This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓറിഗണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓറിഗണ്‍
Oregon
യു.എസ്സിലെ ഒരു ഘടക സംസ്ഥാനം. പസിഫിക് തീരം സ്‌പര്‍ശിച്ചു സ്ഥിതിചെയ്യുന്ന ഇതിന്റെ അയല്‍ സംസ്ഥാനങ്ങള്‍ വടക്ക് വാഷിങ്‌ടണ്‍, കിഴക്ക് ഇഡാഹോ, തെക്ക് നെവാദ, കാലിഫോര്‍ണിയ എന്നിവയാണ്. വിസ്‌തീര്‍ണം: 2,55,026 ച.കി.മീ.; ജനസംഖ്യ: 38,31,074 (2010); തലസ്ഥാനം:സേലം.
ഭൂവിവരണം. മൊത്തം വിസ്‌തീര്‍ണത്തിന്റെ മൂന്നില്‍ രണ്ടോളം വരുന്ന, സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ വടക്കേ അമേരിക്കയിലെ മധ്യമഹാസമതലത്തിന്റെ ഭാഗമാണ്. പൊതുവേ നിരപ്പുള്ള ഭൂമിയാണെങ്കിലും സാമാന്യേന ചരിവുള്ള മേഖലയാണിത്; തെക്കരികില്‍ 1,800 മീറ്ററും വടക്കരികില്‍ 900 മീറ്ററും ഉയരമുണ്ട്. അഗ്നിപര്‍വതജന്യമായ ലാവാ-തിട്ടുകളാണ് ഈ മേഖലയെമ്പാടും ഉള്ളത്; പലയിടത്തും ഇവ വിസ്‌തൃതമായ പാറക്കെട്ടുകളുടെ രൂപത്തില്‍ അനാച്ഛാദിതമായി കാണപ്പെടുന്നു. ഈ പ്രദേശത്തുകൂടി ഒഴുകുന്ന സ്‌നേക്, കൊളംബിയ എന്നീ നദികള്‍ അഗാധങ്ങളായ ചുരങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കരികിലായി ഒഴുകുന്ന കൊളംബിയായുടെ പ്രധാന പോഷക നദികളുടെ താഴ്‌വരകളിലും കിടങ്ങുകളും ഗര്‍ത്തങ്ങളും സാധാരണമാണ്. വടക്കു പടിഞ്ഞാറരികിലുള്ള വാലോവാ പര്‍വതത്തിന് താരതമ്യേന ഉയരം കൂടുതലാണ്; ഈ ശൃംഖലയില്‍ മാറ്റര്‍ ഹോണ്‍ (3,003 മീ.) കൊടുമുടിയാണ് ഏറ്റവും ഉയരം കൂടിയസ്ഥാനം. സംസ്ഥാനത്തിന്റെ തെക്കരികിലും 2,500 മീ. വരെ ഉയരമുള്ള അനേകം ഗിരിനിരകളുണ്ട്. ഈ പ്രദേശത്ത് ആന്തരാപവാഹംമൂലം ഉദ്‌ഭൂതമായ നിരവധി തടാകങ്ങള്‍ കാണാം.
ഓറിഗണ്‍ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ പരസ്‌പരം സമാന്തരങ്ങളായ മൂന്നു വിഭാഗങ്ങളായി തിരിക്കാം: (1) സമുദ്രതീര മലനിരകള്‍; (2) കാസ്‌കേഡ് നിരകള്‍; (3) ഇവയ്‌ക്കിടയിലായുള്ള താഴ്‌വാരങ്ങള്‍. പസിഫിക് തീരത്തുള്ള മലനിരകളുടെ ശരാശരി ഉയരം 900 മീറ്ററിലേറെയാണ്. എന്നാല്‍ ഇവ പരസ്‌പരം വേര്‍പെട്ട് തലങ്ങും വിലങ്ങുമായി കിടക്കുന്നു. ഇവയെ അപേക്ഷിച്ച് ഉയരം കൂടിയ പര്‍വത ശൃംഖലയാണ് കാസ്‌കേഡ്. ഈ ഗിരിനിരയിലെ മിക്ക ശൃംഗങ്ങളും 1,800 മീറ്ററി ലേറെ ഉയരമുള്ള സജീവമോ നിദ്രിതമോ ആയ അഗ്നിപര്‍വതങ്ങളാണ്. ഇവയില്‍ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന മൗണ്ട്‌ഹൂഡിന്റെ ഉയരം 3,430 മീ. ആണ്. സംസ്ഥാനത്തിന്റെ വടക്കേ പകുതിയില്‍ മേല്‌പറഞ്ഞ മലനിരകള്‍ക്കിടയില്‍ വിസ്‌തൃതമായ ഒരു എക്കല്‍ സമതലം രൂപംകൊണ്ടിരിക്കുന്നു. സമുദ്രനിരപ്പില്‍നിന്ന് 100 മീറ്ററോളം ഉയരത്തില്‍ പോര്‍ട്ട്‌ലന്‍ഡ് മുതല്‍ യൂജിന്‍ വരെ വ്യാപിച്ചുകിടക്കുന്ന ഈ സമതലം വില്ലമെറ്റ് നദീവ്യൂഹത്താല്‍ ജലസിക്തവുമാണ്. തെക്കോട്ടു നീങ്ങുന്തോറും പര്‍വതനിരകള്‍ക്കിടയ്‌ക്കുള്ള ഭാഗം ഇടുങ്ങിയും നിമ്‌നോന്നതമായും കാണപ്പെടുന്നു. അനിയമിത ഗതികളായ ഇവിടത്തെ നദികള്‍ ഭൂപ്രകൃതിയിലെ നിമ്‌നോന്നതത്വം വര്‍ധിക്കുന്നതിനു കാരണമായിത്തീര്‍ന്നിരിക്കുന്നു.
