This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒലീവ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഒലീവ്
Olive
മിതോഷ്‌ണമേഖലാപ്രദേശങ്ങളില്‍ വളരുന്നതും ഒലിയേസീ സസ്യകുടുംബത്തില്‍ പെട്ടതുമായ ഒരു നിത്യഹരിത വൃക്ഷം. ശാസ്‌ത്രനാമം: ഒലിയ യൂറോപിയ (Oleaeuropea). ഒലീവെണ്ണയെടുക്കുന്നതിനും, ഭക്ഷണമായി ഉപയോഗിക്കുന്നതിനും ആവശ്യമായ ഫലങ്ങള്‍ക്കുവേണ്ടിയാണ് ഈ മരം കൃഷി ചെയ്യുന്നത്. ഒലിയ ജീനസിലെ 30 ലേറെ വരുന്ന ഇതരസ്‌പീഷീസുകള്‍ ഒന്നുംതന്നെ ഭക്ഷ്യയോഗ്യമായ ഫലങ്ങള്‍ ഉത്‌പാദിപ്പിക്കുന്നില്ല.
ഒലീവിന്റെ ജന്മദേശമെന്നു കരുതപ്പെടുന്ന ഏഷ്യാമൈനറില്‍ ചരിത്രാതീതകാലം മുതല്‌ക്കു തന്നെ ഈ വൃക്ഷം കൃഷിചെയ്‌തു വന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. ഏറ്റവും പഴക്കമുള്ള കാര്‍ഷികവിളകളില്‍ ഒന്നാണ് ഒലീവ്. ബൈബിളില്‍ ഇതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ കാണാം. ബി.സി. 3500-ല്‍ ക്രീറ്റ് ദ്വീപുകളില്‍ ഒലീവ് കൃഷിയുണ്ടായിരുന്നുവെന്നതിന് ദൃഷ്‌ടാന്തങ്ങളുണ്ട്. ഹോമറിന്റെ കാലഘട്ടത്തില്‍ (ബി.സി. 900) ഗ്രീസിലെ പേരുകേട്ട ഒരു ആഡംബരവസ്‌തുവായിരുന്നു ഒലീവ് എണ്ണ. ബി.സി. 600 നോടടുപ്പിച്ച് റോമാക്കാരുടെ പ്രധാനവിളകളിലൊന്ന് എന്ന സ്ഥാനം ഒലീവിനുണ്ടായിരുന്നു. കാലക്രമത്തില്‍ മധ്യധരണ്യാഴിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ഇതിന്റെ കൃഷി വ്യാപിച്ചു. ഉത്തര അക്ഷാംശം 30450 ക്ക് ഇടയ്‌ക്കും, ദക്ഷിണ അക്ഷാംശം 30450 ക്ക് ഇടയ്‌ക്കും സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ ഇന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ഒലീവ് കൃഷിചെയ്യപ്പെട്ടു വരുന്നു. ഉഷ്‌ണമേഖലാ രാജ്യങ്ങളില്‍ ഈ മരം നന്നായി വളരുമെങ്കിലും നീണ്ടശീതകാലത്തിന്റെ അഭാവംമൂലം കായ്‌കളുണ്ടാവുകയില്ല.
വ്യാവസായികാടിസ്ഥാനത്തിലുള്ള ഒലീവ് ഉത്‌പാദനത്തില്‍ ഇന്നു മുന്‍പന്തിയില്‍ നില്‌ക്കുന്ന രാജ്യം സ്‌പെയില്‍ (38ശ.മാ.) ആകുന്നു. ഇറ്റലിയും (20 ശ.മാ.) ഗ്രീസും (13 ശ.മാ.) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരിക്കുന്നു. ഒലീവുകൃഷിയുള്ള മറ്റു പ്രധാന രാജ്യങ്ങള്‍ പോര്‍ച്ചുഗല്‍, തുര്‍ക്കി, ടുണീഷ്യ, ഫ്രാന്‍സ്, മൊറോക്കോ, അല്‍ജീരിയ, സിറിയ, യുഗോസ്ലാവിയ, ജോര്‍ഡാന്‍, യു.എസ്., സൈപ്രസ്, ഇസ്രയേല്‍, ആര്‍ജന്റീന എന്നിവയാണ്.
