This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒലിഗോസീന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഒലിഗോസീന്‍
Oligocene
ഭൗമായുസ്സിലെ ഒരു യുഗം; 360 ലക്ഷം ആണ്ടുകള്‍ക്കു മുമ്പാരംഭിച്ച് 150 ലക്ഷം വര്‍ഷങ്ങള്‍ ഇതു നീണ്ടുനിന്നതായി കണക്കാക്കപ്പെടുന്നു. സീനോസോയിക് മഹാകല്‌പത്തിലെ ടെര്‍ഷ്യറി കല്‌പത്തില്‍ പഴക്കംകൊണ്ടു മൂന്നാമതു നില്‌ക്കുന്ന യുഗമാണ് ഒലിഗോസീന്‍. പാലിയോസീന്‍, ഇയോസീന്‍ എന്നീ യുഗങ്ങളെത്തുടര്‍ന്ന് ഒലിഗോസീന്‍യുഗവും അതിനുശേഷം മയോസീന്‍ യുഗവും നിലവിലിരുന്നു. ഇയോസീന്‍-ഒലിഗോസീന്‍ യുഗങ്ങളെ കൂട്ടായി പാലിയോജീന്‍ എന്നും വ്യവഹരിക്കാറുണ്ട്. വന്‍കരകള്‍ മൊത്തത്തിലുള്ള പ്രാത്ഥാന(upheavel)ത്തിനു വിധേയമാവുകയും തത്‌ഫലമായി സമുദ്രങ്ങള്‍ പിന്‍വാങ്ങുകയും ചെയ്‌ത യുഗമാണ് ഒലിഗോസീന്‍. ഇക്കാരണത്താല്‍ അന്നത്തെ വന്‍കരകളുടെ അഗ്രങ്ങളിലാണ് ഒലിഗോസീന്‍ ശിലാവ്യൂഹങ്ങള്‍ കാണപ്പെടുന്നത്. ഇവ ഒട്ടുമുക്കാലും ആഴംകുറഞ്ഞ സമുദ്രങ്ങളുടെ അടിത്തറകളായിരുന്നു. വന്‍കരകള്‍ ഉയര്‍ന്നുപൊങ്ങിയതുമൂലം അപരദനം അധികരിക്കയാല്‍ ഒലിഗോസീന്‍ നിക്ഷേപങ്ങളിലെ ഏറിയഭാഗവും കാര്‍ന്നെടുക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തന്മൂലം ഇവയ്‌ക്ക് സാര്‍വലൗകികമായ ഒരു പ്രായപരിധി തിട്ടപ്പെടുത്താന്‍ ഭൂവിജ്ഞാനികള്‍ക്കു കഴിഞ്ഞിട്ടില്ല.
ഒലിഗോസീന്‍ ശിലാവ്യൂഹങ്ങളുടെ ഏറ്റവും നല്ല മാതൃക ഫ്രാന്‍സില്‍ പാരിസിനു സമീപമാണുള്ളത്; ഈ യുഗത്തില്‍ രൂപംകൊണ്ട ശിലാപടലങ്ങളില്‍ ഏറ്റവും കൂടുതല്‍ കനമുള്ളവ ഇറ്റലിയിലുമാണ്. തെക്കേ അമേരിക്ക, യു.എസ്., ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലൊക്കെ ജീവാശ്‌മ സമ്പുഷ്‌ടമായ ഒലിഗോസീന്‍ ശിലാക്രമങ്ങള്‍ പ്രസ്‌പഷ്‌ടമായുണ്ട്. ഈജിപ്‌തിലെ ഫയൂം നിക്ഷേപങ്ങള്‍ പുരാമാനവവിജ്ഞാന (Paleo-anthropology) പരമായി പ്രാധാന്യമര്‍ഹിക്കുന്നു; ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഒലിഗോസീന്‍ വ്യൂഹങ്ങള്‍ ടെര്‍ഷ്യറി കല്‌പത്തിലേതായ ശിലാക്രമങ്ങളില്‍ പഴക്കമേറിയതാണ്; ഏഷ്യയില്‍ മംഗോളിയയിലാണ് തികച്ചും പരിരക്ഷിതമായ നിലയില്‍ ഉള്ളത്. ഊലാന്‍ ഗോഷു, സന്‍ഡഗോള്‍ എന്നിവിടങ്ങളിലെ ഒലിഗോസീന്‍ ശിലാക്രമങ്ങള്‍ ഇത്തരത്തില്‍പ്പെട്ടവയാണ്. ഇന്ത്യയില്‍ ഈ യുഗത്തിനു നാമമാത്രമായ പ്രാതിനിധ്യമേ ഉള്ളൂ.
