This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓറഞ്ച്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓറഞ്ച്‌

Orange

ഓറഞ്ച്‌

റൂട്ടേസീ സസ്യകുടുംബത്തില്‍ സിട്രസ്‌ ജീനസിലെ വിവിധ സ്‌പീഷീസുകളില്‍പ്പെടുന്ന, ഇടത്തരം വലുപ്പമുള്ള നിത്യഹരിതഫലവൃക്ഷങ്ങള്‍ക്ക്‌ പൊതുവായുള്ള പേര്‌. ഈ വൃക്ഷങ്ങളില്‍ നിന്നു ലഭിക്കുന്ന സ്വാദുറ്റ ഫലങ്ങളും ഇതേ പേരിലറിയപ്പെടുന്നു. ചൈനാ ഓറഞ്ച്‌ അഥവാ മധുര ഓറഞ്ച്‌ (sweet orange-Citrus Sinensis), മെന്‍ഡാരിന്‍ ഓറഞ്ച്‌ (Citrus reticulata), പുളിയുള്ള ഓറഞ്ച്‌ (Sour organge-Citrus aurentium) എന്നിവയാണ്‌ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന പ്രമുഖ ഓറഞ്ച്‌ സ്‌പീഷീസുകള്‍.

ഓറഞ്ച്‌ സ്‌പീഷീസുകളുടെ ജന്മദേശം ഏഷ്യയിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളാണെന്നു കരുതാം. അവിടെനിന്നു വളരെ പുരാതന കാലത്തുതന്നെ ഇന്ത്യ, ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ ഓറഞ്ച്‌കൃഷി വ്യാപിച്ചു. എ.ഡി. 1-ാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഇറ്റലിയില്‍ ഓറഞ്ചുകൃഷി നിലവിലിരുന്നുവെന്ന്‌ സാമുവല്‍ ടോള്‍കോവ്‌സ്‌കി അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ (A History of the Culture and Use of Citrus Fruits-1939)പ്രസ്‌താവിച്ചിട്ടുണ്ട്‌. ഓറഞ്ചുകൃഷിയുടെ വ്യാപനത്തില്‍ റോമന്‍ ആക്രമണങ്ങള്‍, അറബികളുടെ വാണിജ്യസംബന്ധമായ യാത്രകള്‍, കുരിശു യുദ്ധങ്ങള്‍ എന്നിവയ്‌ക്കു പങ്കുണ്ടെന്നുകാണാം. കൊളംബസ്സിന്റെ ആഗമനത്തോടെയാണ്‌ പശ്ചിമാര്‍ധഗോളത്തില്‍ ഓറഞ്ചുചെടികള്‍ വേരൂന്നിയത്‌ (1493). 16-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തെക്കേ അമേരിക്കയില്‍ ഓറഞ്ചുകൃഷി വ്യാപിച്ചു. ഉഷ്‌ണമേഖലയിലും മിതോഷ്‌ണമേഖലയിലും ഓറഞ്ച്‌ വിപുലമായ തോതില്‍ കൃഷിചെയ്‌തുവരുന്നു. ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്നത്‌ സിട്രസ്‌ സൈനെന്‍സിസ്‌ സ്‌പീഷീസ്‌ ആണ്‌. യു,എസ്സിലെ കാലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നീ പ്രദേശങ്ങള്‍ ഓറഞ്ചുകൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നു. അടുത്ത സ്ഥാനം മെഡിറ്ററേനിയന്‍ രാജ്യങ്ങള്‍ക്കാണ്‌. ആസ്റ്റ്രലിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, മെക്‌സിക്കോ, ഇസ്രയേല്‍, ഇന്ത്യ എന്നിവിടങ്ങളിലും ഇത്‌ ധാരാളം കൃഷിചെയ്യുന്നുണ്ട്‌. മന്‍ഡാറിന്‍ ഓറഞ്ചിന്‌ യൂറോപ്പില്‍ അധികം പ്രചാരമില്ല. ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ്‌ ഇതിന്‌ കൂടുതല്‍ പ്രിയം. 19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ത്തന്നെ കുടകില്‍ മന്‍ഡാറിന്‍ ഓറഞ്ച്‌ തോട്ടങ്ങള്‍ ധാരാളമുണ്ടായിരുന്നു. ഇന്ത്യയില്‍ മഹാരാഷ്‌ട്ര, ആന്ധ്ര, തമിഴ്‌നാട്‌, മധ്യപ്രദേശ്‌, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ പ്രമുഖമായും ഈ ഇനം കൃഷിചെയ്‌തുവരുന്നത്‌. കേരളത്തില്‍ വയനാട്ടിലും പാലക്കാടുജില്ലയിലെ നെല്ലിയാംപതിക്കുന്നുകളിലും ഓറഞ്ചുകൃഷി വലിയതോതില്‍ നടന്നിരുന്നു. ഏകദേശം 200 ഹെക്‌ടര്‍ സ്ഥലത്ത്‌ വിളയിക്കുന്ന നെല്ലിയാംപതി ഓറഞ്ച്‌ മാധുര്യത്തിലും ഗുണത്തിലും ദക്ഷിണേന്ത്യയിലെ ഇതര ഓറഞ്ചിനങ്ങളെ അപേക്ഷിച്ച്‌ മേന്മയേറിയവയാണ്‌. രണ്ടാംലോകയുദ്ധകാലത്ത്‌ പട്ടാളക്കാര്‍ക്ക്‌ ആവശ്യമായ പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കാന്‍വേണ്ടി അന്നത്തെ കൊച്ചിരാജാവ്‌ നെല്ലിയാംപതിക്കുന്നുകളില്‍ ഓറഞ്ചുകൃഷിക്ക്‌ പ്രാരംഭമിട്ടു. ഇപ്പോള്‍ ഇവിടത്തെ ഓറഞ്ചുകൃഷി ശോഷിച്ചിട്ടുണ്ട്‌.

