This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സ്‌ഫഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓക്‌സ്‌ഫഡ്‌

Oxford

ഇംഗ്ലണ്ടിലെ ഒരു സര്‍വകലാശാലാ ആസ്ഥാനമെന്ന നിലയില്‍ വിശ്വപ്രശസ്‌തി ആര്‍ജിച്ചിട്ടുള്ള പട്ടണം. 51° 45' വടക്ക്‌.; 1° 15' പടിഞ്ഞാറ്‌ ലണ്ടന്‍ നഗരത്തിന്‌ 91 കി.മീ. വടക്കു പടിഞ്ഞാറ്‌ തെംസ്‌, ചെര്‍വല്‍ എന്നീ നദികള്‍ക്കിടയ്‌ക്കായി സ്ഥിതിചെയ്യുന്നു. വിസ്‌തീര്‍ണം: 45.59 സ്‌ക്വയര്‍.കി.മീ. ജനസംഖ്യ: 1,53,700 (2010). ഏറ്റവും കുറഞ്ഞതാപനില-16.6, കൂടിയ താപനില 35.6°C. തേംസ്‌ നദി, ഓക്‌സ്‌ഫഡില്‍ ഐസിസ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. പട്ടണത്തിനു തെക്കുഭാഗത്തുവച്ച്‌ വടക്കുനിന്ന്‌ ഒഴുകി എത്തുന്ന ചെര്‍വല്‍ നദി തേംസില്‍ ലയിക്കുന്നു.

ഓക്‌സ്‌ഫഡ്‌ പട്ടണത്തെ ഇംഗ്ലണ്ടിലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിന്‌ ഇരുനദികള്‍ക്കും കുറുകെ നിരവധി പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. ഇവയില്‍ ചെര്‍വല്‍ നദിയിന്മേലുള്ള മഗ്‌ദലെന്‍പാലം (11-ാം ശതകം) ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌.

ഓക്‌സ്‌ഫഡ്‌ പട്ടണം

ഗോഥിക്‌ ശൈലിയില്‍ നിര്‍മിതമായ സ്‌തൂപാകാരങ്ങളായ ഉത്തുംഗ ഹര്‍മ്യനിരകള്‍ ഓക്‌സ്‌ഫഡിലെ സാധാരണ ദൃശ്യമാണ്‌. ഇക്കാരണത്താല്‍ ഈ പട്ടണത്തെ സ്‌തൂപികാനഗരം (City of Spires)എന്നു വിശേഷിപ്പിക്കാറുണ്ട്‌. പട്ടണത്തിന്റെ ഏതാണ്ട്‌ മധ്യഭാഗത്തുകൂടി തെക്കുവടക്കായി നീളുന്ന പ്രധാന രാജവീഥി, ഓക്‌സ്‌ഫഡിനെ കിഴക്കും പടിഞ്ഞാറും പകുതികളായി തിരിക്കുന്നു. കിഴക്കേ പകുതിയിലാണ്‌ സര്‍വകലാശാലാ മന്ദിരങ്ങള്‍. ഇവയില്‍ ഏറിയകൂറും 15-17 ശതകങ്ങളില്‍ നിര്‍മിക്കപ്പെട്ടവയാണ്‌. ഓരോ കോളജിനോടും അനുബന്ധിച്ച്‌ ഗ്രന്ഥശാല, ഉദ്യാനം, ആരാധനാഗൃഹം എന്നിവയും വിശാലമായ അങ്കണവും കാണാം. ഇവയില്‍ സെന്റ്‌ ജോണ്‍, വോള്‍ഥാം എന്നീ കോളജുകള്‍ ശില്‌പമോഹനങ്ങളാണ്‌. തെംസ്‌-ചെര്‍വല്‍ സംഗമത്തിന്‌ അഭിമുഖമായി സ്ഥിതിചെയ്യുന്ന ക്രസ്റ്റ്‌ ചര്‍ച്ച്‌ കോളജിനോടനുബന്ധിച്ചുള്ള ബൃഹത്തായ അങ്കണം (റ്റോംക്വാഡ്‌) വിശാലമായ ഒരു പുല്‍ത്തകിടിയിലേക്കു സംക്രമിക്കുന്നു. ഇവിടത്തെ ആരാധനാഗൃഹം ഒരു ഭദ്രാസനപ്പള്ളിയായി വളര്‍ന്നിട്ടുണ്ട്‌. ഇവിടത്തെ ഏഴ്‌ ടണ്‍ ഭാരമുള്ള പള്ളിമണി ഒരു ആചാരക്രമമെന്ന നിലയില്‍ ഓരോ രാത്രിയും 9-05 ന്‌ 101 പ്രാവശ്യം മുഴക്കുന്ന പതിവുണ്ട്‌. ഹൈസ്‌ട്രീറ്റിലെ കന്യാമാതാവിന്റെ പള്ളിയാണ്‌ സര്‍വകലാശാലയുടെ ഔദ്യോഗിക ദേവാലയം; 13-14 ശതകങ്ങളില്‍ നിര്‍മിക്കപ്പെട്ട ഈ പള്ളിയുടെ സ്‌തൂപാകാര മണിമേടയും മുഖപ്പിലെ ചുറ്റിപ്പിണഞ്ഞ തൂണുകളും വിശേഷപ്പെട്ട വാസ്‌തുശില്‌പ മാതൃകകളായി നിലകൊള്ളുന്നു.