കാലാവസ്ഥ. കാസ്‌കേഡ് നിരകള്‍ക്കു പടിഞ്ഞാറ് സമശീതോഷ്‌ണ കാലാവസ്ഥ അനുഭവപ്പെടുന്നു. കോസ്റ്റ്‌റേഞ്ചിന്റെ വാതാനുകൂല(windward) വശങ്ങളില്‍ കനത്ത മഴ ലഭിക്കുന്നു; വാര്‍ഷികത്തോത് 250 സെന്റിമീറ്ററിലേറെയാണ്. എന്നാല്‍ ഈ മലനിരയുടെ വാതപ്രതിമുഖ (lee-ward) വശങ്ങളിലും താഴ്‌വാരങ്ങളിലും മഴയുടെ തോത് താരതമ്യേന കുറവാണ്. മഴക്കാലം ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ്. കൊളംബിയാ പീഠഭൂമിയില്‍ വന്‍കരകാലാവസ്ഥ അനുഭവപ്പെടുന്നു; അതിശൈത്യമുള്ള ശീതകാലവും താരതമ്യേന ശൈത്യം കുറഞ്ഞ ഗ്രീഷ്‌മകാലവുമാണ് ഇവിടെയുള്ളത്. ഈ മേഖലയില്‍ വര്‍ഷപാതത്തിന്റെ വാര്‍ഷികത്തോത് 25-50 സെ.മീ. ആണ്.
സസ്യജാലം. കൊളംബിയ പീഠഭൂമിയിലെ തെക്കേപ്പകുതി സസ്യവിരളമായ മരുപ്രദേശമാണ്; വടക്കേപ്പകുതി പുല്‍മേടുകളും. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ഭാഗങ്ങള്‍ പൈന്‍, ഡഗ്ലസ്‌ഫര്‍ തുടങ്ങിയ വൃക്ഷങ്ങള്‍ തിളങ്ങിവളരുന്ന നിബിഡവനങ്ങളാണ്. സംസ്ഥാനത്തിന്റെ മൊത്തം വിസ്‌തൃതിയില്‍ പകുതിയിലേറെ വരുന്ന വനപ്രദേശങ്ങള്‍ ഇതുവരെ ഉപഭോഗവിധേയമായിട്ടില്ലാത്ത മേഖലകളും ഉള്‍ക്കൊള്ളുന്നു. യു.എസ്സിലെ സംരക്ഷിത വനങ്ങളില്‍ 20 ശതമാനവും ഓറിഗണ്‍ സംസ്ഥാനത്തിലുള്‍പ്പെടുന്നു. കടുപ്പം കുറഞ്ഞ തടികള്‍, പ്ലൈവുഡ് എന്നിവയുടെ ഉത്‌പാദനത്തിലും കയറ്റുമതിയിലും യു.എസ്. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഓറിഗണ്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു.
സമ്പദ്‌വ്യവസ്ഥ. മൊത്തം വിസ്‌തീര്‍ണത്തില്‍ മൂന്നിലൊന്നോളം വരുന്ന കൃഷിഭൂമിയുടെ മുക്കാല്‍പ്പങ്കും മേച്ചില്‍പ്പുറങ്ങളായി ഉപയോഗിക്കപ്പെടുന്നു. ഹേ, ഗോതമ്പ്, ഉരുളക്കിഴങ്ങ്, ഫലവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന വിളകള്‍. സംസ്ഥാനത്തിന്റെ തെക്കരികിലെ മലനിരകള്‍ ചൂഴ്‌ന്ന താഴ്‌വര പ്രദേശങ്ങള്‍ കനിവര്‍ഗങ്ങളുടെ ഉത്‌പാദനത്തില്‍ ഗണ്യമായ പുരോഗതി ആര്‍ജിച്ചിരിക്കുന്നു. മത്സ്യബന്ധനം സാമാന്യമായ തോതില്‍ നടക്കുന്നു; ചൂര, സാല്‍മണ്‍ എന്നിവയും കടല്‍ഞണ്ടുകളും വന്‍തോതില്‍ ലഭിച്ചുവരുന്നു. 2010-ലെ കണക്കനുസരിച്ച് ഓറിഗണിലെ പ്രതിശീര്‍ഷവരുമാനം 44,447 അമേരിക്കന്‍ ഡോളറാണ്. കൊളംബിയാ നദിയിലെ ബോണേവില്‍ അണക്കെട്ടിനോടനുബന്ധിച്ചുള്ളതാണ് ഈ സംസ്ഥാനത്തെ മുഖ്യ വൈദ്യുതികേന്ദ്രം.