ലൈയലിന്റെ നാമപദ്ധതിയിലെ പൂര്‍വ ഇയോസീന്‍, ഉത്തരമയോസീന്‍ എന്നിവയ്‌ക്കിടയ്‌ക്കുള്ള വ്യതിരിക്തഘട്ടത്തെ സൂചിപ്പിക്കുവാന്‍ 1854-ല്‍ ഏണസ്റ്റ് ഫൊണ്‍ ബെയ്‌റിക്ക് ആണ് ഒലിഗോസീന്‍ എന്ന സംജ്ഞ ഉപയോഗിച്ചത്. പില്‌ക്കാലത്ത് ഒലിഗോസീന്‍ യുഗം മൂന്നു കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടു.
ഒലിഗോസീന്‍ ശിലകളില്‍ കാണുന്ന പ്രമുഖ ഇനം ജീവാശ്‌മം ഫൊറാമിനിഫെറ വിഭാഗത്തില്‍പ്പെട്ട സമുദ്രജീവികളുടേതാണ്. ഇന്ത്യയിലെ ഒലിഗോസീന്‍ക്രമങ്ങളില്‍ ലെപിഡോസൈക്ലിന (Lepidocyclina) എന്ന ജീനസ് സൂചകജീവാശ്‌മമായി വര്‍ത്തിക്കുന്നു. കരയിലും വെള്ളത്തിലും വസിച്ചിരുന്ന കശേരുകികളും അകശേരുകികളും ആയ ജന്തുക്കളുടെയും സസ്യങ്ങളുടെയും ജീവാശ്‌മങ്ങള്‍ ഒലിഗോസീന്‍ ശിലകള്‍ ധാരാളമായി ഉള്‍ക്കൊണ്ടുകാണുന്നു. ശുദ്ധജലജീവികളും ലവണജലജീവികളും ഉണ്ടായിരുന്നു. മത്സ്യങ്ങളും കടല്‍ജീവികളായ അകശേരുകികളും ഇയോസീന്‍ യുഗത്തിലെ ജീവികളോട് ഒട്ടൊക്കെ സാദൃശ്യമുള്ളവയായിരുന്നു. കരയില്‍ ജീവിച്ചുപോന്ന ക്രിയോഡോണ്‍ട എന്നയിനം അസ്‌തമിതമായി; അതില്‍ നിന്നും പട്ടി, പൂച്ച തുടങ്ങി യഥാര്‍ഥ മാംസഭുക്കുകളായ സസ്‌തനികള്‍ പരിണമിച്ചു. രാക്ഷസപ്പന്നി (Archaetherium), പ്രാക്കാല ഒട്ടകം (Poebrotheruim), ആദിമാശ്വം (Mesohippus), ഓട്ടക്കാരനായ കൂറ്റന്‍ കാണ്ടാമൃഗം (Hyracodon), പ്രാചീന മഹാഗജം (Mastodon), വളഞ്ഞ ദംഷ്‌ട്രകളുള്ള(Sabre toothed)യിനം പൂച്ച (Hoplophoneus)എന്നിവയാണ് ഒലിഗോസീന്‍ യുഗത്തിലെ മുഖ്യ സസ്‌തനികള്‍. പൂര്‍വ-പശ്ചിമ അര്‍ധഗോളങ്ങളില്‍ വിവിധയിനം വാനരന്മാരും ആള്‍ക്കുരങ്ങുകളും ഒലിഗോസീന്‍ യുഗത്തില്‍ ഉദ്‌ഭൂതമായി. നരവാനരഗണം (Primates)ഈ യുഗത്തില്‍ നിര്‍ണായകമായ പരിണാമദശകള്‍ പിന്നിടുകയുണ്ടായി.
