This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടന്‍തുള്ളൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓട്ടന്‍തുള്ളല്‍

കുഞ്ചന്‍നമ്പ്യാര്‍ രൂപം നല്‌കിയതായി വിശ്വസിക്കപ്പെട്ടുപോരുന്ന തുള്ളല്‍പ്രസ്ഥാനത്തിലെ ഒരു വിഭാഗം; "ഓട്ട'നായി വേഗത്തില്‍ പാടിത്തുള്ളാനുള്ളത്‌ എന്നാണിതിന്റെ വിവക്ഷ.

ഓട്ടന്‍തുള്ളല്‍

പടയണി എന്ന അനുഷ്‌ഠാനപരമായ നാടന്‍കലാരൂപത്തിലും മറ്റും "തുള്ളല്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപമുണ്ട്‌. ഓട്ടന്‍, ശീതങ്കന്‍ തുടങ്ങി വേഷങ്ങള്‍ പടയണിത്തുള്ളലിന്റെ ഭാഗങ്ങളാണ്‌. പ്രാചീനകേരളത്തില്‍ നിലവിലിരുന്ന തുള്ളല്‍-നൃത്ത സമ്പ്രദായത്തെ പുനഃസംവിധാനം ചെയ്‌ത്‌ ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്ന മൂന്നിനം തുള്ളല്‍രൂപങ്ങള്‍ വ്യവസ്ഥാപിതങ്ങളാക്കിയത്‌ 18-ാം ശതകത്തില്‍ ജീവിച്ചിരുന്ന കലക്കത്തു കുഞ്ചന്‍ നമ്പ്യാരാണ്‌. അദ്ദേഹത്തിന്റെ കാലത്തിന്‌ മുമ്പ്‌ രചിക്കപ്പെട്ടതെന്ന്‌ കരുതേണ്ടതായ കൃഷ്‌ണാര്‍ജുനയുദ്ധം പറയന്‍തുള്ളല്‍ എന്നൊരു കൃതി ലഭിച്ചിട്ടുണ്ട്‌; എന്നാല്‍ ആധുനികരീതിയില്‍ തുള്ളല്‍ക്കലാരൂപം സംവിധാനം ചെയ്‌ത്‌ അതിന്‌ ആവശ്യമായ സാഹിത്യം രചിച്ചത്‌ കുഞ്ചന്‍നമ്പ്യാരാണ്‌. പാലക്കാട്ട്‌ ജില്ലയില്‍ കിള്ളിക്കുറിശ്ശിമംഗലത്ത്‌ ജനിച്ചുവെങ്കിലും മധ്യതിരുവിതാംകൂറിലാണ്‌ കുഞ്ചന്‍നമ്പ്യാര്‍ തന്റെ യൗണ്ണനകാലം കഴിച്ചുകൂട്ടിയത്‌. അമ്പലപ്പുഴ ദേവനാരായണരാജാവിന്റെ പ്രാത്സാഹനങ്ങള്‍ നേടി ജീവിച്ചിരുന്ന കാലത്ത്‌ ചാക്യാര്‍കൂത്ത്‌, കഥകളി തുടങ്ങിയ ക്ലാസിക്‌ കലാരൂപങ്ങളുമായും പടയണി തുടങ്ങിയ നാടന്‍കലാരൂപങ്ങളുമായും പരിചയപ്പെടുന്നതിന്‌ നമ്പ്യാര്‍ക്ക്‌ അവസരം ലഭിച്ചു. തുള്ളല്‍ക്കലാരൂപത്തിന്റെ സംവിധാനത്തില്‍ കൂത്ത്‌, കൂടിയാട്ടം ഉള്‍പ്പെടെ കുഞ്ചന്‍ പരിചയിച്ചിട്ടുള്ള വിവിധ കലാരൂപങ്ങളുടെ സ്വാധീനത ഉണ്ടായിട്ടുണ്ടെന്ന കാര്യം അനിഷേധ്യമാണ്‌. നാടോടിക്കലാരൂപങ്ങളുടെ ലാളിത്യവും ചാക്യാര്‍കൂത്തിലെ പരിഹാസ രസികതയും കഥകളിയിലെ സംഗീതാത്മകതയും തുള്ളലില്‍ സമ്മേളിച്ചിട്ടുണ്ട്‌. ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നീ അഭിനയ വിധങ്ങള്‍ക്കെല്ലാം പ്രസക്തിയുണ്ടെങ്കിലും വാചികാഭിനയത്തിന്‌ തുള്ളലില്‍ സര്‍വാധിക പ്രാധാന്യം ദര്‍ശിക്കാം.

