This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓരു ജലസേചനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:59, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓരു ജലസേചനം

ഓരുവെള്ളംകൊണ്ടു നടത്തുന്ന ജലസേചനം. സോഡിയം, മഗ്നീഷ്യം, കാത്സ്യം ഇവയുടെ ക്ലോറൈഡ്‌, സള്‍ഫേറ്റ്‌, കാർബണേറ്റ്‌ മുതലായ ലവണങ്ങള്‍ അടങ്ങിയ ഓരുവെള്ളം സസ്യങ്ങളുടെ വളർച്ചയെയും വിളവിനെയും ദോഷകരമായി ബാധിക്കുമെന്നാണ്‌ സാധാരണ ധരിച്ചുവരുന്നത്‌. എന്നാൽ ഒന്നുമുതൽ മൂന്നുവരെ ശതമാനം വരെ സോഡിയം ക്ലോറൈഡ്‌ ഉള്‍പ്പെടെയുള്ള ലവണങ്ങള്‍ അടങ്ങിയ കടൽവെള്ളംപോലും ചില പ്രത്യേക പരി തഃസ്ഥിതികളിൽ നേരിട്ടു കൃഷിക്കുപയോഗിക്കാമെന്ന്‌, ഇസ്രയേൽ മുതലായ രാജ്യങ്ങളിൽ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

ഓരുജലസേചനം മണൽ പ്രദേശങ്ങളിലോ ചരൽപ്രദേശങ്ങളിലോ മാത്രമേ ഫലപ്രദമാകുകയുള്ളൂ. കളിമണ്ണും (clay) ചേറും(slit)1-3 ശതമാനത്തിലധികമുള്ള മണ്ണ്‌ ഈ സമ്പ്രദായത്തിനു പറ്റിയതല്ല. ഓരുജലസേചനം പ്രധാനമായും അഞ്ചു മൗലികതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌: (1) മണലിലും ചരലിലും കൂടെ വെള്ളം എളുപ്പം വാർന്നുപോകും. (2) മണലിന്റെയും ചരലിന്റെയും തരികള്‍ക്കിടയിൽ കളിമണ്‍ തരികളെ അപേക്ഷിച്ച്‌ രന്ധ്രവ്യാപ്‌തം(pore space) കൂടുതൽ ഉള്ളതിനാൽ വേരുകള്‍ക്കു ചുറ്റും വായുസഞ്ചാരത്തിനു കൂടുതൽ സൗകര്യമുണ്ട്‌. (3) സോഡിയം ക്ലോറൈഡ്‌, മഗ്നീഷ്യം ക്ലോറൈഡ്‌ എന്നീ ലവണങ്ങള്‍ എളുപ്പത്തിൽ അലിയുന്നതുമൂലം അവ വെള്ളത്തോടൊപ്പം വേഗം താഴോട്ടു പോകുന്നു. കേശികാമർദം (capillary pressure) മൂലം അവ ക്രമേണ മുകളിലോട്ടു പ്രവഹിക്കാന്‍ ഇടയുണ്ടെങ്കിൽത്തന്നെ ലവണാംശങ്ങള്‍ മുകളിൽ എത്തുന്നതിനുമുമ്പുതന്നെ മണൽത്തരികളുടെ ഉപരിതലത്തിൽ അവ സൂക്ഷ്‌മപരലുകളായി അടിയും. അതിനാൽ സസ്യങ്ങളെ ഹനിക്കത്തക്കരീതിയിൽ ഈവക ലവണങ്ങള്‍ ചെറിയവേരുകള്‍ വലിച്ചെടുക്കുന്നില്ല. (4) കളിമണ്ണ്‌ അടങ്ങിയ സാധാരണമണ്ണിൽ സോഡിയം അടങ്ങിയ ഓരുവെള്ളം സേചനത്തിന്‌ ഉപയോഗിക്കുമ്പോള്‍, കളിമണ്‍ തരികളുടെ ഉപരിതലത്തിൽ അധിശോഷണം(capillary pressure)മൂലം പറ്റിപ്പിടിക്കുന്ന സോഡിയം അയോണ്‍ ആണ്‌ സസ്യങ്ങളെ നശിപ്പിക്കുന്നത്‌. മണൽത്തരികളുടെ ഉപരിതലത്തിൽ സോഡിയം അയോണ്‍ ഈ രീതിയിൽ പറ്റിപ്പിടിക്കുന്നില്ല എന്ന്‌ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. (5) മണൽഭൂമിയിൽ വളർത്തുന്ന സസ്യങ്ങള്‍ക്ക്‌ ഓരുജലസേചനം നടത്തുമ്പോള്‍, അല്‌പനേരം എല്ലാ വേരുകള്‍ക്കും ലവണജലസ്‌പർശം ഉണ്ടാകുന്നുണ്ടെങ്കിലും, വെള്ളം വേഗം വാർന്നുപോകുന്നു. അതിനുശേഷം, ഭക്ഷണം വലിച്ചെടുക്കുന്ന സൂക്ഷ്‌മവേരുകളുടെ വ്യാപ്‌തത്തെ അപേക്ഷിച്ച്‌ മണൽത്തരികള്‍ക്കിടയിലുള്ള സുഷിരവ്യാപ്‌തം വളരെ കൂടുതലാകയാൽ ആ വേരുകള്‍ക്കുചുറ്റിലും ധാരാളം ഈർപ്പം നിറഞ്ഞ വായു കാണും. രാപ്പകലുകളിലെ താപനിലകള്‍ക്കു സാരമായ അന്തരമുള്ള പ്രദേശങ്ങളിൽ, വായുവിലെ ഈർപ്പം മണൽത്തരികളിൽ സാന്ദ്രീകരിക്കപ്പെടുകയും, അതു സസ്യങ്ങള്‍ വലിച്ചെടുക്കാന്‍ സഹായകരമായിത്തീരുകയും ചെയ്യുന്നു.

