This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓല

തെങ്ങോല

പന, തെങ്ങ്‌, നെല്ല്‌ തുടങ്ങിയ ഏകബീജപത്രി(monocot)കളുടെ ഇലകള്‍ക്ക്‌ പൊതുവായുള്ള പേര്‌. കേരളത്തില്‍ സര്‍വസാധാരണമായ തെങ്ങോലയെ ഉദ്ദേശിച്ചാണ്‌ ഈ വാക്ക്‌ അധികമായി ഉപയോഗിക്കുന്നത്‌. തെങ്ങിന്റെ ഓലകള്‍ തടിയുടെ അഗ്രഭാഗത്ത്‌ കൂട്ടമായി കാണുന്നു. ഓലകള്‍ വളരെ വലുതും പിച്ഛാകാര(pinnate)ത്തിലുള്ള ബഹുപത്രങ്ങളുമാണ്‌. മധ്യഭാഗത്തുള്ള "മടലി'ന്റെ രണ്ടു വശങ്ങളിലുമായി ഓലക്കാലുകള്‍ ക്രമീകരിച്ചിരിക്കുന്നു. മധ്യഭാഗത്തുള്ള ഓലക്കാലുകള്‍ക്ക്‌ ചുവട്ടിലുള്ളവയെക്കാള്‍ വലുപ്പം കൂടുതലാണ്‌. അഗ്രഭാഗത്തേക്കു ചെല്ലുമ്പോള്‍ ക്രമേണ വലുപ്പം കുറഞ്ഞുവരുന്നു. ഓലക്കാലിന്റെ നടുവില്‍ കട്ടിയുള്ള ഈര്‍ക്കില്‍ ഉണ്ട്‌. ഒരു നിശ്ചിത എണ്ണത്തില്‍കൂടുതല്‍ ഓലകള്‍ ഒരേസമയത്ത്‌ തെങ്ങില്‍ നില്‌ക്കാറില്ല. പ്രായം കൂടിയ ഓലകള്‍ യഥാക്രമം അടര്‍ന്നുവീഴുകയും ക്രമേണ തെങ്ങു വളരുകയും ചെയ്യുന്നു. അഗ്രഭാഗത്ത്‌ കൂട്ടമായി നില്‌ക്കുന്ന ഓലകളെ നാലുവിഭാഗങ്ങളില്‍പ്പെടുത്താവുന്നതാണ്‌. ഏറ്റവും അടിഭാഗത്തു കാണുന്ന മൂപ്പേറിയ ഓലകള്‍ തെങ്ങിന്‌ കാര്യമായ ഉപയോഗമില്ലാത്തവയാണ്‌; ഇവ പഴുത്തുണങ്ങി ക്രമേണ അടര്‍ന്നുപോകുന്നു. മണ്ടയുടെ നടുവില്‍ കാണുന്ന പത്തു പന്ത്രണ്ട്‌ ഓലകള്‍ തേങ്ങാക്കുലകളെ താങ്ങി നിര്‍ത്തുന്നവയാണ്‌. ഇവയ്‌ക്കു മുകളില്‍ കീറി വേര്‍പെട്ടു തുടങ്ങുന്ന ഇളം പ്രായത്തിലുള്ള ഓലകള്‍ കാണാം. ഈ മടലുകളുടെ കുരലുകളില്‍ വിവിധ പ്രായത്തിലുള്ള പൂങ്കുലകളുമുണ്ട്‌. ഏറ്റവും മുകളിലുള്ള, കീറി വേര്‍പെട്ടു തുടങ്ങാത്ത ഓലകളെ കുരുത്തോലകള്‍ എന്നു വിളിക്കുന്നു. നന്നായി വളരുന്ന തെങ്ങില്‍ നാല്‌പതോളം ഓലകള്‍ ഉണ്ടായിരിക്കും; പുഷ്‌ടിയുള്ളതും കടും പച്ചനിറമുള്ളതുമായ ധാരാളം ഓലകള്‍ ഉത്‌പാദിപ്പിക്കുന്ന തെങ്ങ്‌ നല്ല കായ്‌ഫലം തരുന്നതാണ്‌. തെങ്ങിന്റെ ഓലകള്‍ ഉത്‌പാദിപ്പിക്കാനുള്ള കഴിവും കേരോത്‌പാദനശേഷിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. പ്രായം കൂടുന്തോറും തെങ്ങിലെ ഓലകളുടെ എണ്ണം കൂടിവരികയും മധ്യപ്രായത്തോടെ ഏറ്റവും കൂടുതല്‍ ഓലകള്‍ വിരിയുകയും ചെയ്യും. ഓലകളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു.

