This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കംട്രാളര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കംട്രാളര്‍

Comptroller

സര്‍ക്കാര്‍ കണക്കുകള്‍ പരിശോധിക്കാനും ക്രമീകരിക്കാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍. സ്വകാര്യവ്യാപാരവാണിജ്യ സ്ഥാപനങ്ങളില്‍ പഴയകാലത്ത്‌ കണക്കുകള്‍ സൂക്ഷിക്കുന്നതും റിപ്പോര്‍ട്ടു തയ്യാറാക്കുന്നതും ചീഫ്‌ അക്കൗണ്ടന്റ്‌ ആയിരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പില്‌ക്കാലത്തു നിയമിക്കപ്പെട്ട കംട്രാളര്‍മാരില്‍ അക്കൗണ്ടന്റിന്റെ ചുമതലകള്‍ക്കു പുറമേ പ്രധാനപ്പെട്ട ഉപദേശകച്ചുമതലകള്‍ കൂടെ നിക്ഷിപ്‌തമായി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബജറ്റു തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും വിവിധ നിര്‍ദേശങ്ങളിലെ ലാഭന്യായത അളക്കുന്നതിനും ഭരണപരമായ വിധി തീര്‍പ്പിന്‌ പ്രസക്തമായ വിവരങ്ങള്‍ സമാഹരിക്കുന്നതിനും കംട്രാളര്‍ സഹായിക്കുന്നു. സമാഹരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന വിവരങ്ങളെ സാമ്പത്തിക നിയന്ത്രണത്തിനുള്ള ഉപകരണങ്ങളായി പ്രയോഗിക്കുന്നതിനും ഈ ഉദ്യോഗസ്ഥന്‍ ചുമതലപ്പെട്ടിരിക്കുന്നു.

കംട്രാളര്‍, ആഡിറ്റിങ്‌ നടപടിക്രമം നിര്‍ദേശിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. കംട്രാളറുടെ ചുമതലകള്‍ സാധാരണയായി മാനേജുമെന്റിനോട്‌ ഉത്തരവാദിത്വമുള്ള ആഭ്യന്തരആഡിറ്റര്‍(Internal Auditor)മാരുടെ കീഴില്‍ കേന്ദ്രീകൃതമായി സംഘടിക്കപ്പെട്ടിരിക്കുന്നു.

സര്‍ക്കാര്‍ ഭരണവകുപ്പുകളില്‍ സാധാരണയായി ഉപദേശകച്ചുമതലകളെക്കാള്‍ കൂടുതലായി ആഡിറ്റിങ്‌സംരക്ഷണച്ചുമതലകളാണ്‌ കംട്രാളറില്‍ നിക്ഷിപ്‌തമായിരിക്കുന്നത്‌. യു.എസ്സില്‍ നാണയ കംട്രാളര്‍ (Currency Comptroller) ഉള്‍പ്പെടെ പല കംട്രാളര്‍മാരുണ്ട്‌. 1863ലെ "നാഷണല്‍ ബാങ്ക്‌ ആക്‌റ്റ്‌' പ്രകാരം സൃഷ്ടിക്കപ്പെട്ട കറന്‍സി കംട്രാളര്‍ക്ക്‌ ദേശീയ ബാങ്കുകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും പുതിയ ദേശീയ ബാങ്കുകള്‍ സൃഷ്ടിക്കുന്നതിനും അധികാരമുണ്ട്‌. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ പരമോന്നത ആഡിറ്റിങ്‌ അധികാരി "കംട്രാളര്‍ ആന്‍ഡ്‌ ആഡിറ്റര്‍ ജനറല്‍' ആണ്‌. പാര്‍ലമെന്റിന്റെ ഒരു സ്ഥിരം ഉദ്യോഗസ്ഥനായ ഇദ്ദേഹം ഗവണ്‍മെന്റിന്റെ ചെലവുകള്‍ ശരിയായിട്ടാണോ നിര്‍വഹിക്കപ്പെടുന്നത്‌ എന്നു പരിശോധിച്ച്‌ ഉറപ്പു വരുത്തുവാന്‍ ബാധ്യസ്ഥനാണ്‌.

കംട്രാളര്‍ ആന്‍ഡ്‌ ആഡിറ്റര്‍ ജനറല്‍ (ഇന്ത്യ). ഇന്ത്യന്‍ ഭരണഘടനയുടെ 143-ാം അനുച്ഛേദമനുസരിച്ച്‌ നിയമിക്കപ്പെട്ടിരിക്കുന്ന കംട്രാളര്‍ ആന്‍ഡ്‌ ആഡിറ്റര്‍ ജനറല്‍ ആണ്‌ ഇന്ത്യയുടെ പരമോന്നത ആഡിറ്റിങ്‌ അധികാരി. ഇദ്ദേഹത്തിന്റെ കീഴില്‍ സംസ്ഥാനങ്ങളില്‍ അക്കൗണ്ടന്റ്‌ ജനറല്‍മാര്‍ നിയമിതരായിരിക്കുന്നു. ഇദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ രാഷ്‌ട്രപതിക്കും സംസ്ഥാന സര്‍ക്കാരുകളുടെ ധനവിനിമയ റിപ്പോര്‍ട്ട്‌ ഗവര്‍ണര്‍മാര്‍ക്കും സമര്‍പ്പിക്കുന്നു. ഇവര്‍ ഈ റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട നിയമനിര്‍മാണമണ്ഡലങ്ങള്‍ക്കു നല്‌കുന്നു. നോ: ആഡിറ്റിങ്‌; അക്കൗണ്ടന്റ്‌ ജനറല്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