This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓപ്പൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Opal)
(ഓപ്പൽ)
വരി 1: വരി 1:
-
== ഓപ്പൽ ==
+
== ഓപ്പല്‍ ==
-
 
+
== Opal ==
== Opal ==

09:18, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓപ്പല്‍

Opal

ഒരു ഖനിജദ്രവ്യം. സിലിക്കയുടെ ജലയോജിത വകഭേദമാണ്‌ ഓപ്പൽ. സിലിക്കാ ജല്ലിൽനിന്നാണ്‌ സാധാരണയായി ഇത്‌ രൂപംകൊള്ളുന്നത്‌. ഭൂജലത്തിന്റെ പ്രവർത്തനഫലമായി ശിലാവിദരങ്ങളിലും മറ്റും നിക്ഷിപ്‌തമാവുന്നു. ക്വാർട്ട്‌സിനെക്കാള്‍ തുലോം മൃദുവാണ്‌. 20 ശതമാനം വരെ ജലാംശം ഉള്‍ക്കൊള്ളാറുണ്ട്‌. മൗലികമായി നിറമില്ലാത്തതാണെങ്കിലും അപദ്രവ്യങ്ങള്‍ വർണവിശേഷങ്ങള്‍ക്കു ഹേതുവാകുന്നു. വർണവിലാസം പ്രദർശിപ്പിക്കുന്ന ഓപ്പൽ അമൂല്യരത്‌നങ്ങളിൽ ഒന്നാണ്‌.

ആധുനിക പഠനങ്ങള്‍ ഓപ്പലിന്‌ സൂക്ഷ്‌മ പരൽരൂപമുണ്ടെന്നു സൂചിപ്പിക്കുന്നു. ഫോർമുല: Si O2. nH2O. കാഠിന്യം 5.5-6.5; ആപേക്ഷിക സാന്ദ്രത 2.1-2.2. മൗലികഘടകങ്ങള്‍ക്കു പുറമേ ഓപ്പലിൽ അടങ്ങിയിരിക്കാവുന്ന ഇരുമ്പ്‌ ഓക്‌സൈഡ്‌ മഞ്ഞ, ചുവപ്പ്‌ എന്നീ നിറങ്ങള്‍ക്കും കാർബണ്‍, മാങ്‌ഗനീസ്‌ ഓക്‌സൈഡ്‌ എന്നിവ കറുപ്പുനിറത്തിനും ഹേതുവാകുന്നു. ശംഖാഭമായ വിഭാംഗനവും കാചാഭദ്യുതിയുമുണ്ട്‌; ദ്യുതിഹീനവുമാകാം. എളുപ്പം അപക്ഷയത്തിനു വിധേയമാവുന്നു.

ഓപ്പൽ സുതാര്യമോ അതാര്യമോ ആകാം. നന്നേ സൂക്ഷ്‌മങ്ങളായ വായുകുമിളകള്‍ ഉള്‍ക്കൊണ്ടിരുന്നാൽ ഓപ്പലിനു ക്ഷീരസദൃശമായ വർണവിശേഷം ലഭ്യമാവുന്നു. ഈയിനമാണ്‌ ക്ഷീര ഓപ്പൽ, മഞ്ഞ, ഓറഞ്ചു നിറങ്ങളുള്ള ഫയർ-ഓപ്പൽ കടുത്ത ഓറഞ്ചു മുതൽ ചുവപ്പുവരെയുള്ള വർണങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. കറുത്ത ഓപ്പൽ ഇരുണ്ട തലത്തിലാണ്‌ വർണവിലാസം പ്രദർശിപ്പിക്കുന്നത്‌. ഭൗമാന്തർഗതമായിട്ടുള്ള സസ്യശാഖകള്‍ ഓപ്പലിനാൽ പ്രതിസ്ഥാപനം ചെയ്യപ്പെട്ടാണ്‌ വുഡ്‌-ഓപ്പൽ രൂപം കൊള്ളുന്നത്‌. ഫെൽസ്‌പാർ, കാത്സ്യം, ജിപ്‌സം തുടങ്ങിയ ധാതുക്കളെയും ഈ വിധത്തിൽ പ്രതിസ്ഥാപനം ചെയ്യുന്നുണ്ട്‌.

