This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓങ്കോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:48, 16 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓങ്കോളജി

Oncology

ട്യൂമറുകളെക്കുറിച്ചുള്ള പഠനമാണ്‌ ഓങ്കോളജി അഥവാ അർബുദശാസ്‌ത്രം. ഗ്രീക്ക്‌ പദമായ ഓങ്കോസ്‌ എന്നതിൽ നിന്നുമാണ്‌ ഓങ്കോളജി എന്ന വാക്കുണ്ടായത്‌. ഓങ്കോസ്‌ (oncos)എന്നാൽ ട്യൂമർ അഥവാ വളർച്ച എന്നാണർഥം. ഓങ്കോളജി എന്ന കാന്‍സർ പഠനശാഖയിൽ വൈദഗ്‌ധ്യം നേടിയ ഡോക്‌ടർമാരാണ്‌ ഓങ്കോളജിസ്റ്റുകള്‍.

കാന്‍സർ രോഗനിർണയം, പ്രധാന ചികിത്സകളായ ശസ്‌ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി, തുടർചികിത്സാ-പരിശോധനകള്‍, സാന്ത്വനചികിത്സ, മുന്‍കൂട്ടിയുള്ള രോഗനിർണയത്തിനുള്ള സ്‌ക്രീനിങ്‌ എന്നിവയൊക്കെ ചേർന്നതാണ്‌ ഓങ്കോളജി.

കാന്‍സർ ശസ്‌ത്രക്രിയയെക്കുറിച്ച്‌ പഠിക്കുന്നശാഖയാണ്‌ സർജിക്കൽ ഓങ്കോളജി. ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കാന്‍സർചികിത്സ നൽകുന്നതിനുള്ള പഠനശാഖയാണ്‌ മെഡിക്കൽ ഓങ്കോളജി. റേഡിയേഷന്‍ ഉപയോഗിച്ചുള്ള ചികിത്സ നൽകുന്നതിനുള്ള ശാഖയാണ്‌ റേഡിയേഷന്‍ ഓങ്കോളജി.

നാഡീസംബന്ധമായ കാന്‍സറിന്‌ ന്യൂറോ ഓങ്കോളജി ജനനേന്ദ്രിയ-മൂത്രാശയാനുബന്ധ കാന്‍സറുകള്‍ കൈകാര്യം ചെയ്യാന്‍ ഗൈനക്‌ ഓങ്കോളജി കാന്‍സർ മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ അപഗ്രഥിച്ചു പരിഹാരം നിർദേശിക്കുന്നതിന്‌ സൈക്കോഓങ്കോളജി തുടങ്ങി നിരവധി അവാന്തരവിഭാഗങ്ങള്‍ ഇന്ന്‌ ഓങ്കോളജിയിൽ ഉണ്ട്‌. രക്തത്തിലുണ്ടാകുന്ന കാന്‍സറുകളെക്കുറിച്ചുള്ള പഠനശാഖയാണ്‌ ഹെമറ്റോഓങ്കോളജി. അതുപോലെ കുട്ടികളുടെ കാന്‍സർ ചികിത്സിക്കുന്നതിന്‌ പീഡിയാട്രിക്‌ ഓങ്കോളജി വിഭാഗമുണ്ട്‌. സാമൂഹികാധിഷ്‌ഠിത കാന്‍സർ നിർണയ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌ കമ്മ്യൂണിറ്റി ഓങ്കോളജിയുടെ ആഭിമുഖ്യത്തിലാണ്‌. ചുരുക്കത്തിൽ കാന്‍സറുകളെക്കുറിച്ചുള്ള പഠനമാണ്‌ ഓങ്കോളജി എന്നു പറയാം.

