയിലെ ജനങ്ങളില്‍ സു. 20 ശ.മാ. മാത്രമാണ്‌ പട്ടണങ്ങളില്‍ വസിക്കുന്നത്‌. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായ നോംപെന്‍ phnom Penh) ആണ്‌ തലസ്ഥാനനഗരം. രാജ്യത്തെ ജനസംഖ്യ: 1,14,37,656 (1998); 1,49,71,000 (2006 മതിപ്പുകണക്ക്‌).

മെക്കോങ്‌ നദി

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട ഒരു തടപ്രദേശമാണ്‌ കംബോഡിയ. തെ. പടിഞ്ഞാറ്‌ എലിഫന്റ്‌ നിരകളും (Elephant ranges) പെടിഞ്ഞാറ്‌ കാര്‍ഡമം (Cardamom) നിരകളും വടക്ക്‌ ദാങ്‌രെക്‌ (Dangrek) നിരകളും കിഴക്ക്‌ മോയ്‌ (Moi) പീഠഭൂമിയിലെ കുന്നുകളും ചേര്‍ന്ന്‌ കംബോഡിയന്‍ സമതലത്തിന്‌ പരിധി നിര്‍ണയിച്ചിരിക്കുന്നു. ലാവോസില്‍ നിന്ന്‌ മെക്കോങ്‌ നദി കംബോഡിയയിലേക്കു കടക്കുന്ന ഭാഗത്തു മാത്രമാണ്‌ വക്രപര്‍വതപംക്തിയില്‍ വ്യക്തമായ ഒരു ഉടവുളളത്‌. മെക്കോങ്‌ നദീതടവും ടൊണ്‍ലേ സാപ്‌ (Tonle Sap) തടാകത്തിനു ചുറ്റുമുള്ള പ്രദേശവും ഫലഭൂയിഷ്‌ഠമായ എക്കല്‍ തടങ്ങളാണ്‌.

കംബോഡിയയുടെ വടക്കുഭാഗത്തുള്ള മണല്‍ക്കല്ലു കുന്നുകള്‍ ഇന്തോചൈനയുടെ മധ്യഭാഗത്തുള്ള പര്‍വതനിരകളുടെ തെക്കറ്റത്തായി സ്ഥിതിചെയ്യുന്നു. മെക്കോങ്ങിനു കിഴക്കുള്ള ഉന്നത മേഖലകള്‍ ഘോരവനങ്ങള്‍ നിറഞ്ഞവയാണ്‌. എലിഫന്റ്‌ നിരകളിലെ സമുദ്രനിരപ്പില്‍ നിന്ന്‌ 1771 മീ. ഉയരമുള്ള, നോം ഔരാല്‍ (Pnnom Aural) കൊടുമുടിയാണ്‌ രാജ്യത്തെ ഏറ്റവും ഉയരമേറിയ ഭാഗം. എലിഫന്റ്‌ നിരകളാല്‍ രാജ്യത്തെ മധ്യമേഖലകളില്‍ നിന്ന്‌ ഒറ്റപ്പെട്ടു കിടക്കുന്ന സയാം ഉള്‍ക്കടല്‍ തീരം സമനിരപ്പിലുളള സസ്യനിബിഡമായ പ്രദേശമാണ്‌.

ഭൂവിജ്ഞാനം

ഇന്തോനേഷ്യന്‍ ഭൂഅഭിനതി (geosyncline)യുടെ ഉത്തരപാര്‍ശ്വത്തിലാണ്‌ ഈ ഭൂവിഭാഗത്തിന്റെ സ്ഥാനം. ഭൂവിജ്ഞാനപരമായി ചൈനീസ്‌ ഷീല്‍ഡിന്റെ ഭാഗമായ ഇന്തോചൈനഉപദ്വീപിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന താലത്തിന്റെ ആകൃതിയിലുള്ള ഒരു ഭൂമണ്ഡലമാണ്‌ കംബോഡിയ. അവസാദശിലകളാണ്‌ രാജ്യത്ത്‌ ഏറ്റവും വ്യാപകമായി കാണപ്പെടുന്നത്‌. ചുറ്റുമുള്ള മലനിരകള്‍ വ്യക്തമായൊരു ജലവിഭാജകമായി വര്‍ത്തിക്കുന്നതിനാല്‍ നാലുപാടും നിന്ന്‌ ഒഴുകിയിറങ്ങുന്ന നദികളിലൂടെ അടിഞ്ഞു കൂടിയ എക്കല്‍ത്തടങ്ങള്‍ ഭൂപ്രദേശത്തിന്റെ ഒട്ടുമുക്കാലും വ്യാപിച്ചിരിക്കുന്നു. മെക്കോങ്‌, ടൊണ്‍ ലേസാപ്‌ എന്നീ നദീ താഴ്‌വാരങ്ങള്‍ ആണ്‌ കംബോഡിയന്‍ ഭൂപ്രകൃതിയുടെ മറ്റൊരു പ്രധാന സവിശേഷത.

അപവാഹം

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നായ മെക്കോങ്‌ നദിയുടെ സങ്കീര്‍ണമായ അപവാഹവ്യൂഹമാണ്‌ രാജ്യത്തുള്ളത്‌. തിബത്ത്‌ ഉന്നത മേഖലയില്‍ ഉദ്‌ഭവിച്ച്‌ 4,180 കി.മീ. തെക്കോട്ടൊഴുകി ദക്ഷിണചൈനാക്കടലില്‍ പതിക്കുന്ന മെക്കോങ്‌ നദിയുടെ 500 കി.മീ. ദൈര്‍ഘ്യമുള്ള നദീമാര്‍ഗം കംബോഡിയയുടെ രാജ്യാതിര്‍ത്തിക്കുള്ളിലാണ്‌. ലാവോസില്‍ നിന്ന്‌ കംബോഡിയയില്‍ പ്രവേശിക്കുന്ന മെക്കോങ്‌ നദി പ്രധാന പോഷകനദിയായ ടോണ്‍ലേസാപുമായി ചേര്‍ന്ന ശേഷം വിയറ്റ്‌നാമിലൂടെയാണ്‌ ദക്ഷിണ ചൈനാക്കടലില്‍ എത്തിച്ചേരുന്നത്‌. കംബോഡിയയുടെ

പരമ്പരാഗത കംബോഡിയന്‍ വീട്‌

ജീവനാഡിയായി വര്‍ത്തിക്കുന്ന മെക്കോങ്ങിന്‌ ഇവിടെ 715 മീ. ആഴമുണ്ട്‌. വര്‍ഷകാലത്ത്‌ മൊക്കോങ്ങില്‍ ജലനിരപ്പുയരുമ്പോള്‍ വെള്ളം ടൊണ്‍ലേ സാപ്പിലൂടെ വടക്കോട്ട്‌ ടൊണ്‍ലേ സാപ്‌ തടാകത്തിലേക്കൊഴുകുന്നതുവഴി തടാകത്തിന്റെ വിസ്‌തൃതി 3,000 ച.കി.മീ.നിന്ന്‌ 8,000 ച.കി.മീ. വരെ വര്‍ധിക്കുക സാധാരണമാണ്‌. വേനല്‍ക്കാലത്ത്‌ മെക്കോങ്ങിലെ ജലവിതാനം താഴുമ്പോള്‍ ടൊണ്‍ലേ സാപ്‌ തടാകത്തില്‍ നിന്ന്‌ ശുദ്ധജലം തെക്കോട്ടൊഴുകി മെക്കോങ്ങിനെ ജലസംപുഷ്‌ടമാക്കുന്നു. ഈ ശുദ്ധജലസംക്രമണമാണ്‌ ടൊണ്‍ലേ സാപ്‌ തടാകത്തിലെ മത്സ്യസമ്പത്തിനെ പരിരക്ഷിച്ചു പോരുന്നത്‌.

കാലാവസ്ഥ

ഉഷ്‌ണമേഖലയില്‍പ്പെടുന്ന കംബോഡിയയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മുഖ്യഘടകം മണ്‍സൂണ്‍ വാതങ്ങളാണ്‌. മേയ്‌ മുതല്‍ ഒ. വരെ തെ. പടിഞ്ഞാറന്‍ വര്‍ഷവാതങ്ങള്‍ സൃഷ്‌ടിക്കുന്ന കനത്ത മഴ ലഭിക്കുന്ന രാജ്യത്ത്‌ ന. മുതല്‍ മാ. വരെയുള്ള കാലത്ത്‌ വ. കിഴക്കു നിന്ന്‌ വീശുന്ന വാതങ്ങളില്‍നിന്നും ചെറിയ തോതില്‍ മഴ ലഭ്യമാണ്‌. ഇവയ്‌ക്കിടയില്‍ കാലാവസ്ഥയില്‍ ഉണ്ടാകുന്ന പരിണാമദശയിലാണ്‌ വര്‍ധിച്ച ഉഷ്‌ണവും തണുപ്പും അനുഭവപ്പെടുന്നത്‌. ഏറ്റവും കൂടിയ തണുപ്പ്‌ (20oc) ജനുവരിയിലും കൂടിയ ചൂട്‌ (35oc) ഏപ്രിലിലുമാണ്‌. ശരാശരി വാര്‍ഷിക വര്‍ഷപാതം മധ്യസമതലങ്ങളില്‍ 70150 സെ.മീ.ഉം വനങ്ങളില്‍ 200 സെ.മീ. ഉം ആണ്‌.

സസ്യജാലവും ജന്തുവര്‍ഗങ്ങളും

ഭൂവിസ്‌തൃതിയുടെ പകുതിയോളം വനങ്ങളാണ്‌. പൂര്‍വഭാഗങ്ങളില്‍ ഉഷ്‌ണമേഖലാപര്‍ണപാതിവനങ്ങള്‍ക്കും മറ്റിടങ്ങളില്‍ സമ്പദ്‌പ്രധാനങ്ങളായ വൃക്ഷങ്ങള്‍ നിറഞ്ഞ നിത്യഹരിതവനങ്ങള്‍ക്കുമാണ്‌ പ്രാമുഖ്യം. ഇവിടെ തേക്ക്‌, പന, സാല്‍, കര്‍പ്പൂരമരം, മുള തുടങ്ങിയ വൃക്ഷങ്ങള്‍ ധാരാളമുണ്ട്‌. സയാം ഉള്‍ക്കടല്‍ തീരത്ത്‌ കണ്ടല്‍വനങ്ങളും നിലനിന്നുപോരുന്നു.

