This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔഷധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഔഷധി

ആയുര്‍വേദ ഔഷധനിര്‍മാണ-വിപണന സംരംഭം. കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനമാണിത്‌. ആയുര്‍വേദ ഔഷധനിര്‍മാണരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമാണ്‌. തുടര്‍ച്ചയായി ലാഭനേട്ടം കൈവരിക്കുകയും 1999 മുതല്‍ സര്‍ക്കാര്‍ വിഹിതം കൃത്യമായി ഒടുക്കുകയും ചെയ്യുന്ന ചുരുക്കം ചില പൊതുമേഖലാസ്ഥാപനങ്ങളില്‍ ഒന്നുകൂടിയാണിത്‌. സാധാരണ ജനങ്ങള്‍ക്ക്‌ ഔഷധങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു കേരള സര്‍ക്കാരിന്‌ സൗകര്യമൊരുക്കുന്നതില്‍ "ഔഷധി' അതീവശ്രദ്ധ പുലര്‍ത്തുന്നു. ഇതൊരു ജി.എം.പി., ഐ.എസ്‌.ഒ. 9001-2008 സര്‍ട്ടിഫൈഡ്‌ കമ്പനികൂടിയാണ്‌. പ്രാമാണികതലത്തിലുള്ളതും ഉടമസ്ഥാവകാശമുള്ളതുമായ 450-ലേറെ ആയുര്‍വേദ ഔഷധവിധികള്‍ ഈ സ്ഥാപനം സജ്ജമാക്കിയിട്ടുണ്ട്‌.

അന്യ സംസ്ഥാനങ്ങളായ മധ്യപ്രദേശ്‌, ചത്തീസ്‌ഗഢ്‌, പോണ്ടിച്ചേരി, രാജസ്ഥാന്‍, ഒഡിഷ, ന്യൂഡല്‍ഹി, എന്നിവിടങ്ങളിലെ ആയുര്‍വേദ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും, ഡിസ്‌പെന്‍സറികള്‍ക്കും ആവശ്യമായിവരുന്ന തോതിലുള്ള ഔഷധങ്ങളുടെ മൊത്തവിതരണക്കാര്‍ കൂടിയാണ്‌ "ഔഷധി'.

1941-ല്‍, ശ്രീ കേരളവര്‍മ ആയുര്‍വേദ ഫാര്‍മസി' എന്ന പേരില്‍ കൊച്ചി മഹാരാജാവ്‌ ഈ സംരംഭത്തിന്‌ തുടക്കം കുറിച്ചു. 1959-ല്‍ ഇത്‌ ഒരു സഹകരണസംഘമായി. 1975-ല്‍ "ശ്രീ കേരളവര്‍മ ആയുര്‍വേദ ഫാര്‍മസി ആന്‍ഡ്‌ സ്റ്റോഴ്‌സ്‌ ലിമിറ്റഡ്‌' എന്ന പേരില്‍, 1956-ലെ കമ്പനിനിയമപ്രകാരം ഈ സ്ഥാപനം, ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പിന്നീട്‌ സ്ഥാപനം, "ദി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഇന്ത്യന്‍ മെഡിസിന്‍സ്‌) കേരള ലിമിറ്റഡ്‌ തൃശൂര്‍ എന്നറിയപ്പെട്ടു. 1991-ലെ കുട്ടനെല്ലൂരില്‍ പ്രഥമ ആധുനിക ഔഷധനിര്‍മാണ യൂണിറ്റിനു തുടക്കമായി. 2007-ഓടെ ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കുട്ടനെല്ലൂരിലെ ഫാക്‌ടറിപരിസരത്തേക്കുമാറ്റി സ്ഥാപിക്കപ്പെട്ടു. 2008-ല്‍ കുട്ടനെല്ലൂരില്‍ത്തന്നെ ഗവേഷണ വികസനകേന്ദ്രവും കണ്ണൂരില്‍ പ്രാദേശിക വിതരണകേന്ദ്രവും തുടങ്ങി.

രാജ്യത്തെമ്പാടുമായി പ്രവര്‍ത്തിച്ചുവരുന്ന അറുന്നൂറിലേറെ ഏജന്‍സികളിലൂടെ പൊതുജനങ്ങള്‍ക്കാവശ്യമായ ആയുര്‍വേദ ഔഷധങ്ങളുടെ ലഭ്യത "ഔഷധി' ഉറപ്പുവരുത്തുന്നു. ഒരു ഡയക്‌ടര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്‌ "ഔഷധി'യുടെ പ്രവര്‍ത്തനസംവിധാനം ക്രമീകരിച്ചിട്ടുള്ളത്‌. "ഔഷധി പഞ്ചകര്‍മ ചികിത്സ ആശുപത്രി'യും ഗവേഷണ കേന്ദ്രവും തൃശൂരിലെ ഷൊര്‍ണൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു. ഔട്ട്‌പേഷ്യന്റ്‌ വിഭാഗവും 30 കിടക്കകളുള്ള ഇന്‍പേഷ്യന്റ്‌ വിഭാഗവും ചേര്‍ന്ന അത്യാധുനിക പദവിയുള്ള ആശുപത്രി 2004 ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കുകയുണ്ടായി. ആയുര്‍വേദ ഡോക്‌ടര്‍മാരുടെ 24 മണിക്കൂര്‍ ലഭ്യമായ സേവനം ഇവിടെ തരപ്പെടുത്തിയിട്ടുണ്ട്‌. ഓരോവര്‍ഷവും ശരാശരി 2000 പേര്‍ ഇവിടെ രോഗചികിത്സാര്‍ഥം എത്തുന്നുവെന്നു കണക്കാക്കപ്പെടുന്നു.

ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നതിനായി കുട്ടനെല്ലൂരില്‍ 15 ഏക്കറും പരിയാരം പ്രദേശത്ത്‌ 50 ഏക്കറും ഒരുക്കിയിട്ടുണ്ട്‌. 30-ലേറെ ഇനത്തില്‍പ്പെടുന്ന ഔഷധ സസ്യങ്ങള്‍ ഇവിടെ നട്ടുവളര്‍ത്തുന്നു. ഇരുപതിലേറെ ഇനങ്ങളില്‍പ്പെട്ട മൂന്നുലക്ഷം ഔഷധസസ്യത്തൈകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്‌. കേരളത്തിലെ തൃശൂര്‍-കണ്ണൂര്‍ ജില്ലകളില്‍പ്പെട്ട തെരഞ്ഞെടുത്ത 150 വിദ്യാലയവളപ്പുകളില്‍ ഔഷധസസ്യത്തോട്ടങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്‌. കേരളസര്‍ക്കാര്‍, ഭാരതസര്‍ക്കാരിന്റെ ആയുഷ്‌വകുപ്പ്‌, ദേശീയ ഔഷധ സസ്യബോര്‍ഡ്‌, സംസ്ഥാനവനം വകുപ്പ്‌, കെ.എഫ്‌.ആര്‍.ഐ., ടി.ബി.ജി.ആര്‍.ഐ. തുടങ്ങിയ പ്രശസ്‌തമായ സംഘടനകള്‍, കാര്‍ഷിക സര്‍വകലാശാലകള്‍, ആയുര്‍വേദ ഗവേഷണകേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണാത്മക പിന്തുണ "ഔഷധി'യ്‌ക്കു മുതല്‍ക്കൂട്ടായി നിലനില്‌ക്കുന്നു. തിരുവനന്തപുരത്ത്‌ ആരോഗ്യഭവനിലും, പൂജപ്പുരയിലും, കണ്ണൂരിലെ പരിയാരത്തും "ഔഷധി' ശാഖകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്‌.

രോഗശമനത്തിനായുള്ള ആസവങ്ങള്‍, അരിഷ്‌ടങ്ങള്‍, ഭസ്‌മസിന്ദൂരം, ഗുളികകള്‍, കഷായങ്ങള്‍, സൂക്ഷ്‌മചൂര്‍ണം, ലേഹ്യങ്ങളും ഘൃതങ്ങളും, തൈലങ്ങള്‍ തുടങ്ങിയവ "ഔഷധി' നിര്‍മിച്ചുവരുന്നു. സര്‍ക്കാരില്‍നിന്നുള്ള തുടര്‍ച്ചയായ പ്രാത്സാഹനവും സഹായവും, വിപണിയുടെ ശക്തമായ പിന്തുണ, അര്‍പ്പണബോധമുള്ള ജീവനക്കാരുടെ സേവനസന്നദ്ധത എന്നിവ "ഔഷധി'യ്‌ക്കു മെച്ചപ്പെട്ട അംഗീകാരം നേടിക്കൊടുത്തിട്ടുണ്ട്‌. ഉപഭോക്താക്കളുടെ സംതൃപ്‌തിയും കര്‍ക്കശമായ ഗുണനിലവാരനിയന്ത്രണവും "ഔഷധി'യെ ഉന്നതനിലവാരം പുലര്‍ത്തുന്ന സ്ഥാപനമാക്കിക്കഴിഞ്ഞു. 2020-ഓടെ ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഒരു ആയുര്‍വേദ ഔഷധനിര്‍മാണ-വിപണനശൃംഖല, രാജ്യത്ത്‌ സ്ഥാപിക്കപ്പെടണമെന്നതാണ്‌ "ഔഷധി'യുടെ പ്രഖ്യാപിതലക്ഷ്യം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%94%E0%B4%B7%E0%B4%A7%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