തലയില്‍ കൊണ്ടകെട്ടിയുണ്ടാക്കിയ വട്ടമുടിക്കെട്ടിനു പുറമേ വിടര്‍ത്തിയ നാഗഫണത്തിന്റെ ആകൃതിയിലുള്ള കിരീടം ധരിച്ച്‌ മുഖത്ത്‌ പച്ച മനയോല പൂശി കണ്ണും പുരികവും വാല്‍ നീട്ടിയെഴുതി നെറ്റിയില്‍ പൊട്ടുംതൊട്ട്‌ ഉരസ്സില്‍ കൊരലാരം, കഴുത്താരം, മാര്‍മാല എന്നിവയും ധരിച്ച്‌ കൈകളില്‍ കടകകങ്കണാദികളും കാലില്‍ കച്ചമണിയും അണിഞ്ഞ്‌ അരയില്‍ ഒരു പ്രത്യേകതരം ഉടുത്തുകെട്ടുമായാണ്‌ ഓട്ടന്‍തുള്ളല്‍ക്കാരന്‍ രംഗത്ത്‌ വരുന്നത്‌. ശീതങ്കന്റെയും പറയന്റെയും വേഷങ്ങള്‍ ഓട്ടന്റേതില്‍നിന്ന്‌ വ്യത്യസ്‌തങ്ങളാണ്‌. ഗണപതി, പടിവട്ടം, കലാശം, മുന്നരങ്ങ്‌ എന്നീ ചടങ്ങുകള്‍ക്കുശേഷം നിര്‍ദിഷ്‌ടമായ ഒരു കഥ ചൊല്ലിത്തുള്ളുന്നു. തുള്ളല്‍ക്കാരന്‍ ചൊല്ലുന്ന വരികള്‍ മദ്ദളക്കാരനും കൈമണിക്കാരനും ഏറ്റുപാടുന്നു.

""എന്നാലിനിയൊരു കഥയുരചെയ്യാം
എന്നുടെ ഗുരുവരനരുളിയപോലെ''
എന്നമാതിരിയുള്ള ഒരു ആമുഖത്തോടെയാണ്‌ കഥ ആരംഭിക്കുക. അതിനുമുമ്പ്‌ ദേവതാവന്ദനാദികളെല്ലാം ഉണ്ടാവും. കഥ പറഞ്ഞവസാനിപ്പിക്കുന്നത്‌
""നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ''
 

എന്നപോലെ ഒരു ഈശ്വര സ്‌തുതിയോടെയാണ്‌.

തുള്ളല്‍ക്കലയുടെ വ്യവസ്ഥാപകനോ ഉപജ്ഞാതാവോ ആയി ആദരിക്കപ്പെടുന്ന കുഞ്ചന്‍നമ്പ്യാര്‍ പുരാണകഥകളെ അവലംബിച്ച്‌ ഒട്ടനേകം ഓട്ടന്‍തുള്ളല്‍ കൃതികള്‍ രചിച്ചിട്ടുണ്ട്‌. ഓട്ടന്‍തുള്ളല്‍ കൃതികള്‍ അനേകം ഇന്ന്‌ ലഭ്യമായിട്ടുണ്ടെങ്കിലും കുഞ്ചന്‍ നമ്പ്യാരുടേതെന്നു നിരാക്ഷേപമായി പറയാവുന്ന കൃതികള്‍ ഇവയത്ര: സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, രുക്‌മിണീസ്വയംവരം, സത്യാസ്വയംവരം, രാമാനുചരിതം, ഗോവര്‍ധനചരിതം, സന്താനഗോപാലം, ബാണയുദ്ധം, പാത്രചരിതം, ശീലാവതിചരിതം, അഹല്യാമോക്ഷം, സീതാസ്വയംവരം, രാവണോദ്‌ഭവം, കാര്‍ത്തവീര്യാര്‍ജുനവിജയം, ബാലിവിജയം, പ്രദോഷമാഹാത്മ്യം, ഹിഡിംബവധം, ബകവധം, കിര്‍മീരവധം, നിപാതകവചകാലകേയവധം. രാമായണ-ഭാരത-ഭഗവതാദി കൃതികളെ അവലംബിച്ചു നിര്‍മിച്ചിട്ടുള്ള പ്രസ്‌തുത കൃതികള്‍ക്കു പുറമേ "പുറംകഥകള്‍' എന്നറിയപ്പെടുന്ന ചില കൃതികളും ഈ ഇനത്തില്‍പ്പെടുന്നതായിട്ടുണ്ട്‌. എല്ലാ കൃതികളും രംഗത്ത്‌ അവതരിപ്പിക്കപ്പെടാറില്ല.