7-12 മീറ്റര്‍ ഉയരത്തില്‍ ശാഖോപശാഖകളോടുകൂടി വളരുന്ന ഒരു ചെറുവൃക്ഷമാണ്‌ ഓറഞ്ച്‌. തിളക്കമുള്ള, ഇളം പച്ചനിറത്തിലുള്ള ഇലയുടെ ഞെട്ടിന്‌ ഇരുവശത്തും "ചെറു ചിറകുകള്‍' കാണാം. സരളമെന്നു തോന്നിക്കുന്ന സംയുക്തപത്രമാണ്‌ ഓറഞ്ചിന്റേത്‌. ഇലകളില്‍ എണ്ണഗ്രന്ഥികളുണ്ട്‌. വെള്ളപ്പൂക്കള്‍ക്ക്‌ ഹൃദ്യമായ സുഗന്ധമുണ്ടായിരിക്കും. കായ്‌കള്‍ക്ക്‌ ഏതാണ്ട്‌ ഉരുണ്ട ആകൃതിയാണ്‌. ചിലയിനങ്ങളുടെ (ഉദാ. വാഷിങ്‌ടണ്‍ നാവല്‍) മുകള്‍ഭാഗത്ത്‌ മുഴയുണ്ടായിരിക്കും. മധുരഓറഞ്ചിന്റെ പുറന്തൊലി താരതമ്യേന മിനുസമേറിയതും ആകര്‍ഷകവുമാണ്‌. മന്‍ഡാറിന്‍ ഓറഞ്ചുമരങ്ങള്‍ ചെറുതാണ്‌. ഇവയുടെ ഫലങ്ങളുടെ രണ്ടുവശങ്ങളും കൂടുതല്‍ പരന്നിരിക്കും. ഫലങ്ങള്‍ പഴുക്കുമ്പോള്‍ ഓറഞ്ചുവര്‍ണം കൈവരുന്നു. കട്ടികുറഞ്ഞ പുറന്തൊലി അല്ലികളില്‍ നിന്നും നിഷ്‌പ്രയാസം അടര്‍ത്തിയെടുക്കാം. സട്‌സുമ(satsuma) പോലുള്ള ചിലയിനങ്ങള്‍ക്ക്‌ കുരുവില്ല. പുളിയുള്ള ഓറഞ്ച്‌ (Citrus aurantium) എട്ടുമീറ്ററില്‍ക്കൂടുതല്‍ ഉയരം വയ്‌ക്കാറില്ല. ചെടിയില്‍ കൂര്‍ത്ത മുള്ളുകളുണ്ടായിരിക്കും; ഇലകള്‍ക്ക്‌ ഇരുണ്ട പച്ചനിറവും. ഇലഞെട്ടിന്റെ ഇരുവശങ്ങളിലെ "പക്ഷങ്ങള്‍' വീതികൂടിയവയാണ്‌. പരുപരുത്ത പുറന്തോടില്‍ എണ്ണഗ്രന്ഥികളെ സൂചിപ്പിക്കുന്ന "പുള്ളികള്‍' നിരവധിയുണ്ടായിരിക്കും. അല്ലികള്‍ ചാറുകുറഞ്ഞ്‌, നേരിയ പുള്ളിയുള്ളതും നിരവധി വിത്തുകളോടുകൂടിയതുമാണ്‌.

