This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒളിമ്പിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒളിമ്പിയ

Olympia

പുരാതനഗ്രീസില്‍ പശ്ചിമ പെലോപ്പനീസോസിലെ പ്രസിദ്ധമായ ആരാധനാകേന്ദ്രവും പ്രാചീന ഒളിമ്പിക്‌ കായികമത്സരങ്ങളുടെ ആസ്ഥാനവും. വിസ്‌തീര്‍ണം: 544.9 ച.കി.മീ; ജനസംഖ്യ: 19,775 (2001). ബി.സി. 2000-ത്തിനും 1600-നും ഇടയ്‌ക്ക്‌ ഈ കേന്ദ്രം സ്ഥാപിക്കപ്പെട്ടുവെന്നാണ്‌ ഉത്‌ഖനനത്തില്‍ ലഭ്യമായ അവശിഷ്‌ടങ്ങള്‍ തെളിയിക്കുന്നത്‌. ആരംഭകാലത്ത്‌ വിസാ നഗരത്തിന്റെ അധീനതയിലായിരുന്ന ഒളിമ്പിയ ബി.സി. 570-നുശേഷം എലിസിന്റെയും സ്‌പാര്‍ട്ടയുടെയും അധികാരപരിധിയിലായി. നാലുവര്‍ഷത്തിലൊരിക്കല്‍ എന്ന കണക്കില്‍ ഇവിടെ വിപുലമായ മതാഘോഷങ്ങള്‍ നടത്തിവന്നിരുന്നു. ബി.സി. എട്ടാം ശതകത്തില്‍ ആരംഭിച്ച ഈ പരിപാടി എ.ഡി. നാലാം ശതകം വരെ തുടര്‍ന്നുപോന്നു. ആഘോഷത്തിന്റെ പ്രധാന ഇനം വിവിധ കായികമത്സരങ്ങളായിരുന്നു.