ജലസംപുഷ്‌ടതയും നല്ല കാലാവസ്ഥയും നിബിഡ വനങ്ങളും രാജ്യത്ത്‌ നല്ലൊരു ജന്തുജാലത്തെ പരിരക്ഷിച്ചുപോരുന്നു. മാന്‍, കുരങ്ങ്‌, പുലി, ആന, കരടി, കാട്ടുപോത്ത്‌, പാമ്പ്‌ തുടങ്ങിയവയുടെ വിഹാരരംഗമാണ്‌ കംബോഡിയന്‍ വനങ്ങള്‍. മെക്കോങ്ങിലും മറ്റു നദികളിലും ചീങ്കണ്ണികള്‍ ധാരാളമായുണ്ട്‌. ഹെറോണ്‍, ഫ്‌ളമിന്‍ഗോ, കൊക്ക്‌, മയില്‍ തുടങ്ങിയ പക്ഷികളെയും രാജ്യത്തെവിടെയും കാണാ

ജനങ്ങള്‍

ഖ്‌മെര്‍ നൃത്തം

ജനവിതരണം

ദക്ഷിണ പൂര്‍വേഷ്യയില്‍ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ്‌ കംബോഡിയ. മൊത്തം ജനസംഖ്യയുടെ സു. 80 ശ.മാ.ഉം മധ്യമേഖലയിലെ ഫലഭൂയിഷ്‌ഠമായ എക്കല്‍ തടങ്ങളിലാണ്‌ വസിക്കുന്നത്‌. കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട്‌ ഉപജീവനം നടത്തുന്ന സാമാന്യജനങ്ങള്‍ ആയുഷ്‌കാലം മുഴുവനും തങ്ങളുടേതായ ചെറുഗ്രാമങ്ങളില്‍ത്തന്നെ കഴിഞ്ഞുകൂടുന്നു. ഏതാനും ചെറു ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്ന കമ്യൂണ്‍ ആണ്‌ രാജ്യത്തെ ഏറ്റവും ചെറിയ ഭരണഘടകം. നരവംശ പരമായി ഏകാത്‌മക സ്വഭാവമുള്ള മുന്നൂറോളംപേര്‍ ഉള്‍ക്കൊള്ളുന്ന ഓരോ ഗ്രാമത്തിലും ബുദ്ധവിഹാരങ്ങള്‍, വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍, കമ്പോളങ്ങള്‍ മുതലായവ സ്ഥാപിതമായിട്ടുണ്ട്‌.

കമ്യൂണ്‍ ഭരണ കേന്ദ്രങ്ങളാണ്‌ വാര്‍ത്താവിതരണം, വാണിജ്യം, വ്യവസായം, ഉന്നതവിദ്യാഭ്യാസം എന്നിവയ്‌ക്കായുള്ള സൗകര്യങ്ങള്‍ സൃഷ്‌ടിച്ച്‌ പട്ടണങ്ങളായി വികസിച്ചിട്ടുള്ളത്‌. പട്ടണങ്ങളില്‍ ഖ്‌മെര്‍, ചീനര്‍, വിയറ്റ്‌നാംകാര്‍ തുടങ്ങിയവര്‍ കൂട്ടായി വസിക്കുകയും തികഞ്ഞ സഹവര്‍ത്തിത്വം പുലര്‍ത്തുകയും ചെയ്യുന്നു. പട്ടണങ്ങള്‍ തമ്മില്‍ കരമാര്‍ഗവും ജലമാര്‍ഗവും സുഗമമായ ഗതാഗതബന്ധമുണ്ട്‌. മെക്കോങ്‌, ടൊണ്‍ലേ സാപ്‌ നദികളുടെ സംഗമസ്ഥാനത്താണ്‌ തലസ്ഥാനനഗരമായ നോം പെന്‍ വികസിച്ചിട്ടുള്ളത്‌, ജനസംഖ്യ; 938000 (1999). കോംപോം ചാം (Kompong cham) ബാതംബാങ്‌ (Battambang) എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങള്‍. 197879ല്‍ നടന്ന ആഭ്യന്തര വിപ്ലവത്തിന്റെ ഫലമായി 30 ലക്ഷത്തോളം കംബോഡിയക്കാര്‍ പട്ടിണിമൂലം മരണമടഞ്ഞുവെന്നുകരുതപ്പെടുന്നു. യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മൈനുകള്‍ വിതറിയിട്ടുള്ള മൂന്നാമത്തെ രാജ്യമായ കംബോഡിയയില്‍ മൈനുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടമരണങ്ങള്‍ ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ജനവര്‍ഗങ്ങള്‍

ജനസംഖ്യയില്‍ 89 ശ.മാ. വരുന്ന ഖ്‌മെര്‍ അഥവാ കംബോഡിയക്കാര്‍ ആണ്‌ രാജ്യത്തെ ഏറ്റവും പ്രബലമായ ജനവര്‍ഗം. ഇവരില്‍ ഭൂരിപക്ഷവും അധ്വാനശീലരായ കൃഷീവലരാണ്‌. ദക്ഷിണ പൂര്‍വേഷ്യയിലെ വിവിധ മങ്‌ഗളോയ്‌ഡ്‌ വംശജര്‍ക്ക്‌ സമാനമായ ഒരു ശാരീരികഘടനയാണ്‌ ഖ്‌മെര്‍ വംശജരുടേത്‌. ഇവരിലധികവും മധ്യമേഖലയിലെ ഗ്രാമങ്ങളില്‍ വസിക്കുന്നു. പട്ടണങ്ങളിലും മെക്കോങ്‌ നദിയുടെയും ടൊണ്‍ലേ സാപ്‌ തടാകത്തിന്റെ പ്രാന്തങ്ങളിലും വിയറ്റ്‌നാംകാര്‍ ( 5 ശ.മാ), ചീനര്‍ (3 ശ.മാ.) എന്നിവര്‍ക്കു പുറമേ മറ്റു വര്‍ഗക്കാരും (ചാം2 ശ.മാ, ലാവോതായ്‌ 1 ശ.മാ.) കുടിയേറിയിട്ടുണ്ട്‌. ഫ്രഞ്ചുകാരും രാജ്യത്തുണ്ട്‌.

ച്യുയെങ്‌ എകിലെ സ്‌മാരകസ്‌തൂപം

ആധുനിക തായ്‌ലന്‍ഡിലെ ഖോരാത്‌ പീഠഭൂമിയില്‍ നിന്ന്‌ സു. മൂന്നു സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ ഫലഭൂയിഷ്‌ഠമായ മെക്കോങ്‌ തടത്തിലേക്കു കൂടിയേറിയവരാണ്‌ ഖ്‌മെര്‍ ജനത. തുടര്‍ന്ന്‌ വന്‍തോതില്‍ ഇവിടേക്കു കുടിയേറിയ ഹിന്ദുജനത ഇവരിലേക്കു ഭാരതീയ സംസ്‌കാരം പകര്‍ന്നു. പിന്നീടുണ്ടായ സങ്കരവര്‍ഗം ജീവിതത്തിന്‍െറ ആത്‌മീയവും ഭൗതികവുമായ മേഖലകളില്‍ പല ഭിന്നസ്വഭാവങ്ങളുമുള്‍ക്കൊണ്ട്‌ നിലനിന്നുപോരുന്നു. നോ: ഖ്‌മെര്‍ ന്യൂനപക്ഷ ജനവര്‍ഗങ്ങളില്‍ പ്രമുഖരായ ചീനര്‍ രാജ്യത്തിന്റെ സമ്പദ്‌ഘടനയില്‍ സാരമായ സ്വാധീനം ചെലുത്തിപ്പോരുന്നുണ്ട്‌. സാമുദായികസാംസ്‌കാരിക മേഖലകളില്‍ പ്രാമാണികത്വം നിലനിര്‍ത്തിപ്പോരുന്ന ചീനരിലും താഴ്‌ന്ന സ്ഥാനമാണ്‌ ഇവിടെ വിയറ്റ്‌നാംകാര്‍ക്കുള്ളത്‌. എഴുപതുകളിലെ യുദ്ധത്തെത്തുടര്‍ന്ന്‌ വിയറ്റ്‌നാംകാര്‍ ഒട്ടുമുക്കാലും രാജ്യം വിട്ടുപോയിട്ടുണ്ട്‌. കംബോഡിയയില്‍ "ഖ്‌മെര്‍ ഇസ്‌ലാം' എന്നറിയപ്പെടുന്ന ചാംമലായ്‌ (Cham-Malay) വിഭാഗം., ഇസ്‌ലാം മതാനുയായികളായതിനാല്‍ സാമുദായികമായി മറ്റുളളവരില്‍നിന്ന്‌ വേറിട്ടു നില്‌ക്കുന്നു. തങ്ങളുടേതായ ഗ്രാമങ്ങളില്‍ കൂട്ടായി വസിക്കുന്ന ഇക്കൂട്ടരും കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടു പോരുന്നു. മറ്റു ചെറിയ ഗോത്രവര്‍ഗങ്ങളും മലമ്പ്രദേശങ്ങളിലുണ്ട്‌.

മതം

ഖ്‌മെര്‍ ജനത ഒന്നടങ്കം ഹീനയാനപ്രസ്ഥാനത്തിലെ തേരാവാദാബുദ്ധമതക്കാരാണ്‌. ബുദ്ധമതമായിരുന്നു ഔദ്യോഗിക മതം. ബുദ്ധമതശാസനങ്ങള്‍ ഇവരുടെ ജീവിതത്തില്‍ എല്ലാ മേഖലകളിലും വലുതായ സ്വാധീനം ചെലുത്തിക്കാണുന്നു. 1976ലെ ഭരണകൂടം രാജ്യത്ത്‌ ഔദ്യോഗിക മതം എന്നൊന്ന്‌ ഇല്ലാതാക്കിയെങ്കിലും 89ല്‍ ബുദ്ധമതം വീണ്ടും ഔദ്യോഗികമതമായി പ്രഖ്യാപിക്കപ്പെട്ടു.

1994ലെ കണക്കനുസരിച്ച്‌ 8.2 ദശലക്ഷം ബുദ്ധമതാനുയായികളും 2800 ബുദ്ധവിഹാരങ്ങളും കംബോഡിയയിലുണ്ട്‌. ചീനര്‍ മഹായാന ബുദ്ധമതത്തിലും, കണ്‍ഫ്യൂഷ്യനിസത്തിലും വിശ്വസിക്കുന്നവരാണ്‌. ചാംമലായ്‌ വിഭാഗം സുന്നിമുസ്‌ലിങ്ങളാണ്‌; ഫ്രഞ്ചുകാരും ഒരു വിഭാഗം വിയറ്റ്‌നാംകാരും കത്തോലിക്കരാണ്‌.

ഭാഷ

കംബോഡിയയിലെ ഔദ്യോഗിക ഭാഷ ഖ്‌മെര്‍ ആണ്‌. ഖ്‌മെര്‍ മാതൃഭാഷയുള്ള 50 ലക്ഷം ജനങ്ങള്‍ ഇന്തോചൈനയിലുണ്ട്‌. ഈ ഭാഷയിലെ ഒട്ടുമിക്ക പദങ്ങളും സംസ്‌കൃതം, പാലി, തായ്‌, ചൈനീസ്‌, വിയറ്റ്‌നാമീസ്‌ എന്നീ ഭാഷകളില്‍ നിന്ന്‌ സ്വീകരിക്കപ്പെട്ടവയാണ്‌. സംസ്‌കൃതലിപിക്കു സമാനമായ ലിപിയാണ്‌ ഖ്‌മെര്‍ ഭാഷയുടേത്‌.