ഭൂപ്രകൃതി. ഒലിഗോസീന്‍ യുഗത്തില്‍ ദക്ഷിണ ധ്രുവമേഖലയിലെ തീവ്രമായ ഹിമാതിക്രമണം സമുദ്രജലത്തിന്റെ വ്യാപ്‌തിയില്‍ സാരമായ കുറവുണ്ടാക്കുകമൂലം ആഗോളവ്യാപകമായി സമുദ്രം പിന്‍വാങ്ങുകയുണ്ടായി; അക്കാലത്തെ അന്തരീക്ഷശീതളനം ഈ നിഗമനത്തിനു താങ്ങായി വര്‍ത്തിക്കുന്നു. വ്യാപകവും തീക്ഷ്‌ണവുമായ ഭൂചലനവും പര്‍വതനവും കരഭാഗത്തിന്റെ വിസ്‌തൃതിയും ഉച്ചാവചവും ഗണ്യമായി വര്‍ധിക്കുന്നതിനു നിദാനമായി. ഒലിഗോസീനിന്റെ ആദ്യപാദത്തില്‍ അന്യോന്യം ബന്ധപ്പെട്ടു കിടന്നിരുന്ന ഉത്തരാര്‍ധഗോളത്തിലെ വന്‍കരകള്‍, പ്രസ്‌തുത യുഗാവസാനത്തോടെ വേര്‍പിരിഞ്ഞിരിക്കാമെന്നു കരുതേണ്ടിയിരിക്കുന്നു. ഏഷ്യയ്‌ക്ക് യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ വന്‍കരകളോട് സ്വഭാവപരമായ അടുപ്പമുണ്ടെങ്കിലും യൂറോപ്പിനോട് സാദൃശ്യം കൂടുതലാണ്. വടക്കും തെക്കും അര്‍ധഗോളങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടുകിടന്നിരുന്നുവെന്നു തീര്‍ത്തു പറയാന്‍ വയ്യ. പൂര്‍വ ഇയോസീനില്‍ തെക്കും വടക്കും അമേരിക്കയ്‌ക്കകള്‍ക്കിടയ്‌ക്കുള്ള പനാമാപ്രദേശം കടലിലാണ്ടുപോവുകയാല്‍, തെക്കേ അമേരിക്ക ഉദ്ദേശം നാലു കോടി വര്‍ഷങ്ങളോളം വേര്‍പിരിഞ്ഞു കിടക്കുകയായിരുന്നുവെന്നതിന് ഈ വന്‍കരയിലെ അന്യാദൃശമായ സസ്‌തനിവര്‍ഗങ്ങള്‍ തെളിവുനല്‍കുന്നു. ആഴക്കടല്‍ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് അന്റാര്‍ട്ടിക്ക നാലു കോടി വര്‍ഷങ്ങളായി ഹിമാവൃതമായിരുന്നുവെന്നാണ്; അന്റാര്‍ട്ടിക്കയില്‍ നിന്നു ടാസ്‌മേനിയ പൂര്‍ണമായും വേര്‍പെട്ടത് മൂന്നു കോടി വര്‍ഷംമുമ്പ് മധ്യഒലിഗോസീനിലായിരുന്നു. ഈ വിസ്ഥാപനമാണ് അന്റാര്‍ട്ടിക് മേഖലയെ ചൂഴ്‌ന്നുള്ള സമുദ്രജലപ്രവാഹത്തിനു ഹേതുവായത്. അന്റാര്‍ട്ടിക് പ്രവാഹം എല്ലാ സമുദ്രങ്ങളിലേയും ജലപിണ്ഡങ്ങളെ പരസ്‌പരം കൂട്ടിക്കലര്‍ത്തുന്നതിനാല്‍ ആഗോളതാപവിതരണത്തില്‍ വലുതായ സ്വാധീനത ചെലുത്തുന്നു. ഇന്നത്തെ യൂറേഷ്യയുടെ ഏറിയഭാഗവും പ്രാക്കാലത്ത് ആഴംകുറഞ്ഞ സമുദ്രമായിരുന്നു. ടെഥിസ് എന്നുവിളിക്കപ്പെടുന്ന ഈ സമുദ്രത്തിലെ അവസാദങ്ങള്‍ പ്രാത്ഥാന വിധേയമായി മടങ്ങി ഒടിഞ്ഞ് ഉയര്‍ത്തപ്പെട്ടാണ് ഇന്നത്തെ ആല്‍പ്‌സ്-ഹിമാലയ ശൃംഖല ഉടലെടുത്തിട്ടുള്ളത്. ഒലിഗോസീന്‍ കാലത്ത് ഈ പര്‍വതനപ്രക്രമം സജീവമായി തുടര്‍ന്നിരുന്നു. ഈ യുഗത്തില്‍ മഡഗാസ്‌കര്‍ ദ്വീപ് ആഫ്രിക്കയുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത്. ഇന്നത്തെ ജര്‍മനി ഉള്‍പ്പെടെയുള്ള ഉത്തര യൂറോപ്യന്‍ ഭാഗങ്ങള്‍ ഒലിഗോസീന്‍ കാലത്ത് ഉഷ്‌ണകാലാവസ്ഥ അനുഭവപ്പെട്ടിരുന്ന ചതുപ്പുപ്രദേശങ്ങളായിരുന്നിരിക്കണമെന്നാണ് ഇവിടങ്ങളിലുള്ള ലിഗ്നൈറ്റ് നിക്ഷേപങ്ങള്‍ സൂചിപ്പിക്കുന്നത്. ഏഷ്യയെ സംബന്ധിച്ചിടത്തോളം തൈലഭൃതപടലങ്ങളില്‍ അധികവും ഒലിഗോസീന്‍യുഗം കൂടി ഉള്‍പ്പെടുന്ന ജൂറാസിക് മുതല്‍ മയോസീന്‍ വരെയുള്ള കാലഘട്ടത്തിലാണ് ആവിര്‍ഭവിച്ചിട്ടുള്ളതെന്നു കാണാം.