സാവധാനത്തില്‍ വളരുന്ന ഒലീവ്‌മരം ദീര്‍ഘകാലം നിലനില്‌ക്കുന്നു. 1000 വര്‍ഷങ്ങളോളം പ്രായമുള്ള ഒലീവ് മരങ്ങളുണ്ട്. 4-15 മീ. വരെ ഉയരത്തില്‍ ഇടതൂര്‍ന്ന പച്ചിലച്ചാര്‍ത്തോടുകൂടി വളരുന്ന ഒലീവ് വൃക്ഷം കാഴ്‌ചയ്‌ക്കു മനോഹരമാണ്. പ്രായം ചെല്ലുമ്പോള്‍ തടിയില്‍ ചാലുപോലുള്ള വിള്ളലുകളുണ്ടാകുന്നു. കട്ടിയുള്ളതും നീണ്ടു കൂര്‍ത്തതുമായ ഇലകള്‍ സമ്മുഖമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലയുടെ മുകള്‍ ഭാഗത്തിന് കടും പച്ചനിറമാണ്; അടിവശം വെളുത്ത് തിളക്കമുള്ളതും. വസന്തകാലാന്ത്യത്തോടെ മരം പൂവണിയുന്നു. പത്രകക്ഷ്യങ്ങളില്‍(leaf axils) കാണുന്ന ഓരോ പൂങ്കുലയിലും തീരെ ചെറിയ 10-20 വെള്ളപ്പൂക്കള്‍ ഉണ്ടായിരിക്കും. രണ്ടുതരം പൂക്കളുണ്ട്; കേസരങ്ങളും ജനിയുമടങ്ങുന്ന ദ്വിലിംഗ പുഷ്‌പങ്ങള്‍; ഇവ വികാസം പ്രാപിച്ച് ഫലങ്ങളുണ്ടാവുന്നു. കേസരപുടം മാത്രമുള്ള ആണ്‍പൂക്കളാണ് രണ്ടാമത്തെയിനം. കാറ്റുമൂലമാണ് പരാഗണം സംഭവിക്കുന്നത്. 40-65 ശതമാനം എണ്ണ അടങ്ങിയിട്ടുള്ള ആമ്രകമാണ് ഫലം. ജലസേചനം, വളപ്രയോഗം എന്നിവയ്‌ക്കനുസൃതമായി ഫലോത്‌പാദനത്തില്‍ ഗണ്യമായ വ്യതിയാനം സംഭവിക്കാറുണ്ട്. 4-8 വര്‍ഷം പ്രായമെത്തുന്നതോടെ ഒലീവ് കായ്‌ച്ചു തുടങ്ങുമെങ്കിലും 15-20 വര്‍ഷം കൊണ്ടേ ശരിയായ വിളവു ലഭിച്ചു തുടങ്ങുകയുള്ളൂ.
ശരത്‌കാലാഗമത്തോടെ കടുംപച്ചനിറം മാറി ചുവപ്പുനിറമാകുന്ന കായ്‌കളില്‍ നിന്ന് അച്ചാറുണ്ടാക്കുന്നതിനാവശ്യമായവ പറിച്ചെടുക്കുന്നു. കായ്‌കളില്‍ കയ്‌പേറിയ ഒരു ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുള്ളതിനാല്‍ നേര്‍ത്ത സോഡിയം ഹൈഡ്രാക്‌സൈഡ് ലായനി ഉപയോഗിച്ച് നിര്‍വീര്യമാക്കിയതിനു (neutralise) ശേഷമേ ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുള്ളൂ. ശിശിരകാലത്ത് കായ്‌കള്‍ പാകമായി കറുപ്പു നിറമാകുന്നതോടെ എണ്ണയ്‌ക്കുവേണ്ടി വിളവെടുക്കാം. ഹൈഡ്രാളിക് പ്രസ് ഉപയോഗിച്ച് എണ്ണ ആട്ടിയെടുക്കുന്നു.
മിഷന്‍, പിക്വാല്‍, കൊറീജിയോളോ, ലെക്‌സിനോ, കെമാലി എന്നിവ എണ്ണയ്‌ക്കു വേണ്ടി കലഷിചെയ്യപ്പെടുന്നമേല്‍ത്തരം ഒലീവിനങ്ങളാണ്. മന്‍ഡാനിലോ, സെവില്ലാനോ, അസ്‌കൊലാനോ, കാരിഡോളിയ മുതലായ ഇനങ്ങള്‍ ഭക്ഷണത്തിനുള്ള കായ്‌കള്‍ക്കു വേണ്ടിയാണ് കൃഷി ചെയ്യുന്നത്. വിത്തു പാകി മുളപ്പിച്ചുണ്ടാക്കുന്ന ഒലീവ് തൈകള്‍ അഭികാമ്യമായ നൈസര്‍ഗിക സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക സാധാരണമാണ്. തന്മൂലം ചെറുകമ്പുകള്‍ മുറിച്ചുനടുക, ഒട്ടുവയ്‌ക്കുക എന്നീ രീതികള്‍ അവലംബിച്ച് പുതിയ സസ്യങ്ങള്‍ ഉത്‌പാദിപ്പിക്കുകയാണ് പതിവ്.