19-ാം ശതകത്തിന്റെ ആരംഭത്തോടെയാണ്‌ ഒളിമ്പിയ പുരാവസ്‌തു ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്‌. 1829-ല്‍ ഫ്രഞ്ചുപര്യവേക്ഷകനായ ഏ. ബ്ലൂവോട്ട്‌ ആദ്യമായി ഇവിടെ ഉത്‌ഖനനം നടത്തി. സ്യൂസ്‌ക്ഷേത്രം നിന്നിരുന്ന സ്ഥലമാണ്‌ ഇദ്ദേഹം തിരഞ്ഞെടുത്തത്‌. ക്ഷേത്രത്തിന്റെ പൊതുവായ രൂപകല്‌പന മനസ്സിലാക്കാന്‍ ഇതു സഹായകമായി. കൂടാതെ മേല്‍ക്കൂരയുടെ ശില്‌പാലങ്കൃതമായ ഏതാനും ഭാഗങ്ങളും കണ്ടുകിട്ടി. ഇവ പാരിസിലെ ലൂവ്ര്‌ മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്‌. 1875 മുതല്‍ 81 വരെ ജര്‍മന്‍കാര്‍ നടത്തിയ മഹത്തായ ഉത്‌ഖനനങ്ങള്‍ കൂടുതല്‍ ഫലവത്തായി. ഇതോടെ സ്യൂസ്‌ക്ഷേത്രത്തെയും പരിസരസ്ഥിതമായിരുന്ന മറ്റു കെട്ടിടങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവയെയും പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ലഭിച്ചു. ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ചില ചില്ലറ ഉത്‌ഖനന പ്രക്രിയകള്‍ നടക്കുകയുണ്ടായി; എന്നാല്‍ 1936-ല്‍ ജര്‍മന്‍കാര്‍ വന്‍തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റേഡിയം കണ്ടെത്തുകയായിരുന്നു പ്രധാനലക്ഷ്യം. രണ്ടാം ലോകയുദ്ധം ജര്‍മന്‍ പര്യവേക്ഷണത്തെ തടസ്സപ്പെടുത്തിയെങ്കിലും 1952-ല്‍ ഉത്‌ഖനനം പുനരാരംഭിച്ചു; 1960-ല്‍ അതു പൂര്‍ത്തിയായി. സ്റ്റേഡിയം കണ്ടെത്തിയെന്നുമാത്രമല്ല മറ്റു കെട്ടിടങ്ങളെപ്പറ്റിയും വിശദവിവരങ്ങള്‍ ലഭ്യമായി. അസമഭുജങ്ങളോടുകൂടിയ ഒരു ദീര്‍ഘചതുരത്തിന്റെ ആകൃതിയായിരുന്നു സ്യൂസ്‌ക്ഷേത്രത്തിന്റേത്‌. ഒരു വശത്തിനു 180 മീറ്ററിലധികം നീളമുണ്ടായിരുന്നു. ക്ഷേത്രസങ്കേതത്തിന്‌ ഗ്രീക്കുഭാഷയില്‍ "അള്‍ട്ടിസ്‌' എന്നു പറഞ്ഞിരുന്നു. വടക്കുഭാഗത്ത്‌ ക്രാണസ്‌ കുന്നുകളും മറ്റു മൂന്നുവശങ്ങളിലും മതിലുകളും അള്‍ട്ടിസിനെ വലയം ചെയ്‌തിരുന്നു. ഇതിനുള്ളിലാണ്‌ സ്യൂസിന്റെയും ഹേരയുടെയും ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്‌തിരുന്നത്‌. ഈ ക്ഷേത്രങ്ങള്‍ക്കുസമീപം അള്‍ത്താരകളും യാഗവേദികളും മാത്രമല്ല, ഖജനാവുകളും ഭരണകാര്യാലയങ്ങളും ഉണ്ടായിരുന്നു. ക്ഷേത്രവളപ്പിനു പുറത്ത്‌ കായികമത്സരവേദികളും അതിഥിമന്ദിരങ്ങളും കുളിമുറികള്‍ തുടങ്ങിയ സജ്ജീകരണങ്ങളും സംവിധാനം ചെയ്‌തിരുന്നു.

പുരാതന ഗ്രീസിലെ സ്യൂസ്‌ ക്ഷേത്രാവശിഷ്‌ടം

സ്യൂസ്‌ക്ഷേത്രം. പുരാതന ഗ്രീസിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു സ്യൂസ്‌ക്ഷേത്രം. ബി.സി. നാലാം ശതകത്തില്‍ എലിസിലെ ലിബണ്‍ എന്ന വാസ്‌തുശില്‌പി രൂപകല്‌പന ചെയ്‌തു നിര്‍മിച്ച ഈ ദേവാലയത്തിന്‌ മുന്‍വശത്ത്‌ കുറുകേ ആറും, വശങ്ങളിലായി പതിമൂന്നും സ്‌തൂപനിരകള്‍ ഉണ്ടായിരുന്നു. മേല്‌കൂരയ്‌ക്കു മാര്‍ബിള്‍ ഓടുകളാണ്‌ ഉപയോഗിച്ചിരുന്നത്‌. ചുവരുകളും മേല്‍ത്തട്ടും വിവിധ ശില്‌പങ്ങളാല്‍ അലങ്കൃതമായിരുന്നു. ഇവയില്‍ ഒട്ടുമുക്കാലും ഉത്‌ഖനനത്തിലൂടെ ലഭ്യമായിട്ടുണ്ട്‌; അവ ഒളിമ്പിയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ശില്‌പങ്ങളെല്ലാം തന്നെ ആദ്യകാല ക്ലാസ്സിക്കല്‍ ശൈലിയില്‍ നിര്‍മിതമാണ്‌; എന്നാല്‍ ശില്‌പികളുടെ പേരുകള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിനകത്ത്‌ സ്യൂസിന്റെ സ്വര്‍ണഖചിതമായ മാര്‍ബിള്‍ വിഗ്രഹം പ്രതിഷ്‌ഠിച്ചിരുന്നു. അഥീനിയന്‍ ശില്‌പിയായ ഫിഡിയാസ്‌ നിര്‍മിച്ച ഈ അതുല്യശില്‌പം ലോകത്തിലെ സപ്‌താദ്‌ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഹോമര്‍ തന്റെ കാവ്യത്തില്‍ വരച്ചുകാട്ടിയ സ്യൂസിനെ മാര്‍ബിള്‍ശിലയില്‍ തികവോടെ പുനരാവിഷ്‌കരിക്കയായിരുന്നു ഫിഡിയാസ്‌ ചെയ്‌തത്‌.