ലണ്ടന്‍, ബ്രിസ്റ്റള്‍, സതാംപ്‌ടണ്‍ എന്നീ തുറമുഖ നഗരങ്ങളില്‍നിന്ന്‌ ഏതാണ്ട്‌ തുല്യ അകലത്തിലാണ്‌ ഓക്‌സ്‌ഫഡ്‌ സ്ഥിതിചെയ്യുന്നത്‌. 18-ാം ശതകങ്ങളില്‍ നിര്‍മിക്കപ്പെട്ട കനാലുകള്‍വഴി ഈ തുറമുഖങ്ങളുമായും ബെര്‍മിങ്‌ഹാമിനു ചുറ്റുമുള്ള വ്യവസായമേഖലയുമായും ഓക്‌സ്‌ഫഡിനു സമ്പര്‍ക്കം ലഭ്യമായി. ലണ്ടനുമായി റെയില്‍ മാര്‍ഗവും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രത്യേക സര്‍വീസുകള്‍ക്കായി പ്രയോജനപ്പെടുത്തുന്ന ഒരു വിമാനത്താവളവും (കിഡ്‌ലിങ്‌ടണ്‍) ഇവിടെയുണ്ട്‌. അച്ചടിയാണ്‌ ഈ പട്ടണത്തിലെ ഏറ്റവും പ്രമുഖ വ്യവസായം. മോട്ടോര്‍ വാഹനങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, ഘനയന്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാണവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. സര്‍വകലാശാലയിലെ വിജ്ഞാന ഗവേഷണവുമായി ബന്ധപ്പെട്ട ശാസ്‌ത്രസാങ്കേതികാധിഷ്‌ഠിത വ്യവസായങ്ങളും വ്യാപകമായിട്ടുണ്ട്‌. ഇരുപതിലേറെ വിപണന കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്‌. അനേകം ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ ഓക്‌സ്‌ഫഡില്‍ സ്ഥാപിതമായിട്ടുണ്ട്‌. 2009-ലെ കണക്കനുസരിച്ച്‌ ഒരുകോടിയോളം സന്ദര്‍ശകര്‍ ഓക്‌സ്‌ഫഡിലെത്തി. ഓക്‌സ്‌ഫഡ്‌ സിറ്റിസെന്ററില്‍ അനവധി തിയെറ്ററുകളുടെ ശൃംഖല തന്നെയുണ്ട്‌. ചരിത്രപ്രാധാന്യമുള്ള മന്ദിരങ്ങള്‍, സിനിമാനിര്‍മാതാക്കളുടെ ആകര്‍ഷണ കേന്ദ്രമാണ്‌. യൂണിവേഴ്‌സിറ്റി കോളജ്‌ മന്ദിരം, ആള്‍സോള്‍സ്‌ കോളജ്‌, ബ്ലാക്‌വെല്‍ഡ്‌ ബുക്‌ഷോപ്പ്‌, ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റി മ്യൂസിയം ഒഫ്‌ നാച്വറല്‍ ഹിസ്റ്ററി, ഓക്‌സ്‌ഫഡ്‌ കാസിലിലെ മല്‍മെയ്‌സണ്‍ ഹോട്ടല്‍ മുതലായവയാണ്‌ മറ്റ്‌ പ്രധാന കേന്ദ്രങ്ങള്‍. യൂണിവേഴ്‌സിറ്റി പാര്‍ക്കുകള്‍, റോക്ക്‌ എഡ്‌ജ്‌ നാച്വറല്‍ റിസര്‍വ്‌, ലൈവാലി, ഫോട്ടോവര്‍ നാച്വറല്‍ റിസര്‍വ്‌, പോര്‍ട്ട്‌ മെസോ തുടങ്ങിയ മുപ്പതോളം നാച്വറല്‍ റിസര്‍വുകളും ഇവിടെയുണ്ട്‌. തെംസ്‌ നദിയിലെ തുറമുഖം ഓക്‌സ്‌ഫഡിലെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്‌.

ഫുട്‌ബോള്‍, ഹോക്കി, സൈക്ലിങ്‌, റോവിങ്‌ തുടങ്ങിയവയാണ്‌ ഇവിടത്തെ മത്സരവിഭാഗത്തില്‍പ്പെടുന്ന കായിക വിനോദങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