കാർസിനോവ എന്ന ഗ്രീക്ക്‌ പദത്തിൽ നിന്നുമാണ്‌ കാന്‍സർ എന്ന വാക്ക്‌ ഉദ്‌ഭവിച്ചത്‌. കാർസിനോവയുടെ ലാറ്റിന്‍ രൂപമാണ്‌ കാന്‍സർ. "കാന്‍കർ' എന്നാൽ കാർന്നുതിന്നുന്ന വ്രണം എന്നാണർഥം. കാന്‍സറും ഞണ്ടും തമ്മിൽ ബന്ധപ്പെടുത്താറുണ്ട്‌. ഒരു പക്ഷേ, ശരീരത്തിൽ നിന്ന്‌ കടിച്ച ഞണ്ടിനെ വേർപെടുത്താന്‍ പ്രയാസമുള്ളതുപോലെ ശ്രമകരമാണ്‌ കാന്‍സറിനെ നീക്കം ചെയ്യാനും എന്നായിരിക്കാം ഇതിന്റെ സൂചന. ഞണ്ടിന്റെ ഗ്രീക്കുപദമാണ്‌ കാന്‍സർ എന്നതും ശ്രദ്ധേയമാണ്‌. ഞണ്ടിന്റെ നഖരങ്ങളുടെ ആകൃതിയിലാണ്‌ കാന്‍സർ ചുറ്റിലേക്കും വ്യാപിക്കുന്നത്‌ എന്ന്‌ പുരാതന ഗ്രീക്ക്‌ ഭിഷഗ്വരന്മാർ മനസ്സിലാക്കിയിരുന്നു. അതും ഞണ്ടിന്റെ പേരുതന്നെ ഈ രോഗത്തിനു കൊടുക്കാന്‍ കാരണമായിരുന്നിരിക്കാം.

അർബുദം. കോശങ്ങളിലെ ജീനുകളിലുണ്ടാകുന്ന വ്യതിയാനം അഥവാ മ്യൂട്ടേഷന്‍ ആണ്‌ അർബുദത്തിന്റെ മൂലകാരണം. ഓരോകോശങ്ങളിലും 90,000 ജോടി ജീനുകള്‍ ഉണ്ട്‌. ഇവയാണ്‌ കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌ കോശവിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകളിൽ തകരാറുണ്ടാകുമ്പോള്‍ കോശവിഭജനപ്രക്രിയ തകരാറിലാവുന്നു. അങ്ങനെ കോശപ്പെരുക്കത്തിലുണ്ടാകുന്ന പ്രശ്‌നമാണ്‌ കാന്‍സർ അഥവാ അർബുദം. ഏത്‌ അവയവത്തിലെ കോശത്തിലാണോ ഇതു സംഭവവിക്കുന്നത്‌ ആ കോശം അസാധാരണമായും അമിതമായും പെരുകുകയും ആ പ്രതേ്യക അവയവത്തിൽ ട്യൂമർ വളരുകയും ചെയ്യുന്നു. ഇങ്ങനെ വ്യതിയാനം സംഭവിച്ച ജീനുകള്‍ ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നതുമൂലം കാന്‍സർ ഉണ്ടായേക്കാം. അർബുദ ജന്യവസ്‌തുക്കളുമായുള്ള സമ്പർക്കം മൂലവും ജീനുകളിൽ വ്യതിയാനമുണ്ടായി അർബുദമായി പരിണമിക്കാം.

