This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓപ്‌റ്റിക്കല്‍ ആക്‌റ്റിവിറ്റി

Optical activity

ചിലയിനം പദാര്‍ഥങ്ങള്‍ക്ക്‌ അവയില്‍ക്കൂടി കടന്നുപോകുന്ന സമതല ധ്രുവീകൃത പ്രകാശത്തിന്റെ (plane polarised light)ധ്രുവണതലത്തിന്‌ ഘൂര്‍ണനം (rotation) ഉണ്ടാക്കുന്നതിനുള്ള കഴിവ്‌. പദാര്‍ഥത്തിലേക്ക്‌ ധ്രുവീകൃത പ്രകാശം (polarised light) പ്രവേശിക്കുന്നതിനുമുമ്പുള്ള ധ്രുവണതലവും പദാര്‍ഥത്തില്‍നിന്ന്‌ പ്രകാശം പുറത്തേക്കു വരുമ്പോഴുള്ള ധ്രുവണതലവും തമ്മില്‍ ഒരു നിശ്ചിതകോണം ഉണ്ടായിരിക്കും; ഈ കോണത്തെ ഘൂര്‍ണന കോണം (angle of rotation)എന്നു പറയുന്നു. ഘൂര്‍ണന കോണം പദാര്‍ഥത്തിന്റെ ഘനത്വം, പ്രകാശം പദാര്‍ഥത്തില്‍ക്കൂടി സഞ്ചരിക്കുന്ന ദൂരം, പദാര്‍ഥത്തിന്റെ സ്വഭാവം, താപനില, പ്രകാശത്തിന്റെ തരംഗനീളം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

മൂന്നുതരം ഓപ്‌റ്റിക്കല്‍ ആക്‌റ്റിവിറ്റി ഉണ്ട്‌.

(1) ചില പദാര്‍ഥങ്ങള്‍ ക്രിസ്റ്റലീകൃത അവസ്ഥയില്‍മാത്രം പ്രദര്‍ശിപ്പിക്കുന്ന ഓപ്‌റ്റിക്കല്‍ ആക്‌റ്റിവിറ്റി. ഇത്‌ പദാര്‍ഥത്തിന്റെ വിലയിതാവസ്ഥയിലോ ബാഷ്‌പാവസ്ഥയിലോ ഇല്ലാതാകുന്നു.

(2) ചില പദാര്‍ഥങ്ങള്‍, അവ ഏതവസ്ഥയിലാണെങ്കിലും (ക്രിസ്റ്റല്‍ അവസ്ഥയിലും ബാഷ്‌പാവസ്ഥയിലും വിലയിതാവസ്ഥയിലും ദ്രാവകാവസ്ഥയിലും) ഓപ്‌റ്റിക്കല്‍ ആക്‌റ്റിവിറ്റി പ്രദര്‍ശിപ്പിക്കുന്നു.

(3) ചില പദാര്‍ഥങ്ങള്‍ക്ക്‌ എല്ലാ അവസ്ഥകളിലും (കാന്തികക്ഷേത്രത്തില്‍ വയ്‌ക്കുമ്പോള്‍മാത്രം) ഓപ്‌റ്റിക്കല്‍ ആക്‌റ്റിവിറ്റി ഉണ്ടാകുന്നു.

ഇതാണ്‌ ഫാരഡേ പ്രഭാവം. ഇവയില്‍ മൂന്നാമത്തെ ഇനം, പദാര്‍ഥത്തിന്റെ തന്മാത്രയുടെയോ ക്രിസ്റ്റലിന്റെയോ സംരചനാവിശേഷത്താല്‍ മാത്രം ഉണ്ടാകുന്നതല്ല; ഒരു ബാഹ്യ-കാന്തിക ക്ഷേത്രത്തിന്റെ പ്രഭാവത്താല്‍ നിവേശിതമാകുന്ന ഒന്നാണ്‌. ഈ ഇനത്തെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നില്ല.

മറ്റു രണ്ടിനം പ്രതിഭാസങ്ങളും ഉണ്ടാകുന്നത്‌, ക്രിസ്റ്റലിന്റെയോ തന്മാത്രയുടെയോ ഉള്ളിലുള്ള അസമമിത(asymmetric)മായ വിദ്യുത്‌ക്ഷേത്രത്തില്‍ക്കൂടി പ്രകാശം കടന്നുപോകുന്നതിനാലാണ്‌. ഒരു ക്രിസ്റ്റലിന്‌ ചില സമമിതികളുടെ അഭാവമുണ്ടാകുമ്പോഴാണ്‌ അതിനുള്ളില്‍ അസമമിത വിദ്യുത്‌ക്ഷേത്രം ഉണ്ടാകുന്നത്‌. അതുപോലെ സംരചനാവിശേഷത്താല്‍ തന്മാത്രയിലോ അയോണിലോ ഉള്ള സമമിതി ഇല്ലായ്‌മയാല്‍ തന്മാത്രയ്‌ക്ക്‌ അഥവാ അയോണിനുതന്നെ ഓപ്‌റ്റിക്കല്‍ ആക്‌റ്റിവിറ്റി ഉണ്ടാകുന്നു.

നിരവധി ഓര്‍ഗാനിക പദാര്‍ഥങ്ങളും ഇനോര്‍ഗാനിക പദാര്‍ഥങ്ങളും ക്രിസ്റ്റല്‍ അവസ്ഥയില്‍ മാത്രം ഓപ്‌റ്റിക്കല്‍ ആക്‌റ്റിവിറ്റിയുള്ളവയാണ്‌. ക്വാര്‍ട്‌സ്‌ ഇതിന്‌ ഉദാഹരണമാണ്‌.

സംരചനാപരമായ പഠനങ്ങളില്‍ ഓപ്‌റ്റിക്കല്‍ ആക്‌റ്റിവിറ്റി വളരെ പ്രയോജനപ്പെടുന്നു. നോ. ഐസൊമെറിസം

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