ഖ്‌മെര്‍ ഭാഷയിലെ തനതായ പദങ്ങളെല്ലാം തന്നെ ഏകാക്ഷരി (monosyllabic)യോ ദ്വയാക്ഷരിയോ ആണ്‌; ഇതിലും ദീര്‍ഘിച്ച പദങ്ങളൊക്കെയും മറ്റു ഭാഷകളില്‍ നിന്ന്‌ സ്വീകരിച്ചിട്ടുള്ളവയുമാണ്‌.

സാമൂഹ്യഘടന

തടി, മുള, ഈറ മുതലായ അസംസ്‌കൃത പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ്‌ ഗ്രാമങ്ങളില്‍ വീടുകള്‍ നിര്‍മിച്ചു പോരുന്നത്‌. കംബോഡിയയില്‍ സാധാരണമായ വെള്ളപൊക്കം ചെറുക്കുന്നതിനായി മരക്കുറ്റികള്‍ക്കു മുകളിലായി പണിതുയര്‍ത്തുന്ന വീടുകള്‍ക്ക്‌ പൊതുവേ സമചതുരാകൃതിയാണ്‌. സമ്പന്നരുടെ വീടുകള്‍ ഓടിട്ടവയാണ്‌; മറ്റുള്ളവ പുല്ലോ ഓലയോ കൊണ്ട്‌ മേഞ്ഞവയും. വീടുകള്‍ക്കു ചുറ്റും പ്ലാവ്‌, മാവ്‌, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കും. ഓരോ ഗ്രാമത്തെയും ചൂഴ്‌ന്ന്‌ വിശാലമായ നെല്‍പ്പാടങ്ങളും മറ്റു കൃഷിയിടങ്ങളുമാണുള്ളത്‌. രാജ്യത്ത്‌ വന്‍കിട ഭൂവുടമകള്‍ കുറവാണ്‌. കൃഷിക്കാര്‍ക്കു തങ്ങളുടെ നിലനില്‌പിനാവശ്യമുള്ളിടത്തോളം ഭൂമി മാത്രമേ സ്വന്തമായുള്ളു. മലവര്‍ഗക്കാര്‍ ഇന്നും സ്ഥിരവാസമുറപ്പിച്ചിട്ടില്ലാത്തവരാണ്‌.

മഴക്കാലം അവസാനിച്ച്‌ മെക്കോങ്‌ നദിയിലെ ജലനിരപ്പ്‌ പൂര്‍വ സ്ഥിതിയിലേക്ക്‌ മടങ്ങുമ്പോള്‍ നടത്തിവരുന്ന വാര്‍ഷിക വള്ളംകളി ഉത്സവം (Bonn om Teuk) കംബോഡിയയുടെ ഒരു ദേശീയ ഉത്സവമാണ്‌. കോഴിപ്പോര്‌, ഫുട്‌ബോള്‍ തുടങ്ങിയവ ജനപ്രിയ കായികവിനോദങ്ങളാണ്‌.

മത്സ്യവും അരിയും ആണ്‌ മുഖ്യ ഭക്ഷ്യവസ്‌തുക്കള്‍. ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന മത്സ്യവിഭവമായ പ്രാഹോക്ക്‌ (Prahok) ഖ്‌മെര്‍ വംശജരുടെ ഇഷ്ടഭോജ്യമാണ്‌.

കച്ചവടം, ബാങ്കിങ്‌ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചീനക്കാരാണ്‌ സമൂഹത്തില്‍ മേലേക്കിടയില്‍ നില്‌ക്കുന്നത്‌. മുണ്ടിനു (ദോത്തി) സമാനമായി സ്‌ത്രീപുരഷഭേദമന്യേ ധരിക്കുന്ന ഒരിനം വസ്‌ത്രമാണ്‌ സാംപോട്‌ അഥവാ സാരോംഗ്‌.

വിദ്യാഭ്യാസം

ഫ്രഞ്ച്‌ കൊളോണിയല്‍ കാലത്തിനു മുമ്പ്‌ കംമ്പോഡിയയില്‍ വിദ്യാഭ്യാസത്തിന്റെ ചുമതല ബുദ്ധവിഹാരങ്ങള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതായിരുന്നു. ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചാണ്‌ ഖ്‌മെറുകള്‍ പഠനം ആരംഭിച്ചിരുന്നത്‌. മതനിരപേക്ഷമായ പാഠ്യപദ്ധതി നിലവിലുണ്ടായിരുന്നില്ല; സാക്ഷരതയും കുറവായിരുന്നു. ഫ്രഞ്ചുകാരാണ്‌ വിദ്യാഭ്യാസരംഗത്ത്‌ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്‌. തുടര്‍ന്ന്‌ സ്വാതന്ത്യ്രാനന്തരം സിയാനൂക്‌ ഭരണകൂടം വിദ്യാഭ്യാസത്തിന്‌ മുന്‍തൂക്കം നല്‌കുകയും ഒരു ദേശീയ വിദ്യാഭ്യാസപദ്ധതി ആവിഷ്‌കരിക്കുകയും മൂന്നു സര്‍വകലാശാലകള്‍ സ്ഥാപിക്കുകയും ചെയ്‌തു. എന്നാല്‍ നിരന്തരമായ യുദ്ധങ്ങളും ആഭ്യന്തരകലാപങ്ങളും വിദ്യാഭ്യാസ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. പോള്‍പോട്‌ ഭരണകൂടം സ്‌കൂളുകള്‍ നിര്‍ത്തലാക്കുകയും വൈദ്യശാസ്‌ത്രമൊഴികെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളും നിരോധിക്കുകയും ചെയ്‌തു. എന്നാല്‍ ഇന്ന്‌ വിദ്യാഭ്യാസ മേഖല ക്രമാനുഗതമായ വളര്‍ച്ചയുടെ പാതയിലാണ്‌. സാക്ഷരതനിരക്ക്‌: 68.9 ശ.മാ. (1999).

സമ്പദ്‌ വ്യവസ്ഥ

1953 വരെ ഒരു നൂറ്റാണ്ടു കാലം ഫ്രഞ്ച്‌ കോളനിയായിരുന്ന കംബോഡിയ ഇന്തോചൈനയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ സാമ്പത്തികമായി വളരെ പിന്നാക്കം നില്‌ക്കുന്നു. വ്യവസായം, ജലസേചനം, ഊര്‍ജം, വാര്‍ത്താവിനിമയം, ഗതാഗതം എന്നിവയുള്‍ക്കൊള്ളുന്ന പൊതുമേഖലയും ബാങ്കിങ്‌ മുതലായവ കൈകാര്യം ചെയ്യുന്ന സ്വകാര്യ മേഖലയും ചേര്‍ന്നതാണ്‌ സമ്പദ്‌ഘടന. കാര്‍ഷികരാജ്യമായ കംബോഡിയയില്‍ കര്‍ഷകര്‍ മിക്കവാറും തങ്ങളുടെ കുടുംബത്തിനാവശ്യമായിടത്തോളം ഭക്ഷ്യധാന്യങ്ങള്‍ മാത്രമേ ഉത്‌പാദിപ്പിക്കുന്നുള്ളു എന്നതിനാലും പ്രതികൂല കാലാവസ്ഥയിലും മറ്റും വന്‍തോതിലുള്ള വിളനഷ്‌ടം സംഭവിക്കുന്നതിനാലും ലോകകമ്പോളത്തില്‍ തങ്ങളുടേതായ ഉത്‌പന്നങ്ങള്‍ക്കു നല്ല വില ലഭിക്കാത്തതിനാലും ആകാം ഈ നില തുടരുന്നത്‌. വിയറ്റ്‌നാം അഭയാര്‍ഥി പ്രവാഹവും തുടര്‍ന്ന്‌ 1970കളിലെ ആഭ്യന്തരയുദ്ധവും രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കുകയുണ്ടായി.

ഇന്ന്‌ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം ദ്രുതഗതിയില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌. മത്സ്യം, തടി, തുണിത്തരങ്ങള്‍, റബ്ബര്‍ എന്നിവയാണ്‌ പ്രധാന കയറ്റുമതി ഉത്‌പന്നങ്ങള്‍. തായ്‌ലന്‍ഡ്‌, സിംഗപ്പൂര്‍, ഇന്ത്യ എന്നിവയാണ്‌ പ്രധാന കമ്പോളങ്ങള്‍.

കൃഷി

തുവോള്‍ സ്ലെങ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള പീഡനോപകരണങ്ങള്‍

നെല്ലാണ്‌ പ്രമുഖ കാര്‍ഷികോത്‌പന്നം. കാര്‍ഷിക മേഖലയുടെ 85 ശ.മാ. വരുന്ന സു. 40 ലക്ഷം ഹെക്‌റ്റര്‍ പ്രദേശം നെല്‍പ്പാടങ്ങളാണ്‌. മൊത്തം ജനതയുടെ 80 ശ.മാ. വരുന്ന ഗ്രാമീണരില്‍ 90 ശ.മാ.ഉം കൃഷിക്കാരാണ്‌. നെല്‍പ്പാടങ്ങളുടെ ഏറിയ പങ്കും മെക്കോങ്‌, ടൊണ്‍ലേ സാപ്‌ എന്നീ തടങ്ങളിലാണുള്ളത്‌. ജലസേചനസൗകര്യം കുറവായതിനാല്‍ ഒരുപ്പൂ നിലങ്ങളാണധികവും. മണ്‍സൂണിന്റെ പ്രഭാവത്തിനനുസരിച്ച്‌ വിളവെടുപ്പ്‌ മെച്ചപ്പെട്ടു കാണുന്നു. ഇക്കാരണത്താല്‍ ഏഷ്യയില്‍ ഏറ്റവും കുറഞ്ഞനിരക്കില്‍ നെല്ല്‌ ഉത്‌പാദിപ്പിക്കുന്നത്‌ കംബോഡിയയിലെ വയലേലകളില്‍ ആണ്‌. മൊത്തം ഉത്‌പാദനത്തിന്റെ പകുതി ഗ്രാമീണരും 35 ശ.മാ. നഗരവാസികളും ഉപയോഗിച്ചുകഴിഞ്ഞ്‌ ബാക്കി 15 ശ.മാ. (സു. 5,00,000 ടണ്‍) മാത്രമാണ്‌ വര്‍ഷംപ്രതി കയറ്റി അയയ്‌ക്കപ്പെടുന്നത്‌.