സ്യൂസ്‌-ഹേരാ ക്ഷേത്രങ്ങള്‍ക്കിടയിലായിരുന്നു വീര നായകനായ പെലോപ്പസിന്റെ ആസ്ഥാനം.

ഹേരാ ക്ഷേത്രാവശിഷ്‌ടം

ഹേരാക്ഷേത്രം. ഖജനാവുകള്‍ക്കു താഴെ ദൈവമാതാവിന്റെ ക്ഷേത്രം സ്ഥിതിചെയ്‌തിരുന്നു. ഡോറിക്‌ ശൈലിയിലുള്ള ഈ ക്ഷേത്രം ബി.സി. നാലാം ശതകത്തിലാണ്‌ നിര്‍മിക്കപ്പെട്ടത്‌ എന്നു കണക്കാക്കപ്പെടുന്നു. കാരണം റോമാസാമ്രാജ്യകാലത്ത്‌ വിഗ്രഹാരാധനാ സമ്പ്രദായം ഉണ്ടായിരുന്നില്ല. ഉത്‌ഖനനവേളയില്‍ ഇവിടെനിന്നു ലഭിച്ചത്‌ റോമന്‍ ചക്രവര്‍ത്തിമാരുടെ പ്രതിമകളായിരുന്നു.

ഫിലിപ്പെയോണ്‍. മാസിഡോണിലെ ഫിലിപ്പ്‌ രാജാവ്‌ ബി.സി. 338-ല്‍ ഗ്രീസ്‌ കീഴടക്കിയതിന്റെ സ്‌മാരകമായി നിര്‍മിച്ച വൃത്താകാരസൗധമാണ്‌ ഇവിടത്തെ മറ്റൊരു സവിശേഷശില്‌പം. പല തരത്തിലുള്ള സ്വര്‍ണാഭരണങ്ങളും ഫിലിപ്പ്‌, അലക്‌സാണ്ടര്‍ എന്നിവരുടെയും മറ്റു രാജകുടുംബാംഗങ്ങളുടെയും ദന്തനിര്‍മിതമായ പ്രതിമകളും ഇവിടെനിന്നു കണ്ടുകിട്ടിയിട്ടുണ്ട്‌.

അള്‍ട്ടിസിന്റെ വടക്കുപടിഞ്ഞാറേ മൂലയിലാണ്‌ പ്രറ്റേനെയോണ്‍ എന്ന കെട്ടിടം സ്ഥിതിചെയ്‌തിരുന്നത്‌. ഇവിടെ സ്ഥാപിച്ചിരുന്ന ഒരു അടുപ്പില്‍ സദാ അഗ്നി ജ്വലിപ്പിച്ചിരുന്നതായി കരുതപ്പെടുന്നു. തൊട്ടടുത്തായി ഒരു ഭോജനസത്‌കാരശാല ഉണ്ടായിരുന്നു. ഇവിടെയാണ്‌ ഒളിമ്പിക്‌ ജേതാക്കള്‍ക്ക്‌ വിരുന്നു നല്‌കിപ്പോന്നത്‌. സത്‌കാരശാലയ്‌ക്കു മുമ്പില്‍ അര്‍ധവൃത്താകാരമായ ഒരു കൂറ്റന്‍ ജലധാരായന്ത്രം ഉണ്ട്‌. ഹെറോഡസ്‌ അറ്റിക്കസ്‌ തന്റെ പത്‌നി രജില്ലയുടെ സ്‌മാരകമായി നിര്‍മിച്ചതായിരുന്നു ഇത്‌. ഇതിന്റെ മുകളിലായി ഹെറോഡസ്സിന്റെയും കുടുംബാംഗങ്ങളുടെയും, റോമന്‍ ചക്രവര്‍ത്തിമാരായ ഹാര്‍ഡിയന്‍, അന്റോണിയസ്‌ പയസ്‌ എന്നിവരുടെയും മറ്റുമായി ഇരുപതുപ്രതിമകള്‍ സ്ഥാപിച്ചിരുന്നു.

