This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔചിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഔചിത്യം

ഒരു കാവ്യസൗന്ദര്യപദ്ധതി. ഉചിതത്തിന്റെ ഭാവം എന്ന്‌ പദാര്‍ഥം.

""ഉചിതം പ്രാഹുരാചാര്യാഃ
സദൃശം കില യസ്യ യത്‌
ഉചിതസ്യ ച യോ ഭാവ-
സ്‌തദൗചിത്യം പ്രചക്‌ഷതേ''.
	         (ഔചിത്യ വിചാര ചര്‍ച്ച, കാരിക-1)
 

ഇതനുസരിച്ച്‌ ഏതെങ്കിലുമൊന്ന്‌ വേറെ ഏതെങ്കിലുമൊന്നിന്‌ ഇണങ്ങുന്നതാണെങ്കില്‍ അതിനെ ഉചിതമെന്നും ഉചിതം എന്നതിന്റെ ഭാവമാണ്‌ ഔചിത്യം എന്നും പറയാം. ജീവിതത്തിലെന്നതുപോലെ സാഹിത്യത്തിലും ഔചിത്യത്തിന്‌ പ്രധാനമായ ഒരു സ്ഥാനമുണ്ട്‌. കവിതയില്‍ ഔചിത്യത്തില്‍നിന്ന്‌ ഗുണങ്ങളും അനൗചിത്യത്തില്‍ നിന്ന്‌ ദോഷങ്ങളും സംജാതമാകുന്നു. കവിയുടെ യുക്തായുക്ത വിവേകിതയും ത്യാജ്യഗ്രാഹ്യവിവേചന ബുദ്ധിയുമാണ്‌ ഔചിത്യത്തെ നിയന്ത്രിക്കുന്നത്‌.

ക്ഷേമേന്ദ്രനാണ്‌ സംസ്‌കൃതകാവ്യമീമാംസയില്‍ ഔചിത്യത്തെ ഒരു പ്രസ്ഥാനമായി വളര്‍ത്തിയതെങ്കിലും അദ്ദേഹത്തിനുമുമ്പുള്ള കവികളും കാവ്യശാസ്‌ത്രകാരന്മാരും ഇതിനെക്കുറിച്ചു ബോധവാന്മാരായിരുന്നു. യശോവര്‍മന്റെ (8-ാം നൂറ്റാണ്ട്‌) രാമാഭ്യുദയം എന്ന നാടകത്തിലാണ്‌ ആദ്യമായി നിര്‍ദിഷ്‌ടാര്‍ഥത്തില്‍ ഔചിത്യം എന്ന വാക്ക്‌ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്‌. പ്രകൃത്യനുസാരമായി വാക്കുകള്‍ പ്രയോഗിക്കുക, കഥാപാത്രങ്ങളെ രസാനുഗുണമായി ചിത്രീകരിക്കുക, സന്ദര്‍ഭാനുസാരം രസത്തെ പോഷിപ്പിക്കുക, കഥാമാര്‍ഗത്തെ അതിക്രമിക്കാതിരിക്കുക, ഇതിവൃത്തം സാംഗോപാംഗമായി ഘടിപ്പിക്കുക, പ്രൗഢമായ ശബ്‌ദങ്ങള്‍ തെരഞ്ഞെടുക്കുക എന്നിവയില്‍ ശ്രദ്ധിച്ചാല്‍ ഔചിത്യപൂര്‍ണമായ സൃഷ്‌ടി സാധിക്കുമെന്ന്‌ അദ്ദേഹം കരുതുന്നു. "എല്ലാ ഉപമാദ്രവ്യങ്ങളും ഓരോ അവയവത്തിനും ചേരുന്നവിധത്തില്‍ വിന്യസിച്ച്‌ ബ്രഹ്മാവ്‌ സൗന്ദര്യം മുഴുവന്‍ ഒരേ ദിക്കില്‍ കാണാന്‍ ആഗ്രഹിച്ചിട്ടെന്നപോലെ പാര്‍വതിയുടെ ശരീരം സൃഷ്‌ടിച്ചു' എന്ന്‌ കാളിദാസന്‍ കുമാരസംഭവത്തില്‍ പറയുന്നു.