സസ്യശാസ്‌ത്രപരമായി "ഹെസ്‌പെരിഡിയം' എന്നറിയപ്പെടുന്ന ഒരു പ്രത്യേകയിനം ബെറിയാണ്‌ ഓറഞ്ചുഫലം. പുറന്തോടിന്‌ രണ്ടുപ്രത്യേകഭാഗങ്ങളുണ്ട്‌. ഏറ്റവും പുറമെയുള്ള ഭാഗത്ത്‌ (epicarp) കരോട്ടിനോയ്‌ഡ്‌ വര്‍ണവസ്‌തുക്കള്‍, വിറ്റാമിനുകള്‍, ബാഷ്‌പശീലതൈലങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഉള്ളിലെ മൃദുവായ ഭാഗം (mesocarp) സെല്ലുലോസ്‌, കാര്‍ബോഹൈഡ്രറ്റുകള്‍, പെക്‌റ്റിക്‌ വസ്‌തുക്കള്‍ (protopectin, pectin), അമിനോഅമ്ലങ്ങള്‍, വിറ്റാമിനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഏറ്റവും ഉള്ളിലുള്ള കഴമ്പ്‌(endocarp) നിരവധി അല്ലികളായി വിഭജിതമായിരിക്കും. പോഷകപ്രാധാന്യമുള്ള നീരുള്‍ക്കൊള്ളുന്ന തീരെ ചെറിയ "സഞ്ചികള്‍' നൂറുകണക്കിന്‌ ഓരോ അല്ലിയിലും ഉണ്ടായിരിക്കും. സെല്ലുലോസ്‌, ഹെമിസെല്ലുലോസ്‌, പ്രാട്ടോപെക്‌റ്റിന്‍, പെക്‌റ്റിന്‍, പഞ്ചസാര, ഫ്‌ളാവോനോയിഡുകള്‍, അമിനോ അമ്ലങ്ങള്‍, വിറ്റാമിന്‍ സി എന്നിവയാല്‍ നിര്‍മിതമാണ്‌ "സഞ്ചികള്‍'. ഉള്ളിലെ നീരില്‍ ലേയകാര്‍ബോഹൈഡ്രറ്റുകള്‍ (ഗ്രൂക്കോസ്‌, ഫ്രക്‌റ്റോസ്‌, സൂക്രാസ്‌), ഓര്‍ഗാനിക്‌ അമ്ലങ്ങള്‍ (മുഖ്യമായും സിട്രിക്‌ അമ്ലം), വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി കോംപ്ലെക്‌സ്‌, ധാതുലവണങ്ങള്‍, പെക്‌റ്റിന്‍ എന്നിവ അടങ്ങിയിരിക്കുന്നു.