മെഡിറ്ററേനിയന്‍ ഭാഗത്തെ ഒലീവ് മരങ്ങളെ മാത്രം ബാധിക്കുന്ന ഒലീവ് ഈച്ചകള്‍ (Dacus Oleae) വിളവില്‍ സാരമായ കുറവുണ്ടാക്കുന്നു. ബ്ലാക്‌സ്‌കെയില്‍, ഒലീവ് സ്‌കെയില്‍ എന്നീ രോഗങ്ങള്‍ ഒലീവ് കൃഷിക്ക് ഭീഷണിയാണ്. ചിലയിനം ബാക്‌റ്റീരിയകള്‍ മൂലമുണ്ടാകുന്ന "ഒലീവ് നട്ട്' എന്ന രോഗവും അവയ്‌ക്കു മാരകമാകുന്നു.
ഒലീവ് എണ്ണ. ഒലീവ് മരത്തിന്റെ ഫലത്തില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന എണ്ണ. രണ്ടോ അതില്‍ കൂടുതലോ തവണകളായിട്ടാണ് ഫലത്തില്‍ നിന്ന് എണ്ണ ആട്ടിയെടുക്കുന്നത്. ആദ്യം ആട്ടിക്കിട്ടുന്ന എണ്ണയെ "വെര്‍ജിന്‍ ഓയില്‍' എന്നുപറയാറുണ്ട്. ഇത് ഏറ്റവും ഗുണമുള്ളതായിരിക്കും. ഫലം ആട്ടിയാല്‍, എണ്ണയും ഫലരസവുമടങ്ങിയ ഒരു മിശ്രിതമാണു ലഭിക്കുക. ഇതില്‍നിന്ന് എണ്ണ വേര്‍തിരിച്ചെടുക്കുന്നു (ഇങ്ങനെ കിട്ടുന്ന എണ്ണ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം). അവശിഷ്‌ടമായ പിണ്ണാക്കില്‍ നിന്ന് ബാക്കിയുള്ള എണ്ണ മുഴുവന്‍ കിട്ടുവാനായി ലായകങ്ങള്‍ (solvents) ഉപയോഗിച്ചുള്ള നിഷ്‌കര്‍ഷണം(extraction)നടത്തുന്നു. ഇപ്രകാരം ലഭിക്കുന്ന എണ്ണ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല.
ഒലീവ് എണ്ണയ്‌ക്കു മഞ്ഞയോ നേരിയ പച്ചയോ നിറമുണ്ടായിരിക്കും. സാധാരണ താപനിലകളില്‍ ദ്രവാവസ്ഥയും വായുസമ്പര്‍ക്കത്തില്‍ കേടുവരാതിരിക്കലും ഈ എണ്ണയുടെ സവിശേഷതകളാണ്. ഭക്ഷ്യാവശ്യങ്ങള്‍ക്കാണ് ഇതു മുഖ്യമായും ഉപയോഗിക്കപ്പെടുന്നത്. ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷ്യസംരക്ഷണ(preservation of food)ത്തിനും ഇതു നല്ലതാണ്; ഔഷധമായും ഉപയോഗിക്കുന്നുണ്ട്. സ്‌നേഹനം (Lubrication), സോപ്പുനിര്‍മാണം എന്നീ രംഗങ്ങളിലും ഇതിന്റെ പ്രയോജനം വിപുലമാണ്. ഭക്ഷ്യാവശ്യങ്ങള്‍ക്കുപയോഗിക്കാത്ത രണ്ടാംതരം എണ്ണയാണ് ഒടുവില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിനിയുക്തമാക്കുന്നത്. ഇതര സസ്യ-എണ്ണകളെ അപേക്ഷിച്ച് ഒലീവ് എണ്ണയ്‌ക്കു വില കൂടുതലാണ്.
ഒലീവ് എണ്ണയിലെ മുഖ്യമായ കൊഴുപ്പമ്ലഘടകം ഒലിയിക് ആസിഡ് (74ശ.മാ.)ആണ്. ഇതു കൂടാതെ പാല്‍മിറ്റിക് ആസിഡ് (14 ശ.മാ.), സ്റ്റിയറിക് ആസിഡ് (3 ശ.മാ.), ലിനൊലിയിക് ആസിഡ് (7 ശ.മാ.) എന്നിവയുമുണ്ട്. ഈ അമ്ലങ്ങളുടെയെല്ലാം കൂടിയ ഗ്ലിസറൈഡുകളാണ് ഒലീവ് എണ്ണയിലുള്ളത്.
(ഡോ. പി.എസ്. രാമന്‍; സ.പ.)