മഴക്കാലങ്ങളിലാണ്‌ കൂടുതല്‍ ഓലകള്‍ ഉണ്ടാവുന്നത്‌. നല്ല വളാംശമുള്ള മണ്ണില്‍ വളരുന്ന തെങ്ങില്‍ ധാരാളം ഓലകളുണ്ടായിരിക്കും. ഓലകളുടെ എണ്ണവും സ്വഭാവവും നില്‌പും പരിശോധിച്ചാണ്‌ വിത്തുതേങ്ങയ്‌ക്കുള്ള തെങ്ങുകള്‍ തിരഞ്ഞെടുക്കുന്നത്‌. ഓലചീയല്‍, ഓലമഞ്ഞളിപ്പ്‌ മുതലായ രോഗങ്ങള്‍ക്ക്‌ തെങ്ങ്‌ വിധേയമാവുമ്പോള്‍ ഓലയുടെ രൂപത്തിലും നിറത്തിലും പല വ്യത്യാസങ്ങളും പ്രകടമാകുന്നു. വേരു ചീയല്‍ അഥവാ "വാട്ടം' ബാധിച്ച തെങ്ങിന്റെ ഓലകള്‍ വാടുകയും ക്രമേണ ഉണങ്ങി തടിയുടെ ചുറ്റും തൂങ്ങിക്കിടക്കുകയും ചെയ്യുന്നു.

ഓലകൊണ്ട്‌ പല ഉപയോഗങ്ങളുമുണ്ട്‌. ഉണങ്ങിയ ഓല ഒന്നോ രണ്ടോ ദിവസം വെള്ളത്തിലിട്ട്‌ കുതിര്‍ത്ത്‌ മെടഞ്ഞ്‌, വീടുമേയാനും വേലികെട്ടാനും മറ്റും ഉപയോഗിക്കുന്നു. താഴ്‌ന്ന വരുമാനക്കാര്‍ വീടിന്റെ ഭിത്തിയും മേല്‍ക്കൂരയുമുണ്ടാക്കാന്‍ തെങ്ങോലയെയാണ്‌ ആശ്രയിക്കുന്നത്‌. ഓലകെട്ടി മറച്ച കുടിലുകള്‍ നമ്മുടെ ഗ്രാമങ്ങളിലെവിടെയും കാണാം. ഉണങ്ങിയ മടലും ഓലക്കാലും വിറകായി കത്തിക്കാം. ഓലക്കാല്‍കൊണ്ട്‌ വട്ടി, കുട്ട മുതലായവ ഉണ്ടാക്കുന്നു. ഈര്‍ക്കില്‍(ലി) ചൂല്‌, കിളിക്കൂട്‌ എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു. ഓലമടലിന്റെ ചുവടുഭാഗം മുറിച്ചെടുത്ത്‌ ചതച്ച്‌ ഭിത്തിയില്‍ വെള്ളയടിക്കാനുള്ള നാടന്‍ ബ്രഷ്‌ ഉണ്ടാക്കാറുണ്ട്‌. ഓലപ്പന്തും ഓലപ്പമ്പരവും ഓലപ്പീപ്പീയും ഗ്രാമീണ ബാലന്മാരുടെ കളിക്കോപ്പുകളാണ്‌. കുരുത്തോല തോരണം കെട്ടാനുപയോഗിക്കുന്നു. പനയോലകൊണ്ട്‌ വിശറി, ഓലക്കുട മുതലായവ ഉണ്ടാക്കുന്നു. അടുത്തകാലം വരെ കുട്ടികളെ അക്ഷരം പഠിപ്പിച്ചു തുടങ്ങുന്നതിന്‌ ചീകി വെടിപ്പാക്കിയ പനയോല ഉപയോഗിച്ചിരുന്നു. കടലാസിനു പകരം എഴുതുവാനും പനയോല ഉപയോഗിച്ചിരുന്നു. താളിയോല ഗ്രന്ഥങ്ങള്‍ എന്ന പേരില്‍ ഇവ പ്രസിദ്ധമാണ്‌.

നെല്ലോല ഉണക്കിയുണ്ടാക്കുന്ന വയ്‌ക്കോല്‍ ഒരു നല്ല കാലിത്തീറ്റയാണ്‌. കാര്‍ഡ്‌ബോര്‍ഡ്‌, കടലാസ്‌ എന്നിവയുണ്ടാക്കുന്നതിനുള്ള അസംസ്‌കൃത പദാര്‍ഥമായും "പായ്‌ക്കിങ്ങി'നും വയ്‌ക്കോല്‍ ഉപയോഗിച്ചുവരുന്നു.

"ഓലപ്പാമ്പുകാട്ടുക' (ഭീഷണിപ്പെടുത്തുക), "ഓല എഴുതിമാറുക' (വിവാഹക്കരാര്‍ എഴുതി ഇരുകക്ഷികളും കൈമാറുക) എന്നിങ്ങനെയുള്ള ശൈലികള്‍ മലയാളഭാഷയില്‍ ഓലയെ ആസ്‌പദമാക്കി പ്രചരിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