നെല്ലിനു പുറമേ പയറുവര്‍ഗങ്ങളും മധുരക്കിഴങ്ങ്‌ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറികളും ഓറഞ്ച്‌ തുടങ്ങിയ പഴവര്‍ഗങ്ങളും ഇവിടെ ചുരുങ്ങിയ തോതില്‍ കൃഷി ചെയ്യപ്പെടുന്നു. വ്യാവസായിക പ്രാധാന്യമുള്ള പരുത്തി, കരിമ്പ്‌, പുകയില, എണ്ണക്കുരുക്കള്‍ തുടങ്ങിയവ വളരെ കുറച്ച്‌ മേഖലകളില്‍ മാത്രമേ കൃഷി ചെയ്യപ്പെടുന്നുള്ളൂ. പ്രാകൃതികറബ്ബര്‍ വിദേശനാണ്യത്തിന്റെ 3040 ശ.മാ. നേടിക്കൊടുക്കുന്നു.

നല്ലൊരു കാലി സമ്പത്തുണ്ടെങ്കിലും ഉത്‌പാദനശേഷിക്കുറവുകാരണം രാജ്യത്ത്‌ ഗവ്യോത്‌പാദനം വളരെ കുറവാണ്‌.

മത്സ്യബന്ധനം

കംബോഡിയയില്‍ കടല്‍ക്കരയിലും ടൊണ്‍ലേ സാപ്‌ തടാകതീരത്തും ധാരാളം പേര്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നു. നദികളും പുഴകളും ധാരാളമായുള്ള രാജ്യത്ത്‌ ശുദ്ധജലമത്സ്യബന്ധനവും വ്യാപകമായി നടന്നുവരുന്നു. ടൊണ്‍ലേ സാപ്‌ തടാകം ലോകത്തെ ഏറ്റവും വലിയ മത്സ്യശേഖരമുള്‍ക്കൊള്ളുന്ന ശുദ്ധജലാശയങ്ങളില്‍ ഒന്നാണ്‌. ഗ്രാമീണ ജനങ്ങളുടെ ആഹാരപദാര്‍ഥങ്ങളില്‍ പ്രാട്ടീന്‍ അടങ്ങുന്ന ഏകഘടകമാണ്‌ മത്സ്യം.

വ്യവസായം

കൃഷിയെ അടിസ്ഥാനമാക്കിയുള്ള ചെറുകിട വ്യവസായങ്ങള്‍ ധാരാളമായി പുരോഗമിച്ചുവരുന്നു. ധാന്യസംസ്‌കരണം, ആധുനിക കാര്‍ഷികോപകരണങ്ങളുടെ നിര്‍മാണം; വളങ്ങള്‍, കീടനാശിനികള്‍ എന്നിവയുടെ ഉത്‌പാദനം റബര്‍ സംസ്‌കരണം, മത്സ്യസംസ്‌കരണം, ചണ ഉത്‌പന്നങ്ങളുടെ നിര്‍മാണം സിഗററ്റ്‌ ഉത്‌പാദനം എന്നിവയാണ്‌ പ്രധാന വ്യവസായങ്ങള്‍.

ഖനനം

ഉത്തര കംബോഡിയയില്‍ ഉയര്‍ന്നതരം ഇരുമ്പയിര്‌ കണ്ടെത്തിയിട്ടുണ്ടെങ്കിലും ശാസ്‌ത്രസാങ്കേതികപരമായ പിന്നാക്കാവസ്ഥമൂലം ഖനനം വളരെ മന്ദഗതിയിലാണ്‌. പെട്രാളിയം നിക്ഷേപങ്ങളൊന്നും കണ്ടെത്തിയിട്ടില്ലാത്ത ഈ രാജ്യത്ത്‌ ചെറിയ തോതില്‍ സ്വര്‍ണവും രത്‌നക്കല്ലുകളും ചുണ്ണാമ്പുകല്ല്‌, ഫോസ്‌ഫേറ്റ്‌ എന്നിവയും ഖനനം ചെയ്യപ്പെടുന്നു.

ഗതാഗതം

നദികളും റോഡുകളും റെയില്‍പ്പാതകളും ആണ്‌ രാജ്യത്തെ മുഖ്യ ഗതാഗതമാര്‍ഗങ്ങള്‍. ഫ്രഞ്ചുനേതൃത്വത്തില്‍ ആവിഷ്‌കരിക്കപ്പെട്ട ആസൂത്രണപദ്ധതികളില്‍ രാജ്യത്തെ അവികസിതമായ വിശാലമേഖലകള്‍ക്ക്‌ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. തലസ്ഥാന നഗരമായ നോംപെനിനെ തായ്‌ അതിര്‍ത്തിയിലുള്ള സിസോഫോണു(Sisophon)മായും കാംപോങ്‌ സോം തുറമുഖ നഗരവുമായും ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകളുണ്ട്‌. കടലില്‍ നിന്നും രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍നിന്നും മെക്കോങ്‌ നദിയിലൂടെ തലസ്ഥാനമായ നോംപെനില്‍ എത്തിച്ചേരാവുന്നതാണ്‌; ഇവിടെ ഒരു അന്താരാഷ്‌ട്ര വിമാനത്താവളവുമുണ്ട്‌ (പോച്ചന്‍തോങ്‌ Pochentong). 1960ല്‍ പണിപൂര്‍ത്തിയായ കോംപോങ്‌ സോം അഥവാ സീയാനൂക്‌ വീയ്‌ ആണ്‌ രാജ്യത്തെ ഏക സമുദ്ര തുറമുഖം.

വിനോദസഞ്ചാരം

അങ്കോര്‍ വാത്‌ ക്ഷേത്രം

രാജ്യത്തിന്റെ ഒരു പ്രധാന ധനാഗമമാര്‍ഗം ആണ്‌ ഇത്‌. അങ്കോര്‍തോമിലേക്കും നോംപെന്നിലേക്കുമാണ്‌ ഭൂരിഭാഗം സന്ദര്‍ശകരും എത്തുന്നത്‌. ഹൈന്ദവബൗദ്ധ വാസ്‌തുവിദ്യയുടെ മകുടോദാഹരണമായ അങ്കോര്‍വാത്‌ (Angor Wat) ആണ്‌ അങ്കോറിലെ പ്രധാന ആകര്‍ഷണം. ഖ്‌മെര്‍റൂഷ്‌ നടത്തിയ നരഹത്യകളുടെ സ്‌മാരകമായ തുവോള്‍ സ്ലെങ്‌ (Tuol Sleng) മ്യൂസിയം,ഖ്‌മെര്‍റൂഷിന്റെ പ്രധാന കൊലക്കളമായ ച്യുയെങ്‌ എക്‌ (Choeung Ek) എന്നീ പ്രധാന ചരിത്രസ്‌മാരകങ്ങളും സിയാനൂക്‌ വീലിലെ മനോഹരമായ കടല്‍ത്തീരങ്ങളും ബൊക്കോര്‍ ഗിരിസങ്കേതവുമാണ്‌ (Bokor Hill Station) വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നത്‌.

ചരിത്രം

കംബോഡിയ ചരിത്രപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പൂര്‍വകാലനവീന ശിലായുഗത്തില്‍ (ബി.സി. അഞ്ചാം സഹസ്രാബ്‌ദം), ആധുനിക കമ്പൂച്ചിയ ഉള്‍ക്കൊള്ളുന്ന ഫലഭൂയിഷ്‌ഠമായ നദീതടപ്രദേശങ്ങളില്‍ മനു‌ഷ്യാധിവാസമുണ്ടായിരുന്നു. കാലക്രമേണ കൃഷി, മത്സ്യബന്ധനം, വേട്ടയാടല്‍ എന്നീ ജീവനോപായങ്ങളിലൂടെ മുന്നേറിയ ഇന്നത്തെ ഖ്‌മെര്‍ ജനതയുടെ പൂര്‍വികര്‍ വര്‍ഗങ്ങളായി വിഭജിക്കപ്പെട്ട ഒരു സമൂഹമായിത്തീര്‍ന്നു. ബി.സി. ഒന്നാം സഹസ്രാബ്‌ദത്തിന്‍െറ മധ്യദശയില്‍ ഇക്കൂട്ടര്‍ ഇതേ മേഖലയില്‍ സവിശേഷമായൊരു വെങ്കലയുഗ സംസ്‌കാരം സ്ഥാപിച്ചു. സു. നാലു ശതകങ്ങള്‍ക്കു ശേഷം ഈ ഭാഗങ്ങളില്‍ ഏതാണ്ടൊരു ഫ്യൂഡല്‍ വ്യവസ്ഥിതി സംജാതമായി. ഇവിടേക്ക്‌ കുടിയേറിയ ഇന്തോആര്യന്‍ വര്‍ഗത്തില്‍പ്പെട്ടവരാണ്‌ പില്‌ക്കാലത്ത്‌ ഇന്തോ ചൈനയില്‍ ഹിന്ദു രാഷ്‌ട്രങ്ങള്‍ സ്ഥാപിച്ചത്‌.

അങ്കോര്‍ വാത്‌ ക്ഷേത്രത്തിന്റെ ദക്ഷിണ കവാടം

ഫൂനാന്‍. കംബോഡിയന്‍ പ്രദേശത്ത്‌ ആദ്യമായി സ്ഥാപിതമായ സ്വതന്ത്രരാഷ്‌ട്രമാണ്‌ ഫൂനാന്‍. എ.ഡി. 6-ാം ശ. വരെ സു. 5 നൂറ്റാണ്ടുകാലം മെക്കോങ്‌ തടത്തില്‍ പുഷ്‌കലമായിരുന്ന ഈ ഹിന്ദു രാഷ്‌ട്രത്തിന്‍െറ ഐശ്വര്യം കുടികൊണ്ടിരുന്നത്‌ വിശാലമായ സമ്പന്ന നെല്ലേലകളിലും രാഷ്‌ട്രാന്തര വാണിജ്യത്തിലുമായിരുന്നു. കുന്ന്‌ എന്നര്‍ഥമുള്ള ഖ്‌മര്‍ ഭാഷാപദമായ "നാം' (യിമാ)ന്റെ ചൈനീസ്‌ രൂപമാണ്‌ ഫൂനാന്‍. ഫൂനാനിലെ വാണിജ്യ കേന്ദ്രങ്ങള്‍ ഇന്ത്യ, ചൈന തുടങ്ങിയ ദക്ഷിണ, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിച്ചിരുന്നു. ഇക്കാലത്ത്‌ കംബോഡിയയിലേക്ക്‌ വന്‍തോതില്‍ കുടിയേറ്റവും നടന്നു. ഇന്നത്തെ കംബോഡിയ, ലാവോസ്‌ എന്നീ രാജ്യങ്ങളില്‍ ഉണ്ടായിരുന്ന പല നാട്ടുരാജ്യങ്ങളും അന്ന്‌ ഫൂനാന്‍െറ മേല്‌ക്കോയ്‌മ അംഗീകരിച്ചിരുന്നു.