ചൊരിമണ്ണ്‌, എക്കല്‍ മണ്ണ്‌, പശിമരാശിമണ്ണ്‌ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മണ്ണിനങ്ങളില്‍ ഓറഞ്ചുകൃഷി വിജയപ്രദമായി നടത്താം. കാലാവസ്ഥാവ്യതിയാനങ്ങള്‍ പഴങ്ങളുടെ ഗുണമേന്മയെ ഗണ്യമായി സ്വാധീനിക്കുന്നു. ചൂടുകൂടിയ പ്രദേശങ്ങളില്‍ മാധുര്യം കൂടുതലുള്ള പഴങ്ങളുണ്ടാകുന്നു. ഈര്‍പ്പം അധികമായാല്‍ തൊലി നേര്‍ക്കുകയും ചാറു കൂടുകയും ചെയ്യും. വ്യക്തമായ തണുപ്പുകാലവും ഉഷ്‌ണകാലവും ഉള്ള പ്രദേശങ്ങളാണ്‌ മധുര ഓറഞ്ചിന്റെ കൃഷിക്ക്‌ ഏറ്റവും അനുയോജ്യം. കൂടുതല്‍ മഴയും ചൂടും ഈര്‍പ്പവും ഉള്ള പ്രദേശങ്ങളില്‍ മന്‍ഡാറിന്‍ ഓറഞ്ച്‌ സമൃദ്ധമായി വളരുന്നു.

മധുരഓറഞ്ച്‌, മന്‍ഡാറിന്‍ ഓറഞ്ച്‌ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 100-ലധികം ഇനങ്ങള്‍ കൃഷിചെയ്‌തുവരുന്നു. മന്‍ഡാറിന്‍ ഓറഞ്ചിനമായ നാഗപ്പൂര്‍ അഥവാ സന്താറായാണ്‌ ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥലത്ത്‌ കൃഷിചെയ്‌തുവരുന്നത്‌. ഗുണത്തില്‍ മുന്നിട്ടുനില്‍ക്കുന്നതും ഇതുതന്നെ. കുടക്‌ ഓറഞ്ച്‌, നെല്ലിയാംപതി ഓറഞ്ച്‌, അസം ഓറഞ്ച്‌ എന്നിവയാണ്‌ ഇതരയിനങ്ങള്‍. യു.എസ്സിലെ ഫ്‌ളോറിഡയില്‍ സര്‍വസാധാരണമായ "ഡാന്‍സി' എന്ന ടാന്‍ജെറിന്‍ ഇനവും ഇവിടെ കൃഷിചെയ്യുന്നുണ്ട്‌. ആസ്റ്റ്രലിയയിലെ എംപറര്‍, അമേരിക്കയിലെ "കിന്നൗ' എന്നിവയും പ്രാധാന്യമര്‍ഹിക്കുന്ന ഇനങ്ങളാണ്‌. യു.എസ്‌., ദക്ഷിണാഫ്രിക്ക, ആസ്റ്റ്രലിയ എന്നിവിടങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്‌തുവരുന്ന രണ്ടു പ്രമുഖ ഓറഞ്ചിനങ്ങളാണ്‌ വാഷിങ്‌ടണ്‍ നാവല്‍, വാലന്‍സിയാലേറ്റ്‌ എന്നിവ. തുടര്‍ച്ചയായി "കായ്‌ഫലം' നല്‍കല്‍, ഉയരമില്ലായ്‌മ, ഹൃദ്യമായ വര്‍ണവും സ്വാദും ഉള്ള കുരുവില്ലാത്ത വലുപ്പമേറിയ പഴങ്ങള്‍ എന്നിവ വാഷിങ്‌ടണ്‍ നാവല്‍ എന്നയിനത്തിന്റെ പ്രത്യേകതകളാണ്‌. ബ്രസീലില്‍ ഉടലെടുത്ത ഈ ഇനം "ഓറഞ്ചുകളുടെ രാജാവ്‌' (King of Oranges)എന്ന പദവിക്ക്‌ അര്‍ഹമായിരിക്കുന്നു. ഷാമൂട്ടി, ഹാംലിന്‍, പൈനാപ്പിള്‍, "പാര്‍സണ്‍ ബ്രൗണ്‍', "ഡെല്‍റ്റാ', "ഡ്രീം', "ഗില്ലെറ്റ്‌', "ജോര്‍ഡാന്‍ സ്വീറ്റ്‌', "പാരഡൈസ്‌' എന്നിവ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള ഇതര ഇനങ്ങളാണ്‌. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ കഴമ്പിന്‌ കടും ചുവപ്പുനിറമുള്ള "ബ്ലഡ്‌ ഓറഞ്ച്‌' ഇനങ്ങളും കൃഷിചെയ്യുന്നുണ്ട്‌.

