This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്റ്റിയോമലേസ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓസ്റ്റിയോമലേസ്യ

Osteomalacia

ധാതുജപദാര്‍ഥങ്ങളുടെ(mineral substances) കുറവുമൂലം എല്ലുകള്‍ക്കുണ്ടാകുന്ന മൃദുത്വം. തരുണാസ്ഥികളില്‍ (cartilages)ധാതുജ ലവണങ്ങളുടെ അന്തര്‍നിക്ഷേപമുള്ളതുകൊണ്ടാണ്‌ സാമാന്യമായി ഉറപ്പും സ്‌പ്രിങ്ങിനെന്നപോലെ പിന്തള്ളല്‍ സ്വഭാവവും ഉണ്ടാകുന്നത്‌. അതുകൊണ്ടാണ്‌ ഈ നിക്ഷേപങ്ങളില്‍ കുറവുണ്ടാകുമ്പോള്‍ എല്ലുകള്‍ക്കു ബലക്ഷയവും മാര്‍ദവവും അനുഭവപ്പെടുന്നത്‌. അസ്ഥികളുടെ ഭൂരിഭാഗവും കാത്സ്യവും ഫോസ്‌ഫേറ്റുംകൊണ്ടുനിര്‍മിതമാണ്‌. ഈ രണ്ടംശങ്ങളും സാധാരണമായി ആഹാരത്തിലടങ്ങിയിരിക്കും.

അന്നപഥത്തില്‍നിന്ന്‌ ഇവയുടെ ചെറിയ ഒരു ഭാഗം മാത്രമേ ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. അധികഭാഗവും മലത്തിലൂടെയും ചെറിയ ഒരളവില്‍ മൂത്രത്തിലൂടെയും വിസര്‍ജിക്കപ്പെടുന്നു. ഇപ്രകാരം ആഗിരണം ചെയ്യപ്പെടുന്നതും വിസര്‍ജിക്കപ്പെടുന്നതുമായ ഈ ധാതുജങ്ങള്‍ ശരീരത്തില്‍ ഒരു സന്തുലിതാവസ്ഥ പുലര്‍ത്തിപ്പോരുന്നുണ്ട്‌. ഏതെങ്കിലും വിധത്തില്‍ ഈ സന്തുലിതാവസ്ഥ നഷ്‌ടപ്പെട്ട്‌ കാത്സ്യവും ഫോസ്‌ഫേറ്റും കൂടുതലായി പുറന്തള്ളപ്പെടുമ്പോള്‍ ഓസ്റ്റിയോമലേസ്യ അനുഭവപ്പെടുന്നു. ആവശ്യമുള്ളത്ര കാത്സ്യം അടങ്ങിയ ആഹാരത്തോടൊപ്പം വിറ്റാമിന്‍ ഡിയും വേണ്ടയളവില്‍ കഴിക്കണം. കാത്സ്യത്തിന്റെ ആഗിരണത്തിന്‌ ഈ വിറ്റാമിന്‍ സഹായകമാണ്‌. ആഹാരത്തില്‍ത്തന്നെ മിക്കവാറും ഇത്‌ വേണ്ടിടത്തോളമുണ്ടാകാറുണ്ട്‌. പാല്‍, മറ്റു ക്ഷീരോത്‌പന്നങ്ങള്‍, വെളുത്ത റൊട്ടി, മുട്ട, പലതരം മീനെണ്ണകള്‍ എന്നിവ ഈ വിറ്റാമിന്റെ സ്രാതസ്സുകളാണ്‌ സൂര്യപ്രകാശമേറ്റാല്‍ വിറ്റാമിന്‍ ഡി ആയി മാറുന്ന എര്‍ഗോസ്റ്റിറോള്‍ എന്ന ഒരു രാസദ്രവ്യം മനുഷ്യശരീരത്തിലുണ്ട്‌. ആകയാല്‍ പ്രകൃതിതന്നെ ഈ വിറ്റാമിന്റെ കാര്യത്തില്‍ വേണ്ട മുന്‍കരുതലെടുത്തിരിക്കുന്നു. എങ്കിലും ശീതരാജ്യങ്ങളില്‍, വെയില്‍ കമ്മിയാകയാല്‍ അവിടത്തുകാര്‍ക്ക്‌ വിറ്റാമിന്‍ ഡിയുടെയും തദ്വാരാ കാത്സ്യത്തിന്റെയും ആഗിരണത്തില്‍ ഹാനി താരതമ്യേന കൂടുതലായിരിക്കും. ഓസ്റ്റിയോമലേസ്യ ആ പ്രദേശങ്ങളിലെ ജനങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു. പര്‍ദ ധരിക്കുന്ന സ്‌ത്രീകള്‍, കൂടുതല്‍ പ്രസവിക്കുന്ന സ്‌ത്രീകള്‍, ശിശുക്കള്‍ എന്നിവര്‍ കാത്സ്യം പ്രത്യേകമായി കഴിക്കേണ്ടവരാണ്‌. മറ്റു കാരണങ്ങള്‍മൂലം (ഉദാ. തുടര്‍ച്ചയായ വൃക്കാപ്രവര്‍ത്തനപരാജയം) സ്ഥിരമായി വന്നുകൂടിയിട്ടുള്ള അസ്ഥിമൃദുത്വം എളുപ്പത്തില്‍ ചികിത്സിച്ചുമാറ്റാന്‍ പ്രയാസമാണ്‌. (നോ. അസ്ഥി; അസ്ഥികൂടരോഗങ്ങള്‍) വൈറ്റമിന്‍ ഡിയുടെ അപര്യാപ്‌തത, വൃക്കരോഗങ്ങള്‍, പോഷകവൈകല്യങ്ങള്‍, പോഷകാഗിരണപ്രശ്‌നങ്ങള്‍, ഫോസ്‌ഫറസിന്റെ ന്യൂനത, ചിലയിനം അര്‍ബുദങ്ങള്‍ എന്നിവയാണ്‌ പ്രധാന കാരണങ്ങള്‍.

എല്ലിനു ബലക്ഷയം, അസ്ഥിവേദന, കാലിന്റെ അസ്ഥിക്കുവേദന, പെട്ടെന്നുള്ള ഒടിവുകള്‍, അസ്ഥിവളയല്‍, പേശീക്ഷയം, ഇടതിങ്ങിയ കശേരുക്കള്‍ എന്നിവയാണ്‌ രോഗലക്ഷണങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