This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സ്‌ഫർഡ്‌ സർവകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓക്‌സ്‌ഫർഡ്‌ സർവകലാശാല

University of Oxford

ബ്രിട്ടനിലെ പുരാതനവും പ്രശസ്‌തവുമായ ഒരു സര്‍വകലാശാല. ലോകത്തിലെ ഏറ്റവും പുരാതനമായ രണ്ടാമത്തെ സര്‍വകലാശാലയാണിത്‌. ഈജിപ്‌തിലെ കെയ്‌റോയിലുള്ള അല്‍- അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയാണ്‌ ഏറ്റവും പഴയ സര്‍വകലാശാല. സര്‍വകലാശാല സ്ഥാപിതമാകുന്നതിനുമുമ്പുതന്നെ ഒരു മികച്ച വിദ്യാഭ്യാസ സങ്കേതമെന്ന നിലയില്‍ ഓക്‌സ്‌ഫഡ്‌ വളരെ പണ്ടേതന്നെ പ്രസിദ്ധമായിരുന്നു. ബി.സി. 1133-ല്‍ പാരിസില്‍ നിന്നു ദൈവശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ പുള്ളന്റെ വരവോടുകൂടിയാണ്‌ സര്‍വകലാശാലയെ സംബന്ധിക്കുന്ന വിശ്വാസയോഗ്യമായ ചരിത്രം ആരംഭിക്കുന്നത്‌. ഒരു സര്‍വകലാശാല എന്ന നിലയില്‍ ഇതു രൂപംപ്രാപിച്ചു തുടങ്ങിയത്‌ 1163 ഓടുകൂടിയായിരുന്നു. 1221-ല്‍ ചാന്‍സലറും 1248-ല്‍ പ്രാക്‌ടര്‍മാരും (proctors) നിയമിതരായതോടുകൂടി ഇതിന്റെ ഘടനയ്‌ക്കു കൂടുതല്‍ ആധുനികത്വം കൈവന്നു.

ഓക്‌സ്‌ഫര്‍ഡ്‌ സര്‍വകലാശാല കെട്ടിടങ്ങള്‍

എ.ഡി. 1275-ല്‍ സര്‍വകലാശാലയുടെ ഭരണസംബന്ധമായ നിയമനിര്‍മാണനടപടികള്‍ ആരംഭിച്ചു. 13-ാം ശതകത്തില്‍ പുറപ്പെടുവിക്കപ്പെട്ട രാജകീയ കല്‌പനകള്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിച്ചു. 1535-ല്‍ ഉണ്ടായ രാജകീയനിരോധന-ഉത്തരവ്‌ സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ വളരെ പ്രതികൂലമായി ബാധിച്ചു. ഈ കാലഘട്ടത്തില്‍ നിരവധി പ്രാവശ്യം സര്‍വകലാശാലയുടെ ഭൂസ്വത്തുക്കള്‍ ഗവണ്‍മെന്റ്‌ കണ്ടുകെട്ടുകയും മറ്റു വരുമാനമാര്‍ഗങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്‌തു.

1636-ല്‍ ചാന്‍സലര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ വില്യംലാഡ്‌ സര്‍വകലാശാലയുടെ ഭരണവ്യവസ്ഥകള്‍ ക്രമീകരിച്ചു. ഈ ഭരണവ്യവസ്ഥ ചില മാറ്റങ്ങളോടുകൂടി 1858 വരെ നിലനിന്നിരുന്നു. 1923-ല്‍ നിയമിതമായ ഒരു രാജകീയ കമ്മിഷന്‍ വ്യവസ്ഥാപനം ചെയ്‌തതും പല തവണ ഭേദഗതികള്‍ക്കു വിധേയമായിട്ടുള്ളതുമായ നിയമവ്യവസ്ഥകള്‍ അനുസരിച്ചാണ്‌ ഇപ്പോള്‍ സര്‍വകലാശാലയുടെ ഭരണം നടന്നുപോരുന്നത്‌. ആദ്യകാലത്ത്‌ ദൈവശാസ്‌ത്രമായിരുന്നു ഇവിടത്തെ പ്രധാന പഠനവിഷയം. പിന്നീട്‌ തത്ത്വശാസ്‌ത്രം, രാഷ്‌ട്രതന്ത്രം, സാമ്പത്തികശാസ്‌ത്രം, സാഹിത്യം, സംഗീതം എന്നീ വിഷയങ്ങള്‍ക്കും പ്രാധാന്യം ലഭിച്ചു. 19-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി മാനവികവിഷയങ്ങളോടൊപ്പം ശാസ്‌ത്രവിഷയങ്ങള്‍ക്കും പ്രാധാന്യം നല്‌കുകയുണ്ടായി. 1895-ല്‍ ബി.എസ്സി., ബി. ലിറ്റ്‌ ബിരുദങ്ങളും 1917-ല്‍ ഗവേഷണബിരുദമായ ഡോക്‌ടര്‍ ഒഫ്‌ ഫിലോസഫിയും ഇവിടെനിന്നു നല്‌കിത്തുടങ്ങി. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത ആദ്യകാലപണ്ഡിതന്മാരില്‍ പ്രമുഖരാണ്‌ റോജര്‍ ബേക്കണ്‍ (1220-93), ജോണ്‍ വൈക്ലിഫ്‌ (1330-84), ഇറാസ്‌മസ്‌ (1466-1536) എന്നിവര്‍.

സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കോളജാണ്‌, 1525-ല്‍ ഹെന്‌റി VII സ്ഥാപിച്ച ക്രസ്റ്റ്‌ ചര്‍ച്ച്‌. 1937-ല്‍ സ്ഥാപിതമായ നഫീല്‍ഡ്‌ കോളജ്‌ പ്രധാനമായും മാനവികവിഷയങ്ങളെ സംബന്ധിച്ച ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി നിലകൊള്ളുന്നു. സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പ്രധാന കോളജുകള്‍ ഇവയാണ്‌: എക്‌സറ്റര്‍ (1314), ഓറിയല്‍ (1326), ക്വീന്‍സ്‌ (1340), ന്യൂ (1379), ലിങ്കണ്‍ (1427), ഓള്‍സോള്‍സ്‌ (1438), മഗ്‌ദലന്‍ (1458), ബ്രസ്‌നോസ്‌ (1509), കോര്‍പസ്‌ ക്രിസ്റ്റി (1517), സെന്റ്‌ ജോണ്‍സ്‌ (1555), ജീസസ്‌ (1571), വാധാം (1612), പെം ബ്രാക്‌ (1624), വോര്‍സ്റ്റര്‍ (1714), ഹാഫോര്‍ഡ്‌ (1874), ലേഡി മാര്‍ഗരറ്റ്‌ ഹാള്‍ (1878), സോമര്‍വില്‍ (1879), സെന്റ്‌ ഹ്യൂസ്‌ (1886), സെന്റ്‌ ഹില്‍ഡാസ്‌ (1893), സെന്റ്‌ ആന്റണീസ്‌ (1950), സെന്റ്‌ ആന്‍സ്‌ (1952), കെബിള്‍ (1952), എഡ്‌മണ്‍ഡ്‌ ഹാള്‍ (1957), സെന്റ്‌ കാതറിന്‍ (1962), ലിനാക്കര്‍ ഹൗസ്‌ (1962). ഇവയ്‌ക്കു പുറമേ ചില സ്വകാര്യ കോളജുകളും മറ്റു പഠനകേന്ദ്രങ്ങളും സര്‍വകലാശാലയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌.

