This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർക്‌നി ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓര്‍ക്‌നി ദ്വീപുകള്‍

Orkney Islands

സ്‌കോട്ട്‌ലന്‍ഡിന്റെ അധീനതയില്‍പ്പെട്ട ഒരു ദ്വീപസമൂഹം. 59° വടക്ക്‌; 3° പടിഞ്ഞാറ്‌ സ്‌കോട്ട്‌ലന്‍ഡിലെ കോയ്‌ത്‌ നെസ്‌ തീരത്തുനിന്ന്‌ ഉദ്ദേശം 10 കി.മീ. വടക്കായി ചിതറിക്കിടക്കുന്ന എഴുപതോളം ചെറു ദ്വീപുകളാണ്‌ ഓര്‍ക്‌നി സമൂഹത്തില്‍പ്പെടുന്നത്‌. മൊത്തം 990 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഈ ദ്വീപസമൂഹത്തിലെ മൂന്നിലൊരു ഭാഗത്തുമാത്രമേ ജനവാസമുള്ളൂ. പൊമോണാഹോയ്‌, സൗത്ത്‌ റൊനാള്‍ഡ്‌ഷേ, നോര്‍ത്ത്‌ റൊനാള്‍ഡ്‌ഷേ, വെസ്റ്ററേ, സാന്‍ഡേ, ഷേപിന്‍സേ, സ്റ്റ്രാണ്‍സേ, റൗസേ എന്നിവയാണ്‌ പ്രധാന ദ്വീപുകള്‍. ഏറ്റവും വലിയ ദ്വീപായ പൊമോണ (മെയിന്‍ലന്‍ഡ്‌)യിലാണ്‌ തലസ്ഥാനമായ കിര്‍ക്‌വാള്‍ പട്ടണം സ്ഥിതി ചെയ്യുന്നത്‌. പൊതുവേ ഫലഭൂയിഷ്‌ഠമായ ഈ ദ്വീപുകള്‍ സ്‌കോട്ട്‌ലന്‍ഡിലെ കാര്‍ഷികോത്‌പാദന രംഗത്ത്‌ പ്രാമാണ്യം ആര്‍ജിച്ചിരിക്കുന്നു. ഓട്ട്‌സ്‌, ടര്‍ണിപ്പ്‌ എന്നിവയാണ്‌ പ്രധാന വിളകള്‍. കന്നുകാലി മേച്ചില്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌; ആടുമാടുകള്‍ ശാസ്‌ത്രീയമായ രീതിയില്‍ വളര്‍ത്തപ്പെടുന്നു. മത്സ്യബന്ധനവും വികസിച്ചിട്ടുണ്ട്‌; ഹെറിങ്‌, ലോബ്‌സ്റ്റര്‍, കോഡ്‌ എന്നീ ഇനം മത്സ്യങ്ങളാണ്‌ പ്രധാനമായി കാണപ്പെടുന്നത്‌.

ഒന്നാം ലോകയുദ്ധകാലത്ത്‌ ഈ ദ്വീപുകളില്‍ ചിലത്‌ ബ്രിട്ടീഷ്‌ നാവികസേനയുടെ താവളമായി ഉപയോഗിക്കപ്പെട്ടിരുന്നു; ജര്‍മനിയുടെ പുറങ്കടല്‍ നാവികപ്പടയ്‌ക്ക്‌ വിനാശകരമായ പരാജയം സംഭവിച്ചത്‌ ഈ ദ്വീപുകള്‍ക്കിടയില്‍ വച്ചായിരുന്നു.

പ്രാക്കാല ചരിത്രത്തിന്റെ സൂചകങ്ങളെന്നോണം പിക്‌റ്റുകളുടെയും സ്‌കാന്‍ഡിനേവിയരുടെയും കാലങ്ങളില്‍ നിര്‍മിതമായിട്ടുള്ള ഹര്‍മ്യങ്ങളുടെയും കോട്ടകൊത്തളങ്ങളുടെയും ഭഗ്നാവശിഷ്‌ടങ്ങള്‍ ദ്വീപുകളില്‍ പലയിടത്തും കാണാം. കെന്നത്ത്‌ കക-ന്റെ കാലത്തിനുമുമ്പ്‌ പിക്‌റ്റുകളാണ്‌ ഈ ദ്വീപുകള്‍ ഭരിച്ചിരുന്നത്‌. 875-ല്‍ നോര്‍വേയിലെ രാജാവായ ഹരോള്‍ഡ്‌ ഫെയര്‍ഹെയര്‍ ഓര്‍ക്‌നിയെ പ്രഭു ഭരണത്തിന്‍ കീഴിലാക്കി. ഡെന്മാര്‍ക്കിലെ രാജാവായ ക്രിസ്റ്റ്യന്‍ ക തന്റെ ജാമാതാവും സ്‌കോട്ട്‌ലന്‍ഡിലെ രാജാവുമായ ജെയിംസ്‌ കകക-ന്‌ സ്‌ത്രീധനമായി കൈമാറിയതിനെത്തുടര്‍ന്ന്‌ 1472-ല്‍ ഓര്‍ക്‌നി ദ്വീപുകള്‍ സ്‌കോട്ട്‌ലന്‍ഡിനോട്‌ സംയോജിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ആ രാജ്യത്തിലെ ഒരു പ്രവിശ്യയായി തുടരുന്നു.

19-ാം ശതകത്തില്‍ ജനസംഖ്യ: 26,000 ആയിരുന്നുവെങ്കിലും 1970-കളില്‍ 17,000 ആയി കുറഞ്ഞു. 2005-ലെ കണക്കനുസരിച്ച്‌ ജനസംഖ്യ: 20,100 ആണ്‌. സ്‌കോട്ടിഷ്‌ പാര്‍ലമെന്റില്‍ ഓര്‍ക്‌നി ദ്വീപുകള്‍ക്ക്‌ ഒരു പ്രതിനിധിയാണുള്ളത്‌. സ്‌കോട്ട്‌ലന്റില്‍നിന്നു വേര്‍പെട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍ക്ക്‌ റിമൂവ്‌മെന്റാണ്‌ ഇവിടത്തെ ഒരു മുഖ്യ രാഷ്‌ട്രീയപാര്‍ട്ടി.

ഓര്‍ക്‌നി ദ്വീപുകളിലെ തദ്ദേശീയര്‍ ഓക്കാസിയന്‍സ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