എന്നാൽ പുകയില, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍, റേഡിയേഷന്‍ വികിരണങ്ങള്‍, വൈറസ്‌ തുടങ്ങി അർബുദജന്യവസ്‌തുക്കളുമായി സമ്പർക്കം ഉണ്ടെങ്കിലും കാന്‍സർ ബാധിക്കാത്തവരുണ്ടല്ലോ എന്ന ചോദ്യം സ്വാഭാവികം. ചിലരുടെ കോശ രോഗങ്ങള്‍ക്ക്‌ അവയുടെ തകരാറിലായ ജീന്‍ നേരെയാക്കാനുള്ള കഴിവുണ്ടായിരിക്കും. അതുപോലെ തന്നെ ഒന്നിലധികം ജീനുകള്‍ തകരാറിലായെങ്കിൽ മാത്രമേ ചിലരിൽ കാന്‍സർ രൂപം കൊള്ളുകയുള്ളൂ. ഇതിലൊക്കെ പ്രധാനമായ മറ്റൊരു കാര്യമുണ്ട്‌. തകരാറിലായ കോശങ്ങള്‍ പെരുകുന്നതിനു മുമ്പ്‌ അതിനെ നശിപ്പിക്കാന്‍ തക്കവിധം ചിലരുടെ പ്രതിരോധശേഷി ശക്തമായിരിക്കും. ട്യൂമറും അർബുദവും. ശരീരത്തിലുണ്ടാകുന്ന എല്ലാവിധ വളർച്ചകളെയും സാമാന്യമായി ട്യൂമർ എന്നു പറയാം. ചിലകോശങ്ങള്‍ അസാധാരണമായി വിഭജിക്കുകയും പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവ തടിപ്പായും മുഴയായും വളർച്ചയായുമൊക്കെ പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഈ കോശങ്ങള്‍ക്ക്‌ ആ ട്യൂമറിൽ നിന്ന്‌ മറ്റു ശരീരഭാഗങ്ങളിലേക്കു വ്യാപിക്കാന്‍ കഴിയില്ല. ഇത്തരം ട്യൂമറുകളെ ബിനൈന്‍ ട്യൂമർ എന്നാണു പറയുക. താരതമേ്യന നിരുപദ്രവികളാണ്‌ ബിനൈന്‍ ട്യൂമർ. എന്നാൽ ""മലിഗ്നന്റ്‌ ട്യൂമർ എന്ന പേരിൽ ആണ്‌ അർബുദം അറിയപ്പെടുന്നത്‌. ഇവ സ്ഥിരമായി വളരുകയും മറ്റു ശരീരഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. കാർസിനോമ, സാർക്കോമ, ലിംഫോമ, മൈലോമ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട അർബുദ വിഭാഗങ്ങള്‍. അർബുദത്തെ അവ ഉദ്‌ഭവിച്ച കോശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നാമകരണം ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ ലിംഫ്‌ഗ്രന്ഥികളുടെ അർബുദത്തിനു ലിംഫോമ എന്നാണു പറയുക. രക്തത്തിലെ അർബുദത്തിനു രക്താർബുദം അഥവാ ലുക്കീമിയ എന്നും എല്ലിന്റെ അർബുദത്തിനു ഓസ്റ്റിയോ സാർക്കോമ എന്നും പറയുന്നു. രക്തത്തിലൂടെയും ലിംഫിലൂടെയും ശരീരകലകളിലൂടെയുമാണ്‌ അർബുദം ശരീരത്തിൽ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു വ്യാപിക്കുന്നത്‌. പ്രാഥമികസ്രാതസ്സിൽ നിന്നും ദ്വിതീയ ഭാഗത്തേക്ക്‌ (ഒരിടത്തു നിന്നു മറ്റൊരു ഭാഗത്തേക്ക്‌) അർബുദമെത്തുമ്പോള്‍ അതിന്‌ ദ്വിതീയ ശേഖരം അഥവാ മെറ്റാസ്റ്റാസിസ്‌ എന്നു പറയുന്നു. സെക്കണ്ടറീസ്‌ എന്നും പറയാറുണ്ട്‌. പലപ്പോഴും ഇങ്ങനെ രണ്ടാമതൊരിടത്ത്‌ അർബുദം എത്തിയതിനു ശേഷമേ മിക്കവരിലും അർബുദം തിരിച്ചറിയപ്പെടൂ. അതുകൊണ്ടാണ്‌, ഈ രോഗത്തെ പൂർണമായി ഭേദപ്പെടുത്താന്‍ കഴിയാത്തത്‌. ഇങ്ങനെ ഒരേ സമയം ശരീരത്തിന്റെ പലഭാഗങ്ങളിൽ അർബുദം പ്രത്യക്ഷപ്പെടാം. അർബുദം ഏതവയവത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ അതിന്റെ മാരകാവസ്ഥ നിർണയിക്കുന്നത്‌. ഉദാഹരണത്തിന്‌ മസ്‌തിഷ്‌കത്തിലെ അർബുദം പോലെ മാരകമല്ല തൊലിപ്പുറത്തുണ്ടാകുന്ന അർബുദം.