കാലാവസ്ഥ. വന്‍കരഭാഗങ്ങളുടെ ഉന്നതിവര്‍ധനവ് താപനില സമീകൃതമാകുന്നതിനും കാലാവസ്ഥ സുഖപ്രദമാകുന്നതിനും ഹേതുകമായി. ഐസോടോപ്പുകളെ ആധാരമാക്കിയുള്ള പ്രസക്ത പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒലിഗോസീന്‍ രണ്ടുപ്രാവശ്യമെങ്കിലും അന്തരീക്ഷം മൊത്തത്തിലുള്ള താപക്കുറവിനു വിധേയമായി എന്നാണ്. ഭൂമിശാസ്‌ത്രപരവും കാലാവസ്ഥാപരവും ജീവശാസ്‌ത്രപരവുമായി നിരവധി പരിവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചുവെന്ന് ഇതു സൂചിപ്പിക്കുന്നു. ഇവയില്‍ 380 ലക്ഷം വര്‍ഷം മുമ്പുണ്ടായ ആദ്യത്തെ ശീതളനം ഇയോസീനില്‍നിന്ന് ഒലിഗോസീനിലേക്കുള്ള യുഗപരിണാമത്തിനു ഹേതുവായി. രണ്ടാമത്തേത് മധ്യഒലിഗോസീനില്‍ 360-320 ലക്ഷം വര്‍ഷംമുമ്പ് സംഭവിച്ചു. സമശീതോഷ്‌ണ സമുദ്രങ്ങളില്‍ മാത്രം ജീവക്കാനാവുന്ന പ്ലവകങ്ങളുടെ മധ്യരേഖാദിശയിലുള്ള അതിക്രമണമാണ് അന്തരീക്ഷശീതളനത്തിന്റെ സൂചകം; ഉഷ്‌ണമേഖലയുടെ വ്യാപ്‌തി ചുരുങ്ങിയിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ടെഥിസ് മേഖലയില്‍ അക്കാലത്ത് ഉഷ്‌ണകാലാവസ്ഥയാണുണ്ടായിരുന്നത്. ഏഷ്യയില്‍ പൊതുവേ ഉഷ്‌ണ-ഉപോഷ്‌ണ കാലാവസ്ഥകള്‍ നിലവിലിരുന്നു. യൂറോപ്പ് മേഖലയില്‍ താരതമ്യേന ശൈത്യക്കൂടുതല്‍ അനുഭവപ്പെടുകയും ചെയ്‌തു. താപനില കുറഞ്ഞത് പൊതുവേ സസ്യവളര്‍ച്ചയുടെ മുരടിപ്പിന് കാരണമായി. തന്മൂലം വനങ്ങളുടെ വിസ്‌തൃതി കുറയുകയും പുല്‍മേടുകളുടെ വ്യാപ്‌തി വര്‍ധിക്കുകയും ചെയ്‌തു. ഒലിഗോസീന്‍ ശിലാക്രമങ്ങളുടെ കനവും സ്വഭാവവിശേഷങ്ങളും പാര്‍ശ്വികതലത്തില്‍ പൊടുന്നനെ വ്യത്യാസപ്പെടുന്നു. സമുദ്രാവസാദങ്ങളും സ്ഥലീയ നിക്ഷേപങ്ങളും ഇടകലര്‍ന്നു കിടക്കുന്നു. ഈ പ്രതിഭാസങ്ങള്‍ ആഗോള വ്യാപകമാണ്. ജീവജാലം. വന്‍കരകളുടെ അധികവ്യാപ്‌തിയും കാലാവസ്ഥയുടെ ആനുകൂല്യവും കര ജീവികളുടെ എണ്ണം, ഇനം എന്നിവ വര്‍ധിക്കുന്നതിനു കാരണമായി. ടെര്‍ഷ്യറികല്‌പത്തിന്റെ ആദ്യപാദത്തിലുള്ള ജീവജാലം ആധുനിക ജീവജാലമായി പരിണമിച്ചതിലെ പല പ്രധാനദശകളും പിന്നിട്ടത് ഒലിഗോസീന്‍ യുഗത്തിലായിരുന്നു. മ്യാന്മര്‍, യു.