This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓ കോണർ, ഫിയർഗസ്‌ (1796 - 1855)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓ കോണർ, ഫിയര്‍ഗസ്‌ (1796 - 1855)

O'Connor, Feargus

ബ്രിട്ടനിലെ പ്രമുഖ തൊഴിലാളിനേതാവ്‌. തൊഴിലാളിവര്‍ഗ ദേശീയപ്രസ്ഥാന(Chartist Movement)ത്തെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റിയത്‌ ഇദ്ദേഹമായിരുന്നു. 1796 ജൂല. 18-ന്‌ കൗണ്ടികോര്‍ക്കിലെ കൊണോര്‍വില്ലില്‍ ജനിച്ചു. അയര്‍ലണ്ടിലെ രാജവംശപാരമ്പര്യം അവകാശപ്പെട്ട ഇദ്ദേഹം ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ രാഷ്‌ട്രീയത്തിലേക്ക്‌ തിരിഞ്ഞു. 1832-ല്‍ കൗണ്ടികോര്‍ക്കിനെ പ്രതിനിധീകരിച്ച്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ അംഗമായി. 1853-ല്‍ അംഗത്വം നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ബ്രിട്ടനിലെ ഇടതുപക്ഷപ്രസ്ഥാനത്തിലേക്ക്‌ ഇദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞു. അയര്‍ലണ്ടുകാരുടെ രാഷ്‌ട്രീയാവകാശങ്ങളുടെയും പരാതികളുടെയും ഒരു വക്താവായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഫലിതവും പൗരുഷവും നിറഞ്ഞ ശൈലിമൂലം ചാര്‍ട്ടിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രിയങ്കരനായ പ്രഭാഷകനായിത്തീര്‍ന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ നോര്‍ത്തേണ്‍ സ്റ്റാര്‍ എന്ന പത്രത്തിന്‌ വളരെ പ്രചാരം സിദ്ധിച്ചിരുന്നു.

ചാര്‍ട്ടിസ്റ്റ്‌ പ്രസ്ഥാനവുമായുള്ള ബന്ധംമൂലം രാജ്യദ്രാഹകുറ്റം ചുമത്തി ഒരു വര്‍ഷം ഓ കോണറെ തടവില്‍ പാര്‍പ്പിച്ചു. 1841-ല്‍ മോചിതനായ ഇദ്ദേഹം പ്രസ്ഥാനത്തിന്റെ എതിരറ്റ നേതാവായി. എങ്കിലും മധ്യവര്‍ഗത്തോടുള്ള സമീപനത്തിലും "പീപ്പിള്‍സ്‌ ചാര്‍ട്ടറി' (1838 മേയില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച ആറിന ആവശ്യങ്ങള്‍:

(1) പ്രായപൂര്‍ത്തി വോട്ടവകാശം;

(2) രഹസ്യ ബാലറ്റുവഴിയുള്ള വോട്ടെടുപ്പ്‌;

(3) വാര്‍ഷിക പാര്‍ലമെന്റ്‌;

(4) പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള യോഗ്യതാനിര്‍ണയം അവസാനിപ്പിക്കല്‍;

(5) പാര്‍ലമെന്ററി മെമ്പര്‍മാര്‍ക്ക്‌ പ്രതിഫലം നല്‍കല്‍;

(6) സന്തുലിത സാമാജിക മണ്ഡലങ്ങള്‍)

ന്റെ കാര്യത്തിലും സ്വീകരിച്ച ചഞ്ചലമായ സമീപനത്തെത്തുടര്‍ന്ന്‌ പ്രസ്ഥാനത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ശക്തിയും സ്വാധീനതയും ക്ഷയിക്കാന്‍ തുടങ്ങി. 1839-ല്‍ ചാര്‍ട്ടിസ്റ്റുകളിലെ തീവ്രവാദികള്‍ "ഫിസിക്കല്‍ ഫോര്‍സ്‌പാര്‍ട്ടി' എന്ന പേരില്‍ പ്രത്യേകമായി സംഘടിച്ച്‌ സന്നദ്ധഭടന്മാര്‍ക്ക്‌ പരിശീലനം നല്‌കുകയും കലാപങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്‌തു. എങ്കിലും 1847-ല്‍ നോട്ടിങ്‌ഹാമില്‍ നിന്നും ഇദ്ദേഹം വീണ്ടും പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1848-ല്‍ കെന്നിങ്‌ടണ്‍ കോമണില്‍ ഒരു വലിയ ചാര്‍ട്ടിസ്റ്റ്‌ സമ്മേളനം വിളിച്ചുകൂട്ടിയെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ ഇതില്‍ സംബന്ധിച്ചിരുന്നുള്ളൂ. ഇതോടെ ഓ കോണര്‍ ഹതാശനായി. തുടര്‍ന്ന്‌ പാര്‍ലമെന്റിന്‌ സമര്‍പ്പിച്ച ഇവരുടെ ഒരു നിവേദനത്തിലെ നിരവധി ഒപ്പുകള്‍ വ്യാജമെന്നു കണ്ടുപിടിക്കപ്പെട്ടതോടെ പ്രസ്ഥാനം അവഹേളനാപാത്രമായി. ചാര്‍ട്ടറിന്റെ പരാജയവും ഈ തിരിച്ചടികളും ഓ കോണറെ ബുദ്ധിഭ്രമത്തിന്റെ വക്കോളമെത്തിച്ചു. 1852-ല്‍ ഇദ്ദേഹം ഒരു യഥാര്‍ഥ ഭ്രാന്തനാണെന്നുതന്നെ പ്രഖ്യാപിക്കപ്പെട്ടു. 1855-ല്‍ ഓ കോണര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