മുകുളനം(budding) വഴിയാണ്‌ ഓറഞ്ചിന്റെ പ്രവര്‍ധനം നടത്തുക. വിളപ്പൊലിമയും രോഗപ്രതിരോധശക്തിയും അഭികാമ്യമായ ഇതര സ്വഭാവങ്ങളുമുള്ള ഇനങ്ങളില്‍നിന്നു തിരഞ്ഞെടുക്കുന്ന മുകുളങ്ങള്‍ പുഷ്‌ടിയുള്ള വേരുപടലത്തോടു കൂടിയ 1-2 വര്‍ഷം പ്രായമുള്ള ചെടികളില്‍ ഒട്ടിച്ചുചേര്‍ക്കുന്നു. ഒട്ടുതൈയ്‌ക്ക്‌ 2-3 വര്‍ഷം പ്രായമെത്തുമ്പോള്‍ തോട്ടങ്ങളില്‍ തയ്യാറാക്കിയ കുഴികളില്‍ നടാവുന്നതാണ്‌. വേനല്‍ക്കാലത്ത്‌ നനച്ചുകൊടുക്കേണ്ടതത്യാവശ്യം. അസം, കുടക്‌, വയനാട്‌ എന്നിവിടങ്ങളില്‍ മഴയെ ആശ്രയിച്ചാണ്‌ ഓറഞ്ച്‌ കൃഷി ചെയ്യുന്നത്‌. ശരിയായ വളപ്രയോഗം വിജയകരമായി ഓറഞ്ചുകൃഷിക്ക്‌ അനുപേക്ഷണീയമാണ്‌. കാലി വളത്തിനുപുറമേ ഓരോ ചെടിക്കും 800 ഗ്രാം നൈട്രജന്‍, 275 ഗ്രാം ഫോസ്‌ഫറസ്‌, ഒരു കിലോഗ്രാം പൊട്ടാഷ്‌ എന്നിവ ലഭിക്കത്തക്കവിധം രാസവളങ്ങള്‍ ചേര്‍ത്തുകൊടുക്കണം. കായ്‌കളില്‍ പഞ്ചസാരയുടെ അംശം വര്‍ധിക്കാനും കേടുകൂടാതെ കൂടുതല്‍കാലം സൂക്ഷിക്കാനും നൈട്രജന്‍ ആവശ്യമാണ്‌. സിങ്ക്‌, മാങ്‌ഗനീസ്‌, മഗ്നീഷ്യം, ചെമ്പ്‌ മുതലായവ സൂക്ഷ്‌മപോഷകഘടകങ്ങളും(micronutrients) ഓറഞ്ചുചെടിയുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യംതന്നെ.

നാലുവര്‍ഷം പ്രായമെത്തുമ്പോള്‍ ഓറഞ്ചുമരം കായ്‌ച്ചുതുടങ്ങുകയും ഏകദേശം ഏഴുവര്‍ഷമാകുമ്പോഴേക്കും ശരിയായ വിളവു ലഭിച്ചുതുടങ്ങുകയും ചെയ്യും. ഇന്ത്യയില്‍ വിവിധപ്രദേശങ്ങളില്‍ വ്യത്യസ്‌ത കാലങ്ങളിലാണ്‌ ഓറഞ്ചുമരം പൂവണിയുന്നത്‌. കായ്‌ പാകമാകാന്‍ വേണ്ടിവരുന്ന കാലദൈര്‍ഘ്യത്തിലും ഇത്തരം വൈജാത്യം ദൃശ്യമാണ്‌. ഉത്തരേന്ത്യയില്‍ മാര്‍ച്ചുമാസത്തില്‍ പൂവണിഞ്ഞ്‌ ഒന്‍പതു മാസംകൊണ്ട്‌ കായ്‌കള്‍ പാകമാകുന്നു. ദക്ഷിണേന്ത്യയില്‍ രണ്ടുതവണ വിളവെടുക്കാം. ഡിസംബര്‍-ഏപ്രില്‍ മാസങ്ങളില്‍ പ്രധാന വിളവെടുപ്പു കഴിഞ്ഞാല്‍ ജൂലായ്‌-സെപ്‌തംബര്‍ മാസങ്ങളില്‍ ചെറിയൊരു രണ്ടാംവിളയും ലഭിക്കുന്നു. പാകത്തിന്‌ പഴുത്തശേഷമേ പഴങ്ങള്‍ പറിച്ചെടുക്കാറുള്ളൂ. മാമ്പഴംപോലുള്ള ഫലങ്ങളില്‍നിന്നും വ്യത്യസ്‌തമായി ഇവ പറിച്ചുവച്ച്‌ പഴുപ്പിക്കുമ്പോള്‍ ഗുണം കുറയുന്നതായി കാണാം.