അർബുദത്തിന്റെ കാരണങ്ങള്‍.ജനിതകവ്യതിയാനമാണ്‌ കാന്‍സറിനുള്ള അടിസ്ഥാനകാരണം. കോശത്തിന്റെ ന്യൂക്ലിയസ്സിലെ ചില അപാകതകളും പ്രാട്ടീന്‍ മെറ്റബോളിസത്തിലുണ്ടാകുന്ന ചില പോരായ്‌മകളും ഈ വ്യതിയാനത്തിനു കാരണമാണ്‌. അർബുദജന്യവസ്‌തുക്കള്‍ അഥവാ കാർസിനോജനുകളുമായുള്ള നിരന്തരസമ്പർക്കവും അർബുദകാരണമാണ്‌.

പോളിസൈക്ലിക്‌ ഹൈഡ്രാകാർബണുകള്‍ ഹെറ്ററോസൈക്ലിക്‌ നൈട്രജന്‍ യൗഗികങ്ങള്‍, ചിലയിനം ചായങ്ങള്‍, ചിലതരം രാസവസ്‌തുക്കള്‍, ആസ്‌ബസ്റ്റോസ്‌, റേഡിയോ ആക്‌റ്റിവതയുള്ള പദാർഥങ്ങള്‍ അണുവികിരണം, ചിലയിനം ഔഷധങ്ങള്‍, കീടനാശിനികള്‍, വൈറസുകള്‍, പുകയില ഉത്‌പന്നങ്ങള്‍, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ എന്നിവയൊക്കെ കോശങ്ങളിലെ ജീനുകളിൽ മാറ്റം വരുത്താന്‍ കഴിവുള്ളവയാണ്‌. ഇവയുമായുള്ള നിരന്തര സമ്പർക്കംമൂലം കാന്‍സർ സാധ്യത വർധിക്കുന്നു.

ശരീരത്തിലെ ഹോർമോണ്‍ ഉത്‌പാദനത്തിലുള്ള തകരാറുകളും കാന്‍സർ ഉണ്ടാക്കാന്‍ കാരണമാണെന്ന്‌ പഠനങ്ങള്‍ ഉണ്ട്‌. ഉദാഹരണത്തിന്‌ ഈസ്‌ട്രജന്‍ ഹോർമോണിലെ വ്യതിയാനം സ്‌തനാർബുദത്തിനും ടെസ്‌റ്റോസ്റ്റിറോണിന്റെ അമിതോത്‌പാദനം പ്രാസ്റ്റേറ്റ്‌ കാന്‍സറിനും സാധ്യത വർധിപ്പിക്കുന്നു. അതുപോലെ നിരന്തരമായി ശരീരഭാഗത്തുണ്ടാകുന്ന ഉരസലും ഈ രോഗസാധ്യതകൂട്ടുന്നു. പല്ല്‌ കവിളുകള്‍ക്കുള്ളിൽ ഉരഞ്ഞുണ്ടാകുന്ന അർബുദം ഇക്കൂട്ടത്തിൽപ്പെടുത്താം.

