This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔറംഗാബാദ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഔറംഗാബാദ്‌

Aurangabad

മാകായ്‌ ഗേറ്റ്‌ - 1880

മഹാരാഷ്‌ട്രസംസ്ഥാനത്തില്‍ മറാഠവാഡാ മേഖലയിലെ മുഖ്യനഗരം. 16o 43' വടക്ക്‌; 75o 23' കിഴക്ക്‌ ഗോദാവരിയുടെ പോഷകനദിയായ ടുട്‌നയുടെ പാര്‍ശ്വത്തില്‍ സ്ഥിതിചെയ്യുന്ന ഔറംഗാബാദ്‌ സംസ്ഥാന പുനഃസംഘടനയ്‌ക്കുമുമ്പ്‌ ഹൈദരാബാദ്‌ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. പൂണെയില്‍നിന്ന്‌ 221 കിലോമീറ്ററും ഹൈദരാബാദില്‍നിന്ന്‌ 432 കിലോമീറ്ററും ദൂരെയാണ്‌ ഔറംഗാബാദ്‌. ബോംബെയിലേക്കു റെയില്‍ മാര്‍ഗമുള്ള ദൂരം 716 കി.മീ. ആണ്‌. ഔറംഗാബാദ്‌ ഇതേ പേരിലുള്ള ജില്ലയുടെ തലസ്ഥാന നഗരവുമാണ്‌. ജനസംഖ്യ: 11,89,376 (2011).

ഔറംഗസീബിന്റെ പത്‌നിയുടെ സ്‌മാരകമായ ബീബി കാ മക്‌ബറ

ചരിത്രം. നിസാംഷാഹി രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഖിര്‍കിയാണ്‌ പില്‌ക്കാലത്ത്‌ ഔറംഗാബാദ്‌ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങിയത്‌. അക്‌ബര്‍ ഇത്‌ ഭാഗികമായി കീഴടക്കി. ഇതിനുശേഷം ഔറംഗാബാദിന്റെ അതിര്‍ത്തി മിക്കവാറും അസ്ഥിരമായി തുടര്‍ന്നിരുന്നു. 1634-ല്‍ ഷാജഹാന്‍ ചക്രവര്‍ത്തി ഇത്‌ കീഴടക്കുകയും മുഗള്‍ സാമ്രാജ്യത്തിന്റെ ഒരു "സുബ'യാക്കി മാറ്റുകയും ചെയ്‌തു. അറംഗസീബ്‌ (ഔറംഗസീബ്‌) ചക്രവര്‍ത്തിക്ക്‌ പ്രിയങ്കരമായ ഒരു വാസകേന്ദ്രമായിരുന്നു ഔറംഗാബാദ്‌. ഇദ്ദേഹം ഡക്കാണിലെ വൈസ്രായ്‌ ആയിരുന്ന കാലത്ത്‌ ഇവിടെയാണ്‌ താമസിച്ചിരുന്നത്‌. അങ്ങനെ ഈ പ്രദേശത്തിന്‌ ഔറംഗാബാദ്‌ എന്ന പേരു ലഭിക്കാനിടയായി. തലസ്ഥാന നഗരത്തിനു ലഭിച്ച ഈ പേരില്‍ പില്‌ക്കാലത്ത്‌ പ്രവിശ്യ മുഴുവന്‍ അറിയുവാനിടയായി.

ഔറംഗാബാദ്‌ വളരെക്കാലം മഹാരാഷ്‌ട്രന്മാരുടെ വകയായിരുന്നു. 1818-ല്‍ ഇതിന്റെ ഭൂരിഭാഗവും പേഷ്വായുടെ നിയന്ത്രണത്തിലായി; കുറേ പ്രദേശങ്ങള്‍ നിസാമിന്റെയും. 1818-നുശേഷം ഔറംഗാബാദ്‌ മിക്കവാറും ബ്രിട്ടീഷ്‌ നിയന്ത്രണത്തില്‍ വന്നു.