ഓട്ടന്‍തുള്ളല്‍ കൃതികളില്‍ പ്രായേണ ഉപയോഗിച്ചിട്ടുള്ള വൃത്തം നമ്പ്യാര്‍ക്ക്‌ മുമ്പുതന്നെ മലയാള പദ്യസാഹിത്യത്തില്‍ പ്രചാരമുള്ള ഒന്നാണ്‌. ഉദാഹരണത്തിന്‌

""സംസ്‌കൃതമാകിന ചെങ്ങഴിനീരും
നറ്റമിഴാകിന പിച്ചകമലരും''		(ലീലാതിലകം)
""നരപാലകര്‍ ചിലരതിനു വിറച്ചാല്‍
നലമൊടെ ജാനകി സന്തോഷിച്ചപ്പോള്‍''
				(കണ്ണശ്ശരാമായണം)
""പ്രാചീനരമണീവദനം പോലെ
രജനീയോഷാമുകുരംപോലെ''	(ഭാഷാരാമായണംചമ്പു)
""ഹര ഹര ശിവ ശിവ ചിത്രം ചിത്രം!
നിഷധനൃപാന്വയ മകുടീരത്‌നം''
				(ഭാഷാനൈഷധംചമ്പു)
 

എന്നീ വരികള്‍ ചൂണ്ടിക്കാണിക്കാം. കുഞ്ചന്‍നമ്പ്യാരുടേതെന്ന്‌ കരുതപ്പെടുന്ന പതിനാലുവൃത്തത്തില്‍,

""വരുമിഹ സമ്പ്രതി ദുരേ്യാധനനും
പരമസഖന്‍ മമ പാര്‍ഥന്‍ താനും''
 

എന്നിങ്ങനെ ഈ മട്ടുതന്നെ ഉപയോഗിച്ചിട്ടുണ്ട്‌.

ഈ ദ്രാവിഡവൃത്തത്തിന്‌ എ.ആര്‍. രാജരാജവര്‍മ വൃത്തമഞ്‌ജരിയില്‍ നിര്‍ദേശിച്ചിട്ടുള്ള പേര്‌ തരംഗിണി എന്നാണ്‌. ഇതിനുപുറമേ രാജരാജവര്‍മ തന്നെ നാമകരണം ചെയ്‌തിട്ടുള്ള അര്‍ധകേക, വക്ത്രം, സ്വാഗത, സുമംഗല, ശീതാഗ്ര, ഹംസപ്ലുതം, അജഗരഗമനം, മദമന്ഥര, കൃശമധ്യ, കാകളി, മല്ലിക തുടങ്ങി വേറെയും വൃത്തങ്ങള്‍ അങ്ങിങ്ങായി പ്രയോഗിച്ചിട്ടുണ്ട്‌. ഇവ കൂടാതെ ശ്ലോകങ്ങളും ശാസ്‌ത്രീയ രാഗങ്ങളിലുള്ള ഗാനങ്ങളും ഇടയ്‌ക്കിടയ്‌ക്ക്‌ സന്നിവേശിപ്പിച്ചിരിക്കുന്നു.

ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങളും കൂടിച്ചേര്‍ന്ന്‌ തുള്ളല്‍പ്രസ്ഥാനം എന്ന പേരില്‍ ഈ കലാപ്രഭേദം സാഹിത്യചരിത്രത്തില്‍ ലബ്‌ധ പ്രതിഷ്‌ഠമായിട്ടുണ്ട്‌. ഹാസ്യരസത്തിന്റെ വിജയവൈജയന്തികളായ തുള്ളല്‍ കൃതികള്‍ കൈരളിയുടെ അനര്‍ഘസമ്പത്തായി പരിഗണിക്കപ്പെട്ടുവരുന്നു. നോ. കുഞ്ചന്‍നമ്പ്യാര്‍; തുള്ളല്‍ സാഹിത്യം

(ഡോ. വി.എസ്‌. ശര്‍മ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