അർബുദം ഒരു പാരമ്പര്യരോഗമെന്നതിനെക്കാള്‍ ഉപരിയായി ജനിതകരോഗമാണ്‌. ചില കുടുംബങ്ങളിൽ കാന്‍സർ ജീനുകള്‍ സംക്രമിക്കുന്നു എങ്കിലും അവരിൽ എല്ലാം കാന്‍സറായി പരിണമിക്കുന്നില്ല. അതുപോലെ തന്നെ കാന്‍സർ ഒരു പകർച്ചവ്യാധിയുമല്ല. എന്നാൽ ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ മൂലമുണ്ടാകുന്ന ഗർഭാശയഗള കാന്‍സർ ലൈംഗിക ബന്ധത്തിലൂടെ സംക്രമിക്കുന്നുണ്ട്‌. ഏതുപ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണ്‌ കാന്‍സർ എങ്കിലും പ്രായമേറിയവരിലാണ്‌ കാന്‍സർ കൂടുതലായി കാണപ്പെടുന്നത്‌. അതുപോലെ, ഹെപ്പറ്റയിറ്റിസ്‌ ബി വൈറസ്‌ മൂലം മഞ്ഞപ്പിത്തമുണ്ടായിട്ടുള്ളവരിൽ കരളിന്‌ കാന്‍സർ ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലാണെന്ന്‌ പഠനങ്ങള്‍ ഉണ്ട്‌.

ഇന്ന്‌ 15 ദശലക്ഷത്തിലധികം കാന്‍സർ രോഗികളാണ്‌ ലോകത്തുള്ളത്‌. അതിൽ മൂന്നിൽ രണ്ടുഭാഗം രോഗികളും വികസ്വരരാഷ്‌ട്രങ്ങളിലാണുള്ളത്‌. എന്നാൽ ആരോഗ്യസുരക്ഷയ്‌ക്കുള്ള ആഗോള വിഹിതത്തിൽ കേവലം അഞ്ചുശതമാനം മാത്രമേ ഈ രാജ്യങ്ങള്‍ക്കുള്ളൂവെന്നത്‌ ആശാസ്യമല്ല. കാന്‍സർ ചികിത്സയുടെ ഭീമമായ ചെലവ്‌ താങ്ങാന്‍ ഈ രാജ്യങ്ങള്‍ക്ക്‌ പ്രാപ്‌തി ഇല്ലാത്തതിനാൽ, കാന്‍സർ പ്രതിരോധത്തിലും പ്രാരംഭദശയിലുള്ള കാന്‍സർ നിർണയനത്തിലും ഊന്നൽ ചെലുത്തേണ്ടതുണ്ട്‌.

അതുകൊണ്ട്‌ ദൂശ്ശീലങ്ങളിൽ നിന്നും ഒഴിഞ്ഞുനില്‌ക്കുകയും ആരോഗ്യകരമായ ഒരു ജീവിതശൈലി അനുവർത്തിക്കുകയും ചെയ്‌താൽ അർബുദത്തെ ഒരു പരിധിവരെ അകറ്റിനിർത്താം. പുകയില ഉത്‌പന്നങ്ങള്‍, പാന്‍മസാല, മദ്യം, കൊഴുപ്പുകൂടിയ ഭക്ഷണം, രാസികങ്ങള്‍ അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍, നാരുകള്‍ കുറവുള്ള ആഹാരം, കീടനാശിനി കലർന്ന പഴങ്ങളും പച്ചക്കറികളും, പൂപ്പൽ ബാധിച്ച ഭക്ഷണം, അമിതമായ തോതിലുള്ള ഫാസ്റ്റ്‌ഫുഡ്‌ എന്നിവ നിയന്ത്രിക്കുന്നതിലൂടെ കാന്‍സറിനെയും നിയന്ത്രിക്കാന്‍ കഴിയും. നിതേ്യനയുള്ള വ്യായാമം, പരിസരശുചിത്വം, വ്യക്തിശുചിത്വം, മാനസിക പിരിമുറുക്കം കുറഞ്ഞ ജീവിതം എന്നിവയൊക്കെ പരോക്ഷമായി കാന്‍സർ സാധ്യത കുറയ്‌ക്കാന്‍ സഹായിക്കും. ഹോർമോണുകള്‍ ഉള്‍പ്പെടെയുള്ള ഔഷധങ്ങള്‍ വിദഗ്‌ധ മേൽനോട്ടത്തോടെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നതും മറക്കരുത്‌. അതുപോലെ തന്നെ കടുത്തവെയിലിൽ നടക്കുമ്പോള്‍ അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ ഏൽക്കുകയാണെന്നും ഓർമ വേണം. എക്‌സ്‌-റേ, സി.റ്റി. സ്‌കാന്‍ തുടങ്ങിയ പരിശോധനകള്‍ അത്യാവശ്യഘട്ടത്തിൽ മാത്രമേ ചെയ്യാവൂ. അണുവികിരണമേല്‌ക്കാനിടയുള്ള സാഹചര്യങ്ങളും ഒഴിവാക്കണം.