എസ്സിലെ ടെക്‌സാസ്, ഈജിപ്‌തിലെ ഫയൂം എന്നിവിടങ്ങളിലെ ഒലിഗോസീന്‍ ജീവാശ്‌മങ്ങളില്‍ നിന്നാണ് നരവാനരഗണത്തിന്റെ പരിണാമ ദശകള്‍ കൂടുതല്‍ വ്യക്തമായിട്ടുള്ളത്. ഫയൂം നിക്ഷേപങ്ങള്‍ പരിണാമത്തിന്റെ ആദ്യദശയില്‍പ്പെട്ട നരപൂര്‍വിക വാന(Anthropoid)രന്മാരെക്കുറിച്ച് അറിവു നല്‍കി. വിവിധ ജീനസ്സുകളില്‍പ്പെട്ട കുരങ്ങുകളെയും ആള്‍ക്കുരങ്ങുകളെയും സംബന്ധിച്ചുമാത്രമല്ല ആദിമനുഷ്യരെക്കുറിച്ചും പ്രാധാന്യമര്‍ഹിക്കുന്ന നിഗമനങ്ങളിലെത്തിച്ചേരാന്‍ ഫയൂമിലെ ജീവാശ്‌മങ്ങള്‍ വഴിതെളിച്ചു. ഇവയെ ആധാരമാക്കിയുള്ള, നരവാനരഗണത്തിന്റെ പരിണാമപുനഃസംവിധാനത്തില്‍ കുരങ്ങുകള്‍ (Parapethecus, Apedium തുടങ്ങിയവ), ആള്‍ക്കുരങ്ങുകള്‍ (Aelopithecus, Aegyptopithecus തുടങ്ങിയവ), പ്രാപ്ലിയോപിതിക്കസ് (Pre-Anthropoid Ape) എന്നിവ ഉള്‍പ്പെടുന്നു. ഇയോസീനിന്റെ അന്ത്യത്തിലോ ഒലിഗോസീനിന്റെ ആരംഭത്തിലോ ആണ് നരപൂര്‍വികവാനരന്മാര്‍ ഉണ്ടായതെന്നു കരുതപ്പെടുന്നു. ഇവയോടു സാദൃശ്യം പുലര്‍ത്തിപ്പോന്നവയും ഇയോസീന്‍ യുഗത്തില്‍ ഉരുത്തിരിഞ്ഞവയുമായ ടാര്‍സിഡ് എന്ന ചെറു ജീവികളാണ് ത്രിമാന വീക്ഷണശക്തി ഉണ്ടായിരുന്ന ആദ്യത്തെ നരവാനരഗണം. നീണ്ട വാലുള്ള സിബോയ്‌ഡ് (Ceboid), സെര്‍ബോപിതിക്കോയ്‌ഡ് തുടങ്ങിയയിനം വാനരന്മാരും ഒലിഗോസീനില്‍ ധാരാളമുണ്ടായിരുന്നു. മനുഷ്യന് ഏഴുകോടി വര്‍ഷത്തെ പരിണാമചരിത്രം തനതായുണ്ടെങ്കിലും ഉദ്ദേശം മൂന്നരക്കോടി ആണ്ടുകള്‍ക്കു മുമ്പ് ഒലിഗോസീനിന്റെ ആരംഭത്തോടെയാണ് നരപൂര്‍വികരായ ഹോമിനോയ്‌ഡുകള്‍ ആവിര്‍ഭവിച്ചത്. കുറുകിയ വാലുള്ള ഇവയ്‌ക്ക് വികസിച്ച മസ്‌തിഷ്‌കമുണ്ടായിരുന്നു. ഫയൂം ജീവാശ്‌മങ്ങളില്‍പ്പെട്ട പാരാപിതിക്കസ്, പ്രാപ്ലിയോപിതിക്കസ് തുടങ്ങിയ ജീനസ്സുകളാണ് ഏറ്റവും പൂര്‍വികരായ ഹോമിനോയ്‌ഡുകള്‍. ഇവ പരിണമിച്ചുണ്ടായ ഹോമിനിഡേ(Hominidae), പോന്‍ഗിഡേ (Pongidae) എന്നീ വിഭാഗങ്ങളില്‍, ആദ്യത്തേതില്‍ നിന്നു മനുഷ്യനും രണ്ടാമത്തേതില്‍ നിന്നു ഗൊറില്ല, ചിമ്പന്‍സി, ഒറാങ്-ഊട്ടാന്‍ തുടങ്ങിയ വാനരഗണങ്ങളും ഉരുത്തിരിഞ്ഞു. മനുഷ്യരും കുരങ്ങുകളും തമ്മിലുള്ള വ്യക്തമായ പിരിവ് ഏര്‍പ്പെട്ടത് ഒലിഗോസീനിന്റെ മധ്യഘട്ടത്തോടെയാണെന്ന് അനുമാനിക്കപ്പെടുന്നു. നരവാനര ഗണത്തില്‍ ഇലകള്‍ ഭക്ഷിക്കുന്നവയും കായ്‌കനികള്‍ ഭക്ഷിക്കുന്നവയുമായി രണ്ടു വിഭാഗങ്ങള്‍ ഉണ്ടായതും ഈ യുഗത്തിലാണ്. വടക്കേ അമേരിക്കയില്‍ ഒലിഗോസീനിന്റെ തുടക്കത്തിനും മുമ്പുതന്നെ നരവാനരഗണം അസ്‌തമിതമായിരുന്നു എന്ന അനുമാനത്തിന് അടുത്ത കാലത്ത് ടെക്‌സാസിലെ ഒലിഗോസീന്‍ സ്‌തരങ്ങളില്‍ നിന്ന് ഒരു തലയോട് കണ്ടെടുത്തതോടെ ആധാരമില്ലാതായിട്ടുണ്ട്.
ഒലിഗോസീന്‍ യുഗത്തില്‍ കടവാതിലുകള്‍ ധാരാളം ഉണ്ടായിരുന്നു. ഗുഹകളില്‍ വസിച്ചിരുന്ന ഇവയുടെ വിസര്‍ജ്യങ്ങള്‍ കുന്നുകൂടി കനത്ത ഫോസ്‌ഫേറ്റ് നിക്ഷേപങ്ങളായിത്തീര്‍ന്നിരിക്കുന്നു. നദീയാവസാദങ്ങള്‍ പുറ്റുകളും മറ്റും ധാരാളമായുള്‍ ക്കൊണ്ടു കാണുന്നു. ഇന്നു കാണപ്പെടുന്ന പക്ഷികളില്‍ പത്തു ജീനസ്സുകള്‍ ഒലിഗോസീനിലും ഉണ്ടായിരുന്നു. ബാള്‍ട്ടിക് മേഖലയില്‍നിന്നു ലഭിച്ചിട്ടുള്ള ആംബറു(Amber)കളില്‍ ശലഭം, തേനീച്ച, ഉറുമ്പ്, ചിലന്തി, തേള്‍, തേരട്ട തുടങ്ങിയവയുടെ ജീവാശ്‌മങ്ങള്‍ സംരക്ഷിതമായിക്കാണുന്നു. പാന്‍ഗോലീന്‍, റോക്‌റാബിറ്റ് എന്നീ ജീവികളും ഒലിഗോസീനില്‍ ഉണ്ടായവയാണ്. സഞ്ചിമൃഗ(Marsupial)ങ്ങളിലെ പ്രാകൃതവര്‍ഗങ്ങളുടെ ജീവാശ്‌മങ്ങള്‍ ആസ്റ്റ്രലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഒലിഗോസീന്‍ ശിലകളില്‍ സുലഭമായുണ്ട്. കീരി, റക്കൂണ്‍, വീസല്‍, വളഞ്ഞ ദംഷ്‌ട്രകളുള്ള പൂച്ച തുടങ്ങിയ ഫിസിപെഡു (Fissiped) കളും ധാരാളമായി പ്രതിനിധീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രാക്കാലത്തെ പത്രഭോജി (browser), കീടഭോജി (insectivore) എന്നിവയില്‍ നിന്നു പരിണാമദശകള്‍ കടന്ന് ഒലിഗോസീനില്‍ ഉരുത്തിരിഞ്ഞവയാണ് ഇപ്പോഴത്തെ തൃണഭോജികളും മാംസഭോജികളും. കുതിരവര്‍ഗത്തിന്റെ പൂര്‍വികരായ ഇയോഹിപ്പസ്, മീസോഹിപ്പസ്, പാരാഹിപ്പസ് എന്നിവ യഥാക്രമം ഇയോസീന്‍, ഒലിഗോസീന്‍, മയോസീന്‍ എന്നീ യുഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവയില്‍ ഇയോഹിപ്പസിന് നാല് കുളമ്പുണ്ടായിരുന്നത് മീസോഹിപ്പസിന് മൂന്ന് ആയി കുറഞ്ഞു. പാരാഹിപ്പസിന്റെ ദന്തനിരകള്‍ക്കുണ്ടായ പരിഷ്‌കാരം പത്രഭോജിയില്‍ നിന്നു തൃണഭോജിയിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്നു. നോ. അശ്വവംശം; ഇയോഹിപ്പസ്
കുളമ്പുള്ള സസ്‌തനികളിലെ രണ്ടു പിരിവുകളില്‍ ഒരു ശാഖയിലൂടെ ഉരുത്തിരിഞ്ഞ ബലൂചിത്തീരിയം, ഇന്ദ്രിത്തീരിയം, ആന്ത്രാക്കോത്തീരിയം തുടങ്ങിയ ആര്‍ട്ടിയോഡക്‌ടൈലുകള്‍ (Artiodactyle) പത്രഭോജികളായിരുന്നു. ഇവയില്‍ ബലൂചിത്തീരിയമാണ് ഭൗമായുസ്സില്‍ ഇതഃപര്യന്തം ഉണ്ടായിട്ടുള്ള സസ്‌തനികളില്‍ ഏറ്റവും വലുപ്പമുള്ളത്. സാമാന്യം നീണ്ട കഴുത്തോടുകൂടിയ ഇതിന്റെ തോള്‍ ഭാഗത്തിന് ആറ് മീറ്ററോളം ഉയരമുണ്ടായിരുന്നു. ഇന്നത്തെ കാണ്ടാമൃഗങ്ങളോടു സാദൃശ്യം വഹിച്ചിരുന്ന ബ്രാണ്ടോത്തീര്‍, ടൈറ്റാനോത്തീര്‍ തുടങ്ങിയ ഭീമാകാര പെരിസ്‌ഡോഡക്‌ടൈലുകള്‍ (Perissodactyla) വൃക്ഷത്തലപ്പുകളും തളിരിലകളും തിന്നു ജീവിച്ചുപോന്നവയാണ്. ഇവയ്‌ക്കു നതമധ്യമായ കപാലവും നാസികയ്‌ക്കു മുകളില്‍ കൊമ്പുപോലുള്ള പ്രവര്‍ധങ്ങളും ഉണ്ടായിരുന്നു. ഇവയും ആര്‍ട്ടിയോഡക്‌ടൈലുകളെപ്പോലെ പാരിസ്ഥിതിക പരിണാമത്തിനടിമപ്പെട്ട് ഒലിഗോസീന്‍ യുഗത്തില്‍ത്തന്നെ അസ്‌തമിതമായി. ആനയുടെ മുന്‍ഗാമികളും വിചിത്ര രൂപികളുമായ പ്രാചീന മഹാഗജ(Mastodon) ങ്ങളുടെ അവശിഷ്‌ടങ്ങളെയും ഒലിഗോസീന്‍ സ്‌തരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈ യുഗത്തില്‍ കരളുന്ന ജീവികള്‍ എണ്ണത്തിലും ഗണത്തിലും പെരുകി. ഉഷ്‌ണരക്തമുള്ള