ഫൂനാന്‍ കാലഘട്ടത്തിന്‌ കംബോഡിയയുടെ ചരിത്രത്തില്‍ വലുതായ പ്രാധാന്യമുണ്ട്‌. 4-ാം ശ.ത്തില്‍ നടന്ന ഭാരതവത്‌കരണത്തെക്കുറിച്ച്‌ ഐതിഹ്യങ്ങളും കഥകളും പ്രചാരത്തിലുണ്ട്‌. ഫൂനാനിലേക്ക്‌ ഭരണം വ്യാപിപ്പിച്ച ഒരു ഇന്ത്യന്‍ ബ്രാഹ്മണനാണ്‌ ഹിന്ദു ആചാരങ്ങളും ഇന്ത്യന്‍ നിയമവ്യവസ്ഥയും മധ്യ ഇന്ത്യയിലെ അക്ഷരമാലയും കംബോഡിയയില്‍ പ്രചരിപ്പിച്ചതെന്ന്‌ ചീന സഞ്ചാരികള്‍ വിവരിക്കുന്നു. സംസ്‌കൃത ലിഖിതങ്ങള്‍ കംബോഡിയയുടെ തുടര്‍ന്നുള്ള ചരിത്രം സൂചിപ്പിക്കുന്നു. കൗന്ദിന്യ ജയവര്‍മന്‍ (514)രാജാവിന്‍െറ കാലത്താണ്‌ ഫൂനാന്‍െറ ഐശ്വര്യം ഉച്ചകോടിയിലെത്തിയത്‌. രുദ്രവര്‍മന്‍ (ഭ.കാ.എ.ഡി. 514-539) ആയിരുന്നു അവസാനത്തെ ഫൂനാന്‍ രാജാവ്‌. ഫൂനാന്‍െറ തലസ്ഥാനം ഉള്‍നാട്ടിലെ വ്യാധപുരം (നായാടികളുടെ നഗരം) ആയിരുന്നു.

ചെന്‍ല. 6-ാം ശ.ത്തില്‍ ഫുനാനിന്റെ ശക്തി ക്ഷയിക്കുകയും ഒരു നാട്ടുരാജ്യമായ ചെന്‍ല ഫുനാനിനു‌മേല്‍ ആധിപത്യമുറപ്പിക്കുകയും ചെയ്‌തു. ചെന്‍ലയോടൊപ്പം ഫൂനാന്‍െറ അധികപങ്കും ആദ്യമായി ഭരിച്ചത്‌ രുദ്രവര്‍മന്‍െറ പൗത്രനായ ഭവവര്‍മനാണ്‌. ഭവവര്‍മനെ തുടര്‍ന്ന്‌ മഹേന്ദ്രവര്‍മന്‍ രാജാവായി. (ഭ.ക.സു. 600-611). ഇദ്ദേഹത്തിന്‍െറ പുത്രന്‍, ഈശാനവര്‍മന്‍െറ ഭരണകാലത്താണ്‌ (611-635) ചെന്‍ല ഏറ്റവും വിസ്‌തൃതവും ശക്തവുമായിരുന്നത്‌. അക്കാലത്ത്‌ ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രമായിരുന്ന ഈശാനപുരം ഇദ്ദേഹത്തിന്‍െറ രാജധാനിയായിരുന്നു. ഇതിന്‍െറ അവശിഷ്‌ടം കാംപോങ്‌ തം എന്ന ആധുനിക പട്ടണത്തിനു‌ സമീപം സംരക്ഷിക്കപ്പെടുന്നു.

ചെന്‍ല ഭരിച്ച ഭവവര്‍മന്‍ II, ജയവര്‍മന്‍ I എന്നിവരുടെ കാലത്ത്‌ സാമ്രാജ്യം ഏതാണ്ട്‌ ഇന്തോചൈന ആകമാനവും വ്യാപിച്ചിരുന്നു. സാമ്രാജ്യത്തിന്‍െറ അതിവ്യാപ്‌തി രാഷ്‌ട്രീയ ശിഥിലീകരണത്തിനു‌ വഴിതെളിച്ചു. ഭാരത, ചീന സംസ്‌കാരങ്ങളുടെ സ്വാധീനം ചെന്‍ലയെ തെക്കും വടക്കും മേഖലകളായി വ്യതിരിക്തമാക്കി. ജയവര്‍മന്‍ കന്റെ മരണാനന്തരം ചെന്‍ല പരസ്‌പരവൈരം പുലര്‍ത്തിപ്പോന്ന ചെറു നാടുവാഴികളുടെ കീഴിലായി. ഏതാണ്ട്‌ ഒരു ഐകമത്യം പുലത്തിപ്പോന്ന ഉത്തരഘടകത്തെ ലാന്‍ഡ്‌ചെന്‍ല എന്ന്‌ വിശേഷിപ്പിച്ചു കാണുന്നു. വാട്ടര്‍ചെന്‍ല എന്നു പരാമര്‍ശിച്ചുകാണുന്ന ദക്ഷിണാര്‍ധത്തെ പരസ്‌പരം എതിര്‍ത്തുപോന്ന നാട്ടുരാജാക്കന്മാരാണ്‌ ഭരിച്ചുപോന്നത്‌. 67 ശതകങ്ങളില്‍ സാംസ്‌കാരിക സരണികളില്‍ നിന്ന്‌ പുറന്തള്ളപ്പെട്ട ഈ മേഖലകളില്‍ ഭാരതീയ സ്വാധീനം നഷ്‌ടപ്രായമായി. തുടര്‍ന്ന്‌ ഖ്‌മെര്‍ ജനത തനതായൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ തുടങ്ങിയതോടെയാണ്‌ അങ്കോര്‍ കാലഘട്ടം സമാരംഭിച്ചത്‌.

അങ്കോര്‍ കാലഘട്ടം

കംബുജം. സു. 800ല്‍ ജാവയില്‍ നിന്ന്‌ ഇന്തോ ചൈനയില്‍ തിരിച്ചെത്തിയ ജയവര്‍മന്‍ II (ഭ.കാ.സു. 802-850) സ്ഥാപിച്ച ഖ്‌മെര്‍ രാജ്യമാണ്‌ കംബുജം. ഇക്കാലത്ത്‌ ഖ്‌മെര്‍ ജനത സ്വായത്തമാക്കിയ സാംസ്‌കാരികോന്നതി 13 ഉം 14ഉം ശ.വരെ പുഷ്‌കലമായിരുന്നു. ഈ കാലഘട്ടത്തെ അങ്കോര്‍ കാലഘട്ടം എന്നു വിശേഷപ്പിക്കുന്നു. "അങ്കോര്‍ കംബോഡിയ' എന്നും അറിയപ്പെടുന്ന കംബുജരാജ്യത്തിന്റെ സ്ഥിരമായ തലസ്ഥാനം അങ്കോര്‍ നഗരമായിരുന്നു.

കംബോഡിയ, ലാവോസ്‌, തായ്‌ലന്‍ഡ്‌, വിയറ്റ്‌നാം, ബര്‍മ എന്നീ രാജ്യങ്ങളില്‍പ്പെടുന്ന പ്രദേശങ്ങള്‍ കംബുജത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. പ്രാചീന ഫൂനാന്‍ രാജ്യവും തുടര്‍ന്നുവന്ന ചെന്‍ല രാഷ്‌ട്രങ്ങളും ഖ്‌മെര്‍, മോന്‍, ചാം എന്നീ ജനവര്‍ഗങ്ങള്‍ നിവസിച്ചിരുന്നതുമായ വിശാല ഭൂപ്രദേശത്തെ ഒരൊറ്റ സാമ്രാജ്യത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ ജയവര്‍മന്‍ കകന്‌ കഴിഞ്ഞു. 12 13 ശതകങ്ങളിലാണ്‌ വിശ്വോത്തര ഹൈന്ദവ ദേവാലയങ്ങള്‍ (നോ: അങ്കോര്‍ തോം; അങ്കോര്‍ വാത്‌) നിര്‍മിക്കപ്പെട്ടത്‌. ഈ കാലത്ത്‌ കംബുജം പല യുദ്ധങ്ങളിലും ഏര്‍പ്പെട്ടിരുന്നു. 13-ാം ശ.ത്തില്‍ രാജാവിന്‍െറ ശക്തി ക്ഷയിക്കുകയും വര്‍ഗീയ കലാപങ്ങള്‍ വര്‍ധിക്കുകയും ചെയ്‌തു. ഖ്‌മെര്‍ ജനത വസിച്ചിരുന്ന ഭാഗങ്ങള്‍ ഒഴിച്ചുള്ള പ്രദേശങ്ങള്‍ സ്വതന്ത്രമായി. ക്രമേണ ഇവരുടെ അധീനതയില്‍പ്പെട്ട പ്രദേശങ്ങളും ചുരുങ്ങിത്തുടങ്ങി. പിന്നീട്‌ കംബുജം എന്ന പേര്‌ ഖ്‌മെര്‍ രാജ്യത്തിന്റെ ഔദ്യോഗിക നാമമായവശേഷിച്ചു.

ജയവര്‍മന്‍ II ന്‍െറ ആദ്യത്തെ രാജധാനി ഇന്ദ്രപുരം (കാംപോങ്‌ ചാം പ്രവിശ്യ) ആയിരുന്നു. തുടര്‍ന്ന്‌ ഇദ്ദേഹം തിരഞ്ഞെടുത്ത മൂന്ന്‌ രാജസ്ഥാനങ്ങളും അങ്കോറിനു‌ സമീപത്തായിരുന്നു. ജയവര്‍മന്‍ II നെത്തുടര്‍ന്ന്‌ ജയവര്‍മന്‍ IIIഉം ഇന്ദ്രവര്‍മന്‍ I ഉം രാജാക്കന്മാരായി. പിന്നീട്‌ രാജ്യഭരണം ഏറ്റെടുത്ത യശോവര്‍മനാണ്‌ (ഭ.കാ. 889-900) അങ്കോര്‍ മേഖലയില്‍ ആദ്യമായി രാജധാനി സ്ഥാപിച്ചത്‌. തലസ്ഥാന നഗരത്തിന്‍െറ പേര്‌ യശോധരപുരം എന്നായിരുന്നു. ഇതിന്‌ 41.5 ച.കി.മീ. വിസ്‌തൃതി ഉണ്ടായിരുന്നു. യശോവര്‍മ്മന്റെ ഭരണകാലത്താണ്‌ കംബുജ രാജ്യത്തിന്റെ പ്രതാപം ഉച്ചകോടിയിലെത്തിയത്‌. പില്‌ക്കാല കംബുജ രാജാക്കന്മാര്‍ അങ്കോര്‍ നഗരത്തെ വിശ്വോത്തര വാസ്‌തുവിദ്യാ സങ്കേതമായി വികസിപ്പിച്ചു.

