This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓംബുഡ്‌സ്‌മാന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓംബുഡ്‌സ്‌മാന്‍
Ombudsman
ഒരു ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണംമൂലം സങ്കടമനുഭവിക്കേണ്ടിവരുന്ന ഒരു പൗരന്‍ കൊടുക്കുന്ന പരാതി അന്വേഷിക്കുന്നതിനും മറ്റുമായി നിയമനിര്‍മാണമണ്ഡലം നിയമിക്കുന്ന ഉദ്യോഗസ്ഥന്‍. ഓംബുഡ്‌സ്‌മാനെ ഏര്‍പ്പെടുത്തുന്ന സമ്പ്രദായം ആദ്യമായി നിലവില്‍വന്നത് സ്വീഡനിലാണ് (1809). 1919-ല്‍ ഫിന്‍ലന്‍ഡും 1955-ല്‍ ഡെന്മാര്‍ക്കും 1962-ല്‍ നോര്‍വേയും ന്യൂസിലന്‍ഡും ഈ സമ്പ്രദായം സ്വീകരിക്കുകയുണ്ടായി. അതിനുശേഷം ഇതിന്റെ മാതൃക ഇംഗ്ലണ്ട്, ഹോളണ്ട്, അയര്‍ലണ്ട്, കാനഡ, യു.എസ്., ഇന്ത്യ മുതലായ രാജ്യങ്ങള്‍ സ്വീകരിക്കുകയോ, സ്വീകരിക്കാന്‍ വേണ്ട നടപടികള്‍ എടുത്തുകൊണ്ടിരിക്കുകയോ ചെയ്‌തിരിക്കുന്നു. ഇംഗ്ലണ്ട്, ഹാവായ്, ന്യൂബ്രണ്‍സ്‌വിക്, ആല്‍ബര്‍ട്ടാ എന്നീ രാജ്യങ്ങളില്‍ ഇതിന് ആവശ്യമായ നിയമം 1967-ല്‍ പാസ്സാക്കുകയും ചെയ്‌തിട്ടുണ്ട്.
സ്വീഡിഷ് ഭാഷയിലെ "ഓംബുഡ്' (ombud) എന്ന പദത്തില്‍നിന്നാണ് ഓംബുഡ്‌സ്‌മാന്‍ എന്ന പദം ഉണ്ടായത്. ഓംബുഡ് എന്ന പദത്തിന്റെ അര്‍ഥം, മറ്റൊരാള്‍ക്കുവേണ്ടി വാദിക്കുകയോ, അയാളെ പ്രതിനിധീകരിക്കുകയോ ചെയ്യുന്ന ഒരാളെന്നാണ്. ഇന്ന് ഓംബുഡ്‌സ്‌മാനെപ്പറ്റി സാമാന്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സങ്കല്‌പം ഇതാണ്; ഇദ്ദേഹത്തെ നിയമനിര്‍മാണ മണ്ഡലമാണ് നിയമിക്കുന്നത്. ഇദ്ദേഹം സ്വതന്ത്രനാണ്, ഇദ്ദേഹത്തിന് യാതൊരു കക്ഷിയോടും ബന്ധമുണ്ടായിരിക്കയില്ല. ഭരണസംബന്ധമായ എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കേണ്ട ചുമതല ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന്റെ അധികാരകര്‍ത്തവ്യങ്ങള്‍ ഭരണഘടനയോ, നിയമനിര്‍മാണമണ്ഡലം പാസ്സാക്കുന്ന ആക്‌റ്റോ വ്യവസ്ഥപ്പെടുത്തിയിരിക്കും. ഭരണനിര്‍വഹണത്തില്‍ ഉദ്യോഗസ്ഥന്മാര്‍ ചെയ്യുന്ന അനീതികള്‍ക്കും ദുര്‍ഭരണത്തിനും എതിരായി പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന വ്യക്തമായ ആരോപണങ്ങളാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. അവയെ സംബന്ധിച്ച് അന്വേഷണവിചാരണ നടത്തുന്നതിനും അവയെ നിരൂപണം ചെയ്യുന്നതിനും പ്രസിദ്ധപ്പെടുത്തുന്നതിനും ഓംബുഡ്‌സ്‌മാന് അധികാരമുണ്ട്. സ്വീഡനില്‍ ഓംബുഡ്‌സ്‌മാന്‍ 1809-ല്‍ നിയമിതനായത് സ്വീഡിഷ് ഭരണഘടനയിലെ 27-ാം ഖണ്ഡികയനുസരിച്ചായിരുന്നു. ആ സ്ഥാനം വഹിക്കുന്നതിന് അന്നു നിശ്ചയിച്ച