ബിരുദമെടുക്കുന്നതുവരെയുള്ള കാലയളവില്‍ അധ്യേതാക്കള്‍ ഒരു വര്‍ഷമെങ്കിലും കോളജുകളില്‍ താമസിച്ചു പഠിക്കുകയാണ്‌ പതിവ്‌. ബിരുദാനന്തര വിദ്യാര്‍ഥികള്‍ സാധാരണയായി കോളജുകളില്‍ താമസിക്കാറില്ല. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയുടെ കീഴില്‍ നിരവധി ലൈബ്രറികളുണ്ട്‌. അവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ ബോഡ്‌ലിയന്‍ (Bodleian) ലൈബ്രറിയാണ്‌. വലുപ്പത്തില്‍ ഇതിനു ബ്രിട്ടനില്‍ രണ്ടാംസ്ഥാനമാണുള്ളത്‌. 1602-ല്‍ സ്ഥാപിതമായ ഈ ലൈബ്രറിയുടെ പുസ്‌തകശേഖരത്തില്‍ 90 ലക്ഷം പുസ്‌തകങ്ങളും മുപ്പതിനായിരത്തിലേറെ ഇ-ജേണലുകളും ഒട്ടേറെ കൈയെഴുത്തുരേഖകളും ഭൂപടങ്ങളുമുണ്ട്‌. കല, പുരാവസ്‌തുശാസ്‌ത്രം, നരവംശശാസ്‌ത്രം, സാങ്കേതികശാസ്‌ത്രങ്ങള്‍ തുടങ്ങിയവയുടെ പഠനങ്ങള്‍ക്കുവേണ്ടി സുസജ്ജമായ കാഴ്‌ചബംഗ്ലാവുകള്‍ ഇവിടെയുണ്ട്‌. സര്‍വകലാശാലയുടെ പ്രസിദ്ധീകരണവിഭാഗമായ ഓക്‌സ്‌ഫര്‍ഡ്‌ സര്‍വകലാശാലപ്രസ്‌ 1478-ല്‍ സ്ഥാപിതമായി. പല പ്രധാനനഗരങ്ങളിലും ശാഖകളുള്ള ഈ സ്ഥാപനം ലോകത്തിലെ ഏറ്റവുംവലിയ പ്രസിദ്ധീകരണശാലകളിലൊന്നാണ്‌. 1920 വരെ സര്‍വകലാശാലാ നടത്തിപ്പിനാവശ്യമായ ധനം സംഭാവനകള്‍ മുഖേനയാണ്‌ ലഭിച്ചിരുന്നത്‌. ഒന്നാം ലോകയുദ്ധത്തിനുശേഷം സംഭാവനകള്‍ കുറയുകയും സര്‍വകലാശാലയ്‌ക്ക്‌ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരികയും ചെയ്‌തു. ഒരു രാജകീയ കമ്മിഷന്റെ ശിപാര്‍ശയനുസരിച്ച്‌ 1927 മുതല്‍ സര്‍വകലാശാലയ്‌ക്ക്‌ ഗവണ്‍മെന്റില്‍ നിന്നു ധനസഹായം ലഭിച്ചുതുടങ്ങി. 1959-60 കാലഘട്ടത്തില്‍ സര്‍വകലാശാലയുടെ ചെലവിന്റെ 68 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി നല്‌കിയിരുന്നു.

ചാന്‍സലര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന്‌ നിയമാനുസൃതം രൂപീകരിക്കപ്പെട്ട ഒരു കോര്‍പ്പറേഷനാണ്‌ സര്‍വകലാശാലയുടെ ഭരണം നടത്തുന്നത്‌. സര്‍വകലാശാലയോടനുബന്ധിച്ചുള്ള ഓരോ കോളജിനും അതിന്റേതായ പ്രത്യേക ഭരണസമിതികളുണ്ട്‌. കോണ്‍വക്കേഷന്‍ അംഗങ്ങളാണ്‌ സര്‍വകലാശാലയുടെ ഉന്നതാധികാരിയായ ചാന്‍സലറെ തെരഞ്ഞെടുക്കുന്നത്‌. സര്‍വകലാശാലയുടെ സമാരാധ്യനായ ഇദ്ദേഹത്തിനു ജീവിതകാലം മുഴുവനും ഈ പദവിയില്‍ തുടരാവുന്നതാണ്‌. പ്രായോഗികതലത്തില്‍ ചാന്‍സലര്‍ രണ്ടുവര്‍ഷത്തേക്ക്‌ നാമനിര്‍ദേശം ചെയ്യുന്ന വൈസ്‌ചാന്‍സലറാണ്‌ സര്‍വകലാശാലയുടെ മുഖ്യഭരണാധികാരി. 2010-ലെ അക്കാദമിക്‌ റാങ്കിങ്‌ ഒഫ്‌ വേള്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ ഓക്‌സ്‌ഫഡിന്‌ യൂറോപ്പിലെ രണ്ടാംസ്ഥാനവും ലോകത്തിലെ പത്താംസ്ഥാനവുമാണുള്ളത്‌. 2011-ല്‍ ടൈംസ്‌ ഹയര്‍ എഡ്യുക്കേഷന്‍ വേള്‍ഡ്‌ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാല നാലാം സ്ഥാനത്താണുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