""സര്‍വോപമാദ്രവ്യസമുച്ചയേന
യഥാപ്രദേശം വിനാവേശിതേന 
സാ നിര്‍മിതാ വിശ്വസൃജാ പ്രയത്‌നാ-
ദേകത്ര സൗന്ദര്യദിദൃക്ഷയേവ''.
 

ഈ പ്രസ്‌താവത്തില്‍ സൗന്ദര്യസാധകമാണ്‌ ഔചിത്യമെന്ന തത്ത്വം സംഫുരിക്കുന്നുണ്ട്‌. മാഘന്റെ ശിശുപാലവധത്തില്‍ ഉദ്ധവരുടെ വാക്യമായി കൊടുത്തിട്ടുള്ള,

""തേജഃ ക്ഷമാ വാ നൈകാന്തം
കാലജ്ഞസ്യ മഹീപതേഃ
നൈകമോജഃ പ്രസാദോ വാ
രസഭാവവിദഃ കവേഃ''.
 

(കാലജ്ഞനായ രാജാവും രസജ്ഞനായ കവിയും സന്ദര്‍ഭമനുസരിച്ച്‌ ഓജഃ പ്രസാദാദികള്‍ കൈക്കൊള്ളുന്നു.) എന്ന പദ്യത്തില്‍ ഔചിത്യത്തിന്റെ പ്രാധാന്യം ദ്യോതിപ്പിച്ചിട്ടുണ്ട്‌.

സാഹിത്യശാസ്‌ത്രകാരന്മാരില്‍ പ്രഥമഗണനീയനായി കരുതപ്പെടുന്ന നാട്യശാസ്‌ത്രകാരനായ ഭരതന്‍ (ബി.സി. 2-ാം ശ.) തന്റെ ഗ്രന്ഥത്തില്‍ ഔചിത്യം എന്ന സാങ്കേതികപദം ഉപയോഗിച്ചിട്ടില്ലെങ്കിലും അതിന്റെ അര്‍ഥം പരിപൂര്‍ണമായും വരത്തക്കവണ്ണം, നാടകാവതരണത്തില്‍ ദീക്ഷിക്കേണ്ടതായ സംഗതികളെക്കുറിച്ച്‌ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. താഴെ കൊടുത്തിരിക്കുന്നത്‌ ഭരതന്റെ നാട്യശാസ്‌ത്രത്തിലെ ചില ശ്ലോകങ്ങളുടെ പരാവര്‍ത്തനങ്ങളാണ്‌:

(i) "അംഗാഭിനയവും ഉജ്ജ്വലവേഷവും ഭാവാഭിനയവും കേവലം വാക്യാര്‍ഥം വ്യഞ്‌ജിപ്പിക്കുകയേ ചെയ്യുന്നുള്ളു. ആയതിനാല്‍ വാണി പ്രയോഗിക്കുന്നതില്‍ അങ്ങേയറ്റം പ്രയത്‌നിക്കുകയാണ്‌ വേണ്ടത്‌ (XIV-2).

(ii) നാട്യത്തിന്റെ ആശ്രയഭൂതമായ കാവ്യകൃതികളില്‍ ഉദാരമധുരവും ലളിത സുന്ദരവുമായ ശബ്‌ദചയനം കൂടിയേ തീരൂ (XVI-21).

(iii) ലോകസ്വഭാവവും ജനങ്ങളുടെ യോഗ്യതയും അനുഭവവും പ്രവണതയുമെല്ലാം വേണ്ടുംവണ്ണം സൂക്ഷിച്ചുകണ്ടിട്ട്‌ നാടകം ഒരുക്കണം (XIX-149).

(iv) വയസ്സിനനുരൂപമായ വേഷത്തിന്‌ ചേര്‍ന്ന നടപ്പ്‌, നടപ്പിനനുസരിച്ച്‌ ഉച്ചാരണം, ഉച്ചാരണത്തിനു പറ്റിയ അഭിനയം എന്നീ മട്ടിലായിരിക്കണം നാടകാവതരണം' (XIV-62). എല്ലാം സ്ഥാനേസ്ഥിതങ്ങളായിരിക്കണം എന്ന കാര്യത്തില്‍ ഭരതന്‍ നിഷ്‌കര്‍ഷിച്ചിരുന്നു എന്ന്‌ ഇതില്‍ നിന്നൂഹിക്കാം.

