This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓറഞ്ച്‌ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓറഞ്ച്‌ നദി

Orange River

ഓറഞ്ച്‌ നദിയിലെ ഗരീബ്‌ അണക്കെട്ട്‌

ആഫ്രിക്കാവന്‍കരയില്‍ ദക്ഷിണായന രേഖയ്‌ക്കു തെക്കുള്ള മേഖലയിലെ ഏറ്റവും നീളംകൂടിയ നദി. ഡ്രാക്കന്‍സ്‌ ബര്‍ഗ്‌ നിരകളില്‍ ഉദ്‌ഭവിച്ച്‌ സൗത്ത്‌ ആഫ്രിക്കയിലൂടെ പടിഞ്ഞാറേക്കൊഴുകി അത്‌ലാന്തിക്‌ സമുദ്രത്തിന്റെ ഭാഗമായ അലക്‌സാണ്ടര്‍ ഉള്‍ക്കടലില്‍ പതിക്കുന്ന ഓറഞ്ചിന്റെ നീളം 2,175 കി.മീ. ആണ്‌. തദ്ദേശീയര്‍ ഗരീപ്പ്‌ എന്നു വിളിക്കുന്ന ഈ നദി 1777 വരെ ഗ്രൗട്ട്‌ എന്ന്‌ അറിയപ്പെട്ടിരുന്നു; തുടര്‍ന്ന്‌ ഡച്ചുകാരാണ്‌ ഇതിന്‌ ഓറഞ്ച്‌ എന്ന പേരു നല്‍കിയത്‌.

സമുദ്രനിരപ്പില്‍നിന്ന്‌ 3,300 മീ. ഉയരത്തില്‍ ലിസോതോ ഉന്നതമേഖലയിലാണ്‌ ഓറഞ്ചിന്റെ പ്രഭവസ്ഥാനം. ആദ്യപാദത്തില്‍ ഈ നദി സിങ്‌ഗു എന്നാണ്‌ അറിയപ്പെടുന്നത്‌. വലതുപാര്‍ശ്വത്തില്‍ നിന്ന്‌ ഒഴുകിച്ചേരുന്ന കാലിഡോണ്‍, വാല്‍ എന്നിവയാണ്‌ മുഖ്യപോഷകനദികള്‍. നദീമാര്‍ഗം ആദ്യപാദത്തിലെന്നപോലെ അന്ത്യപാദത്തിലും വെള്ളച്ചാട്ടങ്ങളും ചുരങ്ങളുംമൂലം സങ്കീര്‍ണമാണ്‌. മധ്യഭാഗത്ത്‌ ഇരുപാര്‍ശ്വങ്ങളിലും വിസ്‌തൃതമായ പുല്‍മേടുകള്‍ കാണപ്പെടുന്നു. ഓറഞ്ച്‌ നദിയുടെ ആവാഹക്ഷേത്രത്തിന്റെ വിസ്‌തീര്‍ണം 8,52,000 ച.കി.മീ. ആണ്‌. ഈ പ്രദേശം പൊതുവേ മഴക്കുറവുള്ളതാണ്‌. ഇക്കാരണത്താല്‍ നദിയിലെ ജലൗഘം ഋതുഭേദങ്ങള്‍ക്കനുസരിച്ച്‌ ഏറിയും കുറഞ്ഞും ഇരിക്കും. നദീമാര്‍ഗത്തിന്റെ സങ്കീര്‍ണസ്വഭാവവും ജലൗഘത്തിലെ ഏറ്റക്കുറച്ചിലും മൂലം ഓറഞ്ച്‌ പ്രായേണ ഗതാഗതക്ഷമമല്ല. ശീഘ്രഗതിയില്‍ ഉന്നതതടങ്ങളില്‍നിന്ന്‌ ഒഴുകിയിറങ്ങുന്നതുമൂലം ഈ നദി വന്‍തോതില്‍ എക്കലും മണ്ണും വഹിച്ചുനീക്കുന്നു. ഇവ നദീമാര്‍ഗത്തിലെ അണക്കെട്ടുകളെ വലുതായി ബാധിക്കുന്നു. എന്നിരിക്കിലും ജലസേചനവൈദ്യുതോത്‌പാദന ലക്ഷ്യങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ടിട്ടുള്ള നിരവധി അണക്കെട്ടുകള്‍ കാണാം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുള്ളതിനു പുറമേ ഉഷ്‌ണാധിക്യംമൂലമുള്ള തീവ്രമായ ബാഷ്‌പീകരണവും കൂടിയാകുമ്പോള്‍ ഓറഞ്ച്‌ നദിയിലെ ജലൗഘത്തിനു വലുതായ ചോര്‍ച്ചനേരിടുന്നു; വര്‍ഷകാലത്തൊഴിച്ച്‌ ഈ നദിയിലെ ജലധാര ശരിയായ തോതില്‍ സമുദ്രത്തിലേക്കൊഴുകാറില്ല. നദീമുഖം വിസ്‌തൃതമായ ഒരു മണല്‍പ്പരപ്പാണ്‌. ഇതിനെ കുറുകേ താണ്ടുന്ന ഓപ്പണ്‍ ഹൈമര്‍ പാലത്തിന്റെ നീളം 915 മീ. ആണ്‌. ഓറഞ്ച്‌ നദീമുഖത്ത്‌ നിന്ന്‌ 400 കി.മീ. വരെയുള്ള ദുരം സൗത്ത്‌ ആഫ്രിക്ക, സൗത്ത്‌ വെസ്റ്റ്‌ ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കിടയ്‌ക്കുള്ള അന്താരാഷ്‌ട്ര-അതിര്‍ത്തിയായി വര്‍ത്തിക്കുന്നു. സൗത്ത്‌ ആഫ്രിക്കയ്‌ക്കുള്ളില്‍ത്തന്നെ ഓറഞ്ച്‌ ഫ്രീസ്റ്റേറ്റ്‌, കേപ്‌ പ്രാവിന്‍സ്‌ എന്ന പ്രവിശ്യകളെ വേര്‍തിരിക്കുന്നത്‌ ഈ നദിയാണ്‌. ഓറഞ്ചുനദിയുടെ ഇരു പാര്‍ശ്വങ്ങളിലും വജ്രത്തിന്റെ പ്ലേസ നിക്ഷേപങ്ങള്‍ ധാരാളമായി അവസ്ഥിതമാണ്‌. 1867-ല്‍ ഓറഞ്ച്‌ നദീതീരത്തെ ഹോപ്‌ടൗണിനു സമീപം ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ഡയമണ്ട്‌ കണ്ടെടുക്കുകയുണ്ടായി. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം സ്റ്റാര്‍ ഒഫ്‌ സൗത്ത്‌ ആഫ്രിക്ക എന്നപേരില്‍ വിലയേറിയ ഡയമണ്ട്‌ ലഭിച്ചതോടെ ഇതൊരു ഡയമണ്ട്‌ ഖനനകേന്ദ്രമായി മാറി. ഇന്ന്‌ നിരവധി ഡയമണ്ട്‌ ഖനികള്‍ ഇവിടെയുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