പ്രതിധ്വനിമന്ദിരം. പ്രറ്റേനെയോണ്‍ ഒളിമ്പിയയിലെ "ചിത്രാങ്കിത സ്‌തൂപമന്ദിരം' ആണ്‌; ചുവരുകളിലെ ചിത്രങ്ങളാണ്‌ ഈ പേരിനു നിദാനം. എന്നാല്‍ "പ്രതിധ്വനിമന്ദിരം' എന്നാണ്‌ ഇത്‌ പരക്കെ അറിയപ്പെട്ടിരുന്നത്‌. ഒരു വാക്ക്‌ ഉച്ചരിച്ചാല്‍ അത്‌ ഏഴുതവണ പ്രതിധ്വനിക്കുന്ന ഒരു ശബ്‌ദസംവിധാനം ഇതില്‍ ഉണ്ടായിരുന്നുവത്ര. ബി.സി. നാലാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലാണ്‌ ഇതു നിര്‍മിച്ചത്‌. ഇതിന്റെ തറനിരപ്പിനു താഴെയായി ഒരു പുരാതന സ്റ്റേഡിയത്തിന്റെ കവാടം കണ്ടെത്തിയിട്ടുണ്ട്‌. സ്റ്റേഡിയത്തിന്റെ കവാടത്തില്‍ വെങ്കലപ്രതിമകള്‍ സ്ഥാപിച്ചിരുന്നു. ഒളിമ്പിക്‌ കളികളില്‍ നിയമം ലംഘിക്കുന്നവരില്‍നിന്ന്‌ ഈടാക്കിയിരുന്ന പിഴത്തുക ചെലവാക്കിയാണ്‌ ഈ പ്രതിമകള്‍ നിര്‍മിച്ചിരുന്നത്‌. അത്തരം പതിനാറ്‌ പ്രതിമകളുടെ അധിഷ്‌ഠാനം കണ്ടെടുത്തിട്ടുണ്ട്‌. അള്‍ട്ടിസിന്റെ തെക്കുഭാഗത്തായിരുന്നു സഭാമണ്ഡപം. രണ്ടുചെറിയ ഡോറിക്‌ കെട്ടിടങ്ങള്‍ ഇവയ്‌ക്കു നടുവില്‍ ദീര്‍ഘചതുരാകൃതിയിലുള്ള കളിസ്ഥലമായിരുന്നു. കളിസ്ഥലത്തിന്റെ ഒരറ്റത്ത്‌ സ്യൂസ്‌ ഹോര്‍ക്കിയോണിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. ഈ പ്രതിമയെ സാക്ഷിനിര്‍ത്തിയാണ്‌ കളിക്കാര്‍ മത്സരവേളയില്‍ ചതിപ്രയോഗം നടത്തുകയില്ലെന്നു സത്യപ്രതിജ്ഞ ചെയ്‌തിരുന്നത്‌.