ഭരതനുശേഷം വരുന്ന ഭാമഹന്റെ ഔചിത്യചിന്ത അദ്ദേഹത്തിന്റെ കാവ്യമീമാംസാഗ്രന്ഥത്തില്‍, ഗുണദോഷവിചിന്തനം ഉപമാദോഷപ്രപഞ്ചനം, പരിശുദ്ധിവിചാരം എന്നിങ്ങനെ പല പ്രകരണങ്ങളിലായി വ്യാപിച്ചു കിടക്കുന്നുണ്ട്‌. ദേശം, കാലം, കല, ലോകം, ന്യായം, ആഗമം എന്നിവയ്‌ക്ക്‌ വിദഗ്‌ധമായ വിവരണങ്ങള്‍ നല്‌കുകയും അയുക്തിമത്‌ എന്ന കാവ്യദോഷം ഒഴിവാക്കണമെന്ന്‌ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഔചിത്യവിചാരം കുറേക്കൂടി സൂക്ഷ്‌മസ്വഭാവമുള്ളതാണ്‌.

കാവ്യദോഷം കുഷ്‌ഠരോഗംപോലെ അശ്രീകരമാകയാല്‍ വര്‍ജ്യമാണെന്നും സുപ്രയുക്തമായ ശബ്‌ദം കാമധേനുവാണെന്നും അഭിപ്രായപ്പെടുന്ന ദണ്ഡി തികഞ്ഞ ഔചിത്യവേദിയായിരുന്നു. മാര്‍ഗഭേദമനുസരിച്ച്‌ കാവ്യധര്‍മങ്ങള്‍ക്ക്‌ മാറ്റം വരുമെന്നും അശ്ലീലം, അമംഗലം, അസഭ്യം മുതലായവ ദ്യോതിപ്പിക്കുന്ന പദങ്ങള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രസ്‌താവിച്ചിട്ടുണ്ട്‌. കവിക്ക്‌ വിവേകിതയും ലോകനിരീക്ഷണചാതുരിയും പദശുദ്ധിനിഷ്‌കര്‍ഷയും ഗുണസ്വീകാരതത്‌പരതയും ദോഷനിരാസവ്യഗ്രതയും ഉണ്ടായിരിക്കണമെന്ന്‌ നിരീക്ഷിക്കുന്ന വാമനന്‍ സാഹിത്യത്തിലെ ഔചിത്യത്തെക്കുറിച്ച്‌ ബോധവാനായിരുന്നു.

കാവ്യശാസ്‌ത്രരംഗത്ത്‌ ഔചിത്യം എന്ന പദം ആദ്യം അവതരിപ്പിച്ചത്‌ രുദ്രടനാണ്‌. യുക്തായുക്ത വിവേകം എന്നാണ്‌ രുദ്രടന്‍ അതിന്റെ അര്‍ഥമായി പറഞ്ഞിട്ടുള്ളത്‌. പദങ്ങള്‍ ഗുണനിര്‍ഭരവും വൃത്തി അര്‍ഥോചിതവും യമകം ഔചിത്യഭാസുകരവുമായിരിക്കണം; ദോഷം ഔചിത്യപൂര്‍വം ഗുണമാക്കി മാറ്റാം; കുലം, ജാതി, വിദ്യ, വിത്തം, ആകാരം, വചനം മുതലായവയില്‍ ഔചിത്യം ദീക്ഷിക്കണം; രസം ഉദ്ദീപിപ്പിക്കുന്നതില്‍ പരമമായ ഔചിത്യബോധം വെളിവാക്കണം എന്നാണ്‌ രുദ്രടന്‍ സിദ്ധാന്തിക്കുന്നത്‌.