വനോത്‌പന്നങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍ക്കാണ് ഈ സംസ്ഥാനത്ത് മുന്‍തൂക്കമുള്ളത്. പ്ലൈവുഡ്, ഹാര്‍ഡ്‌ബോര്‍ഡ്, കടലാസ് എന്നിവ വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. സൗകര്യാനുസരണം ഇളക്കിമാറ്റി പുനര്‍നിര്‍മാണത്തിനു വിധേയമാക്കാവുന്ന രീതിയിലുള്ള ഭവനങ്ങള്‍ക്കുവേണ്ട തടി ഉരുപ്പടികളുടെ നിര്‍മാണവും ഓറിഗണിലെ ഒരു മുന്തിയ വ്യവസായമാണ്. തടിവ്യവസായവുമായി ബന്ധപ്പെട്ട ആന്തരദഹനയന്ത്രങ്ങള്‍, വട്ടവാളുകള്‍, ക്രയിന്‍, ട്രക്കുകള്‍ തുടങ്ങിയവയുടെ നിര്‍മാണവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. തുണിവ്യവസായവും പാക്കിങ് കേസ് നിര്‍മാണവും നല്ലതോതില്‍ നടന്നുവരുന്നു. അലുമിനിയം ധാതുക്കളാണ് ഈ സംസ്ഥാനത്തുനിന്ന് മുഖ്യമായും ഉത്‌ഖനനം ചെയ്യപ്പെടുന്നത്. അലുമിനിയ സംസ്‌കരണം ഓറിഗണിലെ മറ്റൊരു ഘനവ്യവസായമാണ്.
1970-കളോടെ ഹൈ ടെക്‌നോളജി വ്യവസായങ്ങള്‍ നിലവില്‍വന്നു. ടെക്‌ട്രാണിക്‌സ്, ഇന്റല്‍ എന്നിവയാണ് മികച്ച ടെക്‌നോളജി സ്ഥാപനങ്ങള്‍. മറ്റു പ്രമുഖ വ്യവസായങ്ങളുടെ കോര്‍പ്പറേഷനുകള്‍ പലതും ഇവിടെ പ്രവര്‍ത്തനം നടത്തുന്നു. നൈകി, മെറ്റ്‌ഫോഡ്, ലിനിയ മോട്ടേഴ്‌സ് മുതലായവ ഇവയിലുള്‍പ്പെടുന്നു. 50,000-ത്തിനുമുകളില്‍ ജനസംഖ്യയുള്ള 11 പ്രമുഖനഗരങ്ങളാണ് ഓറിഗണിലുള്ളത്. വില്ലമെറ്റ്, കൊളംബിയ എന്നീ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പോര്‍ട്ട്‌ലന്‍ഡ് ആണ് പ്രധാന വാണിജ്യകേന്ദ്രവും തുറമുഖവും. സംസ്ഥാന തലസ്ഥാനമായ സേലം, ഓറിഗണ്‍ സര്‍വകലാശാലയുടെ ആസ്ഥാനമായ യൂജിന്‍, താഴ്‌വരയുടെ ഹൃദയഭാഗത്തുള്ള വിപണനകേന്ദ്രമായ കോര്‍വാലിസ് എന്നിവയാണ് വില്ലമെറ്റ് മേഖലയിലെ മറ്റു നഗരങ്ങള്‍. സംസ്ഥാനത്തിന്റെ തെക്കരികിലെ പഴവര്‍ഗങ്ങളുടെ ഉത്‌പാദനകേന്ദ്രമായ റോഗ് താഴ്‌വാര പ്രദേശത്താണ് മെഡ്‌ഫോഡ് സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, ടൂറിസം എന്നീ മേഖലകളിലും ഓറിഗന്‍ മുന്‍പന്തിയിലാണ്. ക്രറ്റര്‍ലേക്ക് നാഷണല്‍ പാര്‍ക്ക് ആണ് വിനോദമേഖലയിലെ മുഖ്യ ആകര്‍ഷണകേന്ദ്രം.