10-ാം ശ.ത്തില്‍ ആറ്‌ ഖ്‌മെര്‍ രാജാക്കന്മാര്‍ കംബുജം ഭരിച്ചു. ഇവരില്‍ ജയവര്‍മന്‍ IV (ഭ.കാ. 928-942), രാജേന്ദ്രവര്‍മന്‍ II (944-968), ജയവര്‍മന്‍ V (968-1001)എന്നിവരായിരുന്നു പ്രമുഖര്‍. ജയവര്‍മന്‍ V നെത്തുടര്‍ന്ന്‌ രാജാവായ സുര്യവര്‍മന്‍ I (ഭ.കാ. 1002-50) മുന്‍ഗാമികളുടെ നയം തുടര്‍ന്നുപോന്നു. ഇദ്ദേഹവും ക്ഷേത്രനിര്‍മാണം കലാസാഹിത്യാദികളുടെ പരിപോഷണം എന്നിവയില്‍ ബദ്ധശ്രദ്ധനായിരുന്നു തുടര്‍ന്ന്‌ ഇദ്ദേഹത്തിന്‍െറ പുത്രനായ ഉദയാദിത്യവര്‍മന്‍ IIന്റെ കാലത്ത്‌ രാജ്യവിസ്‌തൃതി വര്‍ധിപ്പിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ സഹോദരന്‍ ഹര്‍ഷവര്‍മന്‍ IIIന്റെ (ഭ.കാ. 1066-80) കാലത്താണ്‌ ചമ്പരാജ്യത്തെ ചാംസേന മെക്കോങ്‌ തടത്തിലെ ഒരു വിസ്‌തൃത മേഖല (ഇന്നത്തെ ക്രാഷെ) കൈക്കലാക്കിയത്‌. 1080ല്‍ ഇദ്ദേഹത്തെ സ്ഥാനഭ്രഷ്‌ടനാക്കിക്കൊണ്ട്‌ ജയവര്‍മന്‍ VI (1080-1107) സിംഹാസനസ്ഥനായി. ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്‍െറ പിന്‍ഗാമിക്കും (ധരണീന്ദ്രവര്‍മന്‍ I) ഹര്‍ഷവര്‍മന്റെ കുടുംബക്കാരെ നിരന്തരം എതിര്‍ക്കേണ്ടിവന്നു.

ധരണീന്ദ്രവര്‍മനെ പുറത്താക്കിയിട്ട്‌ 1113ല്‍ ഹര്‍ഷവര്‍മന്റെ കുടുംബത്തില്‍പ്പെട്ട സൂര്യവര്‍മന്‍ II (ഭ.കാ. 1113-50) രാജാവായി. ഇദ്ദേഹം ചമ്പയെ കംബുജത്തില്‍ ലയിപ്പിച്ചു; വിയറ്റ്‌നാമിനെതിരെ വടക്കോട്ട്‌ പലതവണ പടനീക്കം നടത്തുകയും ചെയ്‌തു. സയാമിന്റെ ഒട്ടേറെ ഭാഗങ്ങളും മലയാ ഉപദ്വീപും ഇദ്ദേഹം കംബുജത്തോടു ചേര്‍ത്തു. ഇദ്ദേഹത്തിന്‍െറ കാലത്താണ്‌ കംബുജരാജ്യം ഏറ്റവും വിസ്‌തൃതമായിരുന്നത്‌. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഹൈന്ദവ (വൈഷ്‌ണവ) ക്ഷേത്രമായ അങ്കോര്‍ വാത്‌ ഇദ്ദേഹത്തിന്‍െറ കാലത്താണ്‌ നിര്‍മിക്കപ്പെട്ടത്‌. ശൈവ വൈഷ്‌ണവ മതങ്ങളുടെ പരിപോഷണത്തിനായി കഠിനമായി യത്‌നിച്ചിരുന്ന ഇദ്ദേഹം ക്ഷേത്രങ്ങള്‍, രാജധാനി എന്നിവയുടെ നിര്‍മാണത്തിനായി ധാരാളം പൊതുധനം വിനിയോഗിച്ചതിന്‍െറ ഫലമായി രാജ്യം സാമ്പത്തികമായി ക്ഷയിച്ചു. ആഭ്യന്തരമായ കുഴപ്പങ്ങളും കംബുജത്തെ ഉലയ്‌ക്കാന്‍ ഇടയാക്കി. ഇദ്ദേഹത്തെ പിന്‍തുടര്‍ന്ന ധരണീന്ദ്രവര്‍മന്‍ II (1150-60) ഒരു ബുദ്ധമതാനു‌യായി ആയിരുന്നു. യശോവര്‍മന്‍ II (1160-66)നെത്തുടര്‍ന്ന്‌ കംബുജം ഭരിച്ച ത്രിഭുവനാദിത്യവര്‍മന്‍െറ കാലത്ത്‌ ചമ്പ (ചാംജനത) വന്‍തോതില്‍ ഖ്‌മെര്‍ നശീകരണം തുടങ്ങിക്കഴിഞ്ഞിരുന്നു. 1167ല്‍ തുടങ്ങിയ പടനീക്കം 1177ല്‍ അങ്കോര്‍ നഗരം ചാം അധിനതയിലാകുന്നതുവരെ തുടര്‍ന്നു. അതോടെ കംബുജം അരാജകത്വത്തിന്‍െറ പിടിയിലായി.

വ്യാപകമായ പ്രചാരണോദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ ഖ്‌മെര്‍ ജനതയുടെ ആത്‌മവീര്യം ഉണര്‍ത്താനും വീണ്ടും കംബുജത്തിന്റെ വെന്നിക്കൊടി പാറിക്കാനും 1181ല്‍ രാജ്യഭരണം ഏറ്റെടുത്ത ജയവര്‍മ VII നു‌ കഴിഞ്ഞു. ഇദ്ദേഹം ചമ്പാരാജ്യത്തോട്‌ പകവീട്ടുകയും കംബുജത്തിന്റെ പഴയ പ്രൗഢി പൂര്‍ണമായും വീണ്ടെടുക്കുകയും ചെയതു. ജയവര്‍മന്‍െറ ഭരണാനന്തരം ചാവോഫ്രായ തടത്തില്‍ (സയാം) സംഘടിച്ച സയാം ജനത ഒരു സ്വതന്ത്ര പ്രവിശ്യ സ്ഥാപിച്ചെടുക്കുന്നതില്‍ വിജയിച്ചു (1238). 1220ല്‍ത്തന്നെ ചമ്പയും സ്വയംഭരണം നേടിയിരുന്നു. എന്നിരുന്നാലും 13-ാം ശ. മുഴുവനും അങ്കോര്‍ സമ്പത്‌സമൃദ്ധമായ ഒരു മായാനഗരമായിരുന്നുവെന്ന്‌ 1296ലെ ഒരു ചൈനീസ്‌ വിവരണം സൂചിപ്പിക്കുന്നു. ഇക്കാലത്തൊക്കെയും ഖ്‌മെര്‍ ജനത കൂടുതലായി ബുദ്ധമതത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരുന്നു. ജയവര്‍മന്‍ VIII (ഭ.കാ. 1243-95) ന്‍െറ കാലത്ത്‌ ഖ്‌മെര്‍ ജനത ഹിന്ദുമതം ഉപേക്ഷിച്ച്‌ തേരാവാദ (മഹായാന) ബുദ്ധമതം സ്വീകരിച്ചു.

14-ാം ശ.ല്‍ കംബുജം ഭരിച്ചത്‌ ഇന്ദ്രവര്‍മന്‍ III (1296-1308), ഇന്ദ്രജയവര്‍മന്‍ (1308-27), ജയവര്‍മന്‍ പരമേശ്വരന്‍ (1327) എന്നീ രാജാക്കന്മാരാണ്‌. 1369ലും 89ലും ഉണ്ടായ തായ്‌ ആക്രമണകാലത്ത്‌ അങ്കോര്‍ നഗരം അല്‌പകാലങ്ങളില്‍ അവര്‍ക്കധീനമായിരുന്നു. എന്നാല്‍ 1444ല്‍ ഖ്‌മെര്‍ ജനത കംബോഡിയയുടെ ആസ്ഥാനമായ അങ്കോര്‍ നഗരം ഉപേക്ഷിച്ച്‌ ഇന്നെത്ത നോം പെന്‍ നഗരത്തിനു‌ സമീപത്തായി മറ്റൊരിടം കണ്ടെത്തി. പിന്നീടുള്ള ചരിത്രം ഖ്‌മെര്‍ ജനതയുടെ തുടര്‍ച്ചയായ പതനം വ്യക്തമാക്കുന്നു.

ഒന്നര സഹസ്രാബ്‌ദത്തോളം നീണ്ടു നിന്ന ഹൈന്ദവാധിപത്യത്തിന്റെ മുദ്രകള്‍ ഇവിടത്തെ ജനജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വ്യക്തമായി കാണാം. കംബുജത്തിലെ എല്ലാം നഗരങ്ങള്‍ക്കും ഹൈന്ദവ നാമങ്ങളാണ്‌ നല്‍കിയിട്ടുള്ളത്‌. താമരപുരം, വിക്രമപുരം, ധ്രുവപുരം തുടങ്ങിയവയായിരുന്നു രാജ്യത്തെ പ്രമുഖനഗരങ്ങള്‍. ക്ഷേത്രശിലാലിഖിതങ്ങള്‍ സംസ്‌കൃതത്തിന്‌ ഇവിടെ ലഭിച്ചിരുന്ന പ്രചാരം വ്യക്തമാക്കുന്നു. കംബുജത്തിലെ സംസ്‌കൃത പണ്ഡിതന്മാര്‍ക്ക്‌ പാണിനി, പതഞ്‌ജലി, മനു‌, യാജ്‌ഞവല്‌ക്യന്‍ എന്നിവരുടെ കൃതികളില്‍ തികഞ്ഞ അവഗാഹമുണ്ടായിരുന്നു. കാളിദാസന്റെ ശാകുന്തളം, പ്രവരസേനന്റെ സേതുബന്ധനം, മയൂരന്റെ സൂര്യശതകം തുടങ്ങിയ കൃതികള്‍ക്കിവിടെ നല്ല പ്രചാരമുണ്ടായിരുന്നു.

13-ാം ശ.ത്തിനു‌ശേഷം സയാം ഖ്‌മെര്‍ ജനതയുടെ സാംസ്‌കാരികരംഗത്ത്‌ നിസ്‌തുലമായ സ്വാധീനം ചെലുത്തിപ്പോന്നു. ബൗദ്ധസന്ന്യാസികളുടെ ജീവിതക്രമത്തില്‍ അടുക്കും ചിട്ടയും കൂടുതലായി ദൃശ്യമായി. അങ്കോര്‍ വാത്‌ മാതൃകയില്‍ ധാരാളമായി വാസ്‌തുശില്‌പങ്ങള്‍ നിര്‍മിക്കപ്പെട്ടു. സയാമീസ്‌ പദങ്ങള്‍ ധാരാളമായി കടമെടുത്ത്‌ ഖ്‌മര്‍ഭാഷ സാഹിത്യപുരോഗതി നേടി.