പ്രതിഭോത്ഥാപിതമായ ഔചിത്യത്തെക്കുറിച്ച്‌ ആനന്ദവര്‍ധനന്‍ ഏറെ പറയുന്നുണ്ട്‌. കവിക്കെന്നപോലെ നിരൂപകനും ഔചിത്യം വേണമെന്ന്‌ ഇദ്ദേഹം പ്രസ്‌താവിച്ചിരിക്കുന്നു. നിയാമകതത്ത്വങ്ങളില്‍ ഏറ്റവും പ്രധാനമായി ഇദ്ദേഹം ഔചിത്യത്തെ കാണുന്നു. വക്താവ്‌, വാച്യം, വിഷയം, സന്ദര്‍ഭം, രസം എന്നിവയൊക്കെ നോക്കി സംഘടനയ്‌ക്കു മാറ്റം വരുത്തണം; അലങ്കാരങ്ങളെ രസാംഗമായി മാത്രമേ പ്രയോഗിക്കാവൂ; അര്‍ഥാലങ്കാരത്തിനും ശബ്‌ദാലങ്കാരത്തിനും ഔചിത്യദീക്ഷകൂടിയേ തീരൂ. രസാവിഷ്‌കാരത്തിനിടയ്‌ക്കു യമകത്തില്‍ ശ്രദ്ധ വന്നുപോകരുത്‌. രസപോഷണത്തില്‍ വ്യഗ്രനായ കവി അനൗചിത്യം സംഭവിക്കാതെ നോക്കണം. വിരുദ്ധരസം വേണ്ടതില്‍ കൂടുതല്‍ പോഷിപ്പിക്കാതിരിക്കുക, പ്രഖ്യാതേതിവൃത്തത്തില്‍ രസാനുഗുണമല്ലാത്തത്‌ വിട്ടുകളയുക, അംഗിരസത്തിനു ഭംഗം വരാതെ നോക്കുക, അത്‌ വേണ്ടതിലധികം പോഷിപ്പിക്കാതിരിക്കുക, സന്ദര്‍ഭാനുസാരം രസത്തിന്‌ ഉദ്ദീപനവും പ്രശമനവും സാധിപ്പിക്കുക എന്നു തുടങ്ങി പല കാവ്യമര്‍മരഹസ്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്‌. ആലംബനോദ്ദീപനങ്ങള്‍ രസാനുഗുണമായിരിക്കണം; കഥാപാത്രാചിതമായ വിധത്തില്‍ രസം ചിത്രീകരിക്കണം; ഉത്തമ പ്രകൃതിയില്‍ അധമശൃംഗാരവും മറിച്ചും വര്‍ണിച്ചാല്‍ ഔചിത്യഹാനിയാകും. അനൗചിത്യമാണ്‌ രസഭംഗത്തിന്റെ പരമനിദാനം; ഔചിത്യം നിബന്ധിച്ചാല്‍ രസത്തിന്റെ പരമകോടിയില്‍ എത്താം. നാടകത്തില്‍ കഥയും പാത്രവും പ്രഖ്യാതമായാല്‍ ഔചിത്യദീക്ഷയ്‌ക്കു സൗകര്യമുണ്ട്‌. പരസ്‌പരം വിരോധമുള്ള രസങ്ങള്‍ വിന്യസിക്കുമ്പോള്‍ അവയെ പൊരുത്തപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. "മറുകരയില്ലാത്ത കാവ്യപ്രപഞ്ചത്തില്‍ പ്രജാപതി കവി തന്നെയാണ്‌' എന്നീ പ്രകാരമുള്ള ആനന്ദവര്‍ധനന്റെ അഭിപ്രായങ്ങള്‍ ഔചിത്യത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ്‌.