വന്‍ജീവികളുടെ ആധിക്യം പേന്‍, ചെള്ള് തുടങ്ങിയ ക്ഷുദ്രജീവികളുടെ സമൃദ്ധിക്കു കാരണമായി. പൂര്‍വ ഒലിഗോസീനിന്റെ അന്ത്യം കുറിച്ചത് കടലില്‍ സര്‍വവ്യാപകമായി ഉണ്ടായിരുന്ന നുമ്മുലൈറ്റുകളുടെ അസ്‌തമയത്തോടെയാണ്. ഈ സൂക്ഷ്‌മജീവികളുടെ സ്ഥാനത്ത് താരതമ്യേന വലുപ്പം കൂടിയ മയോജിപ്‌സിനിഡ (Miogipsinida) എന്നയിനം ഫൊറാമിനിഫെറ ഉദ്‌ഭൂതമായി. മധ്യ ഉത്തര ഒലിഗോസീനില്‍ത്തന്നെ ഇവ സമൃദ്ധി പ്രാപിച്ചിരുന്നു (നോ. ഫൊറാമിനിഫെറ). സസ്യവര്‍ഗങ്ങളില്‍ സ്‌പഞ്ച്, പായല്‍, ആല്‍ഗ, പന്നച്ചെടികള്‍, കോറലുകള്‍ എന്നിവയും ആന്‍ജിയോസ്‌പേമും ഇന്നത്തെപോലെ തന്നെ പ്രബലമായിരുന്നു. ഒലിഗോസീന്‍ ശിലകള്‍, ഇന്ത്യയില്‍. ടെര്‍ഷ്യറികല്‌പത്തിന്റെ മധ്യത്തോടെയുണ്ടായ വ്യാപകമായ അപരദനംമൂലം ഇന്ത്യയിലെ ഒലിഗോസീന്‍ സ്‌തരങ്ങള്‍ നഷ്‌ടപ്രായമായി. തൊട്ടുമുകളിലുള്ള മയോസീന്‍ സ്‌തരങ്ങളില്‍നിന്ന് വിച്ഛിന്നതകളിലൂടെ വ്യതിരിക്തമാണെങ്കിലും ഒലിഗോസീന്‍ ശിലകള്‍ താഴെയുള്ള ഇയോസീന്‍ പടലങ്ങളും തുടര്‍ച്ചയായാണു കാണപ്പെടുന്നത്. സമുദ്രതീരത്തോടടുത്തുള്ളവയില്‍ കച്ചിലെ നാരിക്രമം, കത്തിയവാഡിലെ ദ്വാരകാക്രമം എന്നീ ശിലാവ്യൂഹങ്ങളാണ് സുവ്യക്തമായ ഒലിഗോസീന്‍ സ്‌തരങ്ങള്‍. അസമിലെ ബറെയില്‍ക്രമവും ഭാഗികമായി ഒലഗോസീന്‍ ശിലകളെ ഉള്‍ക്കൊള്ളുന്നു.
ഗുജറാത്തില്‍ സൂററ്റ്, ഭരോച് എന്നിവിടങ്ങളിലുള്ള "അഗേറ്റ് കണ്‍ഗ്ലോമറേറ്റ്' ലെപിഡോസൈക്ലിനയും; സൗരാഷ്‌ട്രാ ഉപദ്വീപിന്റെ പടിഞ്ഞാറരികിലെ ദ്വാരകയില്‍, ഡക്കാണ്‍ട്രാപ്പിനു മുകളിലായി കാണപ്പെടുന്ന മണലിന്റെ അംശംകൂടിയ ചുണ്ണാമ്പുകല്ലും ജിപ്‌സത്തിന്റെ ആധിക്യമുള്ള കളിമണ്ണും ഫൊറാമിനിഫെറയും ഉള്‍ക്കൊള്ളുന്നു. ബറെയില്‍ക്രമത്തില്‍ പൂര്‍വമയോസീന്‍ സ്‌തരങ്ങളില്‍നിന്ന് വ്യക്തമായ വിച്ഛിന്നതയിലൂടെ വേര്‍തിരിഞ്ഞു കാണുന്ന ശിലാപടലങ്ങളില്‍ സൂചക ജീവാശ്‌മങ്ങള്‍ ഇല്ലെങ്കില്‍പ്പോലും അവ ഒലിഗോസീന്‍ യുഗത്തിലേതാണെന്നു കണക്കാക്കപ്പെടുന്നു.