കാന്‍സർ നിർണയനം. കാന്‍സറിന്റെ താക്കീതു ചിഹ്നങ്ങളായി ചില ലക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു ചില രോഗാവസ്ഥകളിലും ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. അതിനാൽ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍തന്നെ വിദഗ്‌ദ്ധപരിശോധനയ്‌ക്കു വിധേയമാവുകയാണ്‌ വേണ്ടത്‌.

a.	വായിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലുമുണ്ടാകുന്ന വ്രണങ്ങള്‍ ആന്റിബയോട്ടിക്‌ ചികിത്സയ്‌ക്കുശേഷവും ഉണങ്ങാതിരിക്കുക.
b.	സ്‌തനങ്ങളിൽ മുഴ, നിറവ്യത്യാസം, സ്‌തനഞെട്ടുകളിൽ നിന്ന്‌ സ്രാവം
c.	ദഹനക്കേട്‌, മലബന്ധം, വയറിളക്കം, ആഹാരമിറക്കാനുള്ള ബുദ്ധിമുട്ട്‌, മലത്തിൽ രക്തം
d.	മൂത്രവിസർജനത്തിനുള്ള പ്രയാസവും മൂത്രത്തിൽ രക്തവും
e.	സാധാരണ ചികിത്സയ്‌ക്കുശേഷവും നീണ്ടു നില്‌ക്കുന്ന ചുമ, ശ്വാസംമുട്ട്‌, കഫത്തിൽ രക്തം
f.	മൂന്നാഴ്‌ചയിൽക്കൂടുതൽ നീണ്ടു നില്‌ക്കുന്ന ഒച്ചയടപ്പ്‌
g.	ശാരീരികബന്ധത്തിനു ശേഷം സ്‌ത്രീകളിൽ ഉണ്ടാകുന്ന രക്തസ്രാവം
h.	അരിമ്പാറകള്‍, മറുകുകള്‍, മുഴകള്‍ എന്നിവയിലുണ്ടാകുന്ന നിറവ്യത്യാസവും വളർച്ചയും
i.	വിട്ടുമാറാത്ത പനിയും കഴലകളുടെ വീക്കവും
 

ഈ ലക്ഷണങ്ങള്‍ അർബുദം മൂലമാകണമെന്നില്ല. അതിനാൽ കാന്‍സർ വിദഗ്‌ധന്റെ പരിശോധനയിൽ കൃത്യമായ രോഗനിർണയം നടത്താന്‍ കഴിയും. ഏതെല്ലാം ടെസ്റ്റുകള്‍ ഉണ്ടെങ്കിലും കാന്‍സർ സ്ഥിരീകരിക്കുന്നതിനുള്ള സുപ്രധാന പരിശോധനയാണ്‌ ബയോപ്‌സി. കാന്‍സർ ബാധിച്ച ഭാഗത്തുനിന്നു ചെറുശസ്‌ത്രക്രിയ ചെയ്‌തുമാറ്റുന്ന ടിഷ്യൂ പതോളജി പരിശോധന നടത്തി കാന്‍സർ കോശങ്ങളെ കണ്ടു പിടിക്കുകയാണു ചെയ്യുന്നത്‌. ചിലപ്പോള്‍ ബയോപ്‌സിക്കു മുമ്പായി എ.ച.അ.ഇ. (ഫൈന്‍നീഡിൽ അസ്‌പിറേഷന്‍ സൈറ്റോളജി) എന്ന ലഘുപരിശോധനയിലൂടെ രോഗനിർണയം നടത്താം. ചെറിയ സൂചിയുപയോഗിച്ച്‌ കാന്‍സർ കോശങ്ങള്‍ ശേഖരിച്ച്‌ പരിശോധിക്കുന്ന രീതിയാണിത്‌. എക്‌സ്‌-റേ, സി.ടി. സ്‌കാനിങ്‌, രക്തപരിശോധനകള്‍, എന്‍ഡോസ്‌കോപ്പി, കോള്‍പ്പോസ്‌കോപ്പി, മാമോഗ്രാം, ബോണ്‍ സ്‌കാനിങ്‌, എം.ആർ.ഐ, ട്യൂമർ മാർക്കറുകള്‍, സൈറ്റോജനിറ്റിക്‌ പരിശോധനകള്‍, പാപ്‌സ്‌മിയർ ഇമ്മ്യൂണോ ഹിസ്റ്റോകെമിസ്‌ട്രി തുടങ്ങി നിരവധി രോഗനിർണയ സങ്കേതങ്ങള്‍ കാന്‍സർ നിർണയത്തിനും കാന്‍സറിന്റെ വ്യാപ്‌തിയും ഇനവും കണ്ടുപിടിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്‌.