1956 വരെ ഔറംഗാബാദ്‌ നിസാമിന്റെ ഭരണത്തിലായിരുന്ന ഹൈദരാബാദിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന്‌ ബോംബെ സംസ്ഥാനത്തിന്റെ ഭാഗവും 1960-ല്‍ മഹാരാഷ്‌ട്ര സംസ്ഥാനത്തിന്റെ ഭാഗവുമായി. 1982-ല്‍ ഔറംഗാബാദ്‌ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ നിലവില്‍വന്നു. 138.5 ച.കി.മീറ്ററാണ്‌ വിസ്‌തൃതി. മഹാരാഷ്‌ട്ര സംസ്ഥാനത്തെ ഭരണകേന്ദ്രങ്ങളിലൊന്നും ഒരു ലോക്‌സഭാമണ്ഡലവുമാണ്‌ ഔറംഗാബാദ്‌. ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ്‌ ബഞ്ച്‌ 1982-ല്‍ നിലവില്‍വന്നു.

സലിം അലി തടാകം

മഹാരാഷ്‌ട്രയിലെ മുഖ്യ പട്ടണങ്ങളുമായി യോജിപ്പിക്കുന്ന മികച്ച റോഡ്‌ ഗതാഗതമാണ്‌ ഔറംഗാബാദിലുള്ളത്‌. ദുലെയില്‍നിന്നും ഷൊലാപ്പൂരിലേക്കുള്ള നാഷണല്‍ ഹൈവേ ഔറംഗാബാദിലൂടെയാണ്‌ കടന്നുപോകുന്നത്‌. നാഗ്‌പൂര്‍-ഔറംഗാബാദ്‌-മുംബൈ എക്‌സ്‌പ്രസ്സ്‌ ഹൈവേയുടെ നിര്‍മാണവും നടക്കുന്നു. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്‌ നഗരങ്ങളുമായി ഔറംഗാബാദിന്‌ റെയില്‍ ബന്ധമുണ്ട്‌. ഔറംഗാബാദ്‌ എയര്‍പോര്‍ട്ട്‌ ആണ്‌ ഇവിടത്തെ ആഭ്യന്തര വിമാനത്താവളം.

ഡോ. ബാബാസാഹബ്‌ അംബേദ്‌കര്‍ മറാത്ത്‌വാഡ സര്‍വകലാശാല ഔറംഗാബാദിലാണ്‌ സ്ഥിതിചെയ്യുന്നത്‌. 101 കോളജുകള്‍ ഈ സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സില്‍ക്ക്‌, കോട്ടണ്‍ എന്നിവയുടെ ഉത്‌പാദനത്തില്‍ ഔറംഗാബാദ്‌ പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌. ഒരു പ്രമുഖ വ്യവസായകേന്ദ്രം കൂടിയാണ്‌ ഔറംഗാബാദ്‌. ചിക്കല്‍ത്തന എം.ഐ.ഡി.സി., ഷെന്‍ബ്രഹം, ഐ.ഡി.സി, വലൂജ്‌ എം.ഐ.ഡി.സി. എന്നിവയാണ്‌ പ്രധാന വ്യവസായകേന്ദ്രങ്ങള്‍, വിഡിയോകോണ്‍, സീമെന്‍സ്‌, ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍, കോള്‍ഗേറ്റ്‌ പാമൊലീവ്‌, ക്രാപ്‌റ്റണ്‍ ഗ്രീവ്‌സ്‌, ലുപിന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ബജാജ്‌ ഓട്ടോ, ഫോക്‌സ്‌വാഗന്‍ തുടങ്ങി അനേകം പ്രമുഖ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഔറംഗാബാദ്‌ മഹാരാഷ്‌ട്രയുടെ ടൂറിസ്റ്റ്‌ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌. യുണെസ്‌കോ വേള്‍ഡ്‌ ഹെരിറ്റേജായി തെരഞ്ഞെടുക്കപ്പെട്ട അജന്താ എല്ലോറാ ഗുഹാ ക്ഷേത്രങ്ങള്‍ ഇവിടെയാണുള്ളത്‌. ഔറംഗസീബിന്റെ പത്‌നിയുടെ സ്‌മാരകമായ ബീബി കാ മക്‌ബാറ, ഗേറ്റ്‌സ്‌ ഇന്‍ ഔറംഗാബാദ്‌, ഔറംഗാബാദ്‌ ഗുഹകള്‍, സലിം അലി ലേക്ക്‌ ആന്‍ഡ്‌ ബേഡ്‌ സാങ്‌ച്വറി മുതലായവയാണ്‌ മുഖ്യ ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍. അതിവേഗം വികസിക്കുന്ന ലോകനഗരങ്ങളില്‍ ഒന്നാണ്‌ ഔറംഗാബാദ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