തേന്‍ നിറവും റെസീന്‍ദ്യുതിയുമുള്ള വകഭേദത്തെ റെസീന്‍-ഓപ്പൽ എന്നു വിശേഷിപ്പിക്കാം. ഓപ്പലിനങ്ങളിൽ ഏറ്റവും സരന്ധ്രമായ ഹൈഡ്രാഫേന്‍ മുന്തിയ ദ്രവാകിരണകാരിയാണ്‌. ശുഷ്‌കാവസ്ഥയിൽ അതാര്യമായ ഹൈഡ്രാഫേന്‍ ആർദ്രാവസ്ഥയിൽ സുതാര്യമായി മാറുന്നു. ചൂടുറവകള്‍ക്കു ചുറ്റും നിക്ഷിപ്‌തമാവുന്ന ഗയ്‌സറ്റൈറ്റിന്‌ ഓപ്പലുമായി സ്വഭാവസാദൃശ്യമുണ്ട്‌; വർണരഹിതവും ഗ്ലാസുപോലെ ശുദ്ധവുമായ ഈ പദാർഥത്തെ "മുള്ളേർസ്‌-ഗ്ലാസ്‌' എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. ജിറസോള്‍ തുടങ്ങി ഓപ്പലിന്റേതായി വേറെയും ഇനങ്ങളുണ്ട്‌.

സാധാരണ ഓപ്പൽ അപഘർഷകം, രോധനദ്രവ്യം, പൂരകങ്ങള്‍ (fillers) തുടങ്ങിയവയായും കളിമണ്‍ വ്യവസായത്തിലും ഉപയോഗിച്ചുവരുന്നു. ജലാഗിരണ സ്വഭാവംമൂലം ശുഷ്‌കാവസ്ഥയിൽ ജലം നഷ്‌ടപ്പെടുകയോ വിണ്ടുകീറുകയോ ചെയ്യാം.

ഭൂജലത്തിന്റെയും മറ്റും പ്രവർത്തനഫലമായുണ്ടാകുന്ന ഒരു ദ്വിതീയ നിക്ഷേപമായാണ്‌ സാധാരണ അവസ്ഥിതി. ഭൂജലത്താൽ വഹിക്കപ്പെടുന്ന സിലിക്ക വിള്ളലുകളിലും കോടരങ്ങളിലും ഓപ്പൽ രൂപത്തിൽ നിക്ഷിപ്‌തമാവാം. ഓപ്പലിന്റെ ഏറ്റവും വലിയ നിക്ഷേപം ഗയ്‌സറ്റൈറ്റ്‌ രൂപത്തിലും, ഡയാറ്റമൈറ്റ്‌ എന്നറിയപ്പെടുന്ന അവസാദസ്‌തരങ്ങളായുമാണ്‌. 1,300 മീ. കനത്തിലുള്ള ഡയാറ്റമൈറ്റ്‌ സ്‌തരങ്ങള്‍ കാലിഫോർണിയയിലുണ്ട്‌.

ആസ്റ്റ്രലിയ, ഹോണ്‍ഡൂറസ്‌, ഹംഗറി, ഇന്ത്യ, മെക്‌സിക്കോ, ന്യൂസിലന്‍ഡ്‌ എന്നീ രാജ്യങ്ങളിൽ നിന്ന്‌ അമൂല്യ-ഓപ്പൽ ലഭിക്കുന്നു. വെള്ള ഓപ്പൽ ജപ്പാനിൽ നിന്നും ഫയർ-ഓപ്പൽ മെക്‌സിക്കോ, ഹോണ്‍ഡൂറസ്‌ എന്നിവിടങ്ങളിൽനിന്നും ഗയ്‌സറ്റൈറ്റ്‌ കൊളംബിയ, ചെക്ക്‌സ്ലൊവാക്യ, മെക്‌സിക്കോ, ജപ്പാന്‍ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നു.

ഇന്ത്യയിൽ ആന്ധ്രപ്രദേശ്‌, അസം, ആന്‍ഡമാന്‍-നിക്കോബാർ ദ്വീപുകള്‍, ഒഡിഷ, കാശ്‌മീർ, തമിഴ്‌നാട്‌, ബിഹാർ, മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നിവിടങ്ങളിൽ ഓപ്പൽ നിക്ഷേപങ്ങളുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