അള്‍ട്ടിസിന്റെ ബാഹ്യവലയത്തില്‍ തെക്കുപടിഞ്ഞാറുഭാഗത്ത്‌ ലിയോനിഡയോണ്‍ എന്ന കെട്ടിടം സ്ഥിതിചെയ്‌തിരുന്നു. വിശിഷ്‌ട സന്ദര്‍ശകര്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ട ഒരു വലിയ അതിഥിമന്ദിരം ആയിരുന്നു ഇത്‌. ബി.സി. നാലാം ശതകത്തില്‍ നിര്‍മിച്ച ഈ സൗധം റോമന്‍കാലഘട്ടത്തില്‍ പുതുക്കിപ്പണിയുകയുണ്ടായി. വടക്കുപടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന "പാലെസ്റ്ററാ'യിലാണ്‌ ഗുസ്‌തിക്കാര്‍ക്കും കായികാഭ്യാസികള്‍ക്കും പരിശീലനം നല്‍കിവന്നത്‌. ഒരു കായികാഭ്യാസശാലയും ഇവിടെ ഉണ്ടായിരുന്നു. അള്‍ട്ടിസിന്റെ കിഴക്കുഭാഗത്തായിരുന്നു ഒളിമ്പിക്‌ സ്റ്റേഡിയം. ഇത്‌ ആദ്യകാലത്ത്‌ ക്ഷേത്രത്തില്‍നിന്ന്‌ വേര്‍തിരിക്കപ്പെട്ടിരുന്നില്ല. പാതയുടെ ഒരു അറ്റം ക്ഷേത്രത്തിന്റെ തിരുമുമ്പില്‍ തന്നെ ആയിരുന്നു. ബി.സി. നാലാം ശതകമധ്യത്തോടെയാണ്‌ സ്റ്റേഡിയം കിഴക്കുവടക്കായി മാറ്റിസ്ഥാപിക്കപ്പെട്ടത്‌. കാണികള്‍ക്ക്‌ ഇരിക്കുവാന്‍ പാതയ്‌ക്കുചുറ്റും ചരിവുതലം ഉണ്ടാക്കിയിരുന്നു.

സ്റ്റേഡിയം നിന്നിരുന്ന സ്ഥാനത്തു നടത്തപ്പെട്ട ഉത്‌ഖനനങ്ങളുടെ ഫലമായി നിരവധി വെങ്കല പ്രതിമകളും മറ്റുശില്‌പങ്ങളും ലഭിക്കുകയുണ്ടായി. ഇവയില്‍ ഏറിയ പങ്കും സ്യൂസിന്റെയും ഗ്യാനിമീഡിന്റെയും അര്‍ധകായപ്രതിമകളാണ്‌; ദേവാലയത്തില്‍ കാണിക്കവച്ച ആയുധങ്ങളാണ്‌ മറ്റുള്ളവ. ആധുനിക ഒളിമ്പിക്‌സിന്റെ ഒളിമ്പിക്‌ ഫ്‌ളെയിം കത്തിക്കുന്നത്‌ ഹേരാക്ഷേത്രത്തിലെ ഒരു പാരബോളിക്‌ മീറ്റില്‍ സൂര്യകിരണം പതിച്ചുണ്ടാകുന്ന പ്രതിഫലനത്തില്‍നിന്നാണ്‌. 2004-ല്‍ ഒളിമ്പിക്‌സ്‌ ഏതന്‍സില്‍ നടന്നപ്പോള്‍ ഷോട്ട്‌പുട്ട്‌ മത്സരങ്ങള്‍ അരങ്ങേറിയത്‌ ഒളിമ്പിയ സ്റ്റേഡിയത്തിലാണ്‌. നാലു മുന്‍കാല മുന്‍സിപ്പാലിറ്റികളെ സംയോജിപ്പിച്ചുകൊണ്ട്‌ "ആര്‍ക്കായിയാ ഒളിമ്പിയാ' എന്ന പേരില്‍ ആധുനിക ഒളിമ്പിയാ മുനിസിപ്പാലിറ്റി 2011-ല്‍ രൂപീകരിക്കപ്പെട്ടു. നോ. ഒളിമ്പിക്‌സ്‌; സ്യൂസ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