This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒലിയേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒലിയേസീ

Oleaceae

ദ്വിബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബം. 24 ജീനസ്സുകളും 600-ലേറെ സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബത്തിലെ ചെടികള്‍ മിതോഷ്‌ണമേഖലയിലും ഉഷ്‌ണമേഖലയിലും കാണപ്പെടുന്നു; പ്രതേ്യകിച്ചും ഈസ്റ്റ്‌ ഇന്‍ഡീസ്‌, പൂര്‍വേഷ്യ എന്നിവിടങ്ങളില്‍ 10 സ്‌പീഷീസുകളുടെ ജന്മഭൂമി വടക്കേ അമേരിക്കയാണ്‌. ഈ കുടുംബത്തില്‍പ്പെടുന്ന ചില ഫോസില്‍ സ്‌പീഷീസുകളെക്കുറിച്ചും അറിവുലഭിച്ചിട്ടുണ്ട്‌. നാലുവീതമുള്ള പുഷ്‌പഭാഗങ്ങള്‍, രണ്ടു കേസരങ്ങള്‍, ഊര്‍ധ്വസ്ഥിതമായ അണ്ഡാശയം എന്നിവയാണ്‌ ഈ കുടുംബത്തിന്റെ സവിശേഷതകള്‍.

വൃക്ഷങ്ങളും കുറ്റിച്ചെടികളും ചില വള്ളിച്ചെടികളും ആണ്‌ ഈ കുടുംബത്തിലുള്ളത്‌. ഇലകള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. പൂക്കള്‍ സാധാരണയായി ദ്വിലിംഗികളാണെങ്കിലും ഏകലിംഗ പുഷ്‌പങ്ങളോടുകൂടിയ ചെടികളും വിരളമല്ല. പൂക്കള്‍ കുലകളായി കാണപ്പെടുന്നു. സാധാരണയായി നാലു വിദളങ്ങള്‍ (petals) കാണാം; മുല്ലയില്‍ ഇവയുടെ എണ്ണം 5 ആണ്‌. ഫ്രാക്‌സിനസ്‌ സ്‌പീഷീസുകള്‍ക്ക്‌ വിദളപുടമേയില്ല. നാലു ദളങ്ങള്‍ ചേര്‍ന്ന സംയുക്ത ദളപുടമാണ്‌ ഈ കുടുംബത്തിന്റെ സവിശേഷതയെങ്കിലും അപൂര്‍വമായി പൂക്കളില്‍ 6-12 ദളങ്ങള്‍ വരെ കാണാറുണ്ട്‌. പുക്കളില്‍ സാധാരണയായി രണ്ടു കേസരങ്ങള്‍ കണ്ടുവരുന്നു. ഇവയുടെ തന്തുക്കള്‍ (filaments) ചെറുതാണ്‌. അണ്ഡാശയം ഊര്‍ധ്വമാണ്‌; രണ്ട്‌ അറകളുള്ള അണ്ഡാശയത്തില്‍ ഓരോ അറയിലും രണ്ടു ബീജാണ്ഡം വീതം ഉണ്ടായിരിക്കും. ഫലം ആ്രമകമോ (drupe) ബെറിയോ സമ്പുടമോ (capsule) ആകാം. കായ്‌കള്‍ക്കുള്ളില്‍ മൂന്നോ നാലോ വിത്തുണ്ടാകും; വിത്തിനുള്ളില്‍ ചിലപ്പോള്‍ ബീജാന്നവും.

ഈ കുടുംബത്തില്‍പ്പെട്ട ഒലീവുമരം വളരെ സാമ്പത്തികപ്രാധാന്യമര്‍ഹിക്കുന്നു. അതിന്റെ ഫലം ആട്ടിയെടുക്കുന്ന എണ്ണ, ആഹാരം പാകം ചെയ്യാനും, സൗന്ദര്യസംവര്‍ധക വസ്‌തുക്കള്‍, ഔഷധങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ഒലീവ്‌ മരത്തിന്റെ തടി വിലപിടിപ്പുള്ളതാണ്‌. പ്രസ്‌തുത കുടുംബത്തിലെ അംഗമായ ആഷ്‌മരത്തിന്റെ തടിക്കും സാമ്പത്തിക പ്രാമുഖ്യമുണ്ട്‌.

സൗന്ദര്യവും സൗരഭ്യവുമുള്ള പൂക്കളുതിര്‍ക്കുന്ന പിച്ചി, മുല്ല (Jasminum) തുടങ്ങിയ ഈ കുടുംബത്തിലെ വള്ളിച്ചെടികള്‍ പൂന്തോട്ടങ്ങളില്‍ സര്‍വസാധാരണമാണ്‌. ഇതില്‍ കുടമുല്ല (Jasmi-num sambac)യ്‌ക്കാണ്‌ ഏറ്റവും പ്രാധാന്യം. ചൈനയില്‍ ഓസ്‌മാന്തസ്‌ ഫ്രാഗ്രന്‍സ്‌ എന്ന ചെടിയുടെ പൂക്കള്‍ ചായയ്‌ക്ക്‌ സുഗന്ധം നല്‌കാന്‍ ഉപയോഗിക്കുന്നു. ഫ്രിഞ്ച്‌ട്രീ (Chionanthus), ഗോള്‍ഡന്‍ ബെല്‍ (Forsythia), ആഷ്‌ (Fraxinus), ഡെവിള്‍വുഡ്‌ (Osmanthus), ലിലാക്‌ (Syringa) തുടങ്ങിയ ഈ കുടുംബത്തിലെ ചെടികള്‍ വടക്കേ അമേരിക്കയില്‍ കൃഷി ചെയ്യപ്പെടുന്നു. നോ. ഒലിവ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%B2%E0%B4%BF%E0%B4%AF%E0%B5%87%E0%B4%B8%E0%B5%80" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