കാന്‍സർ ചികിത്സ. ശസ്‌ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവയാണ്‌ പ്രധാന കാന്‍സർചികിത്സാസങ്കേതങ്ങള്‍. ഇതു കൂടാതെ ഹോർമോണ്‍ തെറാപ്പി, ജീന്‍ തെറാപ്പി എന്നിവയും ചിലപ്പോള്‍ ഉപയോഗിക്കുന്നു. ഈ ചികിത്സാവിധികള്‍ അനുയോജ്യമായി സംയോജിപ്പിച്ചു കൊണ്ടുള്ള സമഗ്രചികിത്സാരീതിയാണ്‌ കാന്‍സറിന്‌ ഫലപ്രദം. മിക്കരോഗികള്‍ക്കും മൂന്നിലധികം ചികിത്സാസങ്കേതങ്ങള്‍ ആവശ്യമായി വരും. പ്രാരംഭദശയിൽ കണ്ടെത്തി കൃത്യമായ ചികിത്സ നല്‌കുകയാണെങ്കിൽ പകുതിയിലധികം രോഗികളെ രക്ഷിക്കാന്‍ കഴിയും. ഒരു പക്ഷേ കാന്‍സറിനെ പരിപൂർണമായി അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കിൽപ്പോലും ഗുണനിലവാരമുള്ള ഒരു ശിഷ്‌ടജീവിതം ഈ ചികിത്സകൊണ്ട്‌ ലഭിക്കും. എന്നാൽ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തവിധം രോഗം മൂർച്ഛിച്ചവരിൽ സാന്ത്വനചികിത്സകളും വേദനാസംഹാരവിധികളും മാത്രമേ കരണീയമായിട്ടുള്ളൂ.

രോഗം ഒരു പ്രതേ്യക അവയവത്തിൽ മാത്രം ബാധിച്ചിരിക്കുന്ന അവസ്ഥയിൽ ശസ്‌ത്രക്രിയയാണു പ്രധാന ചികിത്സ. രോഗം എവിടെ ബാധിച്ചിരിക്കുന്നു എന്നതും ട്യൂമറിന്റെ വ്യാപ്‌തിയുമെല്ലാം ശസ്‌ത്രക്രിയയുടെ വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌.