യോഗ്യതകള്‍, നിഷ്‌പക്ഷത, നിയമവിജ്ഞാനം, ഒരു ന്യായാധിപന്‍ എന്ന നിലയിലുള്ള പരിചയം എന്നിവയായിരുന്നു. ഇദ്ദേഹത്തിന്റെ ചുമതലകള്‍, സ്റ്റേറ്റിന്റെ അവകാശങ്ങളെ സംബന്ധിക്കുന്ന സംഗതികളില്‍ രാജാവിനെ, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നിയമ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രതിനിധാനം ചെയ്യുക, ആ നിലയില്‍ നീതിന്യായ പരിപാലനം സംബന്ധിച്ച് മേല്‍നോട്ടം വഹിക്കുക, ന്യായാധിപന്മാരും ഉദ്യോഗസ്ഥരും തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്‌ച വരുത്തുന്നുവെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുക മുതലായവയായിരുന്നു. അതിനുശേഷം പല സന്ദര്‍ഭങ്ങളിലും ആ കര്‍ത്തവ്യങ്ങളെ പുനര്‍നിര്‍വചനം ചെയ്‌തിട്ടുണ്ട്. 1947-ല്‍ അവയെ നാലിനങ്ങളായി വിഭജിക്കുകയുണ്ടായി. ഇദ്ദേഹം ഇന്ന് കിങ്-ഇന്‍-കൗണ്‍സിലിന്റെ പ്രധാന നിയമോപദേഷ്‌ടാവാണ്; സ്റ്റേറ്റിന്റെ താത്‌പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഗതികളില്‍ രാജാവിനെ, അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ പ്രതിനിധാനം ചെയ്യുന്ന ഉദ്യോഗസ്ഥനാണ്; രാജാവിന്റെ പ്രതിനിധിയെന്ന നിലയ്‌ക്ക് എല്ലാ പബ്ലിക് ഉദ്യോഗസ്ഥന്മാരെയും സംബന്ധിച്ചു മേലധികാരം കൈകാര്യം ചെയ്യുകയും അവര്‍ അധികാരദുര്‍വിനിയോഗം ചെയ്യുന്ന സംഗതികളില്‍ നടപടികളെടുക്കുകയും ചെയ്യേണ്ടയാളാണ്; കൂടാതെ, കിങ്-ഇന്‍-കൗണ്‍സില്‍ നിര്‍ദേശിക്കുന്ന പ്രത്യേക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ആളുമാണ്. ഓംബുഡ്‌സ്‌മാന്റെ കര്‍ത്തവ്യങ്ങള്‍ ഭാരിച്ചതായിത്തീര്‍ന്നതോടെ സിവിലായ കാര്യങ്ങള്‍ക്കും സൈനികമായ കാര്യങ്ങള്‍ക്കും വെണ്ണേറെ ഓംബുഡ്‌സ്‌മാന്മാരെ ഏര്‍പ്പെടുത്തുകയുണ്ടായി.
ഗവണ്‍മെന്റിനോ പാര്‍ലമെന്റിനോ ഓംബുഡ്‌സ്‌മാന്റെ മേല്‍ നിയന്ത്രണമില്ല. ഇദ്ദേഹത്തിന്റെ മേല്‍ ബാഹ്യമായി എന്തെങ്കിലും സമ്മര്‍ദം ഉണ്ടായതായി ഇതേവരെ പരാതിയുണ്ടായിട്ടില്ല. പാര്‍ലമെന്റിലെ രാഷ്‌ട്രീയകക്ഷികള്‍ ഒന്നിച്ചുചേര്‍ന്ന് ആലോചിച്ച് നിയമിക്കുന്നതുകൊണ്ട് ഓംബുഡ്‌സ്‌മാന് നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഉന്നത കോടതികളിലെ ന്യായാധിപന്മാരെയാണ് പ്രായേണ ഈ സ്ഥാനത്ത് നിയമിക്കുന്നത്. ഇദ്ദേഹത്തെ സഹായിക്കാന്‍വേണ്ട ഉദ്യോഗസ്ഥരെ ഇദ്ദേഹം തന്നെയാണ് നിയമിക്കുക. ഇദ്ദേഹത്തിന്റെ പൂര്‍ണമായ ഔദ്യോഗികനാമം "ജസ്റ്റീഷ്യേ ഓംബുഡ്‌സ്‌മാന്‍' എന്നാണ്. സൈനികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഉദ്യോഗസ്ഥനെ "മിലിഷ്യേ ഓംബുഡ്‌സ്‌മാന്‍' എന്നുപറയുന്നു.