നിരവധി രോഗങ്ങളും കീടങ്ങളും വിജയപ്രദമായ ഓറഞ്ചുകൃഷിക്ക്‌ ഭീഷണിയായിത്തീരാറുണ്ട്‌. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതല്‍ തങ്ങിനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഫൈറ്റോഫ്‌തോറാ സ്‌പീഷീസുകളുടെ ആക്രമണഫലമായി ചെടിയുടെ വേര്‌, തണ്ട്‌, കായ്‌കള്‍ എന്നിവ അഴുകി നശിച്ചുപോകാറുണ്ട്‌. ഓറഞ്ച്‌ കാന്‍കര്‍ (canker),പിങ്ക്‌ രോഗം(pink disease), പൗഡറി മില്‍ഡ്യൂ(powdery mildew), ഗമോസിസ്‌ (gumosis), സിങ്കിന്റെ കുറവുമൂലമുള്ള ഫ്രഞ്ചിങ്‌ (frenching) എന്നീ രോഗങ്ങളും ചെടിക്ക്‌ ഹാനികരമാണ്‌. ട്രിസ്റ്റിസാ (tristeza) എന്ന വൈറസ്‌ രോഗം ബ്രസീല്‍, അമേരിക്ക, ആഫ്രിക്ക, ജാവ എന്നിവിടങ്ങളില്‍ ഭീമമായ നാശനഷ്‌ടങ്ങള്‍ വരുത്തിത്തീര്‍ത്തിട്ടുണ്ട്‌. തടിതുരപ്പന്‍പുഴു, ഇലതീനിപ്പുഴു, ചെടിപ്പേനുകള്‍ തുടങ്ങിയ കീടങ്ങള്‍ ഓറഞ്ചിന്റെ ശത്രുക്കളാണ്‌. വ്യാവസായികാടിസ്ഥാനത്തില്‍ ഓറഞ്ചുകൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ രോഗകീടങ്ങളുടെ നിയന്ത്രണം വളരെയധികം പണച്ചെലവുണ്ടാക്കാറുണ്ട്‌. നല്ല സുഗന്ധവും മാധുര്യവും ഒത്തിണങ്ങിയ ഓറഞ്ചുപഴങ്ങള്‍ പോഷകസമ്പന്നമാണ്‌. ഉന്മേഷദായകമായ പാനീയമാണ്‌ ഓറഞ്ചുനീര്‌. ബയോഫ്‌ളാവനോയിഡുകളുടെ സാന്നിധ്യം ഓറഞ്ചിലെ വിറ്റാമിന്‍ സി. ശരീരത്തിന്‌ കൂടുതല്‍ പ്രയോജനപ്രദമാക്കിത്തീര്‍ക്കുന്നു. കേക്ക്‌, മാര്‍മലേഡ്‌ (marmalade)എന്നിവയുണ്ടാക്കാനും ഒരു കാലിത്തീറ്റയായും ഓറഞ്ചുതൊലി ഉപയോഗിക്കാറുണ്ട്‌. പൂവും ഇലയും സുഗന്ധദ്രവ്യനിര്‍മാണത്തിന്‌ ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