പദം, വര്‍ണം, വാക്യം, പ്രബന്ധം, ഉപസര്‍ഗം, നിപാതം, സ്വരം മുതലായവ വ്യഞ്‌ജകമായി വരുന്നതെങ്ങനെ എന്ന ആനന്ദവര്‍ധനന്റെ ചിന്തയെ അനുഗമിച്ചാണ്‌ ക്ഷേമേന്ദ്രന്‍ ഇവയെ ഔചിത്യസ്ഥാനങ്ങളായി ചിത്രീകരിച്ചത്‌. ഇദ്ദേഹത്തിന്റെ സുവൃത്തതിലകത്തില്‍ വൃത്തൗചിത്യം പ്രതിപാദിച്ചിട്ടുണ്ട്‌. ഉചിതസ്ഥാനവിന്യാസത്തില്‍ നിന്നുളവാകുന്ന ഔചിത്യം രസസിദ്ധമായ കാവ്യത്തിന്റെ സ്ഥിരമായ ജീവിതമാണെന്ന്‌ ഇദ്ദേഹം വാദിക്കുന്നു. ഇദ്ദേഹത്തിന്റെ കവികണ്‌ഠാഭരണം എന്ന കാവ്യശിക്ഷാഗ്രന്ഥത്തിലും കവി എങ്ങനെ ഔചിത്യം പാലിക്കണം എന്ന്‌ നിര്‍ദേശിക്കുന്നുണ്ട്‌. ഔചിത്യത്തെ കാവ്യജീവനായി പ്രതിപാദിച്ചുകൊണ്ട്‌ ഔചിത്യവിചാരചര്‍ച്ച എന്ന ഒരു ഗ്രന്ഥം തന്നെ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. നോ. ഔചിത്യവിചാരചര്‍ച്ച

സുകുമാരം, വിചിത്രം, മധ്യമം എന്നീ മൂന്നു മാര്‍ഗങ്ങള്‍ക്കും സമാനമായി ഔചിത്യഗുണം വിവരിച്ച കുന്തകനും ഈ കാവ്യതത്ത്വത്തിന്റെ പ്രാധാന്യം അറിയാമായിരുന്നു. പ്രബന്ധവക്രത വിവരിക്കുമ്പോഴും കുന്തകന്‍ ഔചിത്യത്തെ പരാമര്‍ശിക്കുന്നുണ്ട്‌.

അന്തരംഗമെന്നും ബഹിരംഗമെന്നും കാവ്യദോഷത്തെ രണ്ടായി വിഭജിച്ച വഴിതന്നെ മഹിമഭട്ടന്‍ തന്റെ ഔചിത്യവേദിത്വം വ്യക്തമാക്കിയിരിക്കുന്നു. ദോഷം മഹിമഭട്ടന്‌ അനൗചിത്യം തന്നെ. രസസംബന്ധിയായ അനൗചിത്യം അന്തരംഗവും പദസംബന്ധിയായത്‌ ബഹിരംഗവും; വിവക്ഷിതരസ പ്രതീതിക്കു വിഘ്‌നമുണ്ടാക്കുന്നതാണ്‌ ദോഷബീജം. രസാനുഗുണമായ ഓരോ വര്‍ണനയും സ്ഥാനസ്ഥിതമായിരിക്കുമെന്നാണ്‌ ഭട്ടലോല്ലടന്റെ പക്ഷം.

പാശ്ചാത്യരില്‍ അരിസ്റ്റോട്ടലും ഹോറസ്സുമാണ്‌ ഔചിത്യതത്ത്വത്തിന്റെ ആദ്യപ്രവക്താക്കള്‍. അരിസ്റ്റോട്ടല്‍ "പ്രിപോണ്‍' (prepon), ഹാര്‍മോട്ടൊണ്‍ (harmotton) എന്നീ പദങ്ങളാണ്‌ ഉപയോഗിക്കുന്നത്‌; ഇംഗ്ലീഷിലെ പ്രാപ്രറ്റി (propriety) ഇതിനുസമാനമാണ്‌. ഡെക്കോറം (decorum) എന്ന പദമാണ്‌ ഹോറസ്സിന്റേതായി പ്രചരിച്ചിട്ടുള്ളത്‌. ക്രിയ, പാത്രം, ശൈലി എന്നിവയിലെ ഔചിത്യമാണ്‌ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. പില്‌ക്കാലത്ത്‌ പാശ്ചാത്യരായ കവികളും നിരൂപകന്മാരും ഈ തത്ത്വം പാലിക്കുകയും വിവരിക്കുകയും ഒരു പതിവാക്കി.

ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഏതു വാക്കാണ്‌ ഏറ്റവും പറ്റിയത്‌ എന്ന ചിന്തതൊട്ട്‌ വിവേകപ്രരിതമായ സകലതും ഔചിത്യത്തില്‍പ്പെടും എന്നു ചുരുക്കിപ്പറയാം.

(ഡോ. ടി. ഭാസ്‌കരന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%94%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