ഡെന്മാര്‍ക്കിലെയും നോര്‍വേയിലെയും ഓംബുഡ്‌സ്‌മാന്മാര്‍ക്ക് അവിടത്തെ മന്ത്രിമാരുടെമേലും അധികാരമുണ്ട്. സ്വീഡനില്‍ അതില്ല. ഈ സ്ഥാനത്തിന് സമാന്തരമായി ഫിന്‍ലന്‍ഡില്‍ ഓംബുഡ്‌സ്‌മാനെ കൂടാതെ "ചാന്‍സലര്‍ ഒഫ് ജസ്റ്റിസ്' എന്ന ഒരു ഉദ്യോഗസ്ഥനുമുണ്ട്. ഇദ്ദേഹത്തെ പ്രസിഡന്റ് നിയമിക്കുന്നു. ഇദ്ദേഹം മന്ത്രിമാരെയും ഗവണ്‍മെന്റിനെയും ഉപദേശിക്കുന്നു. 1967 മുതല്‍ ഇംഗ്ലണ്ടില്‍, ഓംബുഡ്‌സ്‌മാന് തുല്യമായ "പാര്‍ലമെന്ററി കമ്മിഷണറെ' നിയമിച്ചുവരുന്നു. രാജ്ഞി, ലെറ്റേഴ്‌സ് പേറ്റന്റ് വഴിയാണ് നിയമനം നടത്തുന്നത്. ഇദ്ദേഹത്തിന്റെ പെരുമാറ്റം തൃപ്‌തികരമായിരിക്കുന്നിടത്തോളം കാലം (എന്നാല്‍ 65 വയസ്സുവരെ) ആ സ്ഥാനത്തു തുടരാം. പാര്‍ലമെന്റിന് ഇദ്ദേഹത്തെ നീക്കം ചെയ്യാവുന്നതാണ്. നീതി നിഷേധിക്കപ്പെട്ട ഏതൊരാള്‍ക്കും, ഒരു എം.പി. മുഖേന പാര്‍ലമെന്ററി കമ്മിഷണര്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ദേശവത്‌കൃതവ്യവസായങ്ങള്‍, ആരോഗ്യവകുപ്പ്, കോടതികള്‍, സായുധസേനാ സര്‍വീസ്, സിവില്‍ സര്‍വീസ്, പൊലീസ് എന്നീ വകുപ്പുകള്‍ ഓംബുഡ്‌സ്‌മാന്റെ അധികാരപരിധിയില്‍ പെടുന്നില്ല.
ഇംഗ്ലണ്ടിലെപ്പോലെ ന്യൂസിലന്‍ഡിലും പാര്‍ലമെന്ററി കമ്മിഷണര്‍ ഉണ്ട്. അദ്ദേഹത്തിന് പൊതുജനങ്ങളില്‍നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കാവുന്നതാണ്. ന്യൂസിലന്‍ഡിലെ കമ്മിഷണര്‍ക്ക് ഇംഗ്ലണ്ടിലെ കമ്മിഷണറെ അപേക്ഷിച്ച് കൂടുതലായ ചില അധികാരങ്ങളുണ്ട്. അവയിലൊന്ന് ഗവണ്‍മെന്റ് വകുപ്പുകളുടെ ക്രമരഹിതമായ നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാമെന്നതാണ്. യു.എസ്സില്‍ ഇത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനും അതോടുബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിനുമായി ഒരു ബില്‍ അവിടത്തെ സെനറ്റില്‍ അവതരിപ്പിച്ചിരുന്നു. സേനാവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ എന്ന ഉദ്യോഗസ്ഥന്റെ അടുക്കല്‍ പരാതി ബോധിപ്പിക്കാനുള്ള ഏര്‍പ്പാട് യു.എസ്സില്‍ നിലവിലുണ്ട്. ഫിലിപ്പീന്‍സില്‍, അവിടത്തെ ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വഴി സങ്കടക്കാരാകുന്നവരുടെ രക്ഷയ്‌ക്കായി നിയമാനുസരണം തന്നെ ഒരു ആക്ഷന്‍ കമ്മിറ്റിക്കും മറ്റും വ്യവസ്ഥ ചെയ്‌തിരിക്കുന്നു.