ശസ്‌ത്രക്രിയകൊണ്ട്‌ പൂർണമായി നീക്കം ചെയ്യാന്‍ കഴിയാത്ത അർബുദങ്ങളിൽ അനുബന്ധമായി റേഡിയേഷന്‍ ചികിത്സയും നൽകാറുണ്ട്‌. 60 ശതമാനത്തിൽപ്പരം കാന്‍സർ രോഗികള്‍ക്കും റേഡിയേഷന്‍ ആവശ്യമുണ്ട്‌. ടെലിതെറാപ്പി, ബ്രാക്കിതെറാപ്പി, ആന്തരിക റേഡിയേഷന്‍ എന്നിങ്ങനെ മൂന്നുവിധത്തിലുള്ള റേഡിയേഷന്‍ ചികിത്സയുണ്ട്‌. ബാഹ്യസ്രാതസ്സിൽ നിന്നും റേഡിയേഷന്‍ നല്‌കുന്നതാണു ടെലിതെറാപ്പി. റേഡിയോ ആക്‌റ്റീവതയുള്ള വസ്‌തുക്കള്‍ അർബുദം ബാധിച്ച ഭാഗത്ത്‌ ചേർത്തുവച്ചു നല്‌കുന്ന ചികിത്സയാണ്‌ ബ്രാക്കി തെറാപ്പി. റേഡിയോ ആക്‌ടിവിറ്റിയുള്ള വസ്‌തുക്കള്‍ ഔഷധരൂപത്തിൽ ഉള്ളിൽ കൊടുക്കുന്നതാണ്‌ ആന്തരിക റേഡിയേഷന്‍. കോബാള്‍ട്ട്‌-60, ഇറിഡിയം-192, സീസിയം-137, അയഡിന്‍-131, റ്റാന്‍ഡലം-182 എന്നിവയോക്കെ റേഡിയേഷന്‍ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നു. ലീനിയർ ആക്‌സിലറേറ്റർ എന്ന മെഷീന്‍ ഉപയോഗിച്ചുള്ള എക്‌സ്‌-റേയും ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാറുണ്ട്‌. അർബുദ ബാധിത കലകളെ മാത്രം ലക്ഷ്യമിടുന്ന രീതിയിൽ ത്രിമാന പ്ലാനിങ്‌ നടത്തിയതിനുശേഷം കൃത്യമായി റേഡിയേഷന്‍ നല്‌കുന്നവയാണ്‌ ആധുനിക റേഡിയോ തെറാപ്പി മെഷീനുകള്‍. ഇമേജ്‌ ഗൈഡഡ്‌ റേഡിയോ തെറാപ്പി, കണ്‍ഫോമൽ തെറാപ്പി, സ്റ്റീരിയോ ടാക്‌റ്റിക്‌ റേഡിയോ തെറാപ്പി തുടങ്ങി റേഡിയോതെറാപ്പിയിലെ നവീനസങ്കേതങ്ങള്‍ ഉപയോഗിച്ച്‌ അതിസൂക്ഷ്‌മങ്ങളായ ട്യൂമറുകളെപ്പോലും കൃത്യമായി ചികിത്സിക്കാന്‍ കഴിയും.

മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ്‌ കീമോതെറാപ്പി. നിശ്ചിത ഇടവേളകളിലാണ്‌ മിക്ക കീമോതെറാപ്പിയും നല്‌കുക. ഒന്നോ അതിലധികമോ മരുന്നുകള്‍ കീമോതെറാപ്പിക്ക്‌ ഉപയോഗിക്കുന്നു. പാർശ്വഫലങ്ങളാണ്‌ കീമോതെറാപ്പിയുടെ പ്രശ്‌നം. ചിലമരുന്നുകള്‍ ചിലരിൽ ഓക്കാനം, ഛർദി, വയറിളക്കം, തലവേദന, മുടികൊഴിച്ചിൽ, നഖങ്ങളുടെ നിറവ്യത്യാസംഎന്നിവ ഉണ്ടാക്കാം. ഇതിനൊക്കെ പ്രതിവിധികളുമുണ്ട്‌. കാര്യമായ ചികിത്സയില്ലാത്ത അവസ്ഥയിൽ സാന്ത്വനചികിത്സയും വേദനാ നിവാരണവുമൊക്കെയാണ്‌ നല്‌കുന്നത്‌. ജീവിതഗുണനിലവാരം താത്‌കാലികമായെങ്കിലും വർധിപ്പിക്കാന്‍ ഇവ സഹായകമാണ്‌.

(സുരേന്ദ്രന്‍ ചൂനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