പാശ്ചാത്യരുടെ ആഗമനം

15-ാം ശ.ത്തില്‍ രാജകുടുംബത്തിലെ അന്തഃഛിദ്രവും ആഭ്യന്തര കുഴപ്പങ്ങളും കാരണം ഖ്‌മെര്‍ രാജ്യം അധഃപതനത്തിന്റെ നെല്ലിപ്പടിയിലെത്തി. വിദൂരപൂര്‍വദേശങ്ങളില്‍ ക്രിസ്‌തുമതം പ്രചരിപ്പിച്ചിരുന്ന ഗ്രീക്ക് മിഷനറിമാരാണ്‌ ഇക്കാലത്ത്‌, ആദ്യമായി കംബോഡിയയിലെത്തിയ യൂറോപ്യന്മാര്‍. ഇവിടത്തെ ബൗദ്ധസന്ന്യാസിമാരുടെ കഠിനമായ എതിര്‍പ്പുകാരണം മിഷനറിമാര്‍ക്ക്‌ സ്ഥലം വിടേണ്ടിവന്നു. സാഥ എന്ന കംബോഡിയാ രാജാവിന്റെ കാലത്ത്‌ (1576-94) നോം പെന്‌ സമീപത്തായിരുന്ന, ഖ്‌മെര്‍ തലസ്ഥാനമായ ലോവെക്ക്‌ (Lovek) നഗരം സയാം കൈക്കലാക്കി (1594). അപ്പോഴേക്കും ഇന്തോചൈനയില്‍ എത്തിയിരുന്ന സ്‌പാനിഷ്‌, പോര്‍ത്തുഗീസ്‌ നാവികരുടെ സഹായം നേടാന്‍ സാഥ ഒരു വിഫലശ്രമം നടത്തി. 1594ല്‍ ഒരു സ്‌പാനിഷ്‌ പര്യടനസംഘം എത്തിച്ചേര്‍ന്നപ്പോഴേക്കും സാഥയെ പുറത്താക്കി ചുങ്‌പ്രി സിംഹാസനസ്ഥനായിക്കഴിഞ്ഞിരുന്നു. സ്‌പാനിഷ്‌സേന ചുങ്‌പ്രിയെ വധിച്ച്‌ സാഥയുടെ പുത്രനെ രാജാവായി വാഴിച്ചു. പിന്നീട്‌ രാജ്യം ഭരിച്ചവര്‍ക്ക്‌ സയാമിനെതിരെ പൊരുതാനും ആഭ്യന്തര കലാപങ്ങളെ അമര്‍ച്ച ചെയ്യാനും പോര്‍ച്ചുഗീസ്‌സ്‌പാനിഷ്‌ സൈനികശേഷിയുടെയും ക്രിസ്‌തീയ മിഷനറിമാരുടെയും സഹായം ആവശ്യമായി വന്നു. ക്രിസ്‌തുമത പ്രചാരണം അനു‌വദിക്കാനും സ്‌പെയിന്‍കാരുടെ ആധിപത്യം സ്വീകരിക്കാനും ഒരു വിഭാഗം തയ്യാറായി. പക്ഷേ തീവ്രമായ ദേശസ്‌നേഹത്താല്‍ പ്രരിതരായി പലരും വിദേശീയര്‍ക്ക്‌ എതിരായി അണിനിരന്നു. 1599ല്‍ കംബോഡിയയില്‍ പ്രവര്‍ത്തിച്ച ദേശീയസേന വിദേശിയരെ ഒന്നാകെ കൊന്നൊടുക്കി. ഈ കൂട്ടക്കൊലയോടെ കംബോഡിയയിലെ സ്‌പാനിഷ്‌ ആധിപത്യം അവസാനിച്ചു. പിന്നീട്‌ കംബോഡിയ സയാമിന്റെ അധീശത്വത്തില്‍ അമര്‍ന്നു. 200ല്‍പ്പരം വര്‍ഷം ഈ സ്ഥിതിയിലായിരുന്നു കംബോഡിയ.

19-ാം ശ.ത്തിന്റെ ആരംഭഘട്ടത്തില്‍ മേല്‍ക്കോയ്‌മയ്‌ക്കായി സയാമും ഉത്തരവിയറ്റ്‌നാമും കംബോഡിയയില്‍ തുടരെത്തുടരെ ആക്രമണം നടത്തി. 1860ല്‍ കംബോഡിയയില്‍ ആരംഭിച്ച രാഷ്‌ട്രീയകലാപം അമര്‍ച്ച ചെയ്യുവാന്‍ ഫ്രഞ്ചുകാരുടെ സഹായം തേടുവാന്‍ കംബോഡിയ നിര്‍ബന്ധിതമായി. 1861നും 63നും ഇടയ്‌ക്ക്‌ ഫ്രഞ്ച്‌ ഭരണാധികാരികളും സയാം ഭരണാധികാരികളും തമ്മില്‍ കംബോഡിയയുടെ മേല്‍ ആധിപത്യം ഉറപ്പിക്കുവാന്‍ നടന്ന മത്സരത്തില്‍ അന്തിമ വിജയം ഫ്രഞ്ചുകാര്‍ക്കായിരുന്നു. നൊരോദം രാജാവിന്‌ നാമമാത്രമായ അധികാരങ്ങള്‍ നല്‌കിക്കൊണ്ട്‌ അധികാരം ഫ്രഞ്ചുകാര്‍ കൈക്കലാക്കി. ഓരോ പ്രവിശ്യയിലും ഓരോ ഫ്രഞ്ചു ഭരണാധികാരി നിയമിതനായി. ഫ്രഞ്ചുകാര്‍ക്കെതിരായി 1885 ജനു‌.ല്‍ ആരംഭിച്ച്‌ 18 മാസത്തോളം നീണ്ടുനിന്ന രക്തരൂഷിത വിപ്ലവം ഫ്രഞ്ചുകാര്‍ അമര്‍ച്ച ചെയ്‌തു. 1887 ഒ.ല്‍ ഇന്തോചൈനയില്‍ പൊതുവേ പുതിയ ഭരണസമ്പ്രദായം ഫ്രഞ്ചുകാര്‍ ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ജനറലിന്‍െറ പരമാധികാരത്തിന്‍ കീഴില്‍ കംബോഡിയ, കൊച്ചിന്‍ ചൈന , അന്നാം, റ്റോംകോമ്‌ എന്നീ ദേശങ്ങളെ സ്വയംഭരണാവകാശമുള്ള പ്രദേശങ്ങളാക്കി ഓരൊന്നിലും ഫ്രഞ്ചു ഗവര്‍ണറുടെ പ്രതിനിധിയായി റസിഡന്റുമാരെയും നിയോഗിച്ചു.

ഭരണം നിയന്ത്രിച്ചിരുന്നത്‌ ഫ്രഞ്ചു ഗവണ്‍മെന്റിന്‍െറ പ്രതിനിധികളായിരുന്നു. ഈ സ്ഥിതി രണ്ടാം ലോക യുദ്ധാരംഭം വരെ തുടര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ ജപ്പാന്‍ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ പിടിച്ചടക്കി. നാമമാത്ര രാജാവായിരുന്ന മോനിവോങ്ങിന്റെ മരണാനന്തരം (1941) ഇന്തോചൈനയിലെ ഫ്രഞ്ച്‌ അഡ്‌മിറല്‍, 18 വയസ്സുകാരനായിരുന്ന നൊരോദം സിയാനൂക്‌ (Norodom Sihanouk) രാജകുമാരനെയാണ്‌ സിംഹാസനത്തില്‍ അവരോധിച്ചത്‌. 1945 മാ.ല്‍ ജപ്പാന്‍ ഇന്തോചൈനയില്‍ നിന്ന്‌ ഫ്രഞ്ച്‌ ഭരണം തുടച്ചു നീക്കിയ അവസരത്തെ മുതലെടുത്തുകൊണ്ട്‌ സിയാനൂക്‌ കംബോഡിയയെ സ്വതന്ത്രരാഷ്‌ട്രമായി പ്രഖ്യാപിച്ചു. എന്നാല്‍ 1945 ആഗ.ല്‍ ജപ്പാന്‍ സഖ്യകക്ഷികള്‍ക്ക്‌ കിഴടങ്ങിയതോടുകൂടി ഇന്തോചൈനയുടെ ദേശീയനേതാവായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന ഹോചിമിന്‍ ഏഴ്‌ പ്രവശ്യകള്‍ പിടിച്ചെടുത്ത്‌ ഒരു സ്വതന്ത്ര ഗവണ്‍മെന്റ്‌ സ്ഥാപിച്ചു. അതേ സമയം ഫ്രഞ്ചുകാര്‍ ഇന്തോചൈനയില്‍ അധികാരം പുനസ്ഥാപിക്കാന്‍ ശ്രമം തുടര്‍ന്നു. 1930 കളില്‍ തികഞ്ഞ ഫ്രഞ്ചു വിരോധം പ്രകടിപ്പിച്ചിരുന്ന സണ്‍ നോക്‌ താന്‍ (Son Ngoc Thanh)ഫ്രഞ്ചു സഹകരണം തുടര്‍ന്ന രാജഭരണത്തിനെതിരെ ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു.

1953 വരെ ഒരു വശത്ത്‌ തങ്ങള്‍ക്കു നഷ്‌ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാന്‍ ഫ്രഞ്ചുകാര്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത്‌ രാജാധികാരത്തെ നിലനിര്‍ത്തിക്കൊണ്ടുള്ള പാര്‍ലമെന്ററി വ്യവസ്ഥിതി നടപ്പിലാക്കാന്‍ സിയാനൂക്‌ പ്രഭൃതികളും ഒരു ജനാധിപത്യ പാര്‍ലമെന്ററി സംവിധാനം കൊണ്ടുവരാന്‍ സണ്‍ നോക്‌ താനും കൂട്ടരും തീവ്രയത്‌നം തുടര്‍ന്നു. രാജ്യമാകെ കലാപം ആളിപ്പടരുമെന്ന്‌ സിയാനൂക്‌ രാജകുമാരന്‌ ബോധ്യമായി. രാഷ്‌ട്രീയ പ്രതിസന്ധി തരണം ചെയ്യാനാവശ്യമായ നടപടികളെടുത്തു. 1952ല്‍ അദ്ദേഹം കംബോഡിയയിലെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയും 1953ല്‍ നാഷണല്‍ അസംബ്ലിയും പിരിച്ചുവിട്ട്‌ രാജ്യത്ത്‌ സൈനികഭരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന്‌ കബോഡിയയെ സ്വതന്ത്രരാഷ്‌ട്രമായി അംഗീകരിക്കുവാന്‍ അദ്ദേഹം യു.എസ്‌., ഫ്രാന്‍സ്‌ തുടങ്ങിയ വന്‍കിട ശക്തികളെ പ്രരിപ്പിച്ചു. തത്‌ഫലമായി 1953ല്‍ ഫ്രാന്‍സുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം കംബോഡിയ സ്വതന്ത്രരാജ്യമായി അംഗീകരിക്കപ്പെട്ടു. (ന.9).