ഇന്ത്യയില്‍ ലോക്‌പാല്‍, ലോകായുക്താ എന്നീ പേരുകളിലും ഓംബുഡ്‌സ്‌മാന്‍ അറിയപ്പെടുന്നു. 1966-ല്‍ ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രറ്റീവ് റിഫോംസ് കമ്മിഷന്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ കൂട്ടത്തില്‍ കേന്ദ്രത്തിലെയും സ്റ്റേറ്റുകളിലെയും മന്ത്രിമാരുടെയും ഗവണ്‍മെന്റ് സെക്രട്ടറിമാരുടെയും പേരിലുള്ള ആരോപണങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ക്കു "ലോക്‌പാല്‍' എന്ന ഉദ്യോഗസ്ഥനെയും, മറ്റുള്ള ഉദ്യോഗസ്ഥന്മാരുടെ പേരിലുള്ള ആരോപണങ്ങളെ സംബന്ധിക്കുന്ന സംഗതികള്‍ക്ക് "ലോകായുക്ത' എന്ന ഉദ്യോഗസ്ഥനെയും നിയമിക്കുന്നതിനുവേണ്ടി നിയമം നിര്‍മിക്കണമെന്നുണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥന്മാര്‍ ഗവണ്‍മെന്റ്, നിയമനിര്‍മാണ മണ്ഡലം, ജുഡീഷ്യറി എന്നിവയില്‍നിന്നു സ്വതന്ത്രരായിരിക്കണമെന്നും, എല്ലാ തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗങ്ങളും അഴിമതികളും അന്വേഷിക്കാനുള്ള അധികാരം അവര്‍ക്കു നല്‌കണമെന്നും കൂടി ആ നിര്‍ദേശങ്ങളില്‍പ്പെടുന്നു. ഇന്നു ചില സ്റ്റേറ്റുകളില്‍ പ്രവര്‍ത്തിച്ചുപോരുന്ന വിജിലന്‍സ് കമ്മിഷനുകളെ നീക്കം ചെയ്യണമെന്നും അതില്‍ പറയുന്നുണ്ട്. അത്യുന്നതമായ സ്വഭാവവൈശിഷ്‌ട്യവും മറ്റും അവരുടെ യോഗ്യതകളായിരിക്കണം എന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നു. ലോക്‌പാലിന്റെ പദവി ഇന്ത്യയിലെ ചീഫ് ജസ്റ്റിസിന്റേതിനോട് തുല്യമായിരിക്കും. അവരുടെ അധികാരിതയുടെ വ്യാപ്‌തി, അവരുടെ അധികാരിതയില്‍ നിന്നു മാറ്റിവച്ചിട്ടുള്ള വിഷയങ്ങള്‍, അവരുടെ നടപടിക്രമം മുതലായവയെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
1968-ല്‍ ആദ്യമായി കേന്ദ്രഗവണ്‍മെന്റ് ലോക്‌പാല്‍ബില്‍, ലോക്‌പാല്‍ ആന്‍ഡ് ലോകായുക്താ ബില്‍ എന്നിവ അവതരിപ്പിച്ചു. 2005-ല്‍ ഇതിനുള്ള നിയമനിര്‍മാണവും നടത്തി. സംസ്ഥാനതലത്തില്‍ ലോകായുക്തകള്‍ പില്‌ക്കാലത്ത് നിലവില്‍ വന്നു. മഹാരാഷ്‌ട്ര(1972), രാജസ്ഥാന്‍ (1973), ബിഹാര്‍ (1974), ഉത്തര്‍പ്രദേശ് (1977), മധ്യപ്രദേശ് (1981), ആന്ധ്രപ്രദേശ് (1983), ഹിമാചല്‍പ്രദേശ് (1983), കര്‍ണാടക (1984), അസം (1986), ഗുജറാത്ത് (1988), ഡല്‍ഹി (1995), പഞ്ചാബ് (1996), കേരളം (1998), ഛത്തീസ്‌ഗഡ് (2002), ഉത്തരാഞ്ചല്‍ (2002), പശ്ചിമബംഗാള്‍ (2003), ഹരിയാന (2004) എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഇവ ഉപലോകായുക്ത എന്നപേരില്‍ അറിയപ്പെടുന്നു.
കേരളത്തില്‍ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുംകോര്‍പ്പറേഷനുംവേണ്ടി ഒരു ഓംബുഡ്‌സ്‌മാന്‍ പ്രവര്‍ത്തനം നടത്തുന്നു. അഴിമതികളും ഭരണവൈകല്യങ്ങളും മറ്റുമാണ് ഇതിന്റെ അന്വേഷണപരിധിയില്‍വരുന്നത്. കേരളാ പഞ്ചായത്ത് ആക്‌റ്റ് പ്രകാരം ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ഒരു ജഡ്‌ജിയെ ഗവര്‍ണറാണ് നിയമിക്കുന്നത്. മൂന്നുവര്‍ഷമാണ് കാലാവധി.
2010-ല്‍ കേന്ദ്രഗവണ്‍മെന്റ് അവതരിപ്പിച്ച ലോക്‌പാല്‍ ബില്‍ പരിഷ്‌കരിച്ച് ജനലോക്‌പാല്‍ബില്‍ എന്ന പേരില്‍ 2011-ല്‍ പാര്‍ലമെന്റ് പാസ്സാക്കി. പ്രസിദ്ധ സാമൂഹികപ്രവര്‍ത്തകനും ഗാന്ധിയനുമായ അന്നാഹസാരെയുടെ അഴിമതിവിരുദ്ധപ്രസ്ഥാനം ഈ ബില്ലിന്റെ അവതരണത്തിന് പ്രരകമായി.