വളരെക്കൂടുതൽ ലവണങ്ങളടങ്ങിയ വെള്ളത്തിൽ ജീവിക്കുന്നതിനു കഴിവുള്ള ചില സസ്യങ്ങളുമുണ്ട്‌. ചണം ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന സിസാൽമരം, പട്ടുനൂൽപ്പുഴുവിനെ വളർത്തുന്നതിനുള്ള ചിലയിനം മള്‍ബറി, നീലയിലകള്‍ ഉള്ള ഒരുതരം അക്കേഷ്യ (acacia) മുതലായവ ഈ ഇനത്തിൽപ്പെടുന്നു. കടലാസ്‌ പള്‍പ്പുണ്ടാക്കുന്നതിനു പററിയ ജങ്കസ്‌ മാരിറ്റീമസ്‌ (Juncus maritimus)എന്ന ചെടി ഇസ്രയേലിൽ ഓരുവെള്ളംമാത്രം ഉപയോഗിച്ച്‌ ലക്ഷക്കണക്കിന്‌ ഏക്കറിൽ സൂക്ഷ്‌മജലസേചനം അനുവർത്തിച്ച്‌ വ്യാവസായികാവശ്യങ്ങള്‍ക്കു കൃഷിചെയ്‌തുവരുന്നുണ്ട്‌. ഇന്ത്യയിൽ സൗരാഷ്‌ട്രയിൽ നടത്തിയ പരീക്ഷണങ്ങള്‍മൂലം ചിലയിനം പരുത്തിക്കും ഗോതമ്പിനും ഓരുജലസേചനം പറ്റിയതാണെന്നു തെളിഞ്ഞിട്ടുണ്ട്‌ .

കടൽത്തീരങ്ങള്‍ ഉള്‍പ്പെടെ ഭൂമിയുടെ കരഭാഗത്തിന്റെ ഏതാണ്ട്‌ മൂന്നിലൊരുഭാഗം ഇപ്പോള്‍ മണൽപ്രദേശമാണ്‌. ശുദ്ധജലദൗർലഭ്യംമൂലം അവയിൽ ഏറിയഭാഗവും കൃഷിക്കുപയുക്തമല്ല എന്നാണ്‌ ധാരണ. പക്ഷേ ഓരുവെള്ളം നേരിട്ടുപയോഗിച്ച്‌ അവയെ നല്ല കൃഷിസ്ഥലങ്ങളായി രൂപാന്തരപ്പെടുത്തുവാന്‍ കഴിയുമെന്നാണ്‌ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്‌.

(കെ.ഐ. ഇടിക്കുള)

താളിന്റെ അനുബന്ധങ്ങള്‍