1954ലെ ജനീവാകരാറനു‌സരിച്ച്‌ ഫ്രഞ്ച്‌, വിയറ്റ്‌നാമീസ്‌ സേനകള്‍ കംബോഡിയയില്‍ നിന്ന്‌ പിന്‍വലിക്കപ്പെട്ടു. 1955ല്‍ സിയാനൂക്‌, കിരീടം പിതാവിന്‌ (Norodom Suramarit) നല്‍കുകയും പീപ്പിള്‍സ്‌ സോഷ്യലിസ്റ്റ്‌ കമ്യൂണിറ്റി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രിയാവുകയും ചെയ്‌തു. പ്രധാനമന്ത്രിയായും 1960ല്‍ പിതാവ്‌ മരിച്ചതിനെത്തുടര്‍ന്ന്‌ വീണ്ടും രാജപദവിയിലും ഒന്നര ദശാബ്‌ദക്കാലം സിയാനൂക്‌ ഭരണം നടത്തി; വിയറ്റ്‌നാം യുദ്ധത്തില്‍ നിഷ്‌പക്ഷത പാലിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്ന സിയാനൂക്‌ ദേശീയ വിമോചന മുന്നണിയുടെയും ഉത്തര വിയറ്റ്‌നാമിന്‍െറയും അണികള്‍ക്ക്‌ കംബോഡിയയില്‍ താവളം നല്‍കി.

1970ല്‍ പ്രധാനമന്ത്രി ലോണ്‍നോളിന്റെ നേതൃത്വത്തില്‍ നടന്ന പട്ടാള അട്ടിമറിയിലൂടെ സിയാനൂക്‌ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. കംബോഡിയയില്‍ രാജഭരണം അവസാനിപ്പിച്ച്‌ ലോണ്‍നോള്‍ ഭരണകൂടം രാജ്യനാമം ഖ്‌മെര്‍ റിപ്പബ്ലിക്‌ എന്നാക്കി മാറ്റി.

രാജ്യത്തുടനീളം യു.എസ്‌, വിയറ്റ്‌നാം സേനകളോട്‌ വൈരം വര്‍ധിച്ചു വന്ന ഒരു കാലഘട്ടമായിരുന്നു ഇത്‌. യു.എസ്‌ പിന്തുണയുള്ള ലോണ്‍നോള്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി സിയാനൂക്‌ കംബോഡിയന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെ ഒരു വിമതഘടകമായ ഖ്‌മെറൂഷ്‌ (Khemer Rouge) ഉള്‍പ്പെടുന്ന കംബോഡിയന്‍ ദേശീയ ഐക്യമുന്നണി (Front Uni National du - Cambodia - FUNC) യുമായി സഖ്യമുണ്ടാക്കി. ഉത്തര വിയറ്റ്‌നാമിന്റെയും ചൈനയുടെയും പിന്‍ബലം ഉണ്ടായിരുന്ന ഈ സഖ്യം 1973ലും 74ലും നോംപൈന്‍ നഗരം പിടിച്ചടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ 1975 ഏപ്രിലില്‍ ലോണ്‍നോളിനെ പരാജയപ്പെടുത്തി. നാഷണല്‍ യുണൈറ്റഡ്‌ ഫ്രണ്ട്‌ ഒഫ്‌ കമ്പോഡിയ(FUNC)യുടെ ഒരു പ്രത്യേക സമ്മേളനത്തില്‍ സിയാനൂക്‌ രാജകുമാരനെ രാഷ്‌ട്രത്തലവനായും പെന്‍ നൗത്തി(Penh Nouth)നെ പ്രധാനമന്ത്രിയായും അംഗീകരിച്ചു. 1975 ഡി. 15നു‌ ഒരു പുതിയ ഭരണഘടന നിലവില്‍ വന്നു.

1976 ജനു‌. 5നു‌ രാഷ്‌ട്രത്തിന്റെ പേര്‌ ഡെമോക്രാറ്റിക്‌ കമ്പൂച്ചിയ എന്നാക്കി മാറ്റി. 1976 മാ. 22നു‌ 204 പുരുഷന്മാരും 46 സ്‌ത്രീകളും ഉള്‍ക്കൊള്ളുന്ന പുതിയൊരു നിയമസഭയും തെരഞ്ഞെടുക്കപ്പെട്ടു. 1976 ഏ.5നു‌ സിയാനൂക്‌ രാജകുമാരന്‍ രാഷ്‌ട്രത്തലവന്‍ സ്ഥാനം രാജിവച്ചു. ഏ.14നു‌ ഖ്യൂ സംഫന്‍ (Khieu Samphan) ആ സ്ഥാനം ഏറ്റെടുത്തു. പെന്‍ നൗത്തിനെ തുടര്‍ന്ന്‌ പോള്‍ പോട്ട്‌ പ്രധാനമന്ത്രിയായി. 1976 മുതല്‍ കമ്പൂച്ചിയയില്‍ രണ്ട്‌ രാഷ്‌ട്രീയ വിഭാഗക്കാര്‍ തമ്മില്‍ രൂക്ഷമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പോള്‍ പോട്ടിന്റെ ഖ്‌മെര്‍ റൂഷ്‌ ഗവണ്‍മെന്റിന്‌ ചൈനയുടെ പിന്തുണയുമുണ്ടായിരുന്നു. കമ്പൂച്ചിയന്‍ ദേശീയ സമുദ്ധാരണഐക്യ മുന്നണിക്ക്‌ (Front Uni pour Salvation National du Kampuchea - FUSNK) വിയറ്റ്‌നാമിന്റെ നിര്‍ലോഭ സഹായവും ലഭിച്ചുപോന്നു. മൂന്നു വര്‍ഷക്കാലത്ത്‌ പോള്‍ പോട്ട്‌ ഭരണകൂടം 30 ലക്ഷത്തോളം കമ്പൂച്ചിയക്കാരെ വകവരുത്തിയെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോണ്‍നോള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നവര്‍, ഖ്‌മെര്‍റൂഷ്‌മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടികളുടെ വിമര്‍ശകര്‍, ഖ്‌മെര്‍റൂഷ്‌ സേനയുടെ ക്രൂര പീഡനങ്ങളെ പ്രതിരോധിച്ചവര്‍ തുടങ്ങി ഏതെങ്കിലും വിധത്തില്‍ ഖ്‌മെര്‍റൂഷ്‌ ഭരണകൂടത്തിന്റെ വിരോധത്തിനു‌ പാത്രീഭവിച്ചവരെയെല്ലാം "രാഷ്‌ട്രശത്രുക്കള്‍' എന്ന്‌ മുദ്രകുത്തി കൂട്ടത്തോടെ വധിക്കുകയാണ്‌ ചെയ്‌തിരുന്നത്‌. ആയിരങ്ങള്‍ തായ്‌ലന്‍ഡ്‌ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ അഭയം തേടി.

ഖ്‌മെര്‍റൂഷിന്റെ വിയറ്റ്‌നാം അധിനിവേശ ശ്രമങ്ങള്‍ക്കും കംബോഡിയയിലെ വിയറ്റ്‌നാംകാരുടെ കൂട്ടക്കൊലയ്‌ക്കും അറുതിവരുത്തിക്കൊണ്ട്‌ 1978ല്‍ വിയറ്റ്‌നാം, കംബോഡിയയെ ആക്രമിച്ചു. വിയറ്റ്‌നാം സേനയുടെ സഹായത്തോടെ ഹെങ്‌ സംരിന്‍ (Heng Samrin)ന്റെ നേതൃത്വത്തില്‍ എഫ്‌.യു.എസ്‌.എന്‍.കെ. ഭരണം കൈക്കലാക്കിയതിനെത്തുടര്‍ന്ന്‌ 1979ല്‍ പോള്‍പോട്ട്‌ പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. 1979-89 കാലയളവില്‍ രാഷ്‌ട്രം പീപ്പിള്‍സ്‌ റിപബ്ലിക്‌ ഒഫ്‌ കമ്പൂച്ചിയ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. 1980കളിലും ഖ്‌മെര്‍റൂഷ്‌ വിയറ്റ്‌നാംസേന യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു.

1991ല്‍ രാജ്യത്തെ പോരാളി സംഘടനകളും 19 രാജ്യങ്ങളും ചേര്‍ന്ന്‌ യു.എന്‍. നേതൃത്വത്തില്‍ പാരിസില്‍ വച്ച്‌ യുദ്ധവിരാമ ക്കരാര്‍ ഒപ്പുവച്ചു. 1993ല്‍ ഭരണഘടനാനു‌സൃതമായ രാജഭരണം (Parliamentary monarchy) നിലവില്‍ വരികയും രാഷ്‌ട്രം "കിങ്‌ഡം ഒഫ്‌ കംബോഡിയ' എന്ന നാമം സ്വീകരിക്കുകയും ചെയ്‌തു. രാജാവാണ്‌ രാഷ്‌ട്രത്തലവന്‍. ദേശീയ അസംബ്ലിയുടെ അംഗീകാരത്തോടെ മുഖ്യപാര്‍ട്ടിയില്‍ നിന്ന്‌ രാജാവ്‌ നിയമിക്കുന്ന പ്രധാനമന്ത്രിയിലാണ്‌ ഭരണാധികാരം നിക്ഷിപ്‌തമായിരിക്കുന്നത്‌. കംബോഡിയന്‍ പാര്‍ലമെന്റിന്‌ രണ്ട്‌ സഭകളുണ്ട്‌; ദേശീയ അസംബ്ലിയും സെനറ്റും.

2004 ഒ.ല്‍ സിയാനൂക്കിന്റെ അവിചാരിതസ്ഥാനത്യാഗത്തെത്തുടര്‍ന്ന്‌ നൊരോദം സിഹാമോണി (Nordom Sihamoni) രാജാവായി. ജപ്പാന്‍, ഫ്രാന്‍സ്‌, ആസ്‌റ്റ്രലിയ, യു.എസ്‌. തുടങ്ങിയ വികസിത രാഷ്‌ട്രങ്ങളുടെ ധനസഹായത്തോടെ കംബോഡിയയില്‍ രാഷ്‌ട്രപുനര്‍നിര്‍മാണ പ്രക്രിയകള്‍ നടന്നുവരുന്നു.

(പ്രാഫ. ലോറന്‍സ്‌ ലോപ്പസ്‌; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%82%E0%B4%AC%E0%B5%8B%E0%B4%A